സർവം പ്ലാവു മയം: സംസ്ഥാനത്ത് പ്ലാവിന്റെ വാണിജ്യക്കൃഷി സാധ്യമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Mail This Article
സംസ്ഥാനത്ത് പ്ലാവിന്റെ വാണിജ്യക്കൃഷി നേട്ടമാകുമോ? എന്തൊക്കെ മുൻകരുതലെടുക്കണം? പുതിയ പ്ലാവിനങ്ങൾക്ക് രോഗ–കീടബാധയ്ക്കു സാധ്യത കൂടുമോ? അവ ആണ്ടുവട്ടം വിളവു നൽകുമോ?
പ്ലാവിന്റെ വാണിജ്യക്കൃഷിക്കും ചക്കയുൽപാദനത്തിനും സംസ്ഥാനത്ത് മികച്ച സാധ്യത കാണുന്നു. ചക്കയുടെ ആരോഗ്യമേന്മ ആഗോളതലത്തിൽത്തന്നെ പ്രചാരം നേടുന്നു. ഗവേഷണങ്ങളും നടക്കുന്നുണ്ട്. മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി ഇവിടെ ചക്കയ്ക്കു നല്ല വിലയും വിപണിയും ആയിവരുന്നു. സീസണിൽ മറുനാടുകളിലേക്കു കയറ്റുമതി കൂടുന്നുണ്ട്. എന്നാൽ ചക്കയുടെ മൂല്യവർധന, സംസ്കരണ സൗകര്യങ്ങൾ, ഉൽപന്നങ്ങൾക്ക് ആഭ്യന്തര, വിദേശ വിപണി എന്നിവയെക്കൂടി ആശ്രയിച്ചിരിക്കും ഭാവി. അതിസാന്ദ്രതാരീതിയിൽ കൃഷിയും ഉൽപന്നക്കയറ്റുമതിയും നടത്തുന്ന വിയറ്റ്നാംപോലുള്ള രാജ്യങ്ങളുമായി മത്സരിക്കുക എളുപ്പമല്ലതാനും. എങ്കിലും ആഭ്യന്തരവിപണിയില്‍ ഡിമാൻഡ് കൂടുന്നത് പ്രതീക്ഷ നൽകുന്നു.
അതേസമയം തോട്ടം അടിസ്ഥാനത്തിലുള്ള പ്ലാവുകൃഷിയോട് പുതുസംരംഭകരുടെ സമീപനമല്ല എനിക്കുള്ളത്. ചക്കയുൽപന്ന നിർമാണവും അതിനായി വിപുലമായ പ്ലാവുകൃഷിയും തുടങ്ങിയവരുണ്ട്. ഇതരമേഖലകളിൽനിന്ന് ലാഭസാധ്യത കണ്ട് തോട്ടം അടിസ്ഥാനത്തിലുള്ള പ്ലാവുകൃഷിയിലേക്കു തിരിഞ്ഞവരുമുണ്ട്. എന്നാൽ കൃഷികൊണ്ടു മാത്രം ഉപജീവനം കഴിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് പ്ലാവ് ഏകവിളക്കൃഷി ഗുണകരമാകില്ല. പ്ലാവിനൊപ്പം മറ്റു വിളകളും ഉൾപ്പെടുത്തിയുള്ള സമ്മിശ്രക്കൃഷിയാണ് നല്ലത്.
ഇടവിളയായി പ്ലാവ്
നിലവിൽ ഏക്കറിന് 70 തെങ്ങുകളാണല്ലോ ശുപാർശ ചെയ്യപ്പെടുന്നത്. പകരം 30–35 തെങ്ങും ഇടവിളയായി 2 തെങ്ങിനു നടുക്ക് ഒരു പ്ലാവും എന്ന രീതി നോക്കാം. തെങ്ങിന്റേത് നാരുവേരുപടലങ്ങളാണല്ലാ. മേൽമണ്ണിലുള്ള മൂലകങ്ങൾ സ്വീകരിച്ചാണു വളർച്ച. പ്ലാവിന് തായ്‌വേരായതിനാൽ ആഴങ്ങളിലേക്കാണ് അവ പോകുക. അതുകൊണ്ടുതന്നെ രണ്ടും പരസ്പരം മത്സരിക്കുന്ന സ്ഥിതിയില്ല. എണ്ണം കുറയുമ്പോള്‍ ഓരോ തെങ്ങിനും കൂടിയ ശ്രദ്ധ കിട്ടും. വിളവു വർധിക്കും, കൂലിച്ചെലവു കുറയും. പൊഴിയുന്ന പ്ലാവില തെങ്ങിനു വളവുമാകും. തോട്ടത്തിൽ സൂര്യപ്രകാശ ലഭ്യത കൂടുമെന്നതു പ്ലാവിനും തെങ്ങിനും ഗുണം ചെയ്യും, ആദ്യ 3–4 വർഷത്തേക്ക് തന്നാണ്ടു വിളകൾ കൃഷിചെയ്ത് വരുമാനം നേടുകയും ചെയ്യാം.
പ്ലാവിനെ 10X10 അടി അകലത്തിൽ അതിസാന്ദ്രതാരീതിയിൽ നട്ട് അതിൽ കുരുമുളകു പടർത്തുന്ന രീതിയും നോക്കാം. ഈ കൃഷിരീതിയിലും രണ്ടു വിളകളുടെയും വേരുകൾ വളത്തിനായി പരസ്പരം മത്സരിക്കില്ല. എന്നാൽ ഇങ്ങനെ കൃഷി ചെയ്യുന്ന പ്ലാവിനങ്ങൾ വിദേശ ഹൈബ്രിഡ് ഇനങ്ങളാവരുത്. പകരം നമ്മുടെ നാട്ടിൽത്തന്നെയുള്ള നല്ല ഉൽപാദനമുള്ള ഇനങ്ങളുടെ കുരുവെടുത്ത് തൈയുണ്ടാക്കി നടണം. 20 അടി ഉയരമാകുമ്പോൾ തലക്കം മുറിച്ചു നിർത്താം.
പ്ലാവിന്റെ ചവറു വെട്ടി കുരുമുളകിനു പച്ചിലവളമാക്കാം. ചവറു വെട്ടാതിരുന്നാൽ 2 കൊല്ലത്തിനകം പ്ലാവു കായ്ച്ചു തുടങ്ങും. ചക്കയ്ക്കു നല്ല വിലയും വിപണിയുമുണ്ടെങ്കിൽ ആ വഴി തേടാം. 20 അടിയിൽ ഉയരം ക്രമീകരിക്കുന്നതിനാൽ ഹൈബ്രിഡുകളുടെ കാര്യത്തിലെന്നപോലെ വിളവെടുപ്പും അനായാസമാകും. ഈ കൃഷിയിടത്തിലും തന്നാണ്ടു വിളകൾ കൃഷികൾ ചെയ്ത് അധികാദായം നേടാം. പ്ലാവില സമൃദ്ധമായി ലഭിക്കുമെന്നതിനാൽ ആടുവളര്‍ത്തലും കൂടിയാകാം. ഒന്നല്ലെങ്കിൽ മറ്റൊന്ന് ആദായകരമാകുന്ന പ്ലാവുകൃഷിയാണ് സാധാരണ കർഷകർക്ക് അഭികാമ്യം.
Read also: വൈറ്റമിൻ ഡി ലഭിക്കാൻ വെയിൽ വേണ്ട കൂൺ മതി, ഇറച്ചിയെക്കാൾ ഗുണം; എണ്ണാനാവില്ല കൂണിന്റെ ഗുണങ്ങൾ
രോഗ–കീട സാധ്യത
കേരളത്തിൽ മഴ കൂടുതലായതുകൊണ്ടു ഫംഗസ് ബാധ ഉൾപ്പെടെ പല പ്രശ്നങ്ങൾ ഹൈബ്രിഡ് പ്ലാവിനങ്ങൾക്കുണ്ട്; വിശേഷിച്ചും മലയോരങ്ങളിൽ. ഹൈബ്രിഡ് ഇനം നട്ടാൽ 2 കൊല്ലമാകും മുൻപുതന്നെ 10–15 ചക്കയുണ്ടായി കാണാറുണ്ട്. കാണാൻ ഭംഗിയുണ്ടാവുമെങ്കിലും അതു പ്ലാവിനു ദോഷം ചെയ്യും. അതിസാന്ദ്രതാകൃഷിയുള്ള വിയറ്റ്നാമിലൊക്കെ പ്ലാവിന്റെ ആരോഗ്യത്തിന് അനുസൃതമായേ ചക്ക നിലനിർത്താറുള്ളൂ. എന്നാൽ കൈവണ്ണമുള്ള പ്ലാവിൽ കായ്ക്കുന്നതു മുഴുവൻ, 20–30 എണ്ണം നിലനിർത്തുന്നു നമ്മള്‍. അത് പ്ലാവിന്റെ ആരോഗ്യം നശിപ്പിക്കും. രോഗ–കീട ബാധയ്ക്കു സാധ്യതയേറും. പ്ലാവിന്റെ ആരോഗ്യം കൂടി നോക്കി വിളവു നിയന്ത്രിച്ചു പോയാല്‍ ഹൈബ്രിഡ് കൃഷി വിജയിപ്പിക്കാം.
സൂക്ഷിച്ചും കണ്ടും
ഏതെങ്കിലും ഒരു വിളയ്ക്കു വില കയറുന്നതു കണ്ടാൽ എല്ലാവരും അതിവേഗം അതിലേക്കു തിരിയുകയാണിവിടെ. ചെറിയ സംസ്ഥാനമാണെങ്കിലും മണ്ണ്, സൂര്യപ്രകാശ ലഭ്യത, കാലാവസ്ഥ എന്നിവയെല്ലാം വ്യത്യസ്തമാണ് ഓരോ പ്രദേശത്തും. അതിനാല്‍ പ്ലാവുകൃഷി എല്ലായിടത്തും ഒരേ പോലെ വിജയിക്കണമെന്നില്ല. അതും മുന്നിൽക്കാണണം.
വിലാസം: കർഷകശ്രീ സണ്ണി ജോർജ്, ഇളംതുരുത്ത്, ചൂരപ്പടവ്, ചെറുപുഴ, കണ്ണൂർ. ഫോൺ: 9495147228
English summary: Is commercial cultivation of Jack Fruit possible in Kerala?