ADVERTISEMENT

നല്ലയിനം കശുമാവിന്റെ ലക്ഷണം എന്താണ്? നിറയെ കശുമാങ്ങയുണ്ടാകണം, അല്ലേ? പക്ഷേ കശുമാങ്ങയല്ല കശുവണ്ടിയാണ് വിൽക്കേണ്ടത്. അതിനാല്‍ കശുവണ്ടിക്ക് നല്ല വലുപ്പവും തൂക്കവും, അതാണ് പ്രധാനം. കശുവണ്ടി കശുമാങ്ങയിൽനിന്ന് എളുപ്പം വേർപെടുന്നതുമാവണമെന്ന് പരിചയസമ്പന്നരായ  കൃഷിക്കാർ കൂട്ടിച്ചേർക്കും. പക്ഷേ,  ഒരു പ്രശ്നമുണ്ട്. ഈ മൂന്നു ഗുണവും ഒത്തുചേർന്ന കശുമാവ് കണ്ടെത്തുക പ്രയാസം. കണ്ടെത്തിയാൽ അത് വേണ്ടെന്നു വയ്ക്കാൻ ഒരു കർഷകനും മനസ്സു വരില്ല. കണ്ണൂർ കേളകം അടക്കാത്തോടുള്ള ജിജുവിനു കാഷ്യു കിങ്ങിനെ കിട്ടിയതും ഏറക്കുറെ അങ്ങനെത ന്നെ.  

കൊട്ടിയൂരിലെ ഒരു  സുഹൃത്തിന്റെ തോട്ടത്തിൽ 10 വർഷം മുന്‍പു കണ്ടെത്തിയ ഈ സദ്ഗുണസമ്പന്നനെ വിട്ടുകളയാൻ ജിജുവിനു തോന്നിയില്ല. കശുമാങ്ങയ്ക്കു വലുപ്പം തെല്ലു കുറഞ്ഞാലെന്താ,  10–15 ഗ്രാം തൂക്കമുള്ള കശുവണ്ടിയാണ്  കിട്ടുക. അതായത്, 80–90 കശുവണ്ടി കിട്ടിയാൽ ഒരു കിലോ ഉറപ്പ്. കശുവണ്ടി പെറുക്കാനായി ജോലിക്കാരെ നിയോഗിക്കുന്നവർക്ക് ഇതിന്റെ സാമ്പത്തികനേട്ടം പെട്ടെന്നു മനസ്സിലാകും. പഴുത്തു തുടങ്ങുമ്പോൾതന്നെ പൊഴിയുന്നതിനാൽ അഴുകുന്നതിനു മുന്‍പേ പെറുക്കിയെടുക്കാനുമാവും.

cashew-1

കണ്ടെത്തിയ കശുമാവിനെ  കൃത്യമായി നിരീക്ഷിക്കുന്നതിനൊപ്പം അതിന്റെ കമ്പെടുത്ത് സ്വന്തം നഴ്സറിയിൽ ഗ്രാഫ്റ്റ് ചെയ്ത് തൈകളുണ്ടാക്കുകയും ചെയ്തു. വളര്‍ന്നപ്പോള്‍ ഇവയ്ക്കും   മാതൃവൃക്ഷത്തിന്റെ ഗുണങ്ങൾ കണ്ടതോടെ മികച്ച വിളവ് ഈ ഇനത്തിന്റെ ജനിതക മികവാണെന്ന് ഉറപ്പായി. വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയാണ് ആദ്യം തൈകൾ വാങ്ങിയത്. അവരുടെ അനുഭവങ്ങൾ കേട്ട റിഞ്ഞ് 8 വർഷത്തിനിടയിൽ കിങ്ങിനെ തേടി കുടക് മുതൽ കൊല്ലം വരെ ഒട്ടേറെ സ്ഥലങ്ങളിൽനിന്ന് കൃഷിക്കാരെത്തി. അവർക്കു നൽകിയ തൈകളും മികച്ച ഫലം നൽകുന്നുവെന്നത്  ജിജുവിന്റെ ആത്മവിശ്വാസം കൂട്ടി. മഹാരാഷ്ട്രയിലെയും കർണാടകത്തിലെയും കൂടിയ ചൂടിലും പോഷകസാന്നിധ്യം കുറവുള്ള വെട്ടുകല്ലു മണ്ണിൽപോലും മികച്ച ഫലമാണുള്ളത്.  കിങ് കാലാവസ്ഥയും മണ്ണുമൊക്കെ വ്യത്യാസപ്പെട്ടാലും കിങ് തന്നെ എന്നു ജിജു അവകാശപ്പെടുന്നു. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാനാഗ്രഹിക്കുന്നവർക്ക് കേരളത്തിലെവിടെയും തൈകൾ എത്തിച്ചുനൽകാൻ ജിജുവിന്റെ പടിയക്കണ്ടത്തിൽ നഴ്സറി  തയാർ.  

കിങ്ങാകുന്നതിങ്ങനെ 

നട്ട് രണ്ടാം വർഷം മുതൽ കായ്ഫലം, തുടർച്ചയായി പൂവിടുന്നതിനാൽ സീസൺ ആദ്യം മുതൽ സീസൺ അവസാനം വരെ  വിളവെടുക്കാം. കശുമാവിനു നല്ല വളർച്ച. ശരാശരി 80-90 കശുവണ്ടി ഒരു കിലോ. പഴത്തിൽനിന്നു വേർതിരിച്ചെടുക്കാൻ വളരെ എളുപ്പം. കാലാവസ്ഥ മോശമായാലും ശരാശരി ആദായം. കശുമാങ്ങ പഴുക്കുമ്പോൾതന്നെ നിലത്ത് വീഴും.

ഫോൺ: 9446674586

English summary: New jumbo nut hybrid cashew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com