കുലയൊന്നിന് 2000 രൂപ! കിലോയ്ക്ക് 80 രൂപയിൽ കുറയാത്ത വാഴയിനം

HIGHLIGHTS
  • പാടത്തേക്കാള്‍ കരഭൂമിയിലാണ് കദളിക്കു വിളവ്. പാടത്ത് ശരാശരി 12 കിലോയെങ്കില്‍ പറമ്പില്‍ 15-20 കിലോ കിട്ടും
banana-aliyamu
അലിയാമു കൃഷിയിടത്തിൽ. ഫോട്ടോ: കർഷകശ്രീ
SHARE

‘മൂന്നു വര്‍ഷമായി വാഴക്കൃഷി തുടങ്ങിയിട്ട്. കിലോയ്ക്ക് 80 രൂപയില്‍ താഴ്ത്തി വില്‍ക്കേണ്ടിവന്നിട്ടേയില്ല. 130 രൂപവരെ ലഭിച്ചിട്ടുമുണ്ട്. ഈയാഴ്ച വിറ്റത് 100 രൂപയ്ക്ക്’, ഏത് വാഴയെക്കുറിച്ചാണ് അലിയാമു പറയുന്നതെന്ന് ഏതു കര്‍ഷകനും ചോദിച്ചുപോകും. എന്നാല്‍ ഇങ്ങനെ മോഹവില ലഭിക്കുന്ന ഇനങ്ങളും കേരളത്തിലുണ്ടെന്ന് അറിയുക.  

പാലക്കാട്-തൃശൂര്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ കൃഷി ചെയ്യുന്ന കദളി ഒരുദാഹരണം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിവേദ്യത്തിനെടുക്കുന്ന ഇനം. പഴുക്കുമ്പോള്‍ മഞ്ഞനിറമുള്ള, നേരിയ നെയ്‌ഗന്ധമുള്ള കദളി. മുൻപ് ഗുരുവായൂരിലായിരുന്നു മുഖ്യ ആവശ്യമെങ്കിൽ ഇന്ന് കാടാമ്പുഴയിലും മണ്ഡലകാലത്ത് ശബരിമലയിലുമെല്ലാം ആവശ്യമുണ്ടെന്ന് അലിയാമു. അതുകൊണ്ടുതന്നെ കദളിയുടെ കൃഷിയും ഡിമാന്‍ഡും വര്‍ധിക്കുന്നു. 

പാലക്കാട് പട്ടാമ്പി ചിറ്റപുരത്തു ചിറ്റപ്പുറത്ത് അലിയാമു 3 വര്‍ഷം മുന്‍പ് തെങ്ങിന് ഇടവിളയായി കമുകു നട്ട സമയത്ത് ഒപ്പം കദളിയും വച്ചു. കമുകുതൈകൾക്കു വെയിലേല്‍ക്കാതിരിക്കാനാണ് വാഴ വച്ചത്. എന്നാൽ കഴിഞ്ഞ 3 വര്‍ഷവും കദളി മികച്ച ലാഭം നല്‍കി. കമുകു വിട്ട് കദളിയിലാണ് ഇപ്പോൾ ശ്രദ്ധയെന്ന് അലിയാമു. എത്രയുണ്ടെങ്കിലും ആവശ്യക്കാരുണ്ട്. കച്ചവടക്കാർ തോട്ടത്തിലെത്തി വെട്ടിക്കൊണ്ടു പൊയ്ക്കൊള്ളും. മൂപ്പെത്തിയ കുല ഇല്ലെന്നു പറഞ്ഞാല്‍ ഒന്നുകൂടി ഉറപ്പാക്കാന്‍ തോട്ടത്തില്‍ കയറി പരതുന്ന കച്ചവടക്കാര്‍ വരെയുണ്ടെന്ന് അലിയാമു. 

banana-aliyamu-1
അലിയാമു കൃഷിയിടത്തിൽ. ഫോട്ടോ: കർഷകശ്രീ

പാടത്തേക്കാള്‍ കരഭൂമിയിലാണ് കദളിക്കു വിളവ്. പാടത്ത് ശരാശരി 12 കിലോയെങ്കില്‍ പറമ്പില്‍ 15-20 കിലോ കിട്ടും. നേന്ത്രന്‍പോലെ 12 മാസക്കൃഷിയാണ് കദളിയുടേയും. ഏക്കറില്‍ 900-1000 എണ്ണം നടാം. 9–ാം മാസം കുലയ്ക്കും. നേന്ത്രന്റെ പകുതിപോലുമില്ല കൃഷിച്ചെലവ്. പൊക്കം കുറവായതിനാല്‍ താങ്ങും വേണ്ട. നിവേദ്യക്കുലയായതുകൊണ്ട് ജൈവവളം മാത്രമാണ് നല്‍കുക. ചാണകപ്പൊടിയും, വേപ്പിന്‍പിണ്ണാക്കും വെണ്ണീറും. കന്നിനും നല്ല വില കിട്ടും, ഒന്നിന് 60 രൂപ. 

ഫോൺ: 9895745353

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: A valuable variety of banana

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA