Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശീതകാല പച്ചക്കറികൾ നടാൻ സമയമായി

cauliflower-vegetable കോളിഫ്ലവർ

കുറച്ചു വർഷങ്ങളായി കേരളത്തിൽ ശീതകാല പച്ചക്കറി വിളകളായ കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ സമതലപ്രദേശങ്ങളിൽ വിജയകരമായി കൃഷി ചെയ്തുവരുന്നു. ശൈത്യമേഖലകളായ വയനാട്, പാലക്കാടുള്ള നെല്ലിയാമ്പതി, ഇടുക്കിയിലെ കാന്തല്ലൂർ, വട്ടവട മേഖലകൾ എന്നിവയാണ് പരമ്പരാഗതമായി കേരളത്തിൽ ശീതകാല പച്ചക്കറികൾ കൃഷി ചെയ്യുന്ന സ്ഥലങ്ങൾ. എന്നാൽ പങ്കാളിത്ത ഗവേഷണത്തിലൂടെ ഇവ മഞ്ഞുകാലം തുടങ്ങ‍ുന്ന സമയം മുതൽ കേരളത്തിലെ സമതല പ്രദേശങ്ങളിലും സമൃദ്ധമായി വളർത്തിയെടുക്കാമെന്ന് തെളിയിച്ചിട്ടുണ്ട്. ഈ ശീതകാലപച്ചക്കറികൾ വളർത്തുന്നത് ഒരു പുതിയ കാർഷിക അനുഭവമായും പല കർഷകരും കരുതുന്നു. ശക്തമായ കീടനാശിനികൾ ഉപയോഗിക്കപ്പെടുന്ന മറുനാടൻ കാബേജിനേയും, കോളിഫ്ലവറിനേയും മാറ്റിനിർത്തുവാൻ നമുക്ക് കിട്ടുന്ന സുവർണ്ണാവസരമാണ് ഈ സമയം എന്ന് കേരളീയരായ നാമോരോരുത്തരും മനസ്സിലാക്കുകയും വേണം.

കാബേജ്, കോളിഫ്ലവർ

വിത്തുകൾ പാകി, പാകമായ തൈകൾ പറിച്ചുനടേണ്ട വിളകളാണ് കാബേജും, കോളിഫ്ലവറും. വിത്തുകൾ കടുക് മണികൾക്ക് സദൃശമാണ്. ഇവ കേരളത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നില്ല എന്ന പ്രശ്നമുണ്ട്. എങ്കിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വിത്തുകളാണ് നാം നടീലിനായി ഉപയോഗിക്കുന്നത്.

ഇനങ്ങൾ

കാബേജ് : NS-183, NS-43
കോളിഫ്ലവർ : ഹിമാനി, സ്വാതി, NS–60, ബസന്ത് (NS–245), പൂസ മേഘ്ന

കൃഷിരീതി

ആദ്യം നഴ്സറി തയ്യാറാക്കി അവയിലാണ് കാബേജിന്റെയും കോളിഫ്ലവറിന്റെയും വിത്തുകൾ പാകേണ്ടത്. വിത്തുകള്‍ ഭാരം ‌കുറഞ്ഞതായതുകൊണ്ട് ശക്തമായ മഴയിൽ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. തുറസ്സായ സ്ഥലത്തോ, ചട്ടികളിലോ, പ്ലാസ്റ്റിക് ട്രേ (പ്രോ ട്രേയ്സ്) കളിലോ തൈ പാകി നിർത്താവുന്നതാണ്. ട്രേകളിൽ തൈകള്‍ ഉണ്ടാക്കുകയാണെങ്കിൽ ആദ്യം അവ അണുവിമുക്തമാക്കണം. പിന്നീട് അണുവിമുക്തമായ പിറ്റ്–വെർമിക്കുലേറ്റ്–മണൽ മിശ്രിതമോ അല്ലെങ്കിൽ പെർലൈറ്റ്–ചകിരിച്ചോർ എന്നിവയോ ഉപയോഗിക്കാം. ഇങ്ങനെയുണ്ടാക്കിയെടുക്കുന്ന തൈകൾ കൂടുതൽ കരുത്തുള്ളവയും, മാറ്റിനട്ടാൽ വളരെ വേഗം വളർന്ന് വരുന്നവയും ആയിരിക്കും.

മണ്ണിലാണ് നാം വിത്തുകൾ പാകുന്നതെങ്കിൽ മണൽ, മേൽമണ്ണ്, ഉണക്കിപ്പൊടിച്ച കമ്പോസ്റ്റ് എന്നിവ തുല്യ അനുപാതത്തിലെടുത്തു വേണം നടേണ്ടത്. നടുന്നതിനു മുമ്പായി സ്യൂ‍‍ഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ എന്ന തോതിലോ അല്ലെങ്കിൽ ഫൈറ്റോലാൻ അഥവാ കോപ്പർ ഓക്സി ക്ലോറൈഡ് എന്ന കുമിൾനാശിനി 4 ഗ്രാം ഒരു ലീറ്റർ എന്ന കണക്കിലോ എടുത്ത് തടം കുതിർക്കണം. കുമിൾനാശിനി ഒഴിച്ച് ഒരാഴ്ചയ്ക്കകം വിത്തുകൾ പാകാവുന്നതാണ്. 1 സെ.മീ ആഴത്തിൽ മാത്രമേ വിത്തുകൾ നടാവൂ. ആഴം കൂടിയാൽ വിത്തുകൾ മുളച്ച് വരുവാന്‍ താമസം നേരിടും. 25 മുതൽ 30 ദിവസം പ്രായമായ തൈകൾ മാറ്റി നടാവുന്നതാണ്.

നല്ല നീർവാഴ്ച്ചയും, ധാരാളം സൂര്യപ്രകാശവുമുള്ള സ്ഥലങ്ങളാണ് നടാൻ അനുയോജ്യം. തണൽ ഉള്ള സ്ഥലങ്ങളിൽ നട്ടാൽ വളർന്നുവരുന്നതിന് കാലതാമസം നേരിടുകയും, വളർച്ച കുറയുകയും ചെയ്യും. ഒരടി വീതിയിലും, ആവശ്യമായ നീളത്തിലും, രണ്ടടി അകലത്തിൽ ചാലുകൾ കീറി അവയിൽ ഉണക്കിപ്പൊടിച്ച ചാണകപ്പൊടി സെന്റിന് 100 കിലോ ചേർത്ത് മൂടണം.

25–30 ദിവസം പ്രായമായ തൈകൾ ഇതിലേക്ക് മാറ്റി നടാവുന്നതാണ്. ഇങ്ങനെ മാറ്റി നട്ടതിനു ശേഷം ഒരാഴ്ചത്തേക്ക് തണൽ കുത്തിക്കൊടുക്കുന്നത് തൈകൾ എളുപ്പം പിടിച്ചു കിട്ടുന്നതിന് സഹായിക്കും. തനിവിളയായി ചെയ്യുമ്പോൾ ഒരു സെന്റിന് 150 ഓളം ചെടികൾ നടാം.

cabbage-vegetable കാബേജ്

വളപ്രയോഗം

കാബേജിന്റെയും കോളിഫ്ലവറിന്റേയും വളപ്രയോഗരീതികൾ ഒരുപോലെയാണ്.

രാസവളപ്രയോഗം (സെന്റ് ഒന്നിന് എന്ന കണക്കിൽ)

രാസവളങ്ങൾ   പ്രയോഗിക്കേണ്ട സമയം                  ഉപയോഗിക്കേണ്ട അളവ്
യൂറിയ             തൈകൾ മാറ്റി നടുന്നതിനു മുമ്പ്        650 ഗ്രാം
                      മാറ്റി നട്ട് ഒരു മാസം കഴിഞ്ഞ്             325 ഗ്രാം
                      മാറ്റി നട്ട് രണ്ടു മാസം കഴിഞ്ഞ്           325 ഗ്രാം
മസ്സൂറി ഫോസ്സ്  തൈകൾ മാറ്റി നടുന്നതിനു മുമ്പ്         2 കി.ഗ്രാം
പൊട്ടാഷ്         തൈകൾ നടുന്നതിനു മുമ്പ്                420 ഗ്രാം
                     തൈകൾ നട്ട് ഒരു മാസത്തിനു ശേഷം   420 ഗ്രാം

ജൈവവളപ്രയോഗം (സെന്റ് ഒന്നിന് എന്ന കണക്കിൽ)

ജൈവവളങ്ങൾ          പ്രയോഗിക്കേണ്ട സമയം                           ഉപയോഗിക്കേണ്ട അളവ്
കപ്പലണ്ടി പിണ്ണാക്ക്    തൈകൾ മാറ്റി നടുന്നതിനു മുമ്പ്                 4.5 കി.ഗ്രാം
                              തൈകൾ മാറ്റി നട്ട് ഒരു മാസത്തിന് ശേഷം    2.25 കി.ഗ്രാം
                              മാറ്റി നട്ട് രണ്ടു മാസത്തിന് ശേഷം               2.25 കി.ഗ്രാം
എല്ലുപൊടി               തൈകൾ മാറ്റി നടുന്നതിനു മുമ്പ്                 2 കി.ഗ്രാം
ചാരം                       തൈകൾ മാറ്റി നടുന്നതിനു മുമ്പ്                 2 കി ഗ്രാം
                              മാറ്റി നട്ട് ഒരു മാസം കഴിഞ്ഞ്                      2 കി ഗ്രാം

ഓരോ തവണ വളപ്രയോഗം നടത്തുന്നതിനൊപ്പം മണ്ണ് കയറ്റിക്കൊടുക്കേണ്ടതാണ്. മഴയുടെ തോതനുസരിച്ച് നന ക്രമീകരിക്കണം. മഴ തീരെയില്ലെങ്കിൽ ദിവസവും നനക്കേണ്ടി വരും.

രോഗങ്ങൾ

മുളച്ചു വരുന്ന തൈകൾക്ക് സാധാരണയായി കടചീയൽ എന്ന കുമിൾ രോഗം വരാറുണ്ട്. വിത്ത് പാകുന്നതിന് മുമ്പ് സ്യൂ‍‍ഡോമോണാസ്, ഫൈറ്റോലാൻ എന്നിവയുടെ ഉപയോഗം ഇതിനെ ചെറുക്കുവാൻ പര്യാപ്തമാണ്. രോഗലക്ഷണം കണ്ടാൽ നന കുറയ്ക്കണം. തൈകൾ മാറ്റി നട്ടശേഷവും ഈ രോഗം പ്രത്യക്ഷപ്പെടാവുന്നതാണ്. അതിനാൽ മാറ്റിനടുന്ന സ്ഥലങ്ങളിലും സ്യൂ‍‍ഡോമോണാസിന്റെ ഉപയോഗം ഇതിനെ ചെറുക്കുന്നതിന് ഫലപ്രദമായിരിക്കും.

കീടങ്ങൾ

സാധാരണയായി ഇലതീനിപ്പുഴുക്കൾ ധാരാളം കണ്ടുവരാറുണ്ട്. ഇവ രാത്രിയിലാണ് പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. ഇവയ്ക്കെതിരെ ഗോമൂത്രം-കാന്താരിമുളക് ലായനിയോ, വേപ്പധിഷ്ഠിത കീടനാശിനികളോ തളിക്കാം. ആക്രമണം ശക്തമായാൽ നുവാൻ ഒരു മില്ലി ഒരു ലീറ്റർ എന്ന തോതിലെടുത്തും ഉപയോഗിക്കാവുന്നതാണ്.

വിളവെടുപ്പ്

തൈകൾ മാറ്റി നട്ട് 60-70 ദിവസത്തിനുള്ളിൽ കാബേജ് ‘ഹെഡുകൾ’ ഉണ്ടായിത്തുടങ്ങും. കോളിഫ്ലവർ ‘കർഡിന്’ പാകമാകാൻ 55–60 ദിവസം മതി. ഉണ്ടായി തുടങ്ങി 10–15 ദിവസത്തിനകം ഇവ വിളവെടുക്കുവാൻ തയ്യാറാകുന്നതാണ്. വിളവെടുപ്പ് വൈകിയാൽ ഇവ വിടർന്നു പോകും. കോളിഫ്ലവർ കർഡുകൾക്ക് നല്ല നിറം കിട്ടുന്നതിന് അവ ഉണ്ടായി തുടങ്ങിയാൽ ചുറ്റുമുള്ള ഇലകൾ കൊണ്ട് പൊതിഞ്ഞു കൊടുക്കാവുന്നതാണ്.

കാരറ്റ്

carrot-vegetable കാരറ്റ്

ഒക്ടോബർ മാസത്തിലാണ് കാരറ്റ് കൃഷി ആരംഭിക്കേണ്ടത്. മണ്ണ് ഇളകിക്കിടക്കുന്നിടത്താണ് കാരറ്റ് നന്നായി വളരുന്നത്. വേരിന്റെ വളർച്ച വർദ്ധിപ്പിക്കുന്നതിനായി തടങ്ങൾ എടുക്കണം. കട്ടിയേറിയ കല്ലിന്റെ ഭാഗങ്ങൾ ഉളളിടത്ത് കാരറ്റിന്റെ വേരുകൾ നന്നായി ആഴ്ന്നിറങ്ങുകയില്ല. കൂടാതെ കാരറ്റിന്റെ വളർച്ചയും കുറവായിരിക്കും. 20 സെ.മീ ഉയരവും, 35 സെ.മീ വീതിയുമുള്ള തടങ്ങൾ എടുത്ത് രണ്ട് വരികളിലായി വിത്തു പാകാം. വിത്തുകൾ മണലുമായി കൂട്ടിക്കലർത്തി പാകിയ ശേഷം മണ്ണ് കൊണ്ടിട്ട് മൂടുക. വിത്തിട്ട ശേഷം പുത കൊടുക്കുന്നത് നല്ലതാണ്. ആദ്യഘട്ടത്തിൽ കാരറ്റ് ചെടികൾ വളരെ സാവധാനം മാത്രമേ വളരുകയുള്ളൂ. ആ സമയത്ത് കളകൾ നീക്കം ചെയ്യേണ്ടതാണ്. ഒരു സെന്റ് കൃഷി ചെയ്യാൻ 40 ഗ്രാം വിത്ത് വേണം.

ഇനങ്ങൾ

സൂപ്പർ കുരോഡ
ഷിൻ കുരോഡ

രാസവളം (സെന്റ് ഒന്നിന് എന്ന തോതിൽ)

രാസവളം             ഉപയോഗിക്കേണ്ട സമയം           ഉപയോഗിക്കേണ്ട അളവ്
യൂറിയ                അടിവളം                                 325 ഗ്രാം
                         വിത്തിട്ട് ഒരു മാസത്തിനു ശേഷം  325 ഗ്രാം
മസ്സൂറി ഫോസ്     അടിവളം                                 1250 ഗ്രാം
പൊട്ടാഷ്            അടിവളം                                  335 ഗ്രാം

ജൈവവളം (സെന്റ് ഒന്നിന് എന്ന തോതിൽ)

ജൈവ വളം              ഉപയോഗിക്കേണ്ട സമയം           ഉപയോഗിക്കേണ്ട അളവ്
ചാണകം                അടിവളം                                  100 കിലോഗ്രാം
കപ്പലണ്ടി പിണ്ണാക്ക്  അടിവളം                                  2.1 കിലോഗ്രാം
                            വിത്തിട്ട് 1 മാസത്തിനു ശേഷം       2.1 കിലോഗ്രാം
എല്ലുപൊടി             അടിവളം                                  1.25 കിലോഗ്രാം
ചാരം                     അടിവളം                                  1.750 കിലോഗ്രാം

തനിവിളയായി കാരറ്റ് കൃഷി ചെയ്യുമ്പോൾ ഒരു സെന്റിന് 850 ഓളം ചെടികൾ കാണും. വേരിന്റെ വളർച്ച ത്വരിതപ്പെടുത്തുന്നതിനായി മണ്ണ് നന്നായി ഇളക്കിക്കൊടുക്കണം. നട്ട് മൂന്ന്– മൂന്നര മാസത്തിനുള്ളിൽ കാരറ്റ് വിളവെടുക്കാം. വിളവെടുക്കാറാകുമ്പോൾ തടങ്ങളിൽ ചെറിയ വിള്ളലുകൾ കാണാം.

ബീറ്റ്റൂട്ട്
ഇനം: മധുർ

ഒക്ടോബർ – നവംബർ മാസങ്ങളിൽ ബീറ്റ്റൂട്ട് കൃഷി തുടങ്ങേണ്ട കാലമാണ്. ഒരു സെന്റ് തനിവിളയായി ബീറ്റ്റൂട്ട് കൃഷി ചെയ്യാൻ 35 ഗ്രാം വിത്ത് വേണം. തടങ്ങളിൽ തന്നെയാണ് ബീറ്റ്റൂട്ടും കൃഷി ചെയ്യേണ്ടത്. 30 സെ.മീ വീതിയും ആവശ്യത്തിന് നീളവുമുള്ള തടങ്ങൾ എടുത്ത് വിത്ത് നടണം. വിത്തിട്ട ശേഷം മുളയ്ക്കുന്നതു വരെ പുതകൊടുക്കണം. ബീറ്റ്റൂട്ട് തൈകൾ ഒരിക്കലും പറിച്ചു നടാൻ പാടില്ല.

beetroot-vegetable ബീറ്റ്റൂട്ട്

വളപ്രയോഗം (സെന്റ് ഒന്നിന് എന്ന കണക്കിൽ)

രാസവളം          ഉപയോഗിക്കേണ്ട സമയം                  ഉപയോഗിക്കേണ്ട അളവ്
യൂറിയ             അടിവളം                                        325 ഗ്രാം
                      മേൽ വളമായി ഒരുമാസത്തിനു ശേഷം  325 ഗ്രാം
മസ്സൂറി ഫോസ്  അടിവളം                                        750 ഗ്രാം
പൊട്ടാഷ്         അടിവളം                                         250 ഗ്രാം

ജൈവവളം (സെന്റ് ഒന്നിന്)

ജൈവവളം             ഉപയോഗിക്കേണ്ട സമയം                    അളവ്
ചാണകം                അടിവളം                                         100 കിലോ
കപ്പലണ്ടി പിണ്ണാക്ക്  അടിവളം                                         2.1 കിലോഗ്രാം
                            മേൽവളമായി ഒരു മാസത്തിനു ശേഷം   2.1 കിലോഗ്രാം
എല്ലുപൊടി             അടിവളം                                          750 ഗ്രാം
ചാരം                     അടിവളം                                          1250 ഗ്രാം

ഒരു സെന്റ് തനി വിളയായി ബീറ്റ്റൂട്ട് കൃഷി ചെയ്യുമ്പോൾ 440 ചെടികൾ ഉണ്ടാകും. വേരിന്റെ വളർച്ച വർദ്ധിപ്പിക്കുന്നതിനായി കാരറ്റിനെപ്പോലെ നന്നായി മണ്ണ് ഇളക്കി കൊടുക്കണം. നട്ട് രണ്ടര മൂന്നു മാസത്തിനുള്ളിൽ വിളവെടുക്കാവുന്നതാണ്.

ശീതകാലപച്ചക്കറികളുടെ (കാബേജ്, കോളിഫ്ളവർ) തൈകൾ വി.എഫ്.പി.സി.കെ കേരള കാർഷിക സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്. ഒക്ടോബര്‍ അവസാനത്തോടെ തൈകൾ വില്പനയ്ക്ക് തയാറാകും.

വിലാസം:

വി.എഫ്.പി.സി.കെ 0484– 2427560 (കാക്കനാട്)
കേരള കാർഷിക സർവ്വകലാശാല – മണ്ണുത്തി – 0487– 2371340