Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാടകക്കൃഷിയുടെ രാജ

raja-with-pouter-pigeon പൗട്ടർ ഇനം പ്രാവുമായി രാജ

സ്വന്തം സ്ഥലം 3 സെന്റ്, സ്വന്തം കൃഷിയിടം 6 ഏക്കർ

മൂന്നാറിൽ ആദ്യമായി വണ്ടിയിറങ്ങുമ്പോൾ തമിഴ്നാടു രാജപാളയം സ്വദേശി രാജയുടെ പോക്കറ്റിലുള്ളത് അഞ്ചിന്റെയും പത്തിന്റെയും മുഷിഞ്ഞ നാലഞ്ചു നോട്ടുകളും ഏതാനും ചില്ലറത്തുട്ടുകളും. പതിന്നാലു വർഷം മുമ്പായിരുന്നു അത്. അന്നു രാജയ്ക്കു പത്തൊമ്പതു വയസ്സ്.

മഞ്ഞുപൊഴിയുന്ന മൂന്നാറിന്റെ സൗന്ദര്യം ആസ്വദിച്ച് സഞ്ചാരികൾ മതിമറന്നു നില്‍ക്കുമ്പോൾ (ഏറിയ പങ്കും മലയാളി ‘മദാമ്മമാരും സായ്പന്മാരും’) രാജ പശിയടക്കാൻ തൊഴിലന്വേഷിച്ച് മൂന്നാറിൽ അലയുകയായിരുന്നു. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. കുറച്ചുകാലം തിരുനെൽവേലിയിലെ ഒരു കടയിൽ സെയിൽസ്മാനായി നിന്നതാണ് ഏക തൊഴിൽ പരിചയം.

സാമാന്യം സാമ്പത്തികശേഷിയുള്ള കുടുംബത്തില്‍ പിറന്ന്, രാജയുടെ ഭാഷയില്‍ ‘അടിച്ചുപൊളിച്ചു’ തന്നെയായിരുന്നു പ്ലസ് ടു വരെ ജീവിതം. എന്നാൽ കൂട്ടുകുടുംബത്തിൽ സ്വത്തു വീതംവയ്ക്കലും അഭിപ്രായഭിന്നതകളും മുറുകിയപ്പോൾ രാജയുടെ അമ്മയ്ക്കു മക്കളെയും കൂട്ടി തിരുനെൽവേലിയിലെ സ്വന്തം വീട്ടിലേക്ക് വെറുംകയ്യോടെ മടങ്ങേണ്ടിവന്നു. അതോടെ പഠനം നിർത്തി രാജ ജോലിക്കിറങ്ങി. അമ്മയെയും സഹോദരിയെയും പോറ്റാൻ സെയിൽസ്മാൻ ജോലി പോരെന്നു വന്നപ്പോഴാണ് കേരളത്തിലേക്കു വണ്ടി കയറുന്നത്.

വായിക്കാം ഇ - കർഷകശ്രീ

ഒടുവിൽ മൂന്നാറിനടുത്ത് കല്ലാർ– മാങ്കുളം വഴിയിലെ കുരിശുപാറ എന്ന ഉൾനാടൻ ഗ്രാമത്തിൽ ജോലി തരപ്പെട്ടു. മുപ്പതു പശുക്കളുള്ള ഡെയറി ഫാമിൽ തൊഴിലാളിയായി. തെല്ലും വൈമനസ്യമില്ലാതെ ആ ജോലിയേറ്റെടുത്തു. നന്നെ ചെറുപ്പം മുതൽ പക്ഷിമൃഗാദികളോടുണ്ടായിരുന്ന സ്നേഹവും താൽപര്യവുമായിരുന്നു കാരണം. ശമ്പളം ദിവസം നൂറു രൂപ.

raja-with-cow-goat അരുമകൾക്ക് ആവോളം സ്നേഹം

പശുക്കളെ കറന്നും കുളിപ്പിച്ചും പുല്ലുവെട്ടിയും ഏഴു വര്‍ഷം. ഫാമിലെ തൊഴിലാളികളിൽ പലരും ജോലി ഉപേക്ഷിച്ചുപോയതോടെ ഉടമ അതു രാജയ്ക്ക് വാടകയ്ക്കു നൽകി. മൂന്നു വർഷം അങ്ങനെ. പല പ്രതിബന്ധങ്ങളും നഷ്ടങ്ങളും നേരിടേണ്ടിവന്നെങ്കിലും മൃഗസംരക്ഷണ സംരംഭത്തിന്റെ ലാഭവഴികളും നഷ്ടസാധ്യതകളുമെല്ലാം കമ്പോടുകമ്പ് മനസ്സിലാക്കാൻ അക്കാലം ഉപകരിച്ചെന്നു രാജ.

മൂന്നു വർഷം മുമ്പ്, കുരിശുപാറയിൽത്തന്നെ കാടിനോടു ചേർന്ന് കാടുപിടിച്ചുതന്നെ കിടന്ന ഒരേക്കർ സ്ഥലം വര്‍ഷം അമ്പതിനായിരം രൂപ നൽകി അഞ്ചു വർഷത്തേക്കു വാടകയ്ക്കെടുക്കാൻ ധൈര്യം നൽകിയത് ഈ അനുഭവ പാഠമാണ്. താമസിക്കാൻ ചെറിയൊരു ഷെഡ്ഡും വൈദ്യുതി കണക്ഷനും നന സൗകര്യവുമുണ്ടെന്നതായിരുന്നു വാടകക്കൃഷിയിടത്തിന്റെ മെച്ചം.

മൃഗസംരക്ഷണമാകുമ്പോൾ നീണ്ട വാടകക്കാലാവധി ആവശ്യം. ഉടമ അതു സമ്മതിച്ചു. ഫാം വിപുലീകരിച്ചപ്പോൾ ചെലവു കുറഞ്ഞതും അതേസമയം ആടിനും പശുവിനുമെല്ലാം സുഖകരമായി പാർക്കാവുന്നതുമായ ഷെഡ്ഡ് നിർമിക്കാനും സമ്മതം നൽകി. ഇന്ന്, ഏകദേശം മുപ്പത്തിയഞ്ചു മീറ്റർ നീളത്തിലും അഞ്ചു മീറ്റർ വീതിയിലുമായി നിർമിച്ച ഒറ്റ ഷെഡ്ഡിനു കീഴിൽ ഒരറ്റം മുതൽ ആട്, പശു, പോത്ത്, മുയൽ, ഗിനി, അലങ്കാരപ്രാവ്, അലങ്കാരക്കോഴി, കാട എന്ന ക്രമത്തിൽ സഹവർത്തിത്തത്തോടെ പാർക്കുന്നു. മുയൽ, കാട, പ്രാവ് എന്നിവയ്ക്ക് കമ്പിവലകൾ ചേർത്തു കൂടുകൾ നിർമിച്ചതും കൂട്ടുകാരുടെ സഹായത്തോടെ രാജതന്നെ.

കേരളത്തിൽ കൃഷിയും പശുവളർത്തലുമെല്ലാം നഷ്ടമാണെന്നും തമിഴ്നാട്ടിൽ ഇതൊക്കെ നടക്കുമെന്നും പറയുന്ന മലയാളികളോട് നല്ല പച്ചമലയാളത്തിൽ വിനയത്തോടെ ഇന്നു രാജ പറയും, ‘‘അങ്ങനെയല്ല സർ, ഇഷ്ടത്തോടെയും ആത്മാർത്ഥതയോടെയും പണിയെടുക്കാനും വിപണനസാധ്യതകളും ഉൽപന്നവും തമ്മിൽ ബന്ധിപ്പിക്കാനും കഴിഞ്ഞാൽ കൃഷി എവിടെയും ലാഭം തന്നെ. പക്ഷേ നന്നായി അധ്വാനിക്കണം, അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. ഈ ഫാമിലെ ജോലികളെല്ലാം ഞാൻ ഒറ്റയ്ക്കാണ് ചെയ്യുന്നത്. മൂന്നു പേരെ പണിക്കു വച്ചാൽ ലാഭമുണ്ടാവില്ലെന്നതു തീർച്ച.’’

രാജ പറയുന്നത് വെറുതെയല്ല. ഫാം നടത്താനുള്ള ചെലവു കഴിഞ്ഞ് മാസം ചുരുങ്ങിയത് 35,000 രൂപ രാജയുടെ പോക്കറ്റിൽ എത്തുന്നുണ്ട്. വാടകക്കൃഷിയിലെ വരുമാനത്തിന്റെ ബലത്തിൽ സഹോദരിയെ വിവാഹം കഴിച്ചയച്ചു, തിരുനെൽവേലിയില്‍ മൂന്നു സെന്റ് സ്ഥലം വാങ്ങി. രാജയും വിവാഹിതനായി. കേരളത്തിൽ സ്വന്തമായി ഒരു തുണ്ടു ഭൂമി; അതാണ് അടുത്ത സ്വപ്നം.

രാജാസ് ഫാം

വാടകഭൂമിയിലെ കാടു വെട്ടിത്തെളിച്ച് ചൂളമരവും സിൽപോളിൻ പടുതയുംകൊണ്ട് ചെറു തൊഴുത്ത് നിർമിച്ചായിരുന്നു തുടക്കം. ശരാശരി 12 ലീറ്റർ കറവയുള്ള രണ്ട് എച്ച് എഫ് പശുക്കളെ വാങ്ങി. അന്നും ഇന്നും രാജയുടെ പ്രിയ ഇനം എച്ച് എഫ് തന്നെ.

പശുക്കൾക്കു പിന്നാലെ ഫാം വളപ്പിൽ പകുതിയോളം സ്ഥലത്ത് നേന്ത്രവാഴക്കൃഷി ചെയ്തു. 350 വാഴ വച്ചത് പകുതിയോളം വിളവെടുത്തപ്പോൾ വിലയിടിഞ്ഞു. മാങ്കുളത്തെ ആനക്കുളത്തു കാടിറങ്ങിവരുന്ന ആനകളെക്കാണാനെത്തുന്ന സഞ്ചാരികൾ കടന്നുപോകുന്നത് ഫാമിനു മുന്നിലൂടെ. അതു കണ്ടപ്പോഴാണ് കൃഷിയെയും വിനോദസഞ്ചാരത്തെയും തമ്മിൽ ബന്ധിപ്പിക്കാമെന്ന ആശയം വന്നത്. ബാക്കി വാഴക്കുല മുഴുവൻ ചിപ്സാക്കി. ഫാമിനു മുന്നിൽവച്ചു. ചൂടാറും മുമ്പേ വിറ്റുതീർന്നു. കുല വിറ്റു കിട്ടിയതിലേറെ ലാഭം ചിപ്സിലൂടെ പോക്കറ്റിലെത്തി.

താമസിയാതെ ഫാം വിപുലമാക്കി, പത്തു പശുക്കളും പ്രതിദിനം 110 ലീറ്റർ പാലുമായി കുരിശുപാറയിലെ മുഖ്യ പാൽക്കാരനായി രാജ. പടിപടിയായി ഫാമിലേക്ക് കൂടുതൽ അന്തേവാസികളെത്തി. ആട്, പോത്ത്, താറാവ്, പാത്ത, അലങ്കാര പ്രാവിനങ്ങൾ, അലങ്കാരക്കോഴികൾ, നാടൻകോഴി, കരിങ്കോഴി, പോരുകോഴി, കാട, മുയൽ, ഗിനിപ്പന്നി അങ്ങനെ പലതും. ഒപ്പം ബീറ്റ്റൂട്ട്, കാരറ്റ്, വെള്ളരി, ചീര തുടങ്ങിയ വിളകളും. തോക്കുപാറ കൃഷിഭവൻ വഴി അനുവദിച്ചു കിട്ടിയ 100 ചതുരശ്രമീറ്റർ പോളിഹൗസിൽ കാബേജും കോളിഫ്ളവറുമെല്ലാം കൃഷിയിറക്കി. ഫാം ഫ്രഷ് കുക്കുമ്പറിനും കാരറ്റിനുമെല്ലാം സഞ്ചാരികൾ കൂടുതൽ താൽപര്യപ്പെട്ടതോടെ, അടുത്തുതന്നെ ഒരേക്കർ കൂടി പാട്ടത്തിനെടുത്തു. സമ്പൂർണ ജൈവകൃഷി.

raja-cucumber-harvest ഫാമിലെത്തുന്നവർക്ക് ഫ്രഷ് വെള്ളരി

പാലൊഴികെ മറ്റൊന്നും ഫാമിനു പുറത്തെത്തിച്ചു വിൽക്കേണ്ടതില്ല. അതാണ് രാജയുടെ നേട്ടവും. നാട്ടുകാരും സഞ്ചാരികളും ഫാം ഫ്രഷ് ഉല്‍പന്നങ്ങൾ വാങ്ങിക്കൊള്ളും.

നിലവിൽ തൽക്കാലം എണ്ണം കുറച്ചെങ്കിലും പശു തന്നെയാണ് രാജയുടെ നിത്യവരുമാനമാർഗം. കറവയുള്ള പത്തു പശുക്കളുണ്ടെങ്കിൽ എല്ലാ ചെലവും കഴിഞ്ഞ് ദിവസം കുറഞ്ഞത് 1500 രൂപ മിച്ചം പിടിക്കാമെന്നു രാജ. തമിഴ്നാട്ടിൽനിന്നെത്തിച്ച നാടൻകോഴിയാണ് മറ്റൊരു സ്ഥിരവരുമാനമാർഗം. പ്രസവരക്ഷയ്ക്കുള്ള സൂപ്പിനും മരുന്നിനുമൊക്കെയായി നാടൻകോഴിക്കു നല്ല ചെലവ്. മാസം നാലും അഞ്ചും കോഴികളെ അടവയ്ക്കും. ദിവസം 15–20 മുട്ട വിൽക്കാനുമുണ്ടാവും. ഇറച്ചിക്കായി മാത്രമല്ല, മുട്ടക്കോഴിയായും പൊരുന്നക്കോഴിയായുമെല്ലാം നാടൻകോഴിക്ക് ആവശ്യക്കാരുണ്ട്. പ്രിയമേറിയ മറ്റൊന്ന് കരിങ്കോഴിയാണ്.

കാടകൾ കുറഞ്ഞ ചെലവിൽ ആദായം നൽകുന്നു. ഒരു ബാച്ചിൽ നൂറെണ്ണം. വർഷം നാലു ബാച്ചുകൾ. മുട്ട ഒന്നിന് രണ്ടു രൂപ കിട്ടും. മുട്ടയുൽപാദനം നിലയ്ക്കുന്നതോടെ ഇറച്ചിക്കു വിൽക്കും. മൂന്നാർ മേഖലയിൽ റിസോർട്ടുകളും ഹോട്ടലുകളും ഒട്ടേറെയുള്ളതിനാൽ ഇറച്ചിയാവശ്യത്തിലേക്ക് മുയൽ, കാട, താറാവ്, കോഴി, ആട് എന്നിവയെല്ലാം വാങ്ങാൻ ആളുണ്ട്.

അലങ്കാരപ്പക്ഷികളെയും നായ്ക്കളെയുമൊക്കെ ഓമനിച്ചു വളർത്തുന്നവരെയും രാജാ ഫാം നിരാശപ്പെടുത്തില്ല. ലാഹോർ, മുഖി, മുദിന, പൗട്ടർ തുടങ്ങിയ പ്രാവിനങ്ങളും കൊച്ചിൻ ഫാന്റം, പോളിഷ് ക്യാപ്, സിൽക്കി, മില്ലിഫ്ലവർ എന്നീ അലങ്കാരക്കോഴിയിനങ്ങളും ലാബ്രഡോർ, ഗ്രെയ്റ്റ് ഡെയ്ൻ, റോട്ട് വീലർ, ഡോബർമാൻ, പോമറേനിയൻ ഇനം നായ്ക്കുട്ടികളും രാജാസ് ഫാമിൽ വിൽപനയ്ക്കുണ്ട്. കാടും മലയും വൻകിട തോട്ടങ്ങളുമെല്ലാം നിറഞ്ഞ ഇടുക്കി ജില്ലയിൽ ശൗര്യമേറിയ നായ്ക്കൾക്ക് നല്ല ഡിമാൻഡ് ഉണ്ടെന്നു രാജ.

തമിഴ്നാട്ടിൽനിന്നു പോത്തുകുട്ടികളെ വാങ്ങി ഫാമിലെത്തിച്ച് നല്ല തീറ്റ നല്‍കി മിനുക്കിയെടുത്ത് ഒന്നു രണ്ടു മാസങ്ങൾക്കുശേഷം വിൽക്കുന്നതാണ് മറ്റൊരു സംരംഭം. മലബാറി, സിരോഹി എന്നിവയും ചെമ്മരിയാടും ചേർന്നതാണ് രാജയുടെ ആടുസമ്പത്ത്. തള്ളയാടിന്റെ പാൽ നന്നായി കുടിപ്പിച്ച് മൂന്നു നാലു മാസംകൊണ്ട് 10–14 കിലോ തൂക്കമാകുമ്പോൾ വിൽക്കും. മുട്ടനാടിനെ ഇണചേര്‍ക്കുന്നതിലൂടെയും ചെറുതല്ലാത്ത വരുമാനമുണ്ട്.

മൂന്നാറിലെ സന്ദർശകരും റിസോർട്ടുകളും ഹോട്ടലുകളുമാണ് രാജയുടെ വിജയത്തിന് ആധാരമെന്നതു ശരി. എന്നാൽ മറിച്ചും ചിന്തിക്കാമല്ലോ. തൊഴിൽ തേടി മറുനാട്ടിൽ വന്ന രാജ, അവിടത്തെ സാഹചര്യങ്ങളും ആവശ്യങ്ങളും നന്നായി പഠിച്ച് പറ്റിയ സംരംഭം തിരഞ്ഞെടുത്തു. കയ്യിലുണ്ടായിരുന്ന ചെറു തുകകൊണ്ട് എവിടെയെങ്കിലും കുറച്ചു സ്ഥലം വാങ്ങി, ലോണെടുത്തോ കൊള്ളപ്പലിശയ്ക്കു കടംമേടിച്ചോ ഫാം തുടങ്ങാൻ നിൽക്കാതെ പ്രാരംഭ മുതൽ മുടക്ക് വെറും ഒന്നര ലക്ഷത്തിലൊതുക്കി വാടകമണ്ണിൽ തന്റെ സ്വപ്നസംരംഭം തുടങ്ങി വിജയത്തിലെത്തിച്ചു. നമ്മുടെ നാട്ടിലെ യുവാക്കൾക്കും എന്തുകൊണ്ട് ഇങ്ങനെ ചിന്തിച്ചു കൂടാ.

നാലേക്കർ വയൽ വാടകയ്ക്കെടുത്ത് രാജ ഇക്കൊല്ലം നെൽകൃഷിയിലേക്കും കടന്നിരിക്കുകയാണ്. ഫാമിലേക്കുള്ള വൈക്കോലാണ് മുഖ്യലക്ഷ്യം. നെൽകൃഷി ഏതാണ്ടു നിലച്ച മാങ്കുളം പ്രദേശത്തെ കൗതുകക്കാഴ്ചയായി നാളെ രാജയുടെ വയലുകളും മാറിയേക്കാം.

ഫോൺ: 9747036536