Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിമീൻ കൃഷിക്ക് നല്ല കാലം

karimeen-fish-green-chromide കരിമീൻ

കരിമീൻ കൃഷിക്കു നല്ല കാലം വരുന്നു. ഗുണനിലവാരമുള്ള കരിമീൻ കുഞ്ഞുങ്ങൾ ആവശ്യാനുസരണം കർഷകർക്ക് ലഭ്യമായിത്തുടങ്ങിയതോടെ കരിമീൻ കൃഷി സംസ്ഥാനത്തു കൂടുതൽ ജനകീയമാകുകയാണ്.

എറണാകുളത്തു പ്രവർത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ (കെവികെ) നേതൃത്വത്തിൽ കർഷകരുടെ പങ്കാളിത്തത്തോടെ നടന്നുവരുന്ന കരിമീൻ വിത്തുൽപാദനം വിജയമായി മാറിയതോടെയാണു  ഗുണനിലവാരമുള്ള കരിമീൻ കുഞ്ഞുങ്ങൾ കർഷകരിലേക്ക് എത്തിത്തുടങ്ങിയത്.

അപേക്ഷ നൽകിയവരിൽ നിന്ന് തിരഞ്ഞെടുത്ത ആറു കർഷകരുടെ പങ്കാളിത്തത്തോടെ ആറു വിത്തുൽപാദന യൂണിറ്റുകളാണ് കെവികെ യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നത്. കർഷകരുടെ ഉടമസ്ഥതയിലുള്ള കുളങ്ങളിൽ തന്നെ കരിമീൻ പ്രജനനത്തിനുള്ള സംവിധാനങ്ങൾ ഒരുക്കിയാണു വിത്തുൽപാദനം. ഇതിനായി കർഷകർക്കു പ്രത്യേക പരിശീലന പരിപാടികൾ നൽകിവരുന്നു.

Karimeen-2-pond മത്സ്യക്കുളങ്ങൾ

പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചു കുളങ്ങൾ പ്രത്യേക രീതിയിൽ തയാറാക്കി പൂർണമായും പ്രകൃതിദത്തമായാണു കരിമീൻ കുഞ്ഞുങ്ങളെ കർഷകർ തന്നെ ഉൽപാദിപ്പിക്കുന്നത്. ഇതുകൂടാതെ പാക്കിങ്, വിപണനം എന്നിവയിലും കർഷകർക്കു പരിശീലനം നൽകുന്നുണ്ട്. ഇത്തരം വിത്തുൽപാദന യൂണിറ്റുകൾ കൃഷിവിഞ്ജാനകേന്ദ്രത്തിന്റെ ഉപഗ്രഹ വിത്തുൽപാദന കേന്ദ്രങ്ങളായാണു പ്രവർത്തിക്കുന്നത്.

അഞ്ചു മാസം കൊണ്ട് മുപ്പതിനായിരത്തിലധികം കരിമീൻ കുഞ്ഞുങ്ങൾ  രണ്ടു യൂണിറ്റുകളിൽ നിന്നു മാത്രമായി വിൽപന നടത്തിയിരുന്നു. മറ്റു  നാലു യൂണിറ്റുകളിലെ കരിമീൻ കുഞ്ഞുങ്ങള്‍ വിൽപനയ്ക്കു തയാറായി വരികയാണ്. ഒരു കുഞ്ഞിനു പത്തു രൂപ നിരക്കിലാണു വിൽപന നടത്തുന്നത്. കെവികെ യുടെ പദ്ധതിയിൽ പങ്കാളിയായ കർഷകർക്കു കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ മൂന്നു ലക്ഷം രൂപയ്ക്കടുത്തു വരുമാനം നേടാൻ കരിമീൻ വിത്തുൽപാദനത്തിലൂടെ സാധിച്ചിട്ടുണ്ട്.

വിപണനത്തിനും സ്ഥാപനം പിന്തുണ നൽകുമെന്നു കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ. ഷിനോജ് സുബ്രമണ്യൻ, ജലകൃഷി വിദഗ്ധൻ ഡോ. പി.എ. വികാസ് എന്നിവർ അറിയിച്ചു. ഹൈദരാബാദിലെ ദേശീയ മത്സ്യവികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് സിഎംഎഫ്ആർഐയുടെ കീഴിലുള്ള കൃഷി വിഞ്ജാനകേന്ദ്രം ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. കരിമീനിന്റെ ആഭ്യന്തര ഉൽപാദനം വർധിപ്പിച്ചു രുചികരവും ഗുണമേന്മയുമുള്ള കരിമീൻ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്.

Karimeen-seed-packing കരിമീൻ കുഞ്ഞുങ്ങൾ പായ്ക്കറ്റിൽ

എങ്ങനെ തുടങ്ങാം?

ചുരുങ്ങിയതു  50 സെന്റ് സെന്റെങ്കിലും വ്യാപ്തിയുള്ള ഓരുജലാശയമുള്ളവർക്ക് എറണാകുളം ഞാറയ്ക്കലിൽ പ്രവർത്തിക്കുന്ന കെവികെയുടെ കീഴിൽ കരിമീൻ വിത്തുൽപാദന യൂണിറ്റ് തുടങ്ങാൻ അപേക്ഷ നൽകാം.

ആവശ്യമായ പരിശീലനം ലഭിച്ചു കഴിഞ്ഞാൽ സ്വന്തമായി തന്നെ അവരവരുടെ കുളങ്ങളിൽ കരിമീൻ വിത്തുൽപാദനം നടത്താനാകും. കരിമീൻ കുഞ്ഞുങ്ങളെ ആവശ്യമുള്ളവർക്കും കൃഷി വിജ്ഞാന കേന്ദ്രത്തെ സമീപിക്കാവുന്നതാണ്.