sections
MORE

വേനൽത്തൊഴുത്തുകൾ

wayanad-cow-shed
SHARE

മനുഷ്യന് കുടിക്കാൻ വെള്ളമില്ലാത്ത കാലത്താണ് പശുവിന്റെ വെള്ളത്തിനെക്കുറിച്ചു സംസാരിക്കുന്നതെന്നു ചിലർക്കു തോന്നാം. എന്നാൽ എല്ലാ കൃഷിയിലും തോറ്റ് പശുവളർത്തലിലെ വരുമാനം കൊണ്ടുമാത്രം കുടുംബം മുന്നോട്ടുകൊണ്ടുപോകുന്ന ക്ഷീരകർഷകർക്ക് തൊഴുത്തിലെ പശുക്കളും ജീവനാണ്. ഉള്ള വെള്ളം ഒരു തുള്ളിപോലും പാഴാക്കാതെ ക്ഷീരമേഖലയിൽ എങ്ങനെ ഉപയോഗിക്കാമെന്നതു സംബന്ധിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. 

കേരളത്തിലെ ക്ഷീരകർഷകരുടെ പ്രധാന വെല്ലുവിളിയായി, ജലദൗർലഭ്യം മാറിക്കഴിഞ്ഞു. ഇനി ഡെയറി ഫാം തുടങ്ങണമെങ്കിൽ ആദ്യം ജലലഭ്യത തന്നെപരിഗണിക്കേണ്ടിവരും. പാലിന്റെ 87 ശതമാനവും വെള്ളമാണെന്നിരിക്കെ ആവശ്യത്തിനു വെള്ളമില്ലാതെ പശുക്കളിൽ നിന്നും മികച്ച പാൽ ഉത്പാദനം പ്രതീക്ഷിക്കാനാവില്ല. കൃത്യമായ ജല സംരക്ഷണ മാർഗങ്ങൾ അവലംബിക്കുന്നതും, കരുതലോടെ ജലം ഉപയോഗിക്കുന്നതും ഡെയറി ഫാമിന്റെ സ്ഥായിയായ പ്രവർത്തനമികവിന് ആത്യാവശ്യമാണ്. 

wayanad-cleaning

പശുക്കൾ ഏകദേശം 60 മുതൽ 120 ലീറ്റർ വെള്ളം വരെ ഒരു ദിവസം കുടിക്കുന്നു എന്നാണ് കണക്ക്. കാര്യമായ തോതിൽ വെള്ളം ചെന്നാൽ മാത്രമേ നല്ല പാലു ലഭിക്കൂ. കുടിക്കുന്നതിനു പുറമേ കാലികളെ കുളിപ്പിക്കാൻ, തൊഴുത്ത് പാത്രങ്ങൾ തുടങ്ങിയവ വൃത്തിയാക്കാൻ, തീറ്റപ്പുൽ വിളകളുടെ ജലസേചനം തുടങ്ങിയ ആവശ്യങ്ങൾക്കാണ് വെള്ളം ഏറ്റവും ആവശ്യമായിട്ടുള്ളത്. കുറച്ചൊന്നു മനസ്സു വച്ചാൽ ഫാമിലേക്ക് വേണ്ട വെള്ളം കൃത്യമായി ഉപയുക്തമാക്കുവാനും പാഴാകുന്നത്‌ ഒഴിവാക്കുവാനും കഴിയും. 

ഒരുങ്ങാം, നേരത്തേ

ആവശ്യമായ ജലത്തിന്റെയും ഉപയോഗിക്കുന്ന ജലത്തിന്റെയും അളവ് സംബന്ധിച്ച് ഒരു ഏകദേശ ധാരണ കർഷകന് വേണം. ആവശ്യമായ ജല സ്രോതസ്സ്, ഉരുക്കളുടെ എണ്ണമനുസരിച്ചു തിട്ടപ്പെടുത്തണം. മഴവെള്ളം തരിമ്പും പാഴാക്കാതെ സംഭരിക്കുകയോ ഭൂമിയിൽ പിടിച്ചു നിർത്തുകയോ ചെയ്യണം. അത് ക്ഷീരമേഖലയ്ക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ആക്കുകയും വേണം. 

വെള്ളത്തിന്റെ അളവ് കൂടിയ തീറ്റയാണ് വേനൽക്കാലത്ത് നല്ലത്. ചെറുതായി അരിഞ്ഞ വാഴത്തട പോലെയുള്ള സാധനങ്ങൾ. പുല്ല്, കാലിത്തീറ്റ, വൈക്കോൽ എന്നിവയിൽ മാത്രമൊതുക്കാതെ ചെലവു കുറഞ്ഞതും വിപണിയിൽ ലഭ്യമായ തീറ്റ വസ്തുക്കളും പ്രാദേശികമായി ലഭിക്കുന്നവയും കാലികൾക്ക് നൽകണം. വൃക്ഷവിളകൾ (അഗത്തി, ശീമക്കൊന്ന, സുബാബുൾ), പയർ വർഗച്ചെടികൾ, നന്നായി അരിഞ്ഞ ഓല, കമുകിൻ പാള, ചക്ക, വാഴത്തട തുടങ്ങിയവ കർഷകർ തീറ്റയിൽ ഉൾപ്പെടുത്താറുണ്ട്. 

wayanad-cow-food

പരുത്തിക്കുരു, പരുത്തിക്കുരു പിണ്ണാക്ക്, സോയാബീൻ വേസ്റ്റ്, കടലത്തൊണ്ട്, ചെറുപയർ വേസ്റ്റ്, ബീയർ വേസ്റ്റ്, കപ്പമാവ്, ചോളപ്പൊടി, ഗോതമ്പ് തവിട്, തേങ്ങാ പിണ്ണാക്ക്, ധാതുലവണ മിശ്രിതം, കാലിത്തീറ്റ എന്നിവ നന്നായി കുഴച്ചു പാൽ ഉൽപാദനക്ഷമത അനുസരിച്ച് പശുക്കൾക്ക് നൽകാം. 

▅  യന്ത്രങ്ങളാകാം 

പലപ്പോഴും ചെറുകിട കർഷകർ യന്ത്രവൽക്കരണത്തോട്‌ മുഖം തിരിക്കാറാണു പതിവ്. അതൊക്കെ വലിയ ഫാമുകളിൽ മതിയ‌െന്നാണ് ചിന്ത. ചെറിയ ചെലവിൽ വയ്ക്കാവുന്ന യന്ത്രങ്ങളുണ്ട്. സ്ഥാപിക്കാനുള്ള ചെലവ് പിന്നീടുളള ലാഭവുമായി നോക്കുമ്പോൾ ആശ്വാസം തോന്നും. വാട്ടർ ബൗൾ ആകാം ബക്കറ്റിലും മറ്റും വെള്ളം നൽകുമ്പോൾ പശു മറിച്ചു കളയുന്നത് പതിവാണ്. പൈപ്പും വെള്ളം നിയന്ത്രിക്കുന്ന സംവിധാനവും വെള്ളപ്പാത്രവും വാൽവും ഉപയോഗിച്ച്  ചെറിയ ചെലവിൽ വാട്ടർ ബൌൾ നിർമിക്കാം; അല്ലെങ്കിൽ നേരിട്ട് വാങ്ങാം. 

കന്നുകാലികൾക്ക് മുഴുവൻ സമയവും കുടിക്കുവാൻ വെള്ളം ലഭ്യമാക്കുന്ന ലഘു സംവിധാനമാണ് ഓട്ടോമാറ്റിക് വാട്ടർ ബൗൾ. മുന്നിലുള്ള ചെറിയ പാത്രത്തിൽ നിന്നു പശുവിനു ആയാസമില്ലാതെ ആവോളം വെള്ളം കുടിക്കാം. കുടിക്കുന്തോറും വെള്ളം നിറയുന്ന സംവിധാനം കൂടിയുണ്ടെങ്കിൽ പശുക്കളിലെ രാത്രികാല നിർജലീകരണവും ഒഴിവാക്കാം. തൊഴുത്തിൽ സ്ലറി പമ്പ്‌ ഉണ്ടെങ്കിൽ, തൊഴുത്തിൽ ഉപയോഗം കഴിഞ്ഞ വെള്ളം ഉപയോഗിച്ച് ഫോഡർ വിളകളും, മറ്റു കൃഷിയിടവും നനയ്ക്കാം. 

സാധിക്കുമെങ്കിൽ തുള്ളിനനയുടെ പ്രയോജനം, തീറ്റപ്പുൽക്കൃഷിത്തോട്ടത്തിൽ ഉപയോഗപെടുത്താം. ഇടവിളയായി പുൽക്കൃഷി ചെയ്യുന്നതിലും ഈ സാധ്യത പ്രയോജനപ്പെടുത്താം. സ്പ്രി‌ംഗ്ലർ  ഉപയോഗം അതിരാവിലെയോ വൈകുന്നേരമോ മാത്രമാക്കുന്നത് ബാഷ്പീകരണം പരമാവധി ഒഴിവാക്കി വെള്ളം ഫോഡർ വിളകൾക്ക് നന്നായി ലഭ്യമാക്കുവാൻ സഹായിക്കുന്നു. 

wayanad-cow-shed-sub

▅  ഹൈഡ്രോപോണിക്സ്‌ 

ഹൈഡ്രോപോണിക്സ്‌ പോലുള്ള കൃഷി രീതിയിൽ വെള്ളം നിയന്ത്രിത അളവിൽ ഉപയോഗിച്ച് അധികം ജോലി ഭാരമില്ലാതെ ഫോഡർ ഉൽപാദിപ്പിക്കാവുന്നതാണ്. ചോളം, ബാർലി എന്നിവ സാധാരണയായി വെള്ളത്തിൽ കുതിർത്തു ട്രേകളിൽ നിരത്തുന്ന ഈ സംവിധാനത്തിൽ, വെള്ളം മാത്രം സ്പ്രേ ചെയ്തു ഗുണമേന്മയുള്ള ഫോഡർ ഏഴു ദിവസംകൊണ്ട് കാലികൾക്ക് നൽകാം. വർഷം മുഴുവനും മണ്ണില്ലാത്ത ഈ കൃഷി രീതി തുടരാം. വേരോടെ ഭക്ഷ്യയോഗ്യമായ ഹൈഡ്രോപോണിക്സ്‌ ഫോഡർ മികച്ച ഒരു കാലിത്തീറ്റയാണ്.

മുളച്ചു വരുന്ന ധാന്യങ്ങൾക്കും പയർ വിളകൾക്കും, മീതെ സ്‌പ്രേ ചെയ്യുന്ന വെള്ളം ശേഖരിച്ചു, കൃഷിയിടം നനയ്ക്കുവാൻ ഉപയോഗപ്പെടുത്താം. പ്രഷർവാഷർ എന്ന ചങ്ങാതി തൊഴുത്തിലെ ജല ഉപയോഗം വളരെ കുറയ്ക്കുന്ന യന്ത്രച്ചങ്ങാതിയാണ് പ്രഷർ വാഷർ. വെള്ളം വിവിധ മർദത്തിൽ പുറത്തേക്കു വിടുന്ന ഈ സംവിധാനത്തിൽ, വലിയ കുഴലിലെക്കാൾ കുറഞ്ഞ അളവിൽ മാത്രമേ വെള്ളം ഉപയോഗിക്കുന്നുള്ളൂ. തൊഴുത്ത് വൃത്തിയാക്കുവാനും പശുക്കളെ കുളിപ്പിക്കുവാനും ഉപകരണങ്ങളും പാത്രങ്ങളും കഴുകുവാനും മറ്റും പ്രഷർ വാഷർ ഉപയോഗിക്കാം. 

മഞ്ഞുപെയ്യിക്കാം  

മിസ്റ്റ് സിസ്റ്റം അല്ലെങ്കിൽ ചെറിയ കണികകളായി വെള്ളം പശുക്കൾക്ക് മുകളിൽ സ്പ്രേ ചെയ്തു തണുപ്പിക്കാം. രാവിലെയും വൈകിട്ടുമാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ ചൂടു കാലത്ത് കുറഞ്ഞ അളവ് വെള്ളത്തിൽ, പശുക്കളെ കുളിർപ്പിക്കാൻ സാധിക്കും. എരുമയെ വളർത്തുന്നവർ, ഒരു ചെറിയ ഷവർ വയ്ക്കുന്നത് അധിക ചൂട് സമയത്ത് എങ്കിലും ഉപകരിക്കും. ഉരുക്കളുടെ രോമങ്ങൾ ബ്രഷ് ചെയ്യുന്നത് വൃത്തിയാക്കാൻ മാത്രമല്ല രക്തയോട്ടം വർധിപ്പിച്ചു പാൽ ഉൽപാദനത്തിനും സഹായിക്കുന്നു. 

തൊഴുത്തിലാകാം ശ്രദ്ധ  

തൊഴുത്ത് നിർമാണത്തിലെ കൃത്യതയും ജല ഉപയോഗം കുറയ്ക്കുവാൻ സഹായിക്കും. കാലികൾക്ക് നിൽക്കുന്നതിനും മറ്റും ആവശ്യത്തിനു മാത്രം സ്ഥലം മതി. അധിക തറ വിസ്തീർണം, നിർമാണച്ചെലവും ജല ഉപയോഗവും കൂട്ടുകയേയുള്ളൂ. റബർ മാറ്റ് പശു നിൽക്കുന്ന തൊഴുത്തിന്റെ തറ ഭാഗത്തിൽ, നിറഞ്ഞു കിടക്കണം. ഇല്ലെങ്കിൽ വൃത്തിയാക്കൽ വീണ്ടും വിഷമകരമാകും. 

മഴക്കൊയ്ത്ത് നടത്താം തൊഴുത്തിന്റെ മേൽക്കൂരയിൽ പാത്തികെട്ടി മഴവെള്ളം സംഭരിക്കുവാനും കഴിയും. പ്രത്യേകം നിർമിച്ച ടാങ്കിലോ പ്ലാസ്റ്റിക്  ഷീറ്റ് ഉപയോഗിച്ചുള്ള താൽക്കാലിക സംഭരണിയിലോ മഴവെള്ളം ശേഖരിക്കാം. മഴക്കുഴികൾ നിർമിക്കുന്നതും, കിണർ റീചാർജിങ്ങും ഭൂഗർഭജലത്തിനു മികച്ച സംരക്ഷണം നൽകുന്നു. 

ആസൂത്രണമാകാം  

കൃഷിയിടം രൂപകൽപന ചെയ്യുന്നതിൽ ജലലഭ്യതയും ജലസംരക്ഷണവും വളരെ പ്രാധാന്യം അർഹിക്കുന്നു. വീട്, കാലിത്തൊഴുത്ത്, തീറ്റപ്പുൽ കൃഷി, ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ്‌ നിർമാണം,  വളക്കുഴി, ചാണകം ഉണക്കി വിപണനം, കോഴി, ആട്, പന്നി, മുയൽ, താറാവ്, അലങ്കാരപ്പക്ഷികളും ഓമന മൃഗങ്ങളും വളർത്തൽ, ജലസേചനക്കുളം, മഴക്കുഴികൾ, മഴവെള്ളസംഭരണികൾ, മത്സ്യകൃഷി, നെൽക്കൃഷി – ഹ്രസ്വകാല വിളകൾ, പച്ചക്കറി കൃഷി, വാണിജ്യ വിളകൾ, പാൽ സംസ്കരണം, 

മൂല്യ വർധിത ഉൽപന്ന നിർമാണം തുടങ്ങി അനേകം സാധ്യതകൾ ഒരു പുരയിടത്തിൽ കർഷകർക്കുണ്ട്. സ്ഥലലഭ്യതയും ജലലഭ്യതയും ആവശ്യങ്ങളും കണക്കിലെടുത്തുകൊണ്ട് ഓരോ കൃഷിയിടത്തിലും അനുയോജ്യമായ രൂപകൽപ്പന ചെയ്യുന്നത് കൃഷി സുസ്ഥിരമായി നടത്തുവാൻ കർഷകരെ സഹായിക്കും. സമ്മിശ്ര കൃഷിരീതിയിൽ ജല ഉപയോഗം മികച്ച രീതിയിൽ അസൂത്രണം ചെയ്യാനും സാധിക്കും. 

∙ വൃക്ഷങ്ങൾ അടുത്തുണ്ടെങ്കിൽ കാലികൾക്ക് ആശ്വാസമാണ്.  

∙ തൊഴുത്തിന് ചുറ്റും ഭിത്തി കെട്ടാതെ, വായുസഞ്ചാരം ഉറപ്പാക്കുന്നതും, മേൽക്കൂരയുടെ ഉയരം കൂട്ടുന്നതും, ചൂട് കുറയ്ക്കും. 

∙ മേൽക്കൂര രണ്ടു തട്ടായി പണിയുന്നത് വഴി, ചൂടുവായു മുകളിലേക്ക് പോയി, തൊഴുത്തിലെ അന്തരീക്ഷം മെച്ചപ്പെടുന്നു. 

∙ ഓല മേയുന്നതും (മുകളിൽ സിൽപോളിൻ ഷീറ്റ് വിരിക്കാം), മേൽക്കൂരയിൽ പാഷൻ ഫ്രൂട്ട്, മത്തൻ, ഓടു മുല്ല തുടങ്ങിയ ചെടികൾ പടർത്തുന്നതും ചൂട് കുറയ്ക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA