കാലികളുടെ സ്വപ്്നക്കൂട്

idukki-cow-farm
SHARE

മധു ഡോക്ടറുടെ തൊഴുത്തു കണ്ടാൽ വീടിന്റെ ഒരു ഭാഗമാണെന്നേ തോന്നൂ. പശുവളർത്തൽ ഇഷ്ടപ്പെടുന്നവർ ഏറെയാണെങ്കിലും തൊഴുത്തിന്റെ ശുചിത്വപ്രശ്നവും അയൽക്കാരുടെ പ്രതിഷേധവും മറ്റും ഭയന്നു പലരും ഈ ദൗത്യം വേണ്ടെന്നു വയ്ക്കുകയാണു പതിവ്. ഈ പ്രശ്നത്തിനു പരിഹാരമാണ് ഡോ. മധുവിന്റെ ‘നേച്ചർ ഫ്രഷ്’ തൊഴുത്ത്. 

പശുക്കൾക്കായി പ്രത്യേകമായി രൂപകൽപന ചെയ്ത ഈ തൊഴുത്ത്, വീടിന്റെ സ്വീകരണമുറി പോലെയാണ്.തൊടുപുഴ ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപം ഗീതാഭവനിൽ ഡോ. ജി.എസ്.മധു (53) ആണ് സ്വന്തം വീടിനോടു ചേർന്നു നേച്ചർ ഫ്രഷ് തൊഴുത്തു സ്ഥാപിച്ചിരിക്കുന്നത്. ഈ തൊഴുത്തിൽ പശുക്കൾക്കു തീറ്റ തിന്നാനും വെള്ളം കുടിക്കാനും സൗകര്യപ്രദമായി കിടക്കാനും കഴിയും. 

ഒരു പശുവിനു നിൽക്കാൻ ആറടി നീളവും നാലടി വീതിയുമുള്ള ഇടമാണു നൽകിയിരിക്കുന്നത്. പിൻവശത്ത് അരയടി താഴ്ത്തി, ഒന്നരയടി വീതിയിൽ ചാണകച്ചാൽ നിർമിക്കും. പിന്നിൽ ചുറ്റുമതിലിനു പകരം കമ്പിവേലിയാണു സ്ഥാപിക്കുക. പശുക്കൾക്കു സ്വതന്ത്രമായി നടക്കാൻ പ്രത്യേക ഇടവും ഒരുക്കും. പരമാവധി കാറ്റും വെളിച്ചവും കടക്കുകയെന്നുള്ളതാണു തൊഴത്തിന്റെ രൂപകൽപനയിലെ അടിസ്ഥാനതത്വം.  

പശുക്കൾ മനസ്സിൽ കണ്ടാൽ വെള്ളം ഒഴുകിയെത്തും! 

പശുക്കൾ ആഗ്രഹിക്കുമ്പോഴൊക്കെ ശുദ്ധജലം ലഭ്യമാകുന്ന ലളിതമായ സംവിധാനവും നേച്ചർ ഫ്രഷ് തൊഴുത്തിൽ സജ്ജമാക്കിയിട്ടുണ്ട്. വെള്ളത്തിന്റെ പ്രധാന ടാങ്കിനെ, ശുചിമുറിയിലെ ഫ്ലഷ് ടാങ്കിലേതിനു സമാനമായ ‘ഫ്ലോട്ട് അപ്പാരറ്റസ്’ വഴി, പുൽത്തൊട്ടിയുടെ സമീപം സ്ഥാപിച്ചിരിക്കുന്ന കോപ്പയിലേക്കു പൈപ്പ് വഴി ബന്ധിപ്പിക്കും. 

കോപ്പയിലെ ജലനിരപ്പും ഫ്ലോട്ട് അപ്പാരറ്റസിലെ ജലനിരപ്പും തുല്യമായി ക്രമീകരിക്കും. കോപ്പയിൽനിന്നു പശു വെള്ളം കുടിക്കുന്നതനുസരിച്ചു കോപ്പയിലെയും ഫ്ലോട്ട് അപ്പാരറ്റസിലെയും ജലനിരപ്പു താഴും. തുടർന്ന് ഫ്ലോട്ട് അപ്പാരറ്റസിലെ ഫ്ലോട്ട് താഴേക്കു വരികയും അതുവഴിയുണ്ടാകുന്ന വിടവിലൂടെ വെള്ളം ഫ്ലോട്ട് അപ്പാരറ്റസിലേക്കും കോപ്പയിലേക്കും ഒഴുകുകയും ചെയ്യും. തുടർന്നു കോപ്പയിലെ ജലനിരപ്പ് പൂർവസ്ഥിതി പ്രാപിക്കുകയാണു ചെയ്യുന്നത്. 1000 രൂപ ചെലവിൽ പശുക്കൾക്കു മുഴുവൻസമയ ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ ഇതിലൂടെ കഴിയുമെന്നു ഡോ. മധു പറയുന്നു. 

പശുക്കൾ എപ്പോഴും ‘സുന്ദരി’കൾ

പിന്നിലുള്ള ചാലിൽത്തന്നെ ചാണകം വീഴുന്നതിനാൽ പശുക്കളുടെ ശരീരത്തിൽ ചാണകം പുരളില്ലെന്ന പ്രത്യേകതയുമുണ്ട്. നീളം കൂടിയ പിവിസി പൈപ്പും അറ്റത്തു പിവിസി ഷീറ്റും ഘടിപ്പിച്ച സ്ക്രാപ്പർ ഉപയോഗിച്ചു തൊഴുത്തിന്റെ പുറത്തു നിന്നുതന്നെ ചാണകം ചാലിലേക്കു തള്ളിയിടുന്നതിനു കഴിയും. ഇതിലൂടെ പശുവിനെ കുളിപ്പിക്കുന്നതും തൊഴുത്തു വൃത്തിയാക്കുന്നതും  എളുപ്പമാക്കാനും കഴിയും. 

വെള്ളം കുറച്ചു മാത്രം ഉപയോഗിക്കുന്നതിനാൽ മലിനജലത്തിന്റെ അളവും കുറയ്ക്കാനാകും. തൊഴുത്തു കഴുകുന്ന വെള്ളവും മൂത്രവും ഒരു പശുവിന്റെ ചാണകവും ചേർത്തു കലക്കി രണ്ടു ക്യുബിക് മീറ്റർ വ്യാസമുള്ള ബയോഗ്യാസ് പ്ലാന്റിലേക്ക് ഒഴുക്കിവിടുന്നു. അടുക്കളയിൽ പാചകം ചെയ്യുന്നതിനാവശ്യമായ ഇന്ധനം പൂർണമായും ഇതേ ബയോഗ്യാസ് പ്ലാന്റിൽനിന്നു ലഭിക്കുമെന്നതും മറ്റൊരു പ്രത്യേകത. 30 സെന്റ് വരുന്ന വീട്ടുപുരയിടത്തിലെ കൃഷിക്കാവശ്യമായ ജൈവവളം സ്ലറിയിലൂടെ ലഭിക്കും. 

ഒരു സ്ലറി പ്ലമ്പ് ഇതിനായി ഉപയോഗിക്കുന്നു. മറ്റു രണ്ടു പശുക്കളുടെ ചാണകം ബയോഗ്യാസ് നിർമാതാക്കൾ, പ്ലാന്റിന്റെ ആദ്യ ചാർജിങ്ങിന് ഉപയോഗിക്കുന്നതിനായി കൊണ്ടുപോകുന്നു. ഉയർന്ന സൂക്ഷ്മാണു ഗുണനിലവാരമുള്ള ഈ ചാണകത്തിന് ഉയർന്ന വിലയും ലഭിക്കും. 

10 സെന്റ് സ്ഥലത്ത് പുൽക്കൃഷി

വീട്ടുവളപ്പിലെ 10 സെന്റ് സ്ഥലം പുൽക്കൃഷിക്കായി മാറ്റിവച്ചിരിക്കുകയാണ്. ബാക്കി സ്ഥലത്തു വിവിധയിനം കിഴങ്ങു വർഗങ്ങൾ, പച്ചക്കറികൾ, ഫലവൃക്ഷങ്ങൾ, വാഴ എന്നിവയുണ്ട്. പപ്പായ, മുരിങ്ങ, കറിവേപ്പ്, കോവൽ, ചീര, വെണ്ട, വഴുതന, പച്ചമുളക്, കാബേജ്, കോളിഫ്ലവർ എന്നിവയാണു പ്രധാനമായും കൃഷി ചെയ്യുന്നത്. 

ഇവയിൽ ചീര മാത്രമാണു വാണിജ്യാടിസ്ഥാനത്തിലുള്ളത്. കൃഷിവകുപ്പിന്റെ ആത്മ ഗ്രൂപ്പ് ഇവിടെനിന്നുള്ള ചീര അരിഞ്ഞു പായ്ക്ക് ചെയ്ത് തൊടുപുഴ സിവിൽ സ്റ്റേഷനിൽ വിൽക്കുന്നുണ്ട്. ബാക്കി പച്ചക്കറികൾ വീട്ടിലും അയൽപക്കത്തുമായി ഉപയോഗിക്കുന്നു.  

മൂന്നു പശുക്കളിൽനിന്ന് 40 ലീറ്റർ പാൽ

വീട്ടിൽനിന്നു വിപണനം ചെയ്യുന്ന പ്രധാന ഉൽപന്നം പാലാണ്. മൂന്നു കറവപ്പശുക്കളിൽനിന്നുമായി ദിവസവും 40 ലീറ്ററോളം പാൽ ഉൽപാദിപ്പിക്കുന്നു. വാവട്ടം കുറഞ്ഞ പ്രത്യേകതരം സ്റ്റീൽ പാത്രത്തിലാണു പാൽ കറന്നെടുക്കുന്നത്. പൊടിപടലങ്ങൾ പാലിൽ കലരാതിരിക്കാനാണിത്. ചൂടുവെള്ളവും മറ്റും ഉപയോഗിച്ചു കുപ്പികൾ കഴുകി വൃത്തിയാക്കുന്നതിലും പാൽ നിറയ്ക്കുന്നതിലും അതീവശ്രദ്ധ പുലർത്തുന്നു. വീടിന്റെ ചുറ്റുവട്ടത്തുള്ള വീടുകളിൽത്തന്നെയാണ് ചില്ലുകുപ്പികളിൽ പാൽ വിൽക്കുന്നത്. ലീറ്ററിന് 54 രൂപയ്ക്കാണു പാൽ വിൽക്കുന്നത്. 

മുട്ടക്കോഴികൾ 

20 മുട്ടക്കോഴികളും ഇവിടെയുണ്ട്. നിത്യവും 15 മുട്ടകൾ ലഭിക്കുന്നു. പറമ്പിലേക്കു നിരക്കി മാറ്റി വയ്ക്കാൻ കഴിയുന്ന ജിഐ കമ്പിവല ഉപയോഗിച്ചുള്ള കൂടുകളിലാണു കോഴികളെ വളർത്തുന്നത്. വീട്ടിലെയും അയൽപക്കത്തെയും ഭക്ഷ്യാവശിഷ്ടങ്ങളാണു കോഴികൾക്കു നൽകുന്നത്. കയറിയിരുന്നു മുട്ടയിടുന്നതിന് ഒരു മുട്ടപ്പെട്ടിയും വെള്ളപ്പാത്രവും കൂട്ടിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. തറയിലാണു തീറ്റ ഇട്ടുകൊടുക്കുന്നത്. 

കാഷ്ഠവും മറ്റും മണ്ണോടു മണ്ണായി ജൈവ പുനഃചംക്രമണം ഇവിടെ നടക്കുന്നു. 25 വർഷമായി മൃഗസംരക്ഷണ വകുപ്പിൽ ജോലി ചെയ്യുന്ന ഡോ. മധു, ഡപ്യൂട്ടേഷനിൽ കുടുംബശ്രീയുടെ ജില്ലാ കോഓർഡിനേറ്ററായും ആത്മയുടെ ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഹരിതകേരള മിഷന്റെ ജില്ലാ കോഓർഡിനേറ്ററാണ്. 

ഭാര്യ: ദീപ (അധ്യാപിക, തൊടുപുഴ ഡീ പോൾ സ്കൂൾ). മകൾ: മീര (എംബിബിഎസ് വിദ്യാർഥിനി, കോട്ടയം മെഡിക്കൽ കോളജ്). 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA