കറവയന്ത്രത്തിൽ ഘടിപ്പിക്കാവുന്ന ഫാം മാനേജ്മെന്റ് സംവിധാനവുമായി എൻജിനീയർമാർ

dms_full_size
SHARE

അകിടുവീക്കത്തോളം ക്ഷീരകർഷകരെ അലട്ടുന്ന രോഗമുണ്ടാവില്ല കന്നുകാലികൾക്ക്; ഉൽപാദനക്ഷമതയേറിയ ഉരുക്കളുള്ള ഫാമുകളിൽ വിശേഷിച്ചും. തുടക്കത്തിലേ കണ്ടെത്തിയാൽ  ചികിത്സിച്ചുമാറ്റാവുന്ന രോഗമാണിത്. എന്നാൽ തുടക്കത്തിലേ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നതാണ് പ്രശ്നം. ഈ വെല്ലുവിളി നേരിടാൻ എല്ലാത്തരം അകിടുവീക്കവും നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന കറവയന്ത്രവുമായി ക്ഷീരകർഷകരുെട  തുണയ്ക്കെത്തുകയാണ് രാജഗിരി എൻജിനീയറിങ് കോളജിലെ എംടെക് വിദ്യാർഥികളായിരുന്ന മൂന്നുപേർ. ഇവർ രൂപം നൽകിയ റെസ്നോവ ടെക്നോളജീസ് സവിശേഷമായ സാങ്കേതിക മുന്നേറ്റങ്ങളിലൂെട രാജ്യാന്തരശ്രദ്ധവരെ നേടിയ സ്റ്റാർട് അപ് സംരംഭമാണ്. ‘വിപ്ലവകരമായ ആശയങ്ങൾ’  എന്ന അർഥം വരുന്ന ലാറ്റിൻപദങ്ങളുെട ചുരുക്കെഴുത്താണ് റെസ്നോവ.

വ്യത്യസ്ത മേഖലകളിലെ ആവശ്യങ്ങൾക്ക് സാങ്കേതികപരിഹാരം കണ്ടെത്തുന്ന ഈ സംരംഭത്തിനു തുടക്കം കുറിച്ചതു സുഹൃത്തുക്കളായ ജിജോ പോൾ, അജിത്ത് അശോക്, ഗീത് റോസ് ജോസ് എന്നിവർ ചേർന്നാണ്. രാജഗിരി എൻജിനീയറിങ് കോളജിൽ എം.ടെക് വിദ്യാർഥികളായിരുന്നപ്പോൾതന്നെ ഇവർ സ്റ്റാർട് അപ് കമ്പനിയായി റജിസ്റ്റർ ചെയ്തിരുന്നു. കാമ്പസിൽ തന്നെ പ്രത്യേക ഇടം നൽകി കോളജ് അധികൃതർ യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സ്റ്റുഡന്റ് സ്റ്റാർട് അപ് പ്രസ്ഥാനമെന്ന ആശയത്തിന്റെ തുടക്കമായിരുന്നു അത്. പഠനത്തിനു ശേഷം കാമ്പസിനു പുറത്തേക്കു മാറിയ റസ്നോവ നാലു വർഷത്തിനിടയിൽ 23 സാങ്കേതികവിദ്യാ ഉൽപന്നങ്ങൾക്ക് രൂപം നൽകിക്കഴിഞ്ഞു. അജോ ജോസഫ്, അരുൺ കുമാർ, അഭിജിത്, അബിൻ, ജോസ് വർഗീസ് എന്നിവരെക്കൂട്ടി ടീം വിപുലപ്പെടുത്തുകയും ചെയ്തു.

കേരളത്തിലെ ചെറുകിട ക്ഷീരകർഷകർക്കായി പ്രത്യേകം രൂപകൽപന ചെയ്തതാണ് ഡെയറി മാനേജ്മെന്റ് സിസ്റ്റം അഥവാ ഡിഎംഎസ്. സാധാരണ കറവയന്ത്രവുമായി ഘടിപ്പിക്കാവുന്ന സെൻസർ യൂണിറ്റ്, അതിൽനിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്യുന്ന സോഫ്റ്റ് വേർ ഇത്രയും ചേർന്നാൽ ഡിഎംഎസ് ആയി. സെൻസർ യൂണിറ്റിലൂെട കടന്നാണ് പാൽ കറവയന്ത്രത്തിലെ ബക്കറ്റിലെത്തുക. ഓരോ പശുവിന്റെയും കറവ നടക്കുമ്പോൾ തന്നെ പാലിന്റെ നിലവാരം, അളവ്, പശുവിന്റെ ആരോഗ്യം എന്നിവ സംബന്ധിച്ചു വ്യക്തമായ സൂചന നൽകാൻ ഇതുപകരിക്കും. വൻകിട ഡെയറി ഫാമുകളിൽ മാത്രം കാണാറുള്ള ഈ സംവിധാനം അതേ മി കവോടെ ചെറുകിട കറവയന്ത്രങ്ങളിൽ അവതരിപ്പിക്കുകയാണ് ഈ യുവസംരം ഭകർ.

പാലായ്ക്കു സമീപം മേരിലാൻഡിൽ ഡെയറി ഫാം നടത്തുന്ന സഹോദരനാണ് ഈ ആശയത്തിനു വഴിമരുന്നിട്ടതെന്നു കമ്പനി സിഇഒ കൂടിയായ ജിജോ പറയുന്നു. നാൽപതിലധികം പശുക്കളുള്ള അദ്ദേഹം അകിടുവീക്കം മുൻകൂട്ടി അറിയാനുള്ള  മാർഗം കണ്ടെത്താൻ ജിജോയെ നിർബന്ധിക്കുകയായിരുന്നു. പാലിന്റെ അമ്ലത ഉൾപ്പെടെയുള്ള രാസ–ഭൗതിക സൂചികകളിലെ വ്യതിയാനവും ഉൽപാദനത്തിലെ ഏറ്റക്കുറച്ചിലുകളുമൊക്കെ കൃത്യമായി നിരീക്ഷിച്ച് രോഗനിർണയം നടത്തുന്ന സാങ്കേതികവിദ്യയാണ് ഇവർ നടപ്പാക്കിയിരിക്കുന്നത്. ഓരോ പശുവിനെയും തിരിച്ചറിയാൻ ആർഎഫ്ഐഡി സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. രോഗനിർണയത്തിനു മാത്രമല്ല, ഉൽപാദനമനുസരിച്ച് തീറ്റയുെട അളവും നിലവാരവും ക്രമീകരിക്കുന്നതിനും ഇത് ഉപകരിക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള ക്ഷീരോൽപാദന യൂണിറ്റുകൾ കേരളത്തിൽ വർധിച്ചുവരികയാണ്. ഇത്തരം തൊഴുത്തുകളിൽ കറവയന്ത്രമുപയോഗിക്കുന്നതിനാൽ ഓരോ പശുവിന്റെയും ഉൽപാദനം കൃത്യമായി നിരീക്ഷിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഡിഎംഎസിന്റെ സഹായത്തോെട ഓരോ പശുവിന്റെയും ഉൽപാദനക്ഷമതയും ആരോഗ്യവും സംബന്ധിച്ചു കൃത്യമായ വിവരശേഖരമുണ്ടാക്കാനും അതുവഴി ശാസ്ത്രീയ പരിപാലനം ഉറപ്പാക്കാനും സാധിക്കും.

DSC_0381

പശുവിന് ആരോഗ്യപ്രശ്നമുണ്ടെന്നു തിരിച്ചറിഞ്ഞാൽ രോഗത്തിന്റെ തീവ്രത വ്യക്തമാക്കാനും ഡിഎംഎസിൽ സാധിക്കും.  ഉടമസ്ഥന്റെ മൊബൈലിലേക്ക് സന്ദേശം നൽകാനും ഇതിൽ സംവിധാനമുണ്ട്. ഓരോ പശുവിന്റെയും  പ്രതിരോധകുത്തിവയ്പ്, ബീജാധാനം  തുടങ്ങിയ വിവരങ്ങളും ചികിത്സാവിവരങ്ങളുമൊക്കെ രേഖപ്പെടുത്തിയ സമ്പൂർണ ഫാം മാനേജ്മെന്റ് ഉൽപന്നമായാവും ഡിഎംഎസ് വിപണിയിലെത്തുക.  ബക്കറ്റ് മാതൃകയിലുള്ള എല്ലാ കറവയന്ത്രങ്ങളിലും ഇത് ഘടിപ്പിക്കാനാവും. ക്ലൗഡ് കംപ്യൂട്ടിങ് പ്രയോജനപ്പെടുത്തിയാവും ഡിഎംഎസ് വിവരങ്ങൾ വിശകലനം ചെയ്യുക. സോഫ്റ്റ് വേറിൽ പുതിയ മാറ്റങ്ങൾ കൂട്ടിച്ചേർക്കുന്നതിനും ഇത് സഹായകമാണ്.ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും സ്വന്തം ഫാമിലെ ഉരുക്കളുെട ആരോഗ്യവും ഉൽപാദനവും നിരീക്ഷിക്കാൻ സഹായകമായ ഈ സംവിധാനം ഐഒടി ( ഇന്റർനെറ്റ് ഓഫ് തിങ്സ് ) സാങ്കേതികവിദ്യയുെട സാധ്യതകൾ കേരളത്തിലെ ചെറുകിട ക്ഷീരകർഷകർക്കും ലഭ്യമാക്കുന്നു. ജൂണിൽ പുതിയ സംവിധാനം വിപണിയിലെത്തിക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ. ഇരുപതു പശുക്കളെങ്കിലുമുള്ള ഡെയറി യൂണിറ്റുകൾക്ക് താങ്ങാൻ കഴിയുന്ന വിലയേ ഡിഎംഎസിനുണ്ടാവൂ. ലഭ്യമായ സേവനങ്ങളനുസരിച്ച് വ്യത്യസ്ത വിലകളിലുള്ള മാതൃകകളും പ്രതീക്ഷിക്കാം.

ഇതിനകം ഒട്ടേറെ അംഗീകാരങ്ങൾ ഈ സംരംഭകരെ തേടിയെത്തിക്കഴിഞ്ഞു. അങ്കമാലിയിൽ നടന്ന യേസ് പ്രോഗ്രാമിൽ ഏറ്റവും മികച്ച പത്ത് സ്റ്റാർട് അപ്പുകളിലൊന്നായി റസ്നോവ തെരഞ്ഞെടുക്കപ്പെട്ടു. കേരള സ്റ്റാർട് അപ് മിഷന്റെ അംഗീകാരം നേടിയ ഡിഎംഎസ് പദ്ധതിക്ക് ഭാരത് പെട്രോളിയം കമ്പനിയിൽ (ബിപിസിഎൽ) നിന്നു ഫണ്ട് വാഗ്ദാനം ലഭിച്ചിട്ടുണ്ട്.

ഫോൺ: 9400575220

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA