മിത്രമാണ് ജീവാണു

palakkad-cow
SHARE

വളർച്ചാനിരക്ക് കൂട്ടാനും ആരോഗ്യ സംരക്ഷണത്തിനുമായി ആന്റിബയോട്ടിക്കുകൾ തീറ്റയിൽ ചേർക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്...പകരം എന്തെന്ന ചോദ്യത്തിന് ഉത്തരമാണ് പ്രോബയോട്ടിക്കുകൾ

രോഗം വരുത്താനും ഭക്ഷണം കേടാക്കാനും മാത്രം അറിയാവുന്ന ശത്രുക്കളല്ല എല്ലാ സൂക്ഷ്‌മാണുക്കളും. ഇവരിൽ മിത്രങ്ങളും ഉപകാരികളും ഉണ്ട്. സസ്യ പരിപാലനത്തിൽ ഒട്ടേറെ മിത്ര ജീവാണുക്കൾ ഉപയോഗിക്കപ്പെടുന്നു. വളർത്തുമൃഗങ്ങൾക്കു തീറ്റയിൽ ചേർത്തോ നേരിട്ടോ നൽകാവുന്ന സൂക്ഷ്‌മ ജീവാണുക്കൾ പ്രോബയോട്ടിക്കുകൾ എന്നാണറിയപ്പെടുന്നത്. 

മൃഗങ്ങളുടെ ആമാശയത്തിലെ സ്വാഭാവിക സൂക്ഷ്‌മാണുക്കളുടെ സന്തുലനാവസ്ഥ നിലനിർത്തുകയാണ് ഇവരുടെ ധർമം. ഇതുവഴി വളർച്ചാനിരക്കിലും ഉൽപാദനത്തിലും വർധനയ്ക്കൊപ്പം ആരോഗ്യസ്ഥിതിയും മെച്ചപ്പെടുന്നു. 

ബാക്‌ടീരിയ, കുമിൾ വിഭാഗത്തിൽ പെടുന്നവയാണ് മിക്ക പ്രോബയോട്ടിക്കുകളും. ഇവയിൽ ലാക്‌ടോബാസില്ലസ് എന്ന ബാക്‌ടീരിയയും, സാക്കാറമൈസസ് സെർവീസിയ എന്ന യീസ്റ്റും ആണ് പ്രധാനപ്പെട്ടവ. 

വളർച്ചാനിരക്ക് കൂട്ടാനും ആരോഗ്യ സംരക്ഷണത്തിനുമായി ആന്റിബയോട്ടിക്കുകൾ കാലിത്തീറ്റയിൽ ചേർക്കുന്നതിനു പകരം പകരം പ്രോബയോട്ടിക്കുകൾ ചേർക്കാം. ആന്റിബയോട്ടിക് പോലെ മാംസത്തിലോ, മുട്ടയിലോ, പാലിലോ ദോഷഫലങ്ങളൊന്നും പ്രോബയോട്ടിക്കുകൾ ഉണ്ടാക്കുകയില്ല.

അയവിറക്കുന്ന പശു, ആട് തുടങ്ങിയ മൃഗങ്ങളിൽ ദഹനം പ്രധാനമായും നടക്കുന്നത് ആമാശയത്തിലെ  സൂക്ഷ്‌മജീവികളുടെ സഹായത്താലാണ്. ഇവയുടെ നിലനിൽപും എണ്ണവും ഉറപ്പാക്കുകയാണ് യീസ്റ്റ് പോലുള്ള ജീവാണുക്കൾ ചെയ്യുന്നത്. 

പുല്ല്, വൈക്കോൽ എന്നീ പരുഷാഹാരങ്ങൾക്കൊപ്പം യീസ്റ്റ് നൽകുമ്പോൾ സെല്ലുലോസിനെ ദഹിപ്പിക്കാൻ കഴിയുന്ന സൂക്ഷ്‌മജീവികളുടെ എണ്ണം കൂടും, അതുവഴി ദഹനനിരക്കു കൂടും, കൂടുതൽ തീറ്റ തിന്നുകയും ചെയ്യും. യീസ്റ്റ് ചേർക്കുന്നത് തീറ്റയുടെ മണവും, രുചിയും കൂട്ടുന്നു. പാൽ ഉൽപാദനത്തിലും വളർച്ചയിലും വർധനവുണ്ടാക്കുന്നു.  

ആടുകളിലെ വളർച്ചാ നിരക്കു കൂട്ടാനും യീസ്റ്റ് നൽകാം. കിടാക്കളിലെ / കിടാരികളിലെ വയറിളക്കം തടയാൻ ലാക്‌ടോബാസില്ലസ് അടങ്ങിയ ജീവാണു മിശ്രിതം സഹായിക്കും. 

പ്രോബയോട്ടിക്കുകൾ ഏറെ ഗുണകരമാകുന്നത് മൃഗങ്ങൾ സമ്മർദാവസ്ഥയിലാകുന്ന അവസരങ്ങളിലാണ്. അണുബാധ, ദഹനപ്രശ്‌നങ്ങൾ, ദീർഘയാത്ര, കാലാവസ്ഥാ മാറ്റങ്ങൾ, തള്ളയിൽ നിന്ന് കുഞ്ഞുങ്ങളെ വേർപിരിക്കുന്ന സമയം തുടങ്ങിയവ. 

രോഗങ്ങൾക്കെതിരെ ആന്റിബയോട്ടിക്കുകൾ കൂടുതൽ ദിവസം നൽകുമ്പോൾ പ്രയോജനകരമായ അണുക്കൾ കൂടി നശിക്കുന്നതിനാൽ   ചികിത്സാനന്തരം മൃഗങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാൻ പ്രോബയോട്ടിക്കുകൾ ഉപയോഗിക്കാം. 

തയാറാക്കിയത്:

ഡോ. സാബിൻ ജോർജ്

ഡിപ്പാർട്ട്‌മെന്റ് ഓഫ് 

എൽപിഎം, വെറ്ററിനറി 

കോളജ്, മണ്ണുത്തി. 

ഫോൺ: 9446203839

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA