sections
MORE

പശുക്കളിലെ താപാഘാതം അളക്കാം, കുറയ്ക്കാം

cows
SHARE

പശുക്കൾക്കു പറ്റിയ കാലാവസ്ഥ തണുപ്പാണ്. വിശേഷിച്ച് പാലുൽപാദനം കൂടിയ സങ്കരയിനം പശുക്കൾക്ക്. ചൂടിന്റെ ആഘാതം കൂടുമ്പോൾ അത് പശുക്കളുടെ ദേഹത്തെ ചൂടും കൂട്ടും. ചൂട് കുറയ്ക്കാനായി പശുക്കളുടെ ദേഹത്ത് വിയർ‌പ്പുഗ്രന്ഥികൾ കുറവാണ്. അതിനാൽ അവ അണപ്പിലൂടെയാണ് ചൂട് പുറത്തേക്കു തള്ളുന്നത്.ഒരു മിനിറ്റിൽ പശുവിന്റെ ശ്വാസം വിടുന്ന നിരക്ക് (അണപ്പു സൂചകം) അടിസ്ഥാനപ്പെടുത്തി പശുവിൽ ചൂടിന്റെ ആഘാതം മനസ്സിലാക്കാം. താപാഘാതം കൂടുന്നതനുസരിച്ച് ശ്വാസോച്ഛ്വാസ നിരക്കും കൂടുന്നു (പട്ടിക നോക്കുക). കറവപ്പശുക്കളിൽ താപാഘാതം കൂടുന്നതനുസരിച്ച് പാലുൽപാദനം കുറയുന്നു.

താപാഘാതം കുറയ്ക്കാൻ 

വെയിലത്ത് പശുക്കളെ കെട്ടരുത്. കുടിവെള്ളം ധാരാളം നൽകുക. ഓട്ടോമാറ്റിക് ഡ്രിങ്കിങ് സംവിധാനം സജ്ജമാക്കുക. സദാ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുക. ഒരു പശു 100 ലീറ്റർ വെള്ളം വേനൽക്കാലത്ത് ഒരു ദിവസം കുടിക്കും. തൊഴുത്തിന്റെ ഉയരം വർധിപ്പിച്ച് വായുസഞ്ചാരം കൂട്ടുക. 

മേൽക്കൂരയില്‍ െവെക്കോൽ, ഓലമടൽ എന്നിവ ഇടുക. തൊഴുത്തിനു ചുറ്റും തണൽമരങ്ങൾ നന്ന്. പാവൽ, പാഷൻഫ്രൂട്ട് എന്നിവ തൊഴുത്തിന്റെ മേൽക്കൂരയിലേക്കു കയറ്റിവിടുക. ചണച്ചാക്ക് തൊഴുത്തിൽ നനച്ചിടുക. ചൂട് കുറയ്ക്കാൻ തൊഴുത്തിൽ ഫാൻ ഘടിപ്പിക്കുക. മേയാൻ‌ വിടുന്നത് രാവിലെയും വൈകിട്ടും മാത്രം.

തീറ്റ രാവിലെയും രാത്രിയിലും ചൂടു കുറഞ്ഞ സമയത്താക്കുക‌.പോഷകസാന്ദ്രതയുള്ള തീറ്റ നൽകി നാരംശതീറ്റ കുറയ്ക്കുക.പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, സിങ്ക്, ജീവകം എ, ഇ എന്നിവ അടങ്ങിയ സപ്ലിമെന്റ്സ് തീറ്റയിലൂടെ നൽകുക. ഉമിനീരിലൂടെ നഷ്ടപ്പെടുന്ന ബൈകാർബണേറ്റ് തിരികെക്കിട്ടാൻ അപ്പക്കാരം തീറ്റയോടൊപ്പം കുറേശ്ശെ നൽകുക. ഒപ്പം കറിയുപ്പും നൽകാം.

ശ്വസനാവസ്ഥ  അണപ്പു സൂചകം
ഒരു മിനിറ്റിലെ ശ്വാസോച്ഛ്വാസ നിരക്ക്

അണപ്പ് ഇല്ല 0 40ൽ താഴെ

വായ് അടച്ചിരിക്കുന്നു. 

ചെറിയ അണപ്പ്  1 40 നും 70 നും മധ്യേ

അണപ്പ് തുടങ്ങി. 

വായ് തുറക്കാതിരിക്കുന്നു 2 70–120

വായ് തുറന്ന് അണയ്ക്കുന്നു. 

തല ഉയർത്തിപ്പിടിക്കുന്നു. ചെറിയ

തോതിൽ വായിൽനിന്നും നുര 3 120–160

വായ് തുറന്ന് നാക്ക് പുറത്തേക്ക് 

ഇട്ട് അണയ്ക്കുന്നു. 4 160 നു മുകളിൽ

വേനലിൽ‌ കുളിർ‌മയേകാൻ

അന്തരീക്ഷ താപനിലയും ഈർപ്പവും കേരളത്തിൽ അധികരിക്കുന്ന ഫെബ്രുവരി അവസാനം മുതൽ മേയ് വരെയുള്ള കാലയളവിൽ സങ്കരയിനം പശുക്കൾക്ക് പല പ്രശ്നങ്ങളുമുണ്ടാകാം.   ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേരള വെറ്ററിനറി സർവകലാശാല ആശ്വാസ് എന്ന പേരില്‍ കൂളിങ് സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. താപസമ്മർദം പശുക്കൾക്കു സഹിക്കാവുന്നതിനപ്പുറമാകുമ്പോൾ തൊഴുത്തിൽ ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നു. അപ്പോൾ പശുക്കളുടെ ദേഹത്ത് മഞ്ഞുകണികപോലെ തണുത്ത വെള്ളം വീഴുന്നു.  ചൂടിന്റെ തോത് അനുസരിച്ച് പകൽ നിശ്ചിത ഇടവേളകളിൽ‌ നിശ്ചിത സമയത്തേക്ക്  പ്രവർത്തിപ്പിക്കാം. 

തൊഴുത്തില്‍ വെള്ളം നനഞ്ഞുണ്ടാകുന്ന ഈർപ്പം ഫാൻ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ  ഒഴിവാകും. ഒരു ഗ്രാം ജലം ബാഷ്പീകരിക്കുന്നതിന് 540 കലോറി എന്ന തോതിൽ‌ ചൂട് ശരീരത്തിൽ‌നിന്ന് ഒഴിവാകുന്നതുവഴി പശുക്കളുടെ അണപ്പു കുറയുന്നു. അസ്വസ്ഥത അകലുന്നു. ശരീരതാപനില കുറയുന്നു.

തൊഴുത്തിൽ സ്ഥാപിച്ച ഡിജിറ്റൽ തെർ‌മോമീറ്റർ വഴി ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന  സംവിധാനം തുമ്പൂർമുഴി ഫാമിലും കർഷകരുടെ ഫാമിലും പ്രവർത്തിപ്പിച്ച് ഫലം കണ്ടതായി മണ്ണുത്തി ലൈവ്സ്റ്റോക് പ്രൊഡക്്ഷൻ വിഭാഗം ശാസ്ത്രജ്ഞൻ ഡോ. എ. പ്രസാദ് അറിയിച്ചു.

ഫോൺ: 9947303911

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA