അഞ്ചുമുക്കിലെ ആടുലോകം'; ആടുവളർത്തലിലെ ലാഭവഴികൾ

DSC_8593
SHARE

‘വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം’,  ആടിന് ബിജു നൽകുന്ന വിശേഷണം ഇതാണ്. ‘‘പെട്ടെന്ന് ഒരാവശ്യം വരുമ്പോൾ എടുത്തു വിൽക്കാൻ സാധാരണക്കാരായ കർഷകരുടെ  വീട്ടിലേതായാലും സ്വർണക്കട്ടികളൊന്നും കാണില്ലല്ലോ. പക്ഷേ, ആട്ടിൻകുട്ടികൾ കാണും’’, ബിജുവിന്റെ വാക്കുകൾ. 

ഇടുക്കി കട്ടപ്പനയ്ക്കടുത്ത് വലിയ തോവാള അഞ്ചുമുക്ക് കളപ്പുരയ്ക്കൽ വീട്ടിൽ ബിജു ആന്റണി അറിയപ്പെടുന്ന ആടു സംരംഭകനായിട്ട് അഞ്ചു വർഷമേ ആകുന്നുള്ളൂ. അതിനു മുമ്പും ശേഷവും തിരക്കുള്ള ഫൊട്ടോഗ്രഫറാണ് ബിജു. സ്വന്തമായി സ്റ്റുഡിയോയുമുണ്ട്. എങ്കിലും ബിജുവിന്റെ മനസ്സിന്റെ ഫ്രെയിമിൽ ഏറ്റവും മിഴിവോടെ നിൽക്കുന്ന ചിത്രം ആടുതന്നെ. കരിങ്കോഴി ഫാമും മൽസ്യക്കൃഷിയും തേനീച്ചവളർത്തലും ജൈവ പച്ചക്കറിക്കൃഷിയുമെല്ലാം ചേരുന്ന ബിജുവിന്റെ സമ്മിശ്രകൃഷിയിടത്തിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ളതും ആടുകൾക്കാണ്. 

‘‘ആടുവളര്‍ത്തല്‍ ലാഭകരമാണെന്നതിൽ സംശയമില്ല. എന്നാൽ നിത്യാഭ്യാസി ആനയെ എടുക്കും എന്നു പറയുന്നതുപോലെയാണ് കാര്യങ്ങൾ. പത്ത് ആടിനെ വാങ്ങി ഇരുണ്ടു വെളുക്കുമ്പോഴേക്കും ലാഭം വരില്ല. എടുത്തുചാട്ടവും വൻ മുതൽമുടക്കും നന്നല്ല. പരിശീലനവും  പ്രായോഗിക അനുഭവങ്ങളുമായി പടിപടിയായേ വളരാനാവുകയുള്ളൂ. അതിനു ക്ഷമ കാണിക്കണം’’, ബിജുവിന്റെ മുന്നറിയിപ്പ്. 

ഇടയവഴിയിൽ

രണ്ടു മൂന്നു മലബാറിയാടുകൾ എല്ലാക്കാലത്തും വീട്ടിലുണ്ടായിരുന്നെന്ന് ബിജു. അഞ്ചു കൊല്ലം മുമ്പ് ഇറച്ചിക്കും പാലിനുമായി വളർത്താവുന്ന, വിപണനമൂല്യമുള്ള  മുന്തിയ ഇനങ്ങളെക്കുറിച്ചു കേട്ടപ്പോൾ താൽപര്യം തോന്നി. ചെനയുള്ള രണ്ട് പെണ്ണാടുകളെ വാങ്ങിയാണ് തുടക്കം. ജംനാപ്യാരി–

മലബാറി സങ്കരവും ബീറ്റൽ–മലബാറിയും. ആടുവളർത്തലിനെക്കുറിച്ച് അത്യാവശ്യം വിവരങ്ങൾ ഉള്ളവർക്ക് ഈ രീതിയിൽ സംരംഭം തുടങ്ങാമെന്ന് ബിജു. സങ്കരയിനങ്ങൾക്ക് പ്രതിരോധശേഷി കൂടുതലാണ്.   വേഗം വളരുകയും ചെയ്യും.  കുറഞ്ഞ നാൾകൊണ്ട് കൂടുതൽ ഇറച്ചിത്തൂക്കം വയ്ക്കും. കുഞ്ഞാടുകൾക്കു കുടിക്കാൻ സമൃദ്ധമായി പാൽ ചുരത്തും. ചെനയുള്ളതിനെത്തന്നെ വാങ്ങണമെന്നില്ല. ആറേഴു മാസം പ്രായമായ പെണ്ണാടുകളെ വാങ്ങിയാൽ ഒമ്പതു മാസം എത്തുന്നതോടെ ഇണചേർക്കാം. ഒന്നര വർഷത്തിനിടയിൽ രണ്ടു പ്രസവം.  

ജംനാപ്യാരി–മലബാറി, ബീറ്റൽ–മലബാറി, ഹൈദരാബാദി–ജംനാപ്യാരി, ബോയർ– മലബാറി, ബോയർ–ജംനാപ്യാരി എന്നീ വർഗസങ്കരങ്ങളും ബീറ്റൽ, ജംനാപ്യാരി, ബോയർ, സാനൻ എന്നിവയും കനേഡിയൻ ഡ്വാർഫ്, പിഗ്മി എന്നീ ഫാൻസി ഇനങ്ങളും ഉൾപ്പെടെ ഏതാണ്ട് 40 ആടുകളെ എല്ലാക്കാലത്തും ബിജു പരിപാലിക്കുന്നു. ബ്രീഡിങ്ങിനായി മൂന്നു മുട്ടന്മാർ. കുഞ്ഞുങ്ങളുടെ ഉൽപാദനത്തിനു ശരാശരി 15 പെണ്ണാടുകൾ. നാൽപതിൽ കുറയാതെ കുഞ്ഞുങ്ങളുണ്ടാവും  വർഷംതോറും വിൽപനയ്ക്ക്. 

DSC_8417

ലാഭം ഏതിലൊക്കെ

മുഖ്യ വരുമാനം കുഞ്ഞുങ്ങളുടെ വിൽപനയിലൂടെ. മലയോര മേഖലകളിൽ ഇറച്ചിക്കായി ആടുകളെ വാങ്ങുന്നവരെക്കാൾ,  വളർത്താനായി മുന്തിയ ഇനം കുഞ്ഞുങ്ങളെ തേടിയെത്തുന്നവരാണ് കൂടുതൽ. അതുകൊണ്ടുതന്നെ ഗുണമേന്മയുള്ള സങ്കരയിനം കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നതിലാണ് മുഖ്യ ശ്രദ്ധയെന്ന് ബിജു. ജംനാപ്യാരി–മലബാറി, ബീറ്റൽ–മലബാറി, ഹൈദരാബാദി–ജംനാപ്യാരി, ബോയർ– മലബാറി, ബോയർ–ജംനാപ്യാരി എന്നീ ഇനം കുഞ്ഞുങ്ങൾ അഞ്ചു മാസമെത്തുമ്പോഴേക്കും ശരാശരി 25 കിലോ തൂക്കമെത്തും. കിലോയ്ക്കു 400 രൂപ കണക്കാക്കിയാല്‍ 10,000 രൂപ വില. രണ്ടു ഘട്ടങ്ങളിലായി കുഞ്ഞുങ്ങളെ വിൽക്കാം. ജനിച്ച് രണ്ടര മാസമെത്തുമ്പോൾ അതായത്, തള്ളയുടെ പാലു കുടിച്ച് കൊഴുത്തുരുണ്ടിരിക്കുന്ന സമയത്തു വിറ്റാൽ കുട്ടിക്ക് 5000–7000 രൂപ വില ലഭിക്കും. പിന്നെയുള്ള ഒന്നു രണ്ടു മാസം മറ്റു തീറ്റകളിലേക്കു മാറുന്ന കാലമാണ്. ആ സമയത്തൊന്നു ക്ഷീണിക്കും. അപ്പോൾ വിൽപന അരുത്. അഞ്ചു മാസമെത്തുന്നതോടെ വീണ്ടും നന്നാവും, തൂക്കം വർധിക്കും. ഈ സമയത്തു വിൽക്കാം. അടുത്തത്,  ബ്രീഡിങ്ങിലൂടെയുള്ള വരുമാനം. ഒരു വയസ്സു പിന്നിട്ട മുട്ടന്മാരെയാണ് ഇണചേർക്കാനായി പരിപാലിക്കുന്നത്. 500 രൂപയാണ് സർവീസ് ചാർജ്. മാസം കുറഞ്ഞത് 20,000 രൂപ അതുവഴി ഉറപ്പ്. ഇണചേർക്കുന്ന ദിവസങ്ങളിൽ മുട്ടന്മാർക്ക് സ്പെഷൽ മെനുവുണ്ട്; കറന്നെടുത്ത് ചൂടു മാറാത്ത ആട്ടിൻപാലിൽ പച്ചമുട്ട അടിച്ചു കലക്കിയത്. മറ്റ് ആടുകളുടെ കൂടെ സദാസമയവും നിർത്തിയാൽ മുട്ടന്മാരുടെ ശൗര്യം ചോരുമെന്നതിനാൽ അവയെ പ്രത്യേകം മാറ്റിക്കെട്ടും. ഒരേ നിൽപുനിൽക്കുമ്പോൾ കുളമ്പു മേൽപോട്ടു വളഞ്ഞു വളർന്നേക്കാം എന്നതിനാൽ ഇടയ്ക്ക് ഇറക്കി നടത്തും. 

രണ്ടര വയസ്സ് എത്തുന്നതോടെ മുട്ടന്മാരെ വിൽക്കും. അതായത്, ഈ മുട്ടന്മാരുടെ കുഞ്ഞുങ്ങളെ ഇണ ചേർക്കാൻ എത്തിക്കുമ്പോഴേക്കും മുട്ടനെ മാറ്റിയിരിക്കും. രക്തബന്ധമുള്ളവ തമ്മിൽ ഇണചേർന്നാൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് വളർച്ചക്കുറവ്, രോഗപ്രതിരോധശേഷിയില്ലായ്മ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളുണ്ടാവും. അതുകൊണ്ട് അന്തഃപ്രജനന(Inbreeding) സാധ്യത തീർത്തും ഒഴിവാക്കുന്നു. ഉച്ചയ്ക്കു മുമ്പ് ഇണചേർത്താൽ മുട്ടൻകുഞ്ഞുങ്ങളും ഉച്ചയ്ക്കു ശേഷമെങ്കിൽ പെണ്‍കുഞ്ഞുങ്ങളും ജനിക്കാൻ സാധ്യത കൂടുതലാണെന്ന രഹസ്യവും ബി‍ജു പങ്കുവയ്ക്കുന്നു. ഇതിനു ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല, തന്റെ നിരീക്ഷണം മാത്രമെന്നും ബിജു.

കർഷകരിൽനിന്നു കുഞ്ഞുങ്ങളെ വാങ്ങി മറിച്ചുവിൽപന നടത്തിയും ലാഭമുണ്ടാക്കാം.  ഇറച്ചിയാവശ്യത്തിന് ആടുകളെ തേടിയെത്തുന്നവർക്കും മറ്റു കർഷകരിൽനിന്നു വാങ്ങി നൽകും. നാലഞ്ചു പ്രസവം കഴിയുന്നതോടെ തള്ളയാടുകളെയും വിൽക്കും. പാലിന് ലീറ്ററിന് 100 രൂപ വിലയുണ്ടെങ്കിലും വിൽപന പതിവില്ല, കുഞ്ഞുങ്ങൾക്കു വിട്ടുകൊടുക്കും. ആട്ടിൻകാഷ്ഠത്തിന് പാട്ടയൊന്നിന് 45 രൂപ വിലയുണ്ട്. മാസം ചുരുങ്ങിയത് 50 പാട്ട വിൽപനയ്ക്കുണ്ടാവും. 

ഫാൻസി ആടുകൾക്ക് ഈയിടെ ഏറെ അന്വേഷണങ്ങളെത്തിയതോടെ  അതിലും ശ്രദ്ധവയ്ക്കുന്നു.  റിസോർട്ടുകളും ഫാമുകളും ആവശ്യക്കാരായുണ്ടെങ്കിലും ഇവയുടെ വിൽപന തുടങ്ങിയിട്ടില്ല. കനേഡിയൻ ഡ്വാർഫ്, പിഗ്മി ഇനങ്ങൾക്ക് മൂന്നു മാസം പ്രായമെത്തുന്നതോടെ 15,000 രൂപവരെ വില ലഭിക്കുമെന്ന് ബിജു.  

കൂടു മുതൽ തീറ്റ വരെഅത്യാധുനിക സൗകര്യങ്ങളും ഹൈടെക് കൂടുമൊന്നും ആടുകൾക്കാവശ്യമില്ലെന്ന പക്ഷക്കാരനാണ് ബിജു.  ഗുണമേന്മയുള്ള പട്ടികകൊണ്ട് തയാറാക്കിയ കൂട് മതി. സംരംഭത്തിന്റെ തുടക്കത്തിലുള്ള മുതൽമുടക്ക് ഇങ്ങനെ കുറയ്ക്കാം. വെള്ളിലാവിന്റെ തടികൊണ്ടു പണിത തന്റെ കൂട് ചുരുങ്ങിയതു പത്തു കൊല്ലം ഒരു കുഴപ്പവും കൂടാതെ നിലനിൽക്കുമെന്ന് ബിജുവിന് ഉറപ്പ്. ആട്ടിൻകാഷ്ഠം വാരി നീക്കാൻ കഴിയുന്ന ഉയരത്തിൽ കൂടു പണിയുക. കാഷ്ഠത്തിൽനിന്ന് രൂപപ്പെടുന്ന അമോണിയ ശ്വസിച്ച് ആടുകൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനും ഉയരം സഹായിക്കും. 

രാവിലെ പതിനൊന്നിന്  തവിടു കലക്കിയ വെള്ളം, ഉച്ചയ്ക്ക് ചോളപ്പൊടിയും പയറുപൊടിയും ഗോതമ്പുതവിടുമെല്ലാം ചേർന്ന സാന്ദ്രിത തീറ്റ, നാലിന് പരിസരങ്ങളിൽനിന്നു കണ്ടെത്തുന്ന  ഇലയും പുല്ലുമെല്ലാം ചേര്‍ന്ന പരുഷാഹാരം. കഞ്ഞിയും  ഗോതമ്പുമൊക്കെ ഒഴിവാക്കുന്നതാണ് ആടിന്റെ ആരോഗ്യത്തിന് നല്ലത്. മുതിർന്ന ഒരാടിന്റെ തീറ്റച്ചെലവ് ദിവസം 20 രൂപയിൽ നിർത്താൻ കഴിയണമെന്ന് ബിജു. പൂപ്പലും മറ്റും ഒഴിവാക്കാനായി സാന്ദ്രിത തീറ്റ നല്ല തോതില്‍ കച്ചവടമുള്ള ചെലവുള്ള കടയിൽനിന്നുതന്നെ വാങ്ങുക. ടെറ്റനസിന്റേത് ഉൾപ്പെടെ  പ്രതിരോധ കുത്തിവയ്പുകളെല്ലാം ആടുകൾക്ക് യഥാസമയം നൽകുകയെന്നതും പരമപ്രധാനമെന്ന് ബിജു ഒാർമിപ്പിക്കുന്നു.

ഫോൺ: 9447196735

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA