sections
MORE

പുലിക്കുന്നിലെ ഇടയൻ

KAYI1308
SHARE

മലബാറി ആടുകളുെട പ്രജനനത്തിലൂ‍ടെ ഉയർന്ന വരുമാനം നേടുന്ന യുവസംരംഭകൻ

ആടുകൾക്കു വേണ്ടി സ്വന്തം  സംഗീതം ബലികഴിച്ച ഇടയനാണ് മുണ്ടക്കയത്തിനു സമീപം പുലിക്കുന്ന് തുണ്ടിയിൽ സോജൻ ജോർജ്. കീബോർഡ് ആർട്ടിസ്റ്റായിരുന്ന ഈ യുവാവ് സംഗീതപരിപാടികൾക്ക് അവധികൊടുത്താണ് പുലിക്കുന്നിലെ കൂട്ടിലും കാട്ടിലുമായി വളരുന്ന ആടുകൾക്ക് കൂട്ടിരിക്കുന്നത്. കീബോർഡിൽനിന്നുള്ള ആനന്ദം നഷ്ടപ്പെടുത്തിയ കൂട്ടുകാരനു കുഞ്ഞാടുകൾ പകരം നൽകിയത് ആദായത്തിന്റെയും അംഗീകാരത്തിന്റെയും ആഹ്ലാദം. 

ആയിരം ചതുരശ്രയടി വിസ്തൃതിയിൽ നിർമിച്ച വിശാലമായ ആട്ടിൻകൂടാണ് സോജന്റെ ഗോട്ട്സ് വില്ലയുടെ സവിശേഷതകളിലൊന്ന്. നൂറോളം ആടുകളെ ഇതിനുള്ളിൽ പാർപ്പിക്കാം. ആറടി ഉയരത്തിലുള്ള കൂട്ടിൽ രാപാർക്കുന്ന ആടുകൾ സുരക്ഷിതരാണ്. ആട്ടിൻകാഷ്ഠത്തിൽ നിന്നും മൂത്രത്തിൽനിന്നുമുണ്ടാകുന്ന അമോണിയ ആടുകൾക്ക് ഉപദ്രവമാകാതിരിക്കാനും ഇതു സഹായിക്കുന്നു.

ഇരുമ്പുകാലുകൾക്ക് മീതേ തീർത്തിരിക്കുന്ന  ബലമേറിയതും വിശാലവുമായ കൂടിന്റെ തറ നിർമിച്ചിരിക്കുന്നത് സ്പെയിനിൽനിന്ന് ഇറക്കുമതി ചെയ്ത പ്ലാസ്റ്റിക് സമ്പുഷ്ട ഫൈബർ ടൈൽ ( സ്ലാറ്റ്) ഉപയോഗിച്ചാണ്. പ്ലാസ്റ്റിക്കും ഫൈബറും ചേർത്ത് നിർമിച്ച ഇത്തരം ടൈലുകൾ ദീർഘകാലത്തെ ഉപയോഗത്തിനുശേഷവും ദ്രവിച്ചുനശിക്കുകയോ ബലക്ഷയമുണ്ടാവുകയോ ചെയ്യില്ലെന്ന് സോജൻ ചൂണ്ടിക്കാട്ടി. ചെറിയ ആട്ടിൻകുട്ടികളുെടപോലും കാൽ ഇടയിൽ കുടുങ്ങില്ലെന്നതും ഇവയുടെ മെച്ചമാണ്.

കൂടിന്റെ ഭിത്തികൾ പ്ലാസ്റ്റിക് ആവരണത്തോടുകൂടിയ  കമ്പിവല ഉപയോഗിച്ചാണ് നിർമിച്ചത്. കൂടിനുള്ളിൽ യഥേഷ്ടം വായുസഞ്ചാരം ഉറപ്പാക്കാൻ ഇതു സഹായിക്കുന്നു.  വെള്ളവും തീറ്റയും പാഴാകാതെ നൽകുന്നതിന് ഓട്ടോമാറ്റിക് ഡ്രിങ്കിങ് ബൗൾ, ഫീഡർ  തുടങ്ങിയ ആധുനിക ക്രമീകരണങ്ങളും ഇതോടൊപ്പമുണ്ട്. പൊള്ളാച്ചിയിൽ നിന്നാണ് ഇവ വാങ്ങിയത്. മേൽക്കൂരയിൽ ഷീറ്റുകൾക്കു പകരം ഓട് ഉപയോഗിച്ചത് കൂടിനുള്ളിലെ ചൂട് 

കുറയാനാണ്. കൂടിന്റെ തറയ്ക്കും നിലത്തിനുമിടയിലുള്ള ഭാഗത്ത് ഫ്ലക്സ് ട്രേകൾ ഒരു വശം ചെരിച്ച് കെട്ടിവച്ചിരിക്കുകയാണ്.  ഇതിൽ പതിക്കുന്ന ആട്ടിൻമൂത്രം താഴെയുള്ള  പിവിസി പാത്തിയിലേക്ക് ഒഴുകിയെത്തത്തക്കവിധത്തിലാണ്  ക്രമീകരണം. പാത്തിയിലൂെട ഒരു ടാങ്കിലേക്ക് എത്തുന്ന മൂത്രം പുരയിടത്തിെല വിളകൾക്കും മറ്റും പ്രയോജനപ്പെടുത്തും. ആവശ്യക്കാർക്ക് വിൽക്കുന്നു. ട്രേയിലേക്ക് വീഴുന്ന ആട്ടിൻകാഷ്ഠം 2–3 ദിവസത്തെ ഇടവേളയിൽ ചാക്കുകളിൽ ശേഖരിക്കും. ചാക്കിന് 250 രൂപ നിരക്കിൽ ഇത് വാങ്ങാൻ ആവശ്യക്കാരേറെ. മാസംതോറും 30–40 ചാക്ക് ആട്ടിൻകാഷ്ഠം കിട്ടുന്നുണ്ടെന്നാണ് സോജന്റെ കണക്ക്. കാഷ്ഠവും മൂത്രവും ഉപയോഗപ്പെടുത്തി ബയോഗ്യാസ് ഉൽപാദനവുമുണ്ട്. കൂടിന്റെ അടിഭാഗം കാഷ്ഠവും മൂത്രവും ചേർന്ന് വൃത്തിഹീനമാക്കുന്ന അവസ്ഥ ഇവിെട തീരെയില്ലതന്നെ. 

മുട്ടനാടുകൾക്കും തള്ളയാടുകൾക്കും ആട്ടിൻകുട്ടികൾക്കും പ്രത്യേകം അറകളോടുകൂടിയ കൂടാണ് ഗോട്ട്സ് വില്ലയിലുള്ളത്. ചതുരശ്രയടിക്ക് 1200 രൂപ നിരക്കിൽ ആയിരം ചതുരശ്രയടിയുള്ള കൂട് നിർമിക്കാൻ മാത്രം12,00,000 രൂപ ചെലവ് വന്നു. എന്നാൽ ഇപ്പോൾ നിർമാണസാമഗ്രികളുെട വില താഴ്ന്നതിനാൽ ചതുരശ്രയടിക്ക് 800 രൂപ മതിയാകുമെന്നും സോജൻ കൂട്ടിച്ചേർത്തു. തൃശൂർ കൃഷിവിജ്ഞാനകേന്ദ്രത്തിലെ ഡോ. ഗിഗിന്റെ ഉപദേശപ്രകാരം നിർമിച്ച ഈ ആട്ടിൻകൂട്  പിന്നീട് ഒട്ടേറെ സംരംഭകർ മാതൃകയാക്കിയതായി സോജൻ പറഞ്ഞു.

രാവിലെ ഓരോ അറയിലെയും ആടുകളുെട പ്രായത്തിന് ആനുപാതികമായ അളവിൽ തീറ്റമിശ്രിതം നൽകും. കടലപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, മെയ്സ്, പയറുപൊടി,  ഗോതമ്പുതവിട്, കടലയുടെയും ഗ്രീൻപീസിന്റെയും തൊണ്ട് തുടങ്ങിയ  ചേരുവകൾ നിശ്ചിത അനുപാതത്തിൽ കൂട്ടിക്കലർത്തിയാണ് തീറ്റമിശ്രിതമുണ്ടാക്കുന്നത്. ഭാരമനുസരിച്ച് ഓരോ ആടിനും 50 ഗ്രാം മുതൽ 400 ഗ്രാം വരെ മിശ്രിതം ലഭിക്കും.  പരമാവധി റേഷനായ 400 ഗ്രാം തീറ്റയ്ക്ക് പത്തു രൂപ ചെലവ് വരുന്നുണ്ട്. സാന്ദ്രിതതീറ്റയ്ക്കു പുറമെ പച്ചിലകളും പച്ചപ്പുല്ലുമാണ് നൽകുക. സമീപത്തായി നാല് ഏക്കർ പാട്ടത്തിനെടുത്ത് സോജൻ തീറ്റപ്പുൽ ന‍ട്ടുവളർത്തുന്നുണ്ട്. ഇതിനു പുറമെയാണ് സമീപത്തെ തേക്ക് പ്ലാേന്റഷനിലൂെടയുള്ള സായാഹ്നസവാരി. വനപ്രദേശമാണെങ്കിലും മേയാൻ വിടുന്ന ആടുകൾക്ക് കാര്യമായ ഭീഷണിയില്ലെന്നാണ് സോജന്റെ അനുഭവം. എങ്കിലും നൂറിലധികം ആടുകളിൽ നാലെണ്ണത്തെ നാലു വർഷത്തിനിടെ നഷ്ടപ്പെട്ടു.

റബർകൃഷി ഉദ്ദേശിച്ച വരുമാനം നൽകാതായപ്പോൾ നാലു വർഷം മുമ്പ് അന്വേഷിച്ചു കണ്ടെത്തിയ ബദൽ മാർഗമാണ് ആടുവളർത്തൽ, സോജന്. ആടും കോഴിയും പശുവുമൊക്കെയുണ്ടായിരുന്ന വീട്ടിലാണ്  ജനിച്ചുവളർന്നതെങ്കിലും കേരളത്തിനകത്തും പുറത്തുമുള്ള  ഒട്ടേറെ ഫാമുകൾ സന്ദർശിച്ച്  വിശദമായ ഗുണദോഷവിശകലനം നടത്തിയ ശേഷമായിരുന്നു ആടുകളിൽ പണം നിക്ഷേപിച്ചത്. മൂലധനത്തിനായി ബാങ്ക് വായ്പയെടുത്തു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽനിന്നായാണ് ആടുകളുെട മാതൃ– പിതൃശേഖരം രൂപപ്പെടുത്തിയത്. മലബാറി ഇനത്തിൽ പെട്ട നൂറോളം ആടുകളെ വാങ്ങി. മുഖത്തിന്റെ ആകൃതി, ചെവിയുെട നീളം, കഴുത്തിലെ കിങ്ങിണി എന്നിങ്ങനെ മലബാറിയെ തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങളായിരുന്നു മാനദണ്ഡം. ആകെ 85 പെണ്ണാടുകളും നാല് മുട്ടനാടുകളുമാണ് ഇപ്പോൾ ഈ ശേഖരത്തിലുള്ളത്. കൂടാതെ അമ്പതിലധികം ആട്ടിൻകുഞ്ഞുങ്ങളും ഗോട്ട്സ് വില്ലയിൽ സ്ഥിരമായുണ്ടാവും. 

നിലവാരമുള്ള ആട്ടിൻകുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചു വിൽക്കുന്ന പ്രജനനകേന്ദ്രമായാണ് ഗോട്ട്സ് വില്ലയെ  സോജൻ വിഭാവനം ചെയ്യുന്നത്. ആറു മാസം പ്രായമായ കുഞ്ഞുങ്ങളെയാണ് വിൽക്കുന്നത്. പ്രസവത്തിനു ശേഷം മൂന്നു മാസം കഴിയുന്നതോടെ തള്ളയാടുകൾ വീണ്ടും പ്രജനനത്തിനു തയാറാവും. അടുത്ത മദിയിൽ തന്നെ അവയെ ഇണ ചേർക്കുകയും ചെയ്യും. ഇതുമൂലം ഗോട്ട്സ് വില്ലയിലെ എല്ലാ പെണ്ണാടുകളും ചെനയുള്ളവയോ മുലയൂട്ടുന്നവയോ ആണെന്ന് സോജൻ ചൂണ്ടിക്കാട്ടി. ഒരു വർഷം രണ്ടു പ്രസവത്തിലായി നാല് കുഞ്ഞുങ്ങളെയെങ്കിലും നൽകുന്ന മലബാറി ഇനത്തിന്റെ മികവാണ് സോജനു നേട്ടമായി മാറുന്നത്. ആരംഭത്തിലുണ്ടായിരുന്ന മാതൃ– പിതൃശേഖരത്തിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. എന്നാൽ നിലവാരം പോരെന്നു തോന്നിയ ഏതാനും ആടുകളെ ഒഴിവാക്കി പകരക്കാരെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറു മാസമായ ആട്ടിൻകുട്ടികൾക്ക് കുറഞ്ഞത് 15 കിലോ തൂക്കമുണ്ടാവും. ഗോട്ട്സ് വില്ലയിൽ ഇത് 18 കിലോ വരെയാകാറുണ്ട്. ഈ പ്രായത്തിലുള്ള ആട്ടിൻകുട്ടികളെ കിലോയ്ക്ക് 375 രൂപ നിരക്കിൽ വിൽക്കുകയാണ് പതിവ്. വർഷംതോറും ഇരുനൂറോളം ആട്ടിൻകുഞ്ഞുങ്ങളാണ് ഗോട്ട്സ് വില്ലയിൽ ഉൽപാദിപ്പിക്കപ്പെടുന്നത്.

കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചു വിൽക്കുകയാണ് ആടുവളർത്തലിലെ ഏറ്റവും മികച്ച ആദായമാർഗമെന്നു സോജൻ പറഞ്ഞു; മലബാറി ആടുകളുെട കാര്യത്തിൽ വിശേഷിച്ചും.  പാൽ, മാംസം എന്നിവയുെട വിൽപനയിലൂെട തുല്യമായ വരുമാനം കിട്ടുമെന്ന ആത്മവിശ്വാസം ഇദ്ദേഹത്തിനില്ല. ആട്ടിറച്ചിക്കു വില കൂടുതലാണെങ്കിലും  വില കൊടുത്തു വാങ്ങുന്ന തീറ്റ നൽകി വളർത്തിയാൽ ഉൽപാദനച്ചെലവ് കുത്തനെ കൂടും. ആടിൽനിന്നു കിട്ടുന്ന മാംസത്തിന്റെ അനുപാതം കുറവാണെന്നതും അറ്റാദായം കുറയാൻ കാരണമാകുന്നു. അതേസമയം ആട്ടിൻകുഞ്ഞുങ്ങൾക്ക് കേരളത്തിൽ വലിയ ഡിമാൻഡാണുള്ളത്. 

വരുമാനം ആഗ്രഹിക്കുന്ന വീട്ടമ്മമാർ ആടുവളർത്തലിലേക്കു കടന്നു വരുന്നുണ്ട്. ഇവർക്കായി സർക്കാരും പഞ്ചായത്തുകളും നടപ്പാക്കുന്ന പദ്ധതികൾ പ്രകാരം ലക്ഷക്കണക്കിന് ആടുകളെ വിതരണം ചെയ്യേണ്ടതുണ്ട്.  പ്രജനനരംഗത്തെ സംരംഭകർക്കു വലിയ അവസരങ്ങളാണ് ഇത്തരം പദ്ധതികൾ സൃഷ്ടിക്കുന്നത്. മൃഗസംരക്ഷണവകുപ്പും ക്ഷീരവികസനവകുപ്പും  വലിയ പ്രോത്സാഹനം നൽകുന്നുണ്ടെന്ന് സോജൻ പറഞ്ഞു. മുണ്ടക്കയത്തെ വെറ്ററിനറി സർജൻ ഡോ.െനൽസൺ എം. മാത്യു പതിവായി ഫാം സന്ദർശിച്ച് വേണ്ട നിർദേശങ്ങൾ നൽകിവരുന്നു. കൂട്ടിലെ ഓരോ ആടിനെയും ടാഗിന്റെ സഹായമില്ലാതെ തിരിച്ചറിയാനും പേരു ചൊല്ലി വിളിക്കാനും സോജനു കഴിയും. മക്കളായ എയിൻ, എമി, എൽന, എൽമ എന്നിവരെ പരിചരിക്കുന്നതിനിടയിലും ഭാര്യ സിസിയും അമ്മ റോസമ്മയും നൽകുന്ന പിന്തുണയാണ് സോജന്റെ കരുത്ത്.

ഫോൺ: 9447257569

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA