sections
MORE

നന്മകൾ പകർന്ന് നല്ല ഇടയൻ

DSCN5300
SHARE

വിശ്വാസസമൂഹത്തിന്റെ മാത്രമല്ല, തന്റെ ഫാമിലെ ആട്ടിൻപറ്റത്തിന്റെയും ഇടയനാണ് കൽദായ സുറിയാനി സഭയിലെ ബിഷപ്പ് ഡോ. മാർ യോഹന്നാൻ യോസഫ്

കുഞ്ഞാടുകളെ കയ്യിലെടുത്ത് വാൽസല്യത്തോടെ തഴുകിയും പശു,പക്ഷിജാലങ്ങളോടെല്ലാം കുശലം പറഞ്ഞും ഫാമിനുള്ളിലൂടെ ചുറ്റിനടക്കുന്ന ബിഷപ്പ് ഡോ. മാർ യോഹന്നാൻ യോസഫ് സന്ദർശകർക്കു പകരുന്നത് ആത്മീയജീവിതത്തിന്റെ മാത്രമല്ല, കാർഷിക ജീവിതത്തിന്റെയും സൗരഭ്യം. തൃശൂർ മുളങ്കുന്നത്തുകാവിനടുത്ത് തിരൂരിലുള്ള കൽദായ സുറിയാനി സഭയുടെ മൈനർ സെമിനാരിക്കു ചുറ്റും വിശാലമായ കശുമാവു കാടിന്റെ വിജനതയായിരുന്നു മുമ്പ്. ഇന്നാകട്ടെ, ഗ്രാമീണ കാർഷിക ജീവിതത്തിന്റെ ലാളിത്യവും സൗന്ദര്യവും നിറയുന്ന കാഴ്ചകൾ. വാഴയും പച്ചക്കറികളും പക്ഷിമൃഗാദികളുമെല്ലാം ചേർന്ന സമ്മിശ്ര കൃഷിയിടം. എല്ലാറ്റിനും മുന്നിട്ടിറങ്ങുന്നത് അധ്വാനിക്കാൻ അശേഷം മടിയില്ലാത്ത ഈ നല്ല ഇടയൻ. മൂന്നു വർഷം മുമ്പു തുടങ്ങിയ ആടു ഫാം ഗുണമേന്മയുള്ള ആട്ടിൻകുഞ്ഞുങ്ങളുടെ ഉൽപാദനവും വിൽപനയും ലക്ഷ്യമിട്ടുള്ളതാണ്. കേരള വെറ്ററിനറി സർവകലാശാലയുടെ പിന്തുണയോടെ ശാസ്ത്രീയമായിത്തന്നെയാണ് പരിപാലനം. വെറ്ററിനറി ഡോക്ടർ പരിശോധിച്ച് ആരോഗ്യമുള്ളവയെന്ന് ഉറപ്പു വരുത്തിയ അറുപത് ആടുകളെ വാങ്ങിയാണ് ഫാം തുടങ്ങിയത്.   മുഴുവൻ ആടുകളും മലബാറി ഇനം. നിലവിൽ നൂറ്റിമുപ്പതിലേറെ ആടുകളുള്ള  ഫാമിൽനിന്ന് കഴിഞ്ഞ വർഷം മാത്രം വിറ്റത് 200 കുഞ്ഞുങ്ങളെ. ബ്രീഡിങ്ങിനു മുട്ടന്മാരെ നൽകുന്നതും വെറ്ററിനറി സർവകലാശാലയാണ്. അന്തഃപ്രജനനം ഒഴിവാക്കാനായി എല്ലാ വർഷവും മുട്ടന്മാരെ മാറ്റി നൽകും.

പ്രസവത്തിനായി എല്ലാക്കാലത്തും ശരാശരി എൺപതു തള്ളയാടുകളെ നിലനിർത്തുന്നു. രണ്ടുമൂന്നു കുഞ്ഞുങ്ങൾ എല്ലാ പ്രസവത്തിലുമുണ്ടാവും. പിറന്നു വീഴുന്ന കുഞ്ഞുങ്ങൾക്കെല്ലാം അവയെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയ ടാഗ് ചെവിയിൽ ഘടിപ്പിക്കും. ഒപ്പം ഫാമുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം സൂക്ഷിക്കുന്ന റജിസ്റ്ററുമുണ്ട്. വാക്സിനുകൾ യഥാസമയം നൽകും. അഞ്ചടി ഉയരത്തിൽ രണ്ടായിരം ചതുരശ്രയടി വിസ്തൃതിയിൽ, 200 ആടുകൾക്ക് പാർക്കാവുന്ന പട്ടികക്കൂടാണ് ആടുകൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.

പ്രജനന സാധ്യത ഒഴിവാക്കാനായി മുട്ടൻകുഞ്ഞുങ്ങളെ അഞ്ചു മാസമെത്തുന്നതോടെ മറ്റൊരു കള്ളിയിലാക്കും. ആറു മാസം പ്രായം എത്തുന്നതോടെ കുഞ്ഞുങ്ങൾ വിൽപനയ്ക്കു തയാറാവും. അപ്പോഴേക്കും പെണ്ണാട്ടിൻകുഞ്ഞുങ്ങൾക്ക്  12– 13 കിലോയും മുട്ടന്മാർക്ക് 16–18 കിലോയും തൂക്കമെത്തിയിരിക്കും. കിലോ 350 രൂപ വിലയിട്ടാണ് വിൽപന.  

DSCN5316

അഭയം, അതിജീവനം

സാമ്പത്തികമായി ക്ലേശമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആറ് അടുകൾ ഉൾപ്പെടുന്ന ഒരു യൂണിറ്റ് നൽകി ഉപജീവനമാർഗം ഒരുക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തിലേക്കു നീങ്ങുകയാണ് ഇപ്പോൾ മാർ യോഹന്നാൻ യോസഫ്. ‘‘ഉപജീവനത്തിനാവശ്യമായ പണം ആടുവളർത്തലിലൂടെ നേടാൻ ആളുകൾക്കു കഴിയണം. അതിനു നല്ല മാതൃക സൃഷ്ടിക്കുക എന്ന ലക്ഷ്യം ഈ ഫാമിനുണ്ട്. അതുകൊണ്ടുതന്നെ ശാസ്ത്രീയമായും ലാഭകരമായും നടത്താനാണ് ശ്രമം. മറ്റൊന്ന്, അവനവന്റെ സാഹചര്യങ്ങളിൽ തൃപ്തിയോടെയും സന്തുഷ്ടിയോടെയും ജീവിക്കാനുള്ള മനസ്സ് കാർഷിക ജീവിതത്തിലൂടെ കൈവരും എന്നുള്ളതാണ്’’, അദ്ദേഹം തുടരുന്നു. 

‘തിരുമേനിക്ക് ഇതിന്റെ വല്ല കാര്യവുമുണ്ടോ എന്നുചോദിക്കുന്നവർ കുറവല്ലെന്നും ചിരിയോടെ മാർ യോഹന്നാൻ യോസഫ്. ‘‘നന്മയും സഹജീവിസ്നേഹവും പഠിപ്പിക്കുന്ന വിദ്യാലയങ്ങളാണ് ഒാരോ കൃഷിയിടവും. അങ്ങനെ നോക്കുമ്പോൾ കൃഷിയും ഒരാത്മീയ പ്രവർത്തനമാണ്, അതും ലോകത്തിന് നൽകുന്നുണ്ട് ചില ആത്മീയ സന്ദേശങ്ങൾ’’, അദ്ദേഹം പറയുന്നു.

ഫോൺ: 0487 2201426 (ഒാഫിസ്),  

9446995867 (ബിഷപ്പ് ഡോ. മാർ 

യോഹന്നാൻ യോസഫ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA