sections
MORE

ജേക്കബിന്റെ ജോർദാൻ വാലി

DSCN4797
SHARE

മൂന്നു തലമുറ മുമ്പു നടന്ന പ്രവാസത്തിന്റെ കുടുംബചരിത്രം തെളിമയോടെതന്നെ ജേക്കബ് കുര്യന്റെ മനസ്സിലുണ്ട്. ഏതാണ്ട് എൺപതു വർഷം മുമ്പ് പത്തനംതിട്ട കോഴഞ്ചേരിയിൽനിന്ന് കന്യാകുമാരിയിലെ അരുമനയിലേക്ക് കാരണവന്മാർ നടത്തിയ കാർഷിക കുടിയേറ്റം. അരുമനയിൽ അന്നവർ കൃഷിയിറക്കിയത് ആർക്കുമത്ര പരിചിതമല്ലാത്ത വിളയായിരുന്നു; റബർ. അന്നത് പരീക്ഷണക്കൃഷിയായിരുന്നെന്ന് ജേക്കബ്. പിൽക്കാലത്ത് കന്യാകുമാരി ജില്ലയിലും പരിസരപ്രദേശങ്ങളിലുമെല്ലാം റബർകൃഷി പ്രചുരപ്രചാരം നേടിയെന്നത് ചരിത്രം.

DSCN4879

പിൻതലമുറകളും തുടർന്നു, ദേശാന്തര ജീവിതങ്ങൾ. ഉന്നത വിദ്യാഭ്യാസം നേടി ഉയർന്ന ഉദ്യോഗവുമായി ജേക്കബ് എത്തിയത് ദുബായിൽ. നാൽപതു വർഷമെത്തുന്നു കുടിയേറ്റ ജീവിതം. ജോലിയും ജീവിതവുമെല്ലാം കൃഷിയനുഭവങ്ങളിൽനിന്നു ബഹുദൂരം അകലെയെത്തിയിട്ടും പാരമ്പര്യത്തിൽ കലർന്ന കൃഷിയോർമകൾ പടിയിറങ്ങിപ്പോയില്ലെന്ന് ജേക്കബ്. കൃഷിയിലേക്കു  മടക്കം അങ്ങനെ.കുടുംബത്തോടൊപ്പം വിദേശത്തു തുടർന്നുകൊണ്ടുതന്നെ ഏഴു വർഷം മുമ്പ് നാട്ടിൽ സ്ഥലം വാങ്ങി കൃഷി തുടങ്ങി. ആണ്ടിൽ ആറു മാസം നാട്ടിലെ കൃഷിയിടത്തിൽ, ബാക്കി ദിവസങ്ങൾ കുടുംബത്തോടൊപ്പം ദുബായിൽ.

ഇങ്ങനെയും ഇടവിളകൾതിരുവനന്തപുരം കാട്ടാക്കടയ്ക്കടുത്ത് കൊല്ലോടാണ് ജേക്കബിന്റെ ജോർദാൻ വാലി അഗ്രോ ഫാം. മൂന്നു പ്ലോട്ടുകളിലായി പതിനെട്ടേക്കർ കൃഷിയിടം. പതിവുകൃഷികളിൽനിന്നും പാരമ്പര്യകർഷകരിൽനിന്നും വ്യത്യസ്തനാണ് ജേക്കബ്. Trial and error കൃഷിരീതിയാണ് തന്റേതെന്നു   ജേക്കബ്. തെറ്റിയും തിരുത്തിയും മുന്നേറുന്ന കൃഷികൾ. കൊക്കോയും കുരുമുളകും ജാതിയും ചേരുന്ന റബർത്തോട്ടത്തിലെ ഇടവിളക്കൃഷിയിൽ തുടങ്ങി അപൂർവ ജൈവവളക്കൂട്ടുകൾവരെ നീളുന്ന പരീക്ഷണങ്ങൾ. 

DSCN4915

പത്തേക്കറിനടുത്തു വരും ജേക്കബിന്റെ റബർത്തോട്ടം. ഒന്നോ രണ്ടോ വർഷംകൂടി കഴിഞ്ഞാൽ കടുംവെട്ടിലേക്കു കടക്കാവുന്ന മരങ്ങൾ. അവയ്ക്കിടയിലാണ് തുള്ളിനന സൗകര്യത്തോടെ മൂന്നു വർഷമെത്തിയ കൊക്കോയും ഒരു വർഷം പ്രായമുള്ള കുരുമുളകും ജാതിയും വളരുന്നത്. മൂന്നിന്റെയും വളർച്ച തൃപ്തികരം. കൊക്കോ പലതും കായ്ച്ചു തുടങ്ങിയിരിക്കുന്നു. പാലുൽപാദനം തീരുന്നതോടെ തലയ്ക്കം മുറിച്ച് കുരുമുളകിന്റെ താങ്ങുമരമായി റബറിനെ മാറ്റുമെന്ന് ജേക്കബ്. ചോല നീങ്ങുന്നതോടെ കൊക്കോയുടെ പ്രകടനം മെച്ചപ്പെടും. ഉൽപാദനം വറ്റിയ റബർമരങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ആലോചനയുമുണ്ട് ജേക്കബിന്റെ മനസ്സിൽ. ഏതാനും വർഷങ്ങൾ ടാപ്പിങ്ങില്ലാതെ നിലനിർത്തിയാൽ വയസ്സൻ മരങ്ങൾക്കു യൗവനം വന്നുദിക്കുമോ എന്ന പരീക്ഷണം. റബറിനിടയിലെ കുരുമുളകുകൃഷിയിലുമുണ്ട് കൗതുകം. വലിയ വളച്ചാക്കിനുള്ളിൽ നടീൽമിശ്രിതം നിറച്ച് ചാക്കോളം ആഴത്തിൽ കുഴിയെടുത്ത് അതിലിറക്കിയശേഷമാണ് റബറിനോട് ചേർന്നു തൈകൾ നട്ടിരിക്കുന്നത്. കുരുമുളകിനുള്ള വളം റബർ വലിച്ചെടുക്കാതിരിക്കാനുള്ള മുൻകരുതൽ. ഒന്നു പോയാൽ മറ്റൊന്ന് എന്നു കണക്കുകൂട്ടി ഒരു ചാക്കിനുള്ളിൽ രണ്ടു തൈകൾ വച്ച് എഴുനൂറോളം ചുവടുകൾ. ജാതിയുടെയും കുരുമുളകിന്റെയും കാര്യത്തിൽ കേരളത്തിലെ കേൾവികേട്ട ഇനങ്ങളെല്ലാം കൃഷിയിറക്കിയിരിക്കുന്നു. ഏതിനമാണ് മികച്ചതെന്ന് നാളെയൊരു കർഷകന് പറഞ്ഞുകൊടുക്കാനത് ഉപകരിക്കുമല്ലോ എന്നു ജേക്കബ്. നാടൻപാലും നാട്ടുവിഭവങ്ങളുംസമ്പൂർണ ജൈവകൃഷിയിടമാണ് ജേക്കബിന്റേത്.

IMG_3470

മൂന്നേകാലേക്കർ വരുന്ന ഫലവൃക്ഷത്തോട്ടമാണ് ജേക്കബിന്റെ അധ്വാനത്തിന് അസ്സൽ സാക്ഷ്യപത്രം. ഏഴു വർഷം മുമ്പ് വാങ്ങുമ്പോൾ വെറും തരിശുകുന്നായിരുന്ന സ്ഥലമിന്ന് മാവും പ്ലാവും തെങ്ങും റമ്പുട്ടാനും ദുരിയാനും മുതൽ ലക്ഷ്മിതരുവും കുറ്റിക്കുരുമുളകും അഞ്ഞൂറിലേറെ കറിവേപ്പുകളുമെല്ലാം വളരുന്ന സമ്മിശ്ര കൃഷിയിടം. ഒരു മാവിൽതന്നെ നാലും അഞ്ചും ഇനങ്ങൾ ഒട്ടിച്ചെടുത്തിരിക്കുന്ന നൂറിനടുത്ത് മാവുകളും തോട്ടത്തിൽ കാണാം. കടുത്ത വേനലിലും ഈ കൃഷിയിടം പച്ച പുതച്ചു നിൽക്കുന്നതിന്റെ പിന്നിൽ ഒാരോ മരത്തിന്റെയും ചുവട്ടിൽ നൽകുന്ന ചകിരികൊണ്ടുള്ള പുതയിടലും തുള്ളിനനയും ഒപ്പം ജൈവവളപ്രയോഗവുമെന്നു ജേക്കബ്. പത്തു സെന്റ് വരും മഴവെള്ള സംഭരണത്തിനായുള്ള കുളത്തിന്റെ വിസ്തൃതി. ജലത്തിൽ ഒാക്സിജന്റെ അളവു വർധിപ്പിക്കാനുള്ള എയറേറ്റർ സംവിധാനമൊരുക്കിക്കൊണ്ട് കുളത്തിൽ അതിസാന്ദ്രതാ രീതിയിലുള്ള മൽസ്യക്കൃഷിക്കും തുടക്കമിട്ടു കഴിഞ്ഞു. ഫാം ടൂറിസം ലക്ഷ്യമിട്ട് മികച്ച സൗകര്യങ്ങളോടെയുള്ള ഫാം ഹൗസുമുണ്ട് ഈ പച്ചത്തഴപ്പിനുള്ളിൽ.

വാഴയും പപ്പായയും ഡ്രാഗൺ ഫ്രൂട്ടുമെല്ലാം വളരുന്ന രണ്ടേക്കർ വരുന്ന മറ്റൊരു കൃഷിയിടവും വിപുലമായ അക്വാപോണിക്സ് സംവിധാനവും അടുത്തു തന്നെയുണ്ട്. മൽസ്യക്കൃഷിയും മൽസ്യവിസർജ്യം കലർന്ന വെള്ളം മാത്രം ഉപയോഗിച്ചുള്ള പച്ചക്കറിക്കൃഷിയും ചേരുന്ന അക്വാപോണിക്സ് ഉൾപ്പെടെ ജേക്കബിന്റെ കൃഷി മുഴുവനും ജൈവമാർഗങ്ങൾ അവലംബിച്ചുള്ളതാണ്. മണ്ണിരക്കമ്പോസ്റ്റിൽനിന്ന് ഊറി വരുന്ന വെർമിവാഷ് വളം ടാപ്പ് വഴി സൗകര്യപ്രദമായി ശേഖരിക്കാനുള്ള സംവിധാനവും അനുകരണീയ മാതൃകതന്നെ.

img–3479

നാടൻപശുവും കോഴിയും കാടയും ടർക്കിയുമടങ്ങുന്നതാണ് ജേക്കബിന്റെ മൃഗ–പക്ഷി സമ്പത്ത്. വെച്ചൂർ, കപില, കൃഷ്ണ, കാസർകോടു കുള്ളൻ, ഗിർ, ഓങ്കോൾ, സഹിവാൾ, റാട്ടി എന്നീ ഇനങ്ങളിലായി 27 നാടൻപശുക്കളാണ് ഇവിടെയുള്ളത്. പാലുൽപാദനമാണ് മുഖ്യ ലക്ഷ്യം. പോഷകസമ്പന്നമായ നാടൻപാലിന് അഥവാ A2മിൽക്കിന് മികച്ച ഡിമാൻഡുണ്ടെന്ന് ജേക്കബ്. വില ലീറ്ററിന് 150 രൂപയെത്തും. ചാണകവും മൂത്രവും ഉപയോഗിച്ചുള്ള ജൈവവളനിർമാണത്തിനു പുറമെ തമിഴ്നാട്ടിൽനിന്ന് ജൈവകാർഷിക വിദഗ്ധനെ എത്തിച്ച് അപൂർവമായ ജൈവവളങ്ങൾ നിർമിച്ചു വിൽക്കുന്ന യൂണിറ്റും ഫാമിലുണ്ട്.

കൃഷി ചെയ്യുക എന്നതിനൊപ്പം കൃഷിക്കാരെ വളർത്തുക, എല്ലാവർക്കും മെച്ചപ്പെട്ട വിലയും വിപണിയും സൃഷ്ടിക്കുക എന്നതും സംരംഭത്തിന്റെ ഭാഗമാക്കുന്നു ഈ പ്രവാസി. കൊല്ലോട് മേഖലയിലുള്ള കുടുംബശ്രീ വനിതകൾക്ക് കൃഷിക്ക് ആവശ്യമായ ഉൽപാദനോപാധികൾ ലഭ്യമാക്കി അവരുടെ വിളവ് തിരിച്ചെടുക്കാനുള്ള പദ്ധതിയും തുടങ്ങിക്കഴിഞ്ഞു.തന്റെ ഫാമിൽനിന്നുള്ള ജൈവോൽ പന്നങ്ങൾ ഇടനിലക്കാരുടെ ചൂഷണമില്ലാതെ വിറ്റഴിക്കാൻ ജൈവവിപണനശാലയും തുടങ്ങി ജേക്കബ്. മറ്റു കർഷകരുടെ ജൈവോൽപന്നങ്ങളും ന്യായവില നൽകി സംഭരിക്കുന്നു. നാടൻപാലും ജൈവപച്ചക്കറികളും തേടി തിരുവനന്തപുരം പട്ടത്തുള്ള ജോർദാൻവാലി ഒാർഗാനിക് സെന്ററിലേക്ക് എത്തുന്നവർ ഏറെ. സ്വന്തം വിപണനകേന്ദ്രമുള്ളപ്പോൾതന്നെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ കൃഷിഭൂമിയുടെ ഞായർ ചന്തയ്ക്കും ഈ സംരംഭകൻ പിന്തുണ നൽകുന്നു.

ഫോൺ: 9995755555 (ഫാം), 

0471–2111555 (ഷോപ്പ്), 

+971555555836 (ജേക്കബ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA