കിടാക്കൾക്കു വയറിളക്കം

cheruvalli-cow
SHARE

എന്റെ ഡെയറിഫാമിലെ രണ്ടു മാസമായ പൈക്കിടാവ് വയറിളക്കം ബാധിച്ചു വീണു. ഏതാനും മണിക്കൂറിനുള്ളിൽ ചത്തുപോയി. ഇത്തരം സംഭവം ഉണ്ടാകാതിരിക്കാൻ എന്താണു മാർഗം.

വയറിളക്കം രൂക്ഷമായാൽ ശരീരത്തിൽനിന്നു ജലാംശവും അതോടൊപ്പം സോഡിയം, പൊട്ടാസ്യം എന്നിങ്ങനെയുള്ള ധാതുക്കളും നഷ്ടപ്പെടും. ഇതു കിടാക്കളെ മരണത്തിലേക്കു നയിക്കും. വയറിളക്കത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍  ശരീരത്തിലെ ജലാംശത്തിന്റെ തോത് അറിയുന്നതിനുള്ള പരിശോധനയാണ് സ്കിന്‍ ടെന്റിങ് ടെസ്റ്റ്. ശരീരത്തിലെ തൊലി വിരലുകള്‍െകാണ്ടു വലിക്കുക. അതു പൂർവ സ്ഥിതിയിലാകാനുള്ള സമയം ആറു സെക്കന്‍ഡില്‍ അധികമാണെങ്കിൽ ശരീരത്തിൽനിന്നു പത്തു ശതമാനം ജലാംശം നഷ്ടപ്പെട്ടു എന്ന് അനുമാനിക്കാം. ത്വക്ക് പിടിച്ചുവലിച്ചാൽ പൂർവസ്ഥിതിയിൽ എത്താൻ വൈകുക, മോണകൾ ഉണങ്ങിയിരിക്കുക ഇവയൊക്കെ ജലനഷ്ടംെകാണ്ടു  ഗുരുതരമായ അവസ്ഥയെ സൂചിപ്പിക്കുന്നു.സിരകളിലൂടെ റിങ്ങർ ലാക്ടേറ്റ്, നോർമൽ സലൈൻ, ഗ്ലൂക്കോസ് എന്നിവ കുത്തിവച്ചു കിടാവിനെ രക്ഷിക്കണം. കൂടിയ തോതിൽ ജലാംശം നഷ്ടപ്പെട്ട കിടാക്കൾക്കു നിൽക്കാനുള്ള കെൽപ് കാണില്ല.

പ്രഥമ ചികിൽസയ്ക്കായി അഞ്ചു ടീസ്പൂൺ പഞ്ചസാരപ്പൊടിയും ഒരു ടീസ്പൂൺ അപ്പക്കാരവും അത്രയും തന്നെ ഉപ്പും ഒരു ലീറ്റർ തളപ്പിച്ചാറ്റിയ വെള്ളത്തിൽ അലിയിച്ചെടുത്ത് അത് വയറിളക്കമുള്ള കിടാവിനു നൽകാം. വയറിളക്കം ബാധിച്ച കിടാക്കൾക്കു മേൽസൂചിപ്പിച്ച ലായനി രണ്ട്– നാല് ലീറ്റർ കൊടുക്കണം. പ്രസവത്തെത്തുടർന്നു വേണ്ടത്ര കന്നിപ്പാൽ നൽകുക. വൃത്തിയുള്ള ചുറ്റുപാടിൽ വളർത്തുക. പശുവിന്റെ അകിടും മുലക്കാമ്പും വൃത്തിയായി കഴുകിയതിനുശേഷം കിടാവിനെ പാല്‍ കുടിപ്പിക്കണം.

ഫാമിലേക്ക് പുതിയ ഉരുക്കൾ

ഡെയറിഫാമിലേക്കു പുതിയ ഉരുക്കളെ എത്തിക്കുന്നതിനു മുമ്പ് എന്തൊക്കെ കരുതലുകൾ വേണംവി. ഗോപകുമാർ, തളിപ്പറമ്പ് ഡെയറിഫാമിലേക്കു കൊണ്ടുവരുന്ന പുതിയ ഉരുക്കള്‍ക്ക് എന്തെങ്കിലും രോഗമുണ്ടെങ്കിൽ നിലവിലുള്ള പശുക്കളിലേക്കു പകരാം. അതൊഴിവാക്കാന്‍ പുതിയ ഉരുക്കളെ ചുരുങ്ങിയത്  മൂന്നാഴ്ചത്തേക്കു മാറ്റിപ്പാർപ്പിക്കണം. ഇതിനെ ക്വാരന്റൈൻ (Quarantine Period) കാലാവധി എന്നാണു വിളിക്കുന്നത്. ഇവയ്ക്കു രോഗബാധയുണ്ടോ എന്നറിയാന്‍  വെറ്ററിനറി വിദഗ്ധന്റെ മേ‍ൽനോട്ടത്തിൽ പരിശോധന  നടത്തണം. ഉദാഹരണമായി അകിടു വീക്ക സാധ്യത  സിഎംടി എന്ന ലഘു പരിശോധന വഴി മനസ്സിലാക്കാം.  

തിരുവനന്തപുരത്തെ പാലോട്, തിരുവല്ലയിലെ മഞ്ഞാടി, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ വെറ്ററിനറി കേന്ദ്രത്തോടു ചേർന്നും മണ്ണുത്തി (തൃശൂർ), പൂക്കോട് (വയനാട്) എന്നിവിടങ്ങളില്‍ വെറ്ററിനറി കോളജുകളോടു ചേർന്നും ആധുനിക  ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. ബ്രൂസല്ലോസിസ്, ക്ഷയരോഗം, ജോണ്ടിസ്  എന്നിവ അറിയുന്നതിനു  ലാബ് പരിശോധനാസൗകര്യം പ്രയോജനപ്പെടുത്തുക. മേൽ സൂചിപ്പിച്ച രോഗങ്ങളുള്ള ഉരുക്കളെ ഫാമിൽ പ്രവേശിപ്പിക്കാതെ ഒഴിവാക്കണം. എന്തെന്നാൽ അവ ഫലപ്രദമായി ചികിൽസിച്ചു ഭേദമാക്കൽ ദുഷ്കരമാണ്.

സബ് ക്ലിനിക്കൽ അകിടുവീക്കംപോലുള്ള രോഗങ്ങളുണ്ടെങ്കില്‍ ശരിയായ ചികിൽസ നൽകി ഭേദമാക്കണം. ക്വാരന്റൈൻ സമയത്തു ചാണക പരിശോധന നടത്തി വിരയുടെ സാന്നിധ്യം മനസ്സിലാക്കി ശരിയായ മരുന്നു നൽകിയതിനുശേഷം ഫാമിൽ പ്രവേശിപ്പിക്കണം. പുതുതായി വാങ്ങുന്ന ഉരുക്കളെ മറ്റു പശുക്കളുടെ പരിപാലനത്തിനുശേഷം മാത്രം പരിചരിക്കുക. ഉരുക്കളെ  കൊണ്ടുവരുന്നതിനു മുന്‍പ് അവയെ പാർപ്പിക്കാനുള്ള  സ്ഥലം അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. മറ്റു പശുക്കളുടെ കറവയ്ക്കുശേഷം മാത്രം  പുതിയവയെ  കറക്കുക. 

പ്രതിരോധ കുത്തിവയ്പ് നടത്താത്ത ഉരുക്കളെ പ്രതിരോധ കുത്തിവയ്പിനു ശേഷമേ മറ്റ് ഉരുക്കളുടെ കൂട്ടത്തിൽ ചേർക്കാവൂ. ബാഹ്യപരാദങ്ങളെ അകറ്റുന്ന മരുന്നുകൾ തളിച്ച് അവയെ ഒഴിവാക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA