sections
MORE

പാലുല്‍പാദന വര്‍ധന വിലയെയും സംഭരണത്തെയും ബാധിക്കില്ല

abdul-jaleel
SHARE

തൊഴില്‍മേഖലയെന്ന നിലയില്‍ ക്ഷീരവ്യവസായത്തിനു  കേരളത്തില്‍ ഈയിടെ വന്‍ മുന്നേറ്റമാണുള്ളത്. ഇതു പാലുല്‍പാദനത്തിലും   പാലിന്റെയും പാലുല്‍പന്നങ്ങളുടെയും വിപണിലഭ്യതയിലും ഉപഭോഗത്തിലും  നന്നായി പ്രതിഫലിക്കുന്നു. സംസ്ഥാനത്തെ ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പുകളുടെയും അനുബന്ധ ഏജന്‍സികളുടെയും  കൃത്യതയാർന്നപ്രവർത്തനങ്ങളും പദ്ധതികളുടെ സമയബന്ധിത  പൂർത്തീകരണവും മികച്ച പാൽവിലയുമാണ് ഈ വളര്‍ച്ചയ്ക്കു പിന്നില്‍. മികച്ച ആദായവും സര്‍ക്കാര്‍ പിന്തുണയും ഒട്ടേറെയാളുകളെ കന്നുകാലിവളര്‍ത്തലിലേക്കും ക്ഷീരോല്‍പന്ന സംരംഭങ്ങളിലേക്കും ആകര്‍ഷിക്കുന്നു. ഇതര സംസ്ഥാനങ്ങളിലെ സ്ഥിതിയുമായി താരതമ്യപ്പെടുത്തുമ്പോഴാണ് നാം ഈ രംഗത്ത് എത്ര മുന്നേറിയെന്നു തിരിച്ചറിയാനാവുക. മറ്റു പല സംസ്ഥാനങ്ങളിലും പാലിനു മതിയായ വില ഉല്‍പാദകര്‍ക്കു ലഭിക്കുന്നില്ല. മാത്രമല്ല, നിലവിലുള്ള വില വെട്ടിച്ചുരുക്കുന്ന സ്ഥിതിയുമുണ്ട്. ഉല്‍പാദന, വിപണന രംഗങ്ങളില്‍ ക്ഷീരവികസന വകുപ്പിന്റെയും ത്രിതല ക്ഷീരസഹകരണ പ്രസ്ഥാനങ്ങളുടെയും ഏകോപിതമായ പ്രവർത്തനങ്ങളാണ് കേരളത്തില്‍ ഈ ദുഃസ്ഥിതി ഒഴിവാക്കിയത്. 

കന്നുകാലികളുടെ ശരിയായ ചികിത്സ, ഉല്‍പാദനശേഷിയുള്ള കന്നുകുട്ടികളെ തിരഞ്ഞെടുത്തു നിലനിർത്തൽ, അവയുടെ ആരോഗ്യപരിപാലനം എന്നിവയില്‍ മൃഗസംരക്ഷണവകുപ്പിന്റെ  പദ്ധതികള്‍  ക്ഷീരമേഖലയ്ക്കു നല്‍കിയ ഉണർവ് ചില്ലറയല്ല. അത്യാധുനിക സംവിധാനങ്ങളോടെ, ചെലവ് വളരെക്കുറഞ്ഞ രീതിയിൽ പശുക്കളെ വളർത്താന്‍  കർഷകരെ പ്രാപ്‌തരാക്കുകയും, രാത്രികാലങ്ങളിലുൾപ്പെടെ  മൃഗചികിത്സ ലഭ്യമാക്കുകയും  സന്തുലിത തീറ്റക്രമം ചിട്ടപ്പെടുത്തി  ക്ഷീരകർഷകരിലേക്കെത്തിക്കുകയും   അവശ്യ മരുന്നുകള്‍ വിതരണം ചെയ്യുകയും വഴി പാലുല്‍പാദനത്തില്‍ വലിയൊരു മുന്നേറ്റത്തിനാണ് വകുപ്പ് വഴിയൊരുക്കിയത്.   തൊഴുത്തു നിർമാണം, പുതിയ പശുക്കളെ വാങ്ങല്‍, തീറ്റപ്പുല്‍ വ്യാപനം എന്നിവയ്ക്കു ധനസഹായത്തിനൊപ്പം ഡെയറിഫാമുകള്‍ക്കു സാമ്പത്തിക– സാങ്കേതിക പിന്തുണ  നല്‍കിക്കൊണ്ട്   ക്ഷീരവികസന വകുപ്പ് ഇതിന് ഊര്‍ജം പകരുന്നു. 

സംസ്ഥാനത്തെ പാലുൽപാദനം 2006 ലെ 21.19 ലക്ഷം ടണ്ണിൽനിന്ന് 2017ല്‍ 27.1 ലക്ഷം ടൺ ആയി ഉയർന്നു. ഈ വളർച്ചനിരക്കു വച്ച് നോക്കിയാല്‍  മൊത്തം കാർഷികോല്‍പാദനത്തിൽ ക്ഷീരമേഖലയുടെ പങ്ക് 2018 –’19ൽ  30 ശതമാനത്തോളമാകുമെന്നു  പ്രതീക്ഷിക്കുന്നു.  അതേസമയം കന്നുകാലികളുടെ എണ്ണം കുറയുകയുമാണ്. അതിനാൽ ക്ഷീരവികസനവകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതി  ഊർജിതമായി നടപ്പാക്കാനാണ് സർക്കാർ ഈ വർഷം ഉദ്ദേശിക്കുന്നത്.  ക്ഷീര സഹകരണപ്രസ്ഥാനത്തിന്  പ്രതിദിനം 24 ലക്ഷത്തോളം ലീറ്റർ പാൽ സംസ്കരിക്കാനുള്ള ശേഷി ഉണ്ടെന്നിരിക്കെ, അവ കൈകാര്യം ചെയ്യുന്നതു പ്രതിദിനം ഇരുപതു ലക്ഷം ലീറ്റർ മാത്രം. ഈ സാഹചര്യത്തില്‍ സംസ്ഥാന ത്തെ കാലിസമ്പത്തും പാലുല്‍പാദനവും വർധിപ്പിക്കുകയാണ് ഈ പദ്ധതിയുടെഉദ്ദേശ്യം. തീറ്റപ്പുൽവ്യാപനം, മികച്ച പശുക്കളെ വാർത്തെടുക്കാനുള്ള കിടാരി പാർക്ക്, ക്ഷീരകർഷകർക്കും അവരുടെ ഉരുക്കൾക്കും ഇൻഷുറൻസ് പരിരക്ഷ, മെച്ചപ്പെട്ട മൃഗചികിത്സാ സൗകര്യം, ക്ഷീരസംഘങ്ങളുടെ ആധുനികവത്‌കരണം, പാലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനു പ്രചരണം എന്നിവയാണ് പദ്ധതിയിലുള്ളത്. 

കേരളത്തിൽ 2016–’17 ൽ ക്ഷീരസംഘങ്ങൾ മുഖേന പ്രതിദിനം16.27 ലക്ഷം ലീറ്റർ പാൽ സംഭരിച്ച സ്ഥാനത്ത്  2017–’18 ൽഉണ്ടായത് 18.2 ലക്ഷം ലീറ്റർ എന്ന റിക്കോർഡ് സംഭരണം. ആവശ്യകതയുടെ81 ശതമാനത്തോളം ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നുവെന്നത് പാലുൽപാദനത്തിൽ നാം സ്വയംപര്യാപ്‌തത കൈവരിക്കുന്നതിന്റെ തെളിവാണ്. ഇക്കൊല്ലം ഡിസംബറോടെ നാം സമ്പൂര്‍ണ സ്വയംപര്യാപ്തത േനടുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

അതേസമയം  ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അധിക പാൽസംഭരണം വലിയ പ്രതിസന്ധിയിലാണ്.  ദേശീയവിപണിയില്‍  ഒരു കിലോ സ്കിംഡ് പാൽപ്പൊടിക്ക് 110 രൂപ മുതൽ120 രൂപവരെ മാത്രം വിപണിവിലയുള്ളപ്പോൾ കേരളത്തിൽ കൊഴുപ്പേതരഖരപദാർഥങ്ങൾക്കുതന്നെകിലോയ്ക്ക് 289.30  രൂപയാണ് സംഭരണവിലയായി നൽകുന്നത്. ഈ പാൽ സംഭരിച്ച്  സംസ്‌കരിച്ചു പൊടിയാക്കുന്നതിനു കിലോയ്ക്ക് 10.90 രൂപ െചലവാകും. അതായത്, കേരളത്തിൽ പാൽപ്പൊടി ഉല്‍പാദിപ്പിക്കുമ്പോൾ കിലോയ്ക്ക് 300.20 രൂപ ചെലവു വരുന്നു. അതുകൊണ്ടുതന്നെ പാല്‍പ്പൊടി അധിഷ്ഠിത ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കുന്നത് പ്രാേയാഗികമല്ല. 

കഴിഞ്ഞ വർഷത്തെ വർധനയോടെ രാജ്യത്തു പാലിന് ഏറ്റവും കൂടുതൽ  വില നൽകുന്ന സംസ്ഥാനമായി  കേരളം മാറി. അതേസമയം സംഭരണവും പാൽപ്പൊടിനിര്‍മാണച്ചെലവും കൂടിയതിനെത്തുടര്‍ന്ന്  ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സഹകരണ ഫെഡറേഷനുകൾ പാലിന്റെ സംഭരണവില കുറച്ചു.  കർണാടകയില്‍  പാൽവില ലീറ്ററിന് ഒന്നര രൂപ മുതൽ രണ്ടു രൂപവരെ കുറച്ചു. രാജ്യാന്തരതലത്തിലെ പാൽപ്പൊടിവിലയിടിവ് മഹാരാഷ്‌ട്രയിലെ ക്ഷീര മേഖലയെ തകര്‍ച്ചയിലേക്കാണു നയിക്കുന്നത്. അവിടെ ഉൽപാദിപ്പിക്കുന്ന പാലിന്റെ 30 ശതമാനവും  പാൽപ്പൊടി നിർമാണത്തിലേക്കാണ് പോകുന്നത്.  ബാക്കി 70 ശതമാനം  മാത്രമാണ് പാലായും മറ്റു മൂല്യവർധിത ഉൽപന്നങ്ങളായും വിപണിയിലെത്തുന്നത്. രാജ്യാന്തര ഡിമാന്‍ഡ് കുറഞ്ഞതു മൂലം പാൽപ്പൊടി കെട്ടിക്കിടക്കുന്നതിനാല്‍ കുറഞ്ഞ വിലയ്‌ക്കു വിറ്റഴിക്കാന്‍ നിര്‍ബന്ധിതമാകുന്നു.  

അതുമൂലം പാലിന്റെ സംഭരണവില ഇടിയുകയും കർഷകർക്കു മതിയായ വില ലഭിക്കാതെ വരികയും ചെയ്യുന്നു.  ലീറ്ററിന് 20– 25 രൂപ മാത്രമാണ്  അവിടെ കർഷകർക്കു   ലഭിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ വിലയിടിവ് നമ്മുടെ   വിപണിയെയും  കാര്യമായി ബാധിക്കുന്നുണ്ട്.  ഈ  സാഹചര്യത്തിൽ  ഇവിടെ പാലിനു മികച്ച വിലയും സ്ഥിര വിപണിയും നിലനിര്‍ത്തുന്നതിനുള്ള കഠിനശ്രമത്തിലാണ് സർക്കാരും ക്ഷീരസഹകരണ പ്രസ്ഥാനങ്ങളും. ഈ മേഖലയിലേക്ക് പുതിയതായി കടന്നുവരുന്നവരുടെയും നിലവിലുള്ളവരുടെയും ആത്മവിശ്വാസം ചോരാതിരിക്കാനുള്ള നടപടികള്‍ സർക്കാർ  നടപ്പാക്കിവരുന്നു. 

വിപണിയിലെ പ്രതിസന്ധി  പാൽസംഭരണത്തെ ബാധിക്കരുതെന്ന് സര്‍ക്കാരിനു നിര്‍ബന്ധമുണ്ട്. സംഭരണച്ചുമതലയുള്ള  സഹകരണമേഖലയുടെ ദൗർബല്യം മൂലം കേരളം  ഇതരസംസ്ഥാന പാൽകച്ചവടക്കാരുടെ െകെപ്പിടിയിലാകാനും പാടില്ല. പാൽപ്പൊടിയുടെ കുറഞ്ഞ വിലയും   രാജ്യാന്തര കരാറുകളും നമ്മുടെ സഹകരണപ്രസ്ഥാനങ്ങളുടെ കെട്ടുറപ്പിനെ ബാധിക്കുന്നത് ഒഴിവാക്കാനും സർക്കാർ  പരിശ്രമിക്കുന്നു. ഇന്നത്തെ വിപണിയുടെയും പുതിയ തലമുറയുടെയും താൽപര്യങ്ങൾക്ക് അനുസരിച്ചുള്ള ക്ഷീരോല്‍പന്നങ്ങള്‍ വിപണിയിലിറക്കുന്നതു പാൽ വിപണന പ്രതിസന്ധി ഒഴിവാക്കാന്‍ സഹായകമാണ്. അത്തരം ശ്രമങ്ങൾക്കു സർക്കാർ എല്ലാ പിന്തുണയും നൽകും.  

മഴക്കാലത്തെ ഉൽപാദന വർധന പാല്‍സംഭരണത്തിലും വിപണനത്തിലും പ്രതിസന്ധിയുണ്ടാക്കാറുണ്ട്. ജൂൺ മാസത്തിൽ മിൽമയുടെ ശരാശരി സംഭരണം ഏകദേശം 13,75,000  ലീറ്ററും ശരാശരി വിൽപന12,70,000 ലീറ്ററും ആയിരുന്നു. ബൾക്ക് മിൽക്ക് കൂളറുകൾ നിറഞ്ഞു കവിഞ്ഞ്  പാൽ എടുക്കാൻ പറ്റാത്ത സ്ഥിതി പല സംഘങ്ങളിലുമുണ്ട്.  ഇത്തരം  പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു സര്‍ക്കാരും  മിൽമയും നടപടിയെടുത്തുവരുന്നു.  അയൽസംസ്ഥാനങ്ങളിൽനിന്നു വില കുറഞ്ഞ പാലിന്റെ  തള്ളിക്കയറ്റവും  നമ്മുടെ പാലിന്റെ വിപണനം ശ്രമകരമാക്കുന്നുണ്ട്.   ഇതര സംസ്ഥാന പാലിന്റെ ഉപഭോഗം  നിരുത്സാഹപ്പെടുത്തുകയും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു സമയബന്ധിതമായി ഗുണമേന്മയേറിയ  ഉല്‍പന്നങ്ങൾ വിപണിയിൽ എത്തിക്കുകയുമാണ് ഇതിന് ഏക പ്രതിവിധി. ഈ ദിശയിലാണ് സർക്കാരും  ക്ഷീര സഹകരണപ്രസ്ഥാനങ്ങളും മുന്നോട്ടുപോകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA