sections
MORE

പൈക്കിടാങ്ങൾക്ക് നാല്–എട്ടുമാസം പ്രായത്തിൽ പ്രതിരോധ കുത്തിവയ്പ്

cow-cattle
SHARE

കന്നുകാലികളെ ബാധിക്കുന്ന ഒരിനം ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണു ബ്രൂസല്ലോസിസ്. ചെനയുള്ള പശുക്കളിൽ അഞ്ചു മാസത്തിനുശേഷം കാണുന്ന ഗർഭം അലസൽ (Abortion), പ്രസവത്തിനുശേഷം മറുപിള്ള (Placenta) പുറത്തുപോകാതിരിക്കൽ, കന്നുകാലികളുടെ കൈകാലുകളിലെ സന്ധികളിൽ നീര്, വന്ധ്യത എന്നിവയൊക്കെയാണു രോഗലക്ഷണങ്ങൾ‌. ഇത് ഇന്ത്യയിൽ പ്രതിവർഷം 350 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുന്നു.മനുഷ്യരിലേക്കു പകരാനിടയുള്ളതിനാൽ പൊതുജനാരോഗ്യം കണക്കിലെടുത്ത് ഉടൻ നിയന്ത്രിക്കേണ്ടതാണിത്. രോഗമുള്ള ഉരുക്കളുടെ പാൽ തിളപ്പിക്കാതെ ഉപയോഗിക്കുന്നതുവഴിയും രോഗബാധയുള്ള ഉരുക്കളുടെ ഗർഭാശയത്തിൽനിന്നുള്ള സ്രവങ്ങളുമായുള്ള സമ്പർക്കം വഴിയുമാണു മനുഷ്യരിലേക്കു രോഗം പകരുന്നത്.പശുക്കളിൽ ഗർഭം അഞ്ചാംമാസത്തിനു ശേഷം അലസുന്നുവെങ്കിൽ ബ്രൂസല്ലോസിസ് രോഗം സംശയിക്കാം. ഗർഭം അലസുമ്പോൾ ഉണ്ടാകുന്ന കുട്ടി, മറുപിള്ള ഇവയുമായി സമ്പർക്കത്തിൽ വരുന്ന വിരിപ്പ്, തീറ്റ എന്നിവ നാലടി താഴ്ചയിൽ കുഴിയെടുത്തു കുമ്മായം ചേർത്തു മറവുചെയ്യണം.

ഇത്തരം വസ്തുക്കളിൽ രോഗാണുക്കളുടെ, കൂടിയ തോതിലുള്ള സാന്നിധ്യം കണക്കിലെടുത്ത് അവയെ ശരിയായ രീതിയിൽ സംസ്കരിക്കുകയും കുടിവെള്ളത്തിലുംപുൽമേടുകളിലും രോഗാണുസാന്നിധ്യം ഒഴിവാക്കുകയും വേണം.ഗർഭം അലസിയ ഉരുക്കളെ പാർപ്പിച്ചിരിക്കുന്ന തൊഴുത്തിൽ ബ്ലീച്ചിങ് പൗഡറിന്റെ അഞ്ചു ശതമാനം വീര്യമുള്ള ലായനി 10–15 ദിവസത്തേക്ക് ഒഴിച്ച് അണുനശീകരണം നടത്തണം. രോഗം ബാധിച്ച ഉരുക്കളിൽ ചികിൽസ അപ്രായോഗികമാണ്. (രോഗാണുക്കൾ ഉരുക്കളുടെ ശരീരത്തിൽ ദീ‍ർഘകാലം നിലനിൽക്കും). മറുപിള്ളയെ കൈകാര്യം ചെയ്യുമ്പോൾ കൈയുറ ധരിച്ചിരിക്കണം. മറ്റു വ്യക്തിഗത ശുചിത്വമാർഗങ്ങൾ അവലംബിക്കുകയും വേണം.

പ്രതിരോധ കുത്തിവയ്പ്പൈക്കിടാക്കൾക്കു നാലു മുതൽ എട്ടു മാസംവരെ പ്രായമുള്ളപ്പോൾ ബ്രൂസല്ലോസിസ് രോഗത്തിനെതിരായ കുത്തിവയ്പ് എടുത്താൽ അവയ്ക്കു ജീവിതകാലം മുഴുവൻ പ്രതിരോധശേഷി ലഭിക്കും. അഞ്ചുവർഷത്തെ ചിട്ടയായ പ്രതിരോധ കുത്തിവയ്പിലൂടെ രോഗപ്രതിരോധശേഷിയുള്ള ഉരുക്കളുടെ എണ്ണം വർധിപ്പിച്ചു ബ്രൂസല്ലോസിസ് രോഗം നിയന്ത്രിക്കാം.മനുഷ്യരില്‍ രോഗംബ്രൂസല്ലോസിസ് രോഗം ഇന്ത്യയിൽ പൊതുജനാരോഗ്യപ്രശ്നം ഉണ്ടാക്കുന്നതാണെങ്കിലും രോഗബാധയുടെ പത്തു ശതമാനത്തിൽ താഴെ മാത്രമേ രോഗനിർണയം ഉറപ്പാക്കി ശരിയായ ചികിൽസ നടത്തുന്നുള്ളൂ. മനുഷ്യരിൽ ഇടവിട്ടുള്ള പനി, സന്ധികളിൽ നീരും വേദനയും, തലവേദന, തലചുറ്റൽ, വയർ, നെഞ്ച് എന്നിവിടങ്ങളിൽ വേദന, അമിതമായ വിയർപ്പ് എന്നിങ്ങനെ വിവിധ ലക്ഷണങ്ങൾ കാണിക്കുന്നു.

ബ്രൂസല്ലോസിസ് ബാധിച്ച പശുവിന്റെ പാൽ തിളപ്പിക്കാതെ ഉപയോഗിക്കുക, രോഗബാധയുള്ള പശുക്കളുമായി അടുത്തിടപെടൽ എന്നിവവഴി മനുഷ്യരിലേക്ക്  ഈ രോഗം പകരുന്നു.പശുക്കളുമായി സ്ഥിരമായി ഇടപെടുന്ന വെറ്ററിനറി ഡോക്ടർമാർ, കറവക്കാർ,  വീട്ടമ്മമാർ, ഇറച്ചി കൈകാര്യം ചെയ്യുന്ന അറവുശാലക്കാർ തുടങ്ങിയവരെല്ലാം രോഗസാധ്യതാഗ്രൂപ്പിൽ വരുന്നവരായതിനാൽ പശുക്കളില്‍ രോഗബാധ ഉണ്ടോയെന്നു സ്ഥിരമായി നിരീക്ഷിക്കുന്നതിനുള്ള പദ്ധതിക്കു സംസ്ഥാന മൃഗസംരക്ഷണവകുപ്പ്  തുടക്കമിട്ടിട്ടുണ്ട്. പശുവിന്റെ പാൽ, രക്തം എന്നിവ പരിശോധിക്കല്‍, ക്ഷീരസംഘങ്ങളിൽ അളക്കുന്ന പാലിന്റെ   സാംപിളുകൾ ജൂൺ, ഡിസംബർ  മാസങ്ങളിൽ ശേഖരിച്ചു പരിേശാധിക്കല്‍,  കന്നുകുട്ടികള്‍ക്കു പ്രതിരോധ കുത്തിവയ്പ് എന്നിവയാണ് പദ്ധതിയിലുള്ളത്.

ഡോ. സി.കെ.എസ്.

ഫോൺ: 9447399303

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA