വരുമാനത്തിനു പോത്തുവളർത്തൽ

animalQpic2
SHARE

കേരളത്തിൽ പോത്തുവളർത്തലിന് സാധ്യതയുണ്ടോ. പോത്തിൻകുഞ്ഞുങ്ങളെ എവിടെ ലഭിക്കും. പരിപാലനം എങ്ങനെ.

മാത്യു സെബാസ്റ്റ്യൻ, കാഞ്ഞിരപ്പള്ളി

കേരളീയർക്ക് പോത്തിറച്ചിയോട് ഇഷ്ടം കൂടുതലായതിനാൽ പോത്തുവളർത്തലിനു സാധ്യതയേറെയാണ്. പോത്തിൻകുഞ്ഞുങ്ങളെ കേരളത്തിലെ വിവിധ കാലിച്ചന്തകളിൽ ലഭിക്കും. തമിഴ്നാട്ടിലെ ഈറോഡ്, പൊള്ളാച്ചി എന്നിവിടങ്ങളിൽനിന്നു കുറഞ്ഞ വിലയ്ക്ക് വാങ്ങാം. നാല് – ആറു മാസം പ്രായമുള്ളപ്പോൾ വാങ്ങുന്നതാണ് നല്ലത്. അവശ നിലയിലുള്ളവയെയും വയറുന്തിയവയെയും വളർച്ച മുരടിച്ചവയെയും ഒഴിവാക്കണം. പോത്തുകൾക്ക് ശരീരത്തൂക്കത്തിനനുസരിച്ച് വെറ്ററിനറി ഡോക്ടറുടെ നിർദേശാനുസരണം വിര മരുന്നു നൽകണം. ബാഹ്യപരാദങ്ങൾ ഒഴിവാക്കുന്നതിനുള്ള മരുന്ന് ദേഹത്തു തളിക്കണം.

പോത്തുകളെ പറമ്പിൽ അഴിച്ചുവിട്ട് തീറ്റാം. ഒപ്പം തവിട്, പിണ്ണാക്ക് എന്നിവയും നൽകുക. രാത്രിയിലും ചൂട് അധികരിക്കുന്ന പകൽസമയത്തും കൂട്ടിൽ കെട്ടണം. ചെലവു കുറഞ്ഞ ഒരു കൂട് പോത്ത് ഒന്നിന് 30 – 50 ചതുരശ്ര അടി എന്ന തോതിൽ സ്ഥലസൗകര്യം ലഭ്യമാക്കി കൂടിന്റെ മേൽഭാഗം സിൽപോളിൻ ഷീറ്റ് കെട്ടുക യോ ഓല, പുല്ല് എന്നിവ ഉപയോഗിച്ച് മേൽക്കൂര ഒരുക്കുകയോ ചെയ്യാം. ഷെഡിനു പുറത്ത് പോത്തുകൾക്ക് തണുപ്പേകാൻ ഒന്നര അടി താഴ്ചയുള്ള ടാങ്ക് ഒരുക്കി ഒരടി  വെള്ളം കെട്ടി നിർത്തുന്നതു നന്ന്. ടാങ്കിനടിഭാഗം സിമന്റ് ഇടണം.

നല്ല വളർച്ച കിട്ടാൻ ധാതുലവണമിശ്രിതവും പ്രോബയോട്ടിക് മരുന്നുകളും നൽകണം. ഗുണമേന്മ കുറഞ്ഞ പരുഷാഹാരങ്ങളായ വൈക്കോൽ, പുല്ല് എന്നിവയെ ഇറച്ചിയാക്കാനുള്ള കഴിവ് പോത്തുകൾക്കുണ്ട്. ദഹനശക്തി ഉയർത്തി തീറ്റ പരിവർത്തനശേഷി വർധിപ്പിക്കുന്ന മരുന്നുകളാണ് പ്രോബയോട്ടിക് മരുന്നുകൾ. ഇവയിലെ മുഖ്യ ഘടകം യീസ്റ്റും ദഹനം നടത്തുന്ന ഉപകാരപ്രദങ്ങളായ സൂക്ഷ്മാണുക്കളുമാണ്.

പോത്തുകളെ മേയാൻ വിട്ടാൽ പറമ്പിലെ പുല്ലൊക്കെ തിന്ന് പറമ്പു വെടിപ്പാക്കും എന്ന പ്രത്യേകതയുണ്ട്. മേയാന്‍ വിടാന്‍ സ്ഥലമില്ലാത്തവർക്ക് കൂട്ടിൽ കെട്ടിയിട്ട് പുല്ലരിഞ്ഞു കൊടുക്കാം. ഒരു പോത്തിന് സിഒ – 3 ഇനം പുല്ല് പത്തു സെന്റ് സ്ഥലത്തു വളർത്തണം. പോത്തുകളെ ഇൻഷുർ ചെയ്യണം. ഒരു വർഷക്കാലം വളർത്തിയാൽ അവയെ നല്ല വിലയ്ക്കു വിൽക്കാം. പോത്തുവളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനു ജനകീയാസൂത്രണ പദ്ധതിയിൽ പ്രോജക്ടുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉൾപ്പെടുത്താം. മൃഗാശുപത്രിയുമായി ബന്ധപ്പെട്ടാൽ പരിശീലനവും ലഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA