ഹരിഹരയ്യരുടെ നാടൻപശു പരിപാലനം

cow
SHARE

തൃശൂർ നഗരത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ‘അയ്യർ ആൻഡ് കമ്പനി’ എന്ന ഓഡിറ്റിങ് സ്ഥാപനം പൂട്ടി ജൻമവീടായ പുതുക്കാട് പാലിയേക്കര മഠത്തിലേക്ക് ഹരിഹരയ്യർ തിരിച്ചെത്തിയത് രോഗിയായ പിതാവിനെ പരിചരിക്കാനായിരുന്നു. എന്നാല്‍ പിന്നീടൊരിക്കലും  ഉദ്യോഗത്തിനോ ബിസിനസ്സിനോ വേണ്ടി അയ്യർ നഗരത്തിലേക്കു മടങ്ങിയില്ല. ഗ്രാമീണ കാർഷികജീവിതത്തിൽ അത്രമേൽ മുഴുകി അയ്യരും കുടുംബവും. വിപുലമായ നെൽകൃഷിയും കുടുംബക്ഷേത്രത്തിലെ പൂജാകർമങ്ങളുമൊക്കെയായി തുടരുമ്പോഴാണ് നഷ്ടപ്പെട്ടുപോയ നാടൻപശു വളര്‍ത്തല്‍ പാരമ്പര്യം വീണ്ടെടുത്താലോ എന്ന ചിന്ത ശക്തമാവുന്നത്. എട്ടു തലമുറകളായി നാടൻപശുക്കളെ പരിപാലിച്ചിരുന്നു പാലിയേക്കര മഠം. പൊട്ടും പുള്ളിയുമില്ലാത്ത, ശാന്തപ്രകൃതരായ, രണ്ടര ലീറ്റർ പാലെങ്കിലും പ്രതിദിനം തരുന്ന നാടൻ പശുക്കളെ മുത്തച്ഛൻ അരുമയോടെ പരിപാലിച്ചിരുന്നത് അയ്യരുെട ഒാർമയിലുണ്ടായിരുന്നു. പിൽക്കാലത്ത് നോക്കാനാളില്ലാതെ നട തള്ളിയ നാടൻപശുപരമ്പരയെ വീണ്ടെടുത്തു വളർത്താൻ സാധ്യതയുണ്ടോ എന്നായി പിന്നീടുള്ള ആലോചനകളത്രയും.

ആയിടെയാണ് മണ്ണുത്തി വെറ്ററിനറി കോളജിലെ വെച്ചൂർ പശു സംരക്ഷണ പദ്ധതിയെപ്പറ്റി കേൾക്കുന്നത്. ഇരിങ്ങാലക്കുട ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയായ സഹധർമിണി ശർമിളയ്ക്ക് പക്ഷേ, ആശയം അത്ര പിടിച്ചില്ല. എങ്കിലും ഭർത്താവിനോടുള്ള സ്നേഹത്തെ പ്രതി മൗനസമ്മതം നൽകി. പിന്നെ വൈകിയില്ല,  മണ്ണുത്തി വെറ്ററിനറി കോളജിന്റെ ‘വെച്ചൂർ പശു സംരക്ഷണ പദ്ധതി’വഴി ഒരു പശുക്കിടാവിനെ വാങ്ങി അയ്യർ. അവൾക്ക് ‘കിങ്ങിണി’ എന്നു പേരുമിട്ടു. പരിഭവിച്ചു നിന്ന ശർമിളയെ കയ്യിലെടുക്കാൻ കിങ്ങിണിക്ക് അധികസമയം വേണ്ടിവന്നില്ല. കുട്ടികളില്ലാത്ത ദമ്പതികൾക്കു കിങ്ങിണി‘മകളാ’യി. വീട്ടുമുറ്റത്തും വരാന്തയിലും ചിലപ്പോൾ വീടിനകത്തും ഓടിനടന്നു വളർന്ന കിങ്ങിണിയിൽനിന്നാണ് പാലിയേക്കര മഠത്തിന്റെ വെച്ചൂർ പശുപരമ്പരയുടെ വീണ്ടെടുപ്പിനു തുടക്കം. അശ്വതി, കൃഷ്ണവേണി, ലക്ഷ്മി, കമലു, ശ്രീരാമൻ എന്നിങ്ങനെ പേരിട്ടു വിളിച്ചു വളർത്തുന്ന പശുക്കളും മൂരിക്കുട്ടൻമാരുമുൾപ്പെടെ ഇന്ന് പാലിയേക്കര മഠത്തിലുള്ള  വെച്ചൂർ ഉരുക്കളുടെ എണ്ണം പതിനൊന്ന്. അയ്യർ വിശ്രമിക്കുന്ന ചാരുകസാലയുടെയും കട്ടിലിന്റെയും ചുവട്ടിൽപോലും പകൽസമയം പശുക്കുട്ടികളെ കാണാം. രാത്രി മാത്രമേ അവയെ തൊഴുത്തിൽ കെട്ടാറുള്ളൂ. വെച്ചൂർ പശുക്കളുടെ വംശപരിരക്ഷാ രീതികളിലെ ‘അയ്യർ മോഡൽ’ ഇന്ന് ദേശീയതലത്തിലും ശ്രദ്ധേയം.

cow-01

മൂന്നു ലീറ്റർ പാൽ മാത്രം പ്രതിദിനം ലഭിക്കുന്ന നമ്മുടെ വെച്ചൂർ പശുക്കളുടെ സാമ്പത്തികശാസ്ത്രം പാലുൽപാദനത്തിൽ മാത്രം ഒതുക്കാനുള്ളതല്ലെന്നാണ് അയ്യരുടെ അഭിപ്രായം. കൂടുതൽ‌ മൂല്യവർധിത ഉൽപന്നങ്ങളും അവയ്ക്കു പ്രീമിയം വിലയും നേടാനായാൽ നാടൻ പശു ഇനങ്ങളുടെ വംശപരിരക്ഷണ ശ്രമങ്ങൾക്കു സുസ്ഥിരത കൈവരിക്കാനാവുമെന്ന് അയ്യർ പറയുന്നു.വീട്ടാവശ്യം കഴിഞ്ഞ് പ്രതിദിനം അഞ്ചു ലീറ്റർ പാൽ വിൽപനയ്ക്കുണ്ട്. വെച്ചൂരിന്റെ പാലിനു വില ലീറ്ററിന് 50 രൂപ. വെച്ചൂർ പശുവിന്റെ പാലിൽനിന്നുള്ള നെയ്യിന് വില കിലോയ്ക്ക് 5000 രൂപ. രണ്ടിനും ആവശ്യക്കാരേറെ. കുടുംബക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾക്കു വെച്ചൂർ പശുവിന്റെ  ചാണകത്തിൽനിന്നുള്ള ഭസ്മമാണ് ഉപയോഗിക്കുക. ചാണകം ഉപയോഗിച്ചു തയാറാക്കുന്ന വരളിയും ഹോമാദികർമങ്ങളിൽ അവശ്യവസ്തുവാണ്.

ചാണകവും ഗോമൂത്രവും മറ്റു ചേരുവകളും ചേർത്തുണ്ടാക്കുന്ന ജൈവവളമായ പഞ്ചഗവ്യം, ഗോമൂത്രത്തിൽനിന്നു തയാറാക്കുന്ന ഔഷധഗുണമുള്ള അർക്ക, ഗോമൂത്ര അർക്കയും പൈൻ ഓയിലും ചേർത്തുണ്ടാക്കുന്ന ജൈവ അണുനാശിനി തുടങ്ങിയ മൂല്യവർധിത  ഉൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം വെറ്ററിനറി സർവകലാശാലയിൽനിന്നു ഹരിഹരയ്യർ നേടിയിട്ടുണ്ട്.

ഹരിഹരയ്യരുടെ വെച്ചൂർ പശുക്കൾ ജനിതകമേൻമയ്ക്കും പേരുകേട്ടവയാണ്. വെച്ചൂർ കൺസർവേഷൻ ട്രസ്റ്റ്, കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ് എന്നീ സ്ഥാപനങ്ങൾക്കു പശുക്കളെയും വിത്തുകാളകളെയും അയ്യർ സൗജന്യമായി സംഭാവന ചെയ്തിട്ടുണ്ട്. നാടൻ ജനുസുകളെ ഇഷ്ടപ്പെടുന്ന നാട്ടുകാർക്കും ഇവയെ വിൽക്കുക പതിവുണ്ട്. 

നാടൻപശു പരിപാലനത്തിലെ അർപ്പണബോധത്തിനും ആത്മാർഥതയ്ക്കുമുള്ള അംഗീകാരമായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ICAR) 2017ലെ ബ്രീഡ് സേവ്യർ പുരസ്കാരവും ഹരിഹരയ്യർക്കു ലഭിച്ചു.

ഫോൺ: 9446714947. 

വിലാസം അസിസ്റ്റന്റ് പ്രഫസർ, 

വെറ്ററിനറി കോളജ്, മണ്ണുത്തി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA