പ്രസവത്തെ തുടർന്ന് പശു വീഴാതിരിക്കാൻ

cow-01
SHARE

കറവപ്പശുക്കൾ പ്രസവത്തെ തുടർന്ന് വീണുപോകാതിരിക്കാൻ എന്തെങ്കിലും മാർഗങ്ങളുണ്ടോ. പശുക്കൾ വീഴുന്നതിനുള്ള കാരണം എന്താണ്.

വിക്രമൻ നായർ, തുരുത്തിക്കര

രക്തത്തിൽ ചുരുങ്ങിയത് 100 മില്ലിക്ക് 10 മില്ലി ഗ്രാം  എന്ന തോതിൽ കാൽസ്യം ആവശ്യമാണ്. ക്ഷീണം, മറുപിള്ള പോകാനുള്ള കാലതാമസം, ചാണകം, മൂത്രം എന്നിവ പോകാതിരിക്കല്‍, വയറു വീർക്കല്‍ എന്നിവയാണ്  കാൽസ്യം രക്തത്തിൽ കുറയുന്നതിന്റെ ലക്ഷണങ്ങൾ. തീറ്റ തിന്നാനുള്ള മടി, ശരീര താപനില കുറഞ്ഞ് ശരീരം തണുക്കുക, എഴുന്നേൽക്കാന്‍ പ്രയാസം, പിൻകാലുകൾ നീട്ടിവച്ച്, നെഞ്ച് താഴേക്കു ചേർത്ത്, തല വളച്ചു ശരീരത്തോടു ചേർത്തുള്ള കിടപ്പ്, കൂടിയ ശ്വാസോച്ഛ്വാസനിരക്ക് എന്നിവ കാൽസ്യം തീരെ കുറഞ്ഞതിനെ സൂചിപ്പിക്കുന്നു.

കൂടിയ പാലുല്‍പാദനത്തിലേക്ക് രക്തത്തിലെ കാൽസ്യം വാർന്നുപോകുന്നതും അതുമൂലം ആവശ്യമായത്ര കാൽസ്യം രക്തത്തിലേക്ക് എത്താത്തതുമാണ് രോഗകാരണം. രക്തത്തിലെ  കാൽസ്യത്തിന്റെ അളവ് നിയന്ത്രിക്കുന്ന പാരാ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനക്കുറവാണ്  മറ്റൊരു കാരണം.  ഒപ്പം ജീവകം ഡിയുടെ അഭാവവും രോഗം മൂർച്ഛിക്കാനിടവരുത്തും. 

cow

പശുക്കളിലെ കാൽസ്യക്കുറവ് നികത്തുന്നതിനൊരു വഴി  ഗർഭിണികളായ പശുക്കളുടെ ആഹാരം ചെറുതായി അമ്ലീകരിക്കുക (Acidification) യാണ്. ഇതിനായി അനയോണിക് സാൾട്ട്(Anionic  salt)   നൽകുക. തുടര്‍ന്നു കാൽസ്യം മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ശരീരത്തില്‍  കാൽസ്യം വിശപ്പുണ്ടാക്കുകയും പാരാത്തോർമോൺ എന്ന ഹോർമോണിന്റെ അളവ് കൂടുകയും ചെയ്യുന്നു. തല്‍ഫലമായി എല്ലിൽനിന്നു രക്തത്തിലേക്കുള്ള കാൽസ്യത്തിന്റെ പ്രവാഹം കൂടുകയും  ദഹനത്തിലൂടെ കൂടുതൽ കാൽസ്യത്തെ ശരീരം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

പ്രസവത്തിൽ കാൽസ്യക്കുറവിന്റെ ലക്ഷണം കാണിച്ച പശുക്കളെ ഉടനടി സിരയിലൂടെ കാൽസ്യം കുത്തിവച്ച് എഴുന്നേൽപ്പിക്കണം. അടുത്ത പ്രസവകാലത്ത് പ്രസവത്തീയതിക്ക് ഒരാഴ്ച മുൻപുതന്നെ അനയോണിക് സാൾട്ട് നൽകുക. വിപണിയിൽ ഇപ്പോൾ HYPORID  എന്ന പേരിൽ ഇത്തരം അനയോണിക് സാൾട്ട് ലഭിക്കും. കാൽസ്യം ക്ലോറൈഡ്, അമോണിയം ക്ലോറൈഡ് എന്നിവയൊക്കെ അനയോണിക് സാൾട്ട്  ആണ്. 

കറവപ്പശുക്കൾ‍ക്ക്, കാൽസ്യം, ഫോസ്ഫറസ് എന്നിവ 2:1 എന്ന അനുപാതത്തിൽ അടങ്ങിയ ധാതുലവണമിശ്രിതം പതിവായി  നൽകുക, ഒപ്പം അവയെ ശരീരത്തിന് ഗുണകരമാവുന്ന രീതിയിൽ വിനിയോഗിക്കുന്ന ജീവകം ഡി യും ലഭ്യമാക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA