sections
MORE

വേനലിൽ തീറ്റപ്പുല്ലിനു ബദൽ

HIGHLIGHTS
  • കാലിത്തീറ്റയോടൊപ്പം യീസ്റ്റ് 10 ഗ്രാം എന്ന നിരക്കിൽ നൽകുക
  • പകൽ 12 മ ണി മുതൽ 3 മണിവരെ പശുക്കളെ മേയാൻ വിടരുത്.
muthira-husk
SHARE

വിളകളെ മാത്രമല്ല, പക്ഷിമൃഗാദികളെയും കാലാവസ്ഥാവ്യതിയാനം രൂക്ഷമായി ബാധിക്കുന്നു. ജലനിരപ്പ് വർഷംതോറും ഒരു മില്ലിമീറ്റർ എന്ന തോതിൽ ഉയരുന്നുണ്ടെന്നും വരും വർഷങ്ങളിൽ ഇതു കൂടാനാണ് സാധ്യതയെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഉയരുന്ന കടൽവെള്ളം കരയിലേക്കു കയറുമ്പോൾ കരയിലെ ശുദ്ധജല സ്രോതസ്സുകളിൽ ഉപ്പുവെള്ളം കയറുന്നതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകും. ശുദ്ധജല ജൈവ വ്യവസ്ഥ തകിടം മറിയാൻ ഇതു കാരണമാകുന്നു. മണ്ണിൽ കലരുന്ന ഉപ്പ് കൃഷിഭൂമിയിലെയും മേച്ചിൽ സ്ഥലങ്ങളിലെയും സസ്യസമ്പത്തിനെ ക്രമേണ ഇല്ലാതാക്കുമെന്നതിനാൽ മൃഗസംരക്ഷണമേഖലയിൽ വലിയ ഭക്ഷ്യക്ഷാമം ഉണ്ടായേക്കാം. കേരളംപോലെ തീരദേശ ഭൂമി കൂടുതലുള്ള സംസ്ഥാനത്തിന് ഇത് ഉയർത്തുന്ന ഭീഷണി ഗൗരവതരമാണ്. ഉയരുന്ന ചൂടിനൊപ്പം അന്തരീക്ഷത്തിലെ ആർദ്രത കൂടി ഉയരുമ്പോൾ മൃഗങ്ങളുടെ ശരീരോഷ്മാവ് നിയന്ത്രിക്കുന്ന ശാരീരികപ്രക്രിയകളെ അത് ബാധിക്കുന്നു. ഇത് കന്നുകാലികളുടെ പ്രതിരോധശേഷിയെയും പ്രത്യുൽപാദനത്തെയും ക്ഷീരോൽപാദനത്തെയും സാരമായി ബാധി ക്കുന്നു.

വേനൽ പരിചരണം

ചൂട് കൂടുതലുള്ള കാലങ്ങളിൽ പരുഷാഹാരമായ വൈക്കോൽ രാത്രികാലങ്ങളിലും, പച്ചപ്പുല്ല് ഉച്ചയ്ക്കും വൈകുന്നേരങ്ങളിലുമായി നൽകണം. കാലിത്തീറ്റയോടൊപ്പം യീസ്റ്റ് 10 ഗ്രാം എന്ന നിരക്കിൽ നൽകുന്നത് നല്ലതാണ്. ഊർ‌ജം അധികമുള്ള ഭക്ഷണങ്ങളായ അരി, ധാന്യങ്ങൾ, കപ്പ തു ടങ്ങിയവ ചൂടുകൂടിയ സമയങ്ങളിൽ നൽകുന്നത് ഒഴിവാക്കുക. തൊഴുത്തിനുള്ളിൽ പരമാവധി വായുസഞ്ചാരം ലഭ്യമാക്കിയും മേൽക്കൂരയിൽ ഓല, ഉണങ്ങിയ പുല്ലുകൾ എന്നിവ നിരത്തിയും ഷെ‍ഡിൽ ഫാൻ ഘടിപ്പിച്ചും സ്പ്രിംഗ്ളർ / ഷവർ ഉപയോഗിച്ചും പശുക്കളുടെ ശരീരതാപം നിയന്ത്രിക്കാം. തൊഴുത്തിനു ചുറ്റും തണൽമരങ്ങൾ വച്ചു പിടിപ്പിച്ചും ചൂട് കുറയ്ക്കാം. പകൽ 12 മ ണി മുതൽ 3 മണിവരെ പശുക്കളെ മേയാൻ വിടരുത്. കാലിത്തീറ്റ വെള്ളത്തിൽ കലക്കി നൽ‌കുന്നത് ഒഴിവാക്കുക. ശുദ്ധ ജലം ഇഷ്ടാനുസരണം ലഭ്യമാക്കുന്നതിന് ഓട്ടോമാറ്റിക് കുടിവെള്ള സംവിധാനം തൊഴുത്തിൽ സജ്ജീകരിക്കണം. ശരീരത്തിൽ നിന്നു പുറന്തള്ളുന്ന ജലത്തിലൂടെ ധാതു ലവണങ്ങൾ നഷ്ടപ്പെടുന്നതിനാൽ തീറ്റയിൽ ധാതുലവണ മിശ്രിതം ഉൾപ്പെടുത്തണം. ധാതുലവണങ്ങളായ സെലിനിയം, കാ‍ഡ്മിയം, സിങ്ക്, കൊബാൾട്ട് എന്നീ ധാ തുക്കൾ ചൂടുമൂലമുള്ള ആഘാതങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നു.

നൽകാവുന്ന തീറ്റകൾ

സൈലേജ്: ഇടവപ്പാതിക്കു ശേഷം സുലഭമായ പച്ചപ്പുല്ല് ചെറുതായി അരിഞ്ഞ് ശർക്കര കലക്കിയ വെള്ളം തളിച്ച് നല്ലവണ്ണം ചവിട്ടി അമർ‌ത്തി കാറ്റും മഴവെള്ളവും കടക്കാതെ സംസ്കരിച്ച് സൂക്ഷിച്ചുവയ്ക്കുന്ന തീറ്റയാണ് സൈലേജ്. പച്ചപ്പുല്ലിനുക്ഷാമമുള്ള വേനൽക്കാലത്ത് ഇത് ഉപയോഗിക്കാം. ഒരു പശുവിന് ഒരു ദിവസം 10 കിലോ സൈലേജ് കൊടുക്കാം. രണ്ട്പശുക്കളുള്ള ഒരു കർഷകന് 100 ദിവസത്തേക്ക് 2 ടൺ സൈലേജ് ആവശ്യമായി വരും. 

അസോള: പച്ചപ്പുല്ലിലുള്ളതിന്റെ മൂന്നിരട്ടി യോളം മാംസ്യം അടങ്ങിയ പന്നൽ ചെടിയാണ് അസോള. അതുകൊണ്ടുതന്നെ പ ച്ചപ്പുല്ലിന്റെ ക്ഷാമം മൂലമുള്ള പോഷകക്കുറവ് പരിഹരിക്കാൻ ഒരു പരിധിവരെ ഇതിനു സാധിക്കും. ദിവസവും രണ്ടു കിലോ വീതം അസോള കാലിത്തീറ്റയിൽ കലർ‌‍ത്തി നൽകുന്നതിലൂടെ 10 ശതമാനം വരെ തീറ്റ ച്ചെലവു ലാഭിക്കാം. 

ഉണക്കപ്പുല്ല്: കൂടുതൽ പച്ചപ്പുല്ല് ഉള്ള പ്പോള്‍ അവ പുഷ്പിക്കുന്നതിനു മുൻപു മുറിച്ച് രണ്ടു ദിവസം സൂര്യപ്രകാശത്തി ൽ ഉണക്കി സൂക്ഷിച്ചുവയ്ക്കാം. ഇങ്ങനെ സംസ്കരിച്ച, പച്ചനിറം മാറാത്ത ഉണങ്ങി യ പുല്ല് വേനൽക്കാലത്തു തീറ്റയാക്കാം. 

ഹൈഡ്രോപോണിക്സ് തീറ്റപ്പുൽ: ഹൈ ഡ്രോപോണിക്സ് രീതിയിൽ ഏഴു ദിവസം കൊണ്ട് ഭക്ഷ്യയോഗ്യമായ തീറ്റപ്പുല്ല് ഉൽ പാദിപ്പിക്കാം. സ്ഥലപരിമിതിയുള്ളവർക്ക് വർഷം മുഴുവനും തീറ്റപ്പുല്ല് ഉൽപാദിപ്പിക്കാൻ ലക്ഷങ്ങൾ വിലയുള്ള യന്ത്രങ്ങൾ വിപണിയിൽ ലഭ്യമാണ്. പക്ഷേ, ചെറുകിട കർഷകർക്ക് ഇത് വാങ്ങാനാവില്ല. ഇതിനു പകരം ചെറുകിട ക്ഷീരകർഷകർക്കായി ചെലവു കുറഞ്ഞ ഹൈഡ്രോപോണിക്സ് തീറ്റപ്പുൽ യൂണിറ്റ് ആലപ്പുഴ ജില്ലാ കൃഷിവിജ്ഞാനകേന്ദ്രം രൂപകൽപന ചെയ്തിട്ടുണ്ട്. 

മുതിര, ചെറുപയർ, വൻപയർ തുടങ്ങിയ പയറുവർഗങ്ങൾ 12 മണിക്കൂർ കുതിർത്തശേഷം സുഷിരങ്ങളുള്ള പ്ലാസ്റ്റിക് ട്രേകളിൽ നിരത്തി കിളിർപ്പിച്ച് ഏഴു ദിവസം വരെ പകൽസമയങ്ങളിൽ രണ്ടു മണിക്കൂർ ഇടവിട്ട് ജലലഭ്യത ഉറപ്പുവരുത്തി ഏഴാം ദിവസം ചെടികൾ വേരോടെ പിഴുത് തീറ്റയായി നൽകാം. ഇത് വേനൽക്കാലത്ത് പശുക്കൾക്ക് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും. പോഷകലഭ്യതയും ഉറപ്പു വരുത്തും. 

പ്രളയത്തില്‍ പുല്‍കൃഷി വ്യാപകമായി നശിച്ചപ്പോള്‍ കർഷകർ നെട്ടോട്ടം ഓടിയത് നാം കണ്ടതാണ്. ഇതുപോലെ വരുംകാലങ്ങളിൽ വരൾച്ചയും രൂക്ഷമാകാനിടയുണ്ട്. പുൽകൃഷിയുള്ളവർ അത് ഉണക്കിയോ സൈലേജ് ആക്കിയോ സൂ ക്ഷിക്കുക. സ്ഥലപരിമിതി ഉള്ളവർ അസോളയും ഹൈ‍ഡ്രോപോണിക്സ് തീറ്റപ്പുല്ലും ഉല്‍പാദിപ്പിച്ച് നൽകിയും പശുക്കൾക്ക് വേനൽക്കാലത്ത് ഭക്ഷ്യസുരക്ഷയും പോഷകസംരക്ഷണവും ഉറപ്പാക്കാം. 

വിലാസം: കൃഷി വിജ്ഞാനകേന്ദ്രം, 

ആലപ്പുഴ, കായംകുളം. 

ഫോണ്‍: 0479–2449268, 

(‍ഡോ. എസ്. രവി): 94470 21205

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA