sections
MORE

പശുവളർത്തലിലൂടെ മാസം ലക്ഷത്തിനു മേൽ ലാഭം കൊയ്യുന്ന വിദ്യാർഥി

jamsheer
SHARE

തൃശൂർ മണ്ണുത്തിയിൽ ബിടെക് ഡെയറി സയൻസ് വിദ്യാർഥിയായ ജംഷീറിനു പാഠപുസ്തകത്തിൽ മാത്രമല്ല, പശുവിനെ പരിചയം. ഇരുപത്തിയഞ്ചു കറവപ്പശുക്കൾ ഉൾപ്പെടെ നാൽപതോളം വരും, മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേ‌ശി ജംഷീറിന്റെ കാലിസമ്പത്ത്. ഫാം തുടങ്ങി നാലു വർഷമെത്തുമ്പോൾ പ്രതിമാസ ലാഭം ലക്ഷത്തിനു മേൽ.

പൂക്കോട് വെറ്ററിനറി കോളജിൽ ഡെയറി സയൻസ് ഡിപ്ലോമയ്ക്കു പഠിക്കുമ്പോഴാണ് ആദ്യമായി പശുവിനെ തൊടുന്നതെന്നു ജംഷീർ. പഠനം പുരോഗമിച്ചതോടെ പശുക്കളോടുള്ള ഇഷ്ടം കൂടി. ഡിപ്ലോമ കഴിഞ്ഞതോടെ ഇഷ്ട വിഷയത്തിൽ ബിരുദം നേടിയാലെന്തെന്നായി. ലാറ്ററൽ എൻട്രി വഴി ബിടെക് പ്രവേശനം കാത്തിരിക്കുമ്പോഴാണ് പരീക്ഷണാർഥം രണ്ടു പശുവിനെ വാങ്ങുന്നത്.

കുറഞ്ഞ ചെലവ്, കൂടുതൽ നേട്ടം

പഴയ വീടു പൊളിച്ചപ്പോൾ കിട്ടിയ കല്ലും മരവും ഒാടും മാത്രം ഉപയോഗിച്ചായിരുന്നു ആദ്യത്തെ തൊഴുത്തു നിർമാണമെന്നു ജംഷീർ. സമ്മിശ്രകൃഷിയിടത്തിനുള്ളിൽ, ചുറ്റുമുള്ള മരങ്ങളുടെ തണലും തണുപ്പും ലഭിക്കുന്ന തൊഴുത്ത്. പ്രസവിച്ച് എട്ടൊമ്പതു മാസമെത്തിയിട്ടും ചെന പിടിക്കാതെ ഫാമിൽനിന്നൊഴിവാക്കിയ രണ്ട് എച്ച് എഫ് പശുക്കളെ 48,000 രൂപയ്ക്ക് തൊഴുത്തിലെത്തിച്ചു തുടക്കം. ഉദ്ദേശിച്ചതിലും പ്രായം കൂടുതലായിരുന്നു പശുക്കൾക്കെങ്കിലും വലിയ ഫാമിൽനിന്നു ചെറിയ തൊഴുത്തിലേക്കെത്തിയതോടെ രണ്ടിന്റെയും ആരോഗ്യം മെച്ചപ്പെട്ടു. കാലിത്തീറ്റയും പച്ചപ്പുല്ലും പോഷകങ്ങളും യഥാസമയം ലഭിക്കാൻ തുടങ്ങിയതോടെ പാലുൽപാദനം കൂടി. 

farming

ആത്മവിശ്വാസമേറിയതോടെ പശുക്കളുടെ എണ്ണം അഞ്ചിലേക്കുയർത്തി. ഡിപ്ലോമയ്ക്കും ഡിഗ്രി പഠനത്തിനുമിടയിലുള്ള എട്ടൊമ്പതു മാസം അഞ്ചു പശുക്കളെയും പരിപാലിച്ചതും കറന്നതും പാലു വിറ്റതുമെല്ലാം ഒറ്റയ്ക്ക്. നാലു വർഷംകൊണ്ട് നാൽപതോളം പശുക്കളിലേക്കും ലക്ഷത്തിനു മുകളിൽ ലാഭത്തിലേക്കും എത്തിയത് തെറ്റിയും തിരുത്തിയും തന്നെ.

പശുവളർത്തൽ തുടങ്ങും മുമ്പ് തീറ്റപ്പുല്ലുകൃഷി തുടങ്ങിയിരുന്നു. ഒരു പശുവിനെ പോറ്റാൻ 10 സെന്റ് പുൽകൃഷി എന്നാണ് ജംഷീറിന്റെ കണക്ക്. പശുവൊന്നിന് ദിവസം ശരാശരി 30 കിലോ പച്ചപ്പുല്ല് ഉറപ്പാക്കാൻ ഇതിലൂടെ കഴിയും. പശുക്കളുടെ എണ്ണം കൂടിയതോടെ ആറേക്കറിലേക്കു വളർന്നു ജംഷീറിന്റെ പുൽകൃഷി. പുല്ലിനങ്ങൾ സിഒ 3യും സിഒ 5 ഉം. രണ്ടാമത്തേതുതന്നെ കൂടുതൽ മികച്ചത്. പക്ഷേ കൂടുതൽ പരിപാലനം വേണ്ടി വരും. പരിസരത്തുള്ളവർക്കു ദുർഗന്ധമേശാത്ത സാഹചര്യത്തിലാണ് പുൽകൃഷിയെങ്കിൽ ചാണകസ്ലറി സമൃദ്ധമായി നൽകി സി ഒ 5 തന്നെ വളർത്താം. മികച്ച പരിപാലനമെങ്കിൽ 35 ദിവസമെത്തുമ്പോൾ മുറിക്കാം. അതേസമയം അമിതമായി വളം നൽകി 20 ദിവസം കൊണ്ടുതന്നെ വളർച്ച എത്തിച്ചാൽ തീറ്റപ്പുല്ലിൽ നാരിന്റെ അംശം കുറയും. പച്ചപ്പുല്ലു കൊടുത്തു പശുവിനു വയറിളകി എന്നു കർഷകർ പറയുന്നത് നാരുകുറഞ്ഞ ഇളംപുല്ല് നൽകുന്നതുകൊണ്ടെന്നു ജംഷീർ. െവെേക്കാൽ കൂടി ഒപ്പം നൽകുന്നതാണു പരിഹാരം. 

പല തവണ കുത്തിവച്ചിട്ടും ചെന പിടിക്കാത്ത പശുക്കൾ മിക്ക ഫാമുകളിലുമുണ്ടാവും. കുത്തിവയ്പു സമയം കൃത്യമായി നിർണയിക്കുന്നതുൾപ്പെടെ പ്രതികൂല ഘടകങ്ങൾ പലതുണ്ടാവും. ഫാം അടിസ്ഥാനത്തിൽ പശുവിനെ വളർത്തുന്നവർ അന്തഃപ്രജനന സാധ്യത ഒഴിവാക്കി കാളയെ പരിപാലിക്കുന്നതാണു പരിഹാരം. വർഷത്തിലൊരു പ്രസവം എന്ന കണക്കിൽ പശുവിനെ പരിപാലിച്ചാൽ മാത്രമേ കണക്കുകൂട്ടലുകൾ ലക്ഷ്യം കാണുകയുള്ളൂ എന്നും ജംഷീർ. ഇൻഷുർ ചെയ്യുന്ന കാര്യത്തിൽ വിട്ടുവീഴ്ച വിചാരിക്കയുമരുത്. 

വേനലിൽ വറ്റാത്ത പാൽപ്പുഴ

വേനലിൽ പൊതുവേ പാലുൽപാദനം കുറയുമെങ്കിലും ജംഷീറിന്റെ ഫാമിലെ പശുക്കളെല്ലാം പതിവുപോലെതന്നെ പാൽ ചുരത്തുന്നു. പ്രോബയോട്ടിക് പോഷകമായ ലൈവ് ഈസ്റ്റാണ് പാലുൽപാദനം സുസ്ഥിരമാക്കാൻ സഹായിക്കുന്ന ഒരു ഘടകമെന്നു ജംഷീർ. ഒപ്പം പരുത്തിപ്പിണ്ണാക്കു പോലുള്ള ബൈപാസ് പ്രോട്ടീൻ തീറ്റകളും. 10 ഗ്രാം ലൈവ് ഈസ്റ്റ് പെല്ലറ്റിൽ കലർത്തി വേനൽക്കാലത്ത് ഒരു നേരം കൊടുക്കുന്നതിന്റെ ഗുണങ്ങൾ പലത്. പാലുൽപാദനം വർധിക്കുന്നു, പാലിന്റെ കൊഴുപ്പു കൂടുന്നു. പശുവിന്റെ ദഹനപ്രശ്നങ്ങൾ മാറുന്നു. ചാണകം കുറേക്കൂടി മുറുകി ലഭിക്കുന്നു.

വേനലിൽ പച്ചപ്പുല്ലിന്റെ ലഭ്യത കുറയുന്നതോെട െവെക്കോൽ കൂടുതലായി വേണ്ടിവരും. െവെക്കോൽ നൽകുമ്പോൾ വേനൽക്കാലത്ത് വൈകുന്നേരവും മഴക്കാലത്ത് രാവിലെയും നൽക ണമെന്നു ജംഷീർ. നാരുകൂടിയ െവെക്കോൽ ദഹിപ്പിക്കാൻ കൂടുതൽ ഊർജം ചെലവിടേണ്ടി വരും, അതുവഴി ശരീരതാപം വർധിക്കും. വേനലിൽ അകത്തും പുറത്തും ചൂടു കൂടുന്നത് പശുവിന് താപസമ്മര്‍ദം ഉണ്ടാക്കും. ഇതു പാലുൽപാദനം കുറയാൻ കാരണമാവും. വേനല്‍ക്കാലത്തു ചൂടുകുറയുന്ന വൈകുന്നേരം െവെക്കോൽ നൽകുന്നതിനു കാരണം ഇതു തന്നെ. തണുപ്പേറിയ മഴക്കാലത്താകട്ടെ, രാവിലത്തെ െവെക്കോൽതീറ്റ ശരീരതാപം ഉയർത്താൻ സഹായിക്കുകയും ചെയ്യും.

വേനൽച്ചൂടിൽ പശുക്കൾക്കു പൊതുവേ ദഹനപ്രശ്നങ്ങൾ കാണാറുണ്ട്. ഒറ്റയടിക്ക് വയർ നിറയെ ഭക്ഷണം നൽകാതെ രണ്ടോ മൂന്നോ നേരമായി ഭക്ഷണം ക്രമീകരിക്കുന്നത് ദഹനം സുഗമമാക്കും. വേനലിൽ തണുപ്പിക്കാനായി തുടർച്ചയായി മഞ്ഞുനന നൽകുന്നതു ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നും ജംഷീർ. തണുപ്പു കൂടുന്നതോടെ ശരീരോഷ്മാവ് വർധിപ്പിക്കാൻ കൂടുതൽ ഊർജം ചെലവിടും. അതു പാലുൽപാദനത്തെ ബാധിക്കും. നീണ്ട മഞ്ഞുനനയ്ക്കു പകരം ഇടവിട്ട് നനയ്ക്കുന്നതാണ് ജംഷീറിന്റെ രീതി. കൂടുതൽ വായുസഞ്ചാരം ലഭിക്കാനായി തൊഴുത്തിന്റെ മേൽക്കൂര ഉയർത്തി നിർമിച്ചതും വേനൽച്ചൂടിന്റെ സമ്മർദം കുറയ്ക്കുന്നുവെന്നു ജംഷീർ. 

ശരാശരി 260 ലീറ്റർ പാലാണ് ജംഷീറിന്റെ ഫാമിലെ പ്രതിദിന ഉൽപാദനം. ചില്ലറ വിൽപന ലീറ്ററിന് 60 രൂപയ്ക്ക്. ബാക്കി മിൽമയ്ക്ക്. ‘കാലിത്തീറ്റ വില കുത്തനെ ഉയരുന്നത് ഈ രംഗത്തെ കടുത്ത വെല്ലുവിളിയാണ്. ധാന്യപ്പൊടികളും തവിടുകളും പി ണ്ണാക്കിനങ്ങളുമെല്ലാം സ്വന്തം നിലയ്ക്കു വാങ്ങി ആരോഗ്യപ്രദ മായ തീറ്റമിശ്രിതം ചിട്ടപ്പെടുത്തുക മാത്രമാണ് കർഷകന്റെ മു ന്നിലുള്ള വഴി. പശുവിന്റെ ആരോഗ്യത്തിനും കൂടുതൽ പാലിനും ലാഭത്തിനും അതുപകരിക്കും’’, ജംഷീർ പറയുന്നു. അതേസമയം പഠനത്തിരക്കുമൂലം ഫാക്ടറി കാലിത്തീറ്റ യെയും കൂടുതൽ ജോലിക്കാരെയും ആശ്രയിക്കേണ്ടിവരുന്നു നിലവിൽ ജംഷീറിന്. പഠനം പൂർത്തിയാവുന്നതോടെ തീറ്റ മിശ്രിതം തയാറാക്കൽ ഉൾപ്പെടെയുള്ള മാറ്റങ്ങളിലേക്കും പാലുൽപ ന്നങ്ങളിലേക്കും കടക്കുകയാണു ലക്ഷ്യം.

ഫോൺ: 7012337539

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA