sections
MORE

നാടൻപശു ഉൽപന്നങ്ങളിലൂടെ മാസം ലക്ഷങ്ങളുടെ വിറ്റുവരവു നേടുന്ന ശ്യാംകുമാർ

gou-shala
നാടൻ പശുക്കൾക്കൊപ്പം ശ്യാംകുമാർ
SHARE

കൊല്ലം പട്ടാഴിയിലെ അമ്പാടി ഗോശാല ഒരേസമയം ഫാമും ഫാക്ടറിയുമാണ്. ഗൾഫിൽ ഒായിൽ ആൻഡ് ഗ്യാസ് മേഖലയിൽ ദീർഘകാലം ജോലി ചെയ്ത ശേഷം ജൈവകൃഷിയിലേക്കും പിന്നാലെ നാടൻപശുവിലേക്കും തിരിഞ്ഞ ശ്യാംകുമാറാണ് അമ്പാടിയിലെ സംരംഭകൻ. ജൈവകൃഷിയോടുള്ള താൽപര്യവും അതിനായി വാങ്ങിയ നാലു നാടൻ പശുക്കളുമാണ് ശ്യാംകുമാറിനെ നാൽപതിലേറെ ദേശി പശുവുൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന സംരംഭകനാക്കിയത്. 

ജൈവകൃഷിക്കായി വാങ്ങിയ രണ്ടേക്കറിൽ ശ്യാംകുമാർ ആദ്യം പരീക്ഷിച്ചത് ഞാലിപ്പൂവൻ വാഴക്കൃഷി. നാടൻപശുവിന്റെ ചാണകവും മൂത്രവും ചേർത്തു തയാറാക്കുന്ന ജീവാമൃതം മാത്രം വളം. മികച്ച വിളവും വിലയും നേടി വാഴക്കൃഷി വിജയം കണ്ടപ്പോൾ ലാഭക്കൃഷിയുടെ സൂത്രവാക്യം പിടികിട്ടി. മിനിമം ചെലവിൽ മികച്ച ലാഭം. ഇക്കാര്യത്തിൽ നാടൻപശു നല്ലൊരു സാധ്യതയാണെന്നു മനസ്സിലായെന്നു ശ്യാംകുമാർ.

amadi-gou

‘‘കുറഞ്ഞ ചെലവിലും മുടക്കമില്ലാതെയും അസംസ്കൃതവസ്തു ലഭ്യമാവുക എന്നതാണ് ഏതു ബിസിനസ് സംരംഭത്തിലും സുപ്രധാനം. നാടൻപശുവിനെ ആശ്രയിച്ചുള്ള സംരംഭങ്ങൾ ഈ ഗണത്തിൽപ്പെടും. ഇന്ത്യയിൽ പൊതുവെയും കേരളത്തിൽ വിശേഷിച്ചും ജൈവകൃഷിയോടും പ്രകൃതിദത്ത ഉൽപന്നങ്ങളോടും മമത കൂടിവരുന്നത് ഗൾഫിലായിരിക്കുന്ന കാലത്തുതന്നെ ശ്രദ്ധിച്ചിരുന്നു. ജൈവകൃഷിയിലിറങ്ങിയതോടെ ജൈവവളങ്ങൾ ഉൾപ്പെടെയുള്ള നാടൻപശു ഉൽപന്നങ്ങളുടെ വിപണി നാൾക്കുനാൾ വിസ്തൃതമാവുകയാണെന്നും കണ്ടു. പിന്നെ വൈകിയില്ല, നാടൻ പശുശേഖരം വിപുലമാക്കി. ഒന്നിനു പിന്നാലെ ഒന്നായി ദേശി പശുവുൽപന്നങ്ങളിലേക്കു തിരിഞ്ഞു’’, സംരംഭവഴികൾ പങ്കുവച്ച് ശ്യാംകുമാറിന്റെ വാക്കുകൾ.

വെച്ചൂരും കപിലയും കാങ്ക്റേജും ഗിറും സഹിവാളും റെഡ് സിന്ധിയും ബെംഗാരുവുമുൾപ്പെടെ പന്ത്രണ്ടിനങ്ങളിലായി അറുപതിനടുത്തുണ്ട് അമ്പാടിയിലെ നാടൻപശുക്കളുടെ എണ്ണം. ഗിറും സഹിവാളുമൊഴികെ ബാക്കിയെല്ലാറ്റിന്റെയും പാലുൽപാദനം പരിമിതം. പാൽ വിൽപന ശ്യാംകുമാറിന്റെ ലക്ഷ്യവുമല്ല. നാടൻപശുവിന്റെ പാലും വെണ്ണയും നെയ്യും ചാണകവും മൂത്രവുമെല്ലാം പ്രയോജനപ്പെടുത്തി നിർമിക്കുന്ന പ്രകൃതിദത്ത ഉൽപന്നങ്ങളുടെ വിപണിയാണു നോട്ടം. പതിനെട്ടേക്കർ ജൈവ നെൽകൃഷിയും അരിയുൽപന്നങ്ങളും അനുബന്ധമായുണ്ട്.

കുളിക്കാനും കുടിക്കാനും

നാടൻപശു ഫാമിൽനിന്ന് സാധാരണഗതിയിൽ നാം പ്രതീക്ഷിക്കുന്ന മുഖ്യ ഉൽപന്നങ്ങൾ പാലും നെയ്യും പഞ്ചഗവ്യവും ജീവാമൃതവുംപോലുള്ള പരിചിത ഇനങ്ങളാണ്. എന്നാൽ ഇവയിൽനിന്ന് ഏറെ ദൂരം മുന്നിലാണ് അമ്പാടി ഫാം. ചാണകവറളി കത്തിച്ച ചാരം ശുദ്ധി ചെയ്തെടുത്ത് അതിൽ മോണരോഗങ്ങൾക്കു ഫലപ്രദമായ ചുണ്ടക്കായയും മേമ്പൊടിയായി ഇന്ദുപ്പും ഗ്രാമ്പൂവും ചേർത്തു തയാറാക്കുന്ന പൽപ്പൊടി, പാത്രങ്ങളിലെ മെഴുക്കു നീക്കുന്ന ഡിഷ് വാഷ്, തറ വൃത്തിയാക്കാൻ ലോഷൻ, മുഖകാന്തി വർധിപ്പിക്കാനുള്ള ഫെയ്സ് പാക്ക്, ദേഹശുദ്ധി വരുത്താനായി വിവിധ ഗുണവും മണവുമുള്ള സോപ്പുകൾ, ഹാൻഡ് വാഷ് ലോഷൻ, വേദന സംഹാരി ബാമുകൾ, ആരോഗ്യരക്ഷയ്ക്ക് കുടിക്കാവുന്ന ഗോമൂത്ര ഉൽപന്നമായ അർക്ക് എന്നിങ്ങനെ ശ്യാംകുമാറിന്റെ തൊഴുത്തിൽ നിന്ന് വിപണിയിലെത്തുന്നത് നിത്യജീവിതത്തിൽ പ്രയോജനമുള്ള ഒട്ടേറെ ഉൽപന്നങ്ങൾ. 

യന്ത്രസംവിധാനങ്ങളൊന്നുമില്ലാതെ പൂർണമായും മനുഷ്യാധ്വാനംകൊണ്ടു നിർമിക്കുന്നവയാണ് ഇവയോരോന്നും.

amadi-gou8

കൃഷിയാവശ്യത്തിനുള്ള ഉൽപന്നങ്ങളിലുമുണ്ട് പുതുമകൾ. കർഷകമിത്രം കീടനിയന്ത്രിണി ഉദാഹരണം. 40ലീറ്റർ കൊള്ളുന്ന മൺകലത്തിൽ ഗോമൂത്രമെടുത്ത് അതിൽ വേപ്പിലയിട്ട് (10 ലീറ്റർ ഗോമൂത്രത്തിന് രണ്ടര കിലോ വേപ്പില) 21 ദിവസം മണ്ണിൽ കുഴിച്ചിടുന്നു. 22–ാം ദിവസം പുറത്തെടുത്ത് ചെമ്പുകലത്തിലൊഴിച്ച് നാലിലൊന്നായി വറ്റിച്ചെടുക്കും. ഇത് നൂറിരട്ടി വെള്ളത്തിൽ നേർപ്പിച്ച് ഏതു വിളകൾക്കും തളിക്കാം. കീടങ്ങളെ അകറ്റാനും ചെടികൾ ആരോഗ്യത്തോടെ വളരാനും മികച്ചതാണ് ഈ കീടനിയന്ത്രിണിയെന്നു ശ്യാംകുമാർ. ചാണകവും പച്ചിലകളും ചേർത്ത് തയാറാക്കുന്ന കമ്പോസ്റ്റാണ് മറ്റൊന്ന്. ഉൽപന്നങ്ങളിൽ ചേർക്കുന്ന ഒൗഷധസസ്യങ്ങൾ പലതും ഫാമിൽത്തന്നെ നട്ടുവളർത്തുന്നു. 

ചെലവു തുച്ഛം, വരവു മെച്ചം 

‘‘തീറ്റ കുറവു മതി നാടൻപശുക്കൾക്ക്. പച്ചപ്പുല്ലുതന്നെ മുഖ്യം. ധാന്യപ്പൊടികളും തവിടിനങ്ങളും യോജിപ്പിച്ചുണ്ടാക്കുന്ന പോഷകത്തീറ്റയുമുണ്ട്. വിദേശ ജനുസ്സുകൾ ഈ വേനൽച്ചൂടിൽ അണയ്ക്കുമ്പോൾ നാടൻ ഇനങ്ങൾക്ക് ചൂട് അത്രപ്രശ്നമല്ല. രണ്ടോ മൂന്നോ ലീറ്റർ പാൽ മാത്രം ചുരത്തുന്നവയാണ് നാടൻ ഇനങ്ങളധികവും. അതുകൊണ്ടുതന്നെ നാടൻപശുക്കളുടെ പാലു വിറ്റ് പണമാക്കുന്നതിലല്ല ശ്രദ്ധിക്കേണ്ടത്. ഗുണമേന്മയേറിയ പാലും നെയ്യും ചാണകവും മൂത്രവും പ്രയോജനപ്പെടുത്തി മൂല്യവർധിത ഉൽപന്നങ്ങളിലേ ക്കു തിരിയണം. ഇന്നു നാം ഉപയോഗിക്കുന്ന ഡിഷ്വാഷിലും ഹാൻഡ് വാഷിലുമെല്ലാം ആരോഗ്യത്തിനു ഹാനികരമാകാവുന്ന രാസവസ്തുക്കൾ കലർന്നിട്ടുണ്ടെന്നു പഠനങ്ങൾ പറയുന്നു.

ആരോഗ്യത്തിനും പരിസ്ഥിതിക്കും അനുകൂലമായ പ്രകൃതിദത്തഉൽപന്നങ്ങൾക്ക് ആവശ്യക്കാർ ഏറുന്നത് ഈ സാഹചര്യത്തിലാണ്. ഇത്തരം ഉൽപന്നങ്ങൾക്കു താൽപര്യപ്പെടുന്ന ഉപഭോക്തൃ സമൂഹത്തിലേക്കെത്താൻ സംരംഭകനും കഴിയണം’’, നാടൻപശു ഉൽപന്നങ്ങളിലൂടെ മാസം ലക്ഷങ്ങളുടെ വിറ്റുവരവു നേടുന്ന ശ്യാംകുമാറിന്റെ ഉപദേശം. നാടൻ പശു ഉൽപന്നങ്ങൾ വിൽക്കാൻ മാത്രമായി പട്ടാഴിയിൽ കട തുടങ്ങിയിട്ടുണ്ട് ഈ സംരംഭകൻ. ഒട്ടേറെ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ കൊറിയർ ചെയ്യുന്നുമുണ്ട്. ഉൽപന്ന നിർമാണത്തിൽ പരിശീലനം നേടി സംരംഭകരായി വളരാൻ താൽപര്യപ്പെടുന്നവരെ സഹായിക്കാനും തയാർ. ഫോൺ: 9539802133

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA