sections
MORE

ഷേണായിയ്ക്ക് വീട് തന്നെ വിപണി; പ്രതിദിനം 600 ലീറ്റർ പാലുൽപാദനമുള്ള ഫാം

prakash-shenai-business
വ‌ീട്ടിലെത്തുന്നവര്‍ക്ക് പാൽ വിൽക്കുന്ന ഷേണായി
SHARE

‘‘നാട്ടുമ്പുറത്തെ കടകളിൽപോലും കാണാം ഇന്നു നാലഞ്ചു ബ്രാൻഡ് പാൽ. എന്നിരുന്നാലും സമീപത്തെവിടെയെങ്കിലും അപ്പോൾ കറന്നെടുത്ത പാൽ ലഭ്യമെങ്കിൽ ആളുകള്‍ അതു തേടിപ്പോകും. നല്ല പാലിനോടുള്ള താൽപര്യം അത്രയ്ക്കുണ്ട് നമ്മുടെ നാട്ടിൽ. ഡെയറി സംരംഭത്തിന്റെ വിജയവും അതുതന്നെ’’, ആലപ്പുഴ മണ്ണഞ്ചേരി പേനത്ത് വീട്ടിലെ ക്ഷീര കർഷകൻ പ്രകാശ് ഷേണായി പറയുന്നു. പ്രതിദിനം 550–600 ലീറ്റർ പാലുൽപാദനമുള്ള ഫാമാണ് ഷേണായിയുടേത്. പാലും പാലുൽപന്നങ്ങളും ഫാമിൽ നേരിട്ടെത്തി വാങ്ങുന്ന ഉപഭോക്താക്കളാണ് ഷേണായിയുടെ കരുത്ത്. ഉൽപന്നങ്ങളത്രയും ഫാമിൽനിന്നു നേരിട്ടു വിൽക്കുന്ന ഫാംഗെയ്റ്റ് സെയിൽ രീതി വളർത്തിയെടുത്തതു വഴി നേട്ടം രണ്ടെന്നു ഷേണായി. ഉൽപാദകനു കൂടുതൽ ലാഭം, ഉപഭോക്താവിനു കൂടുതൽ തൃപ്തി.

പുലർച്ചെ നാലരയ്ക്കു തുടങ്ങും വിൽപന. പാലും തൈരും വെണ്ണയും നെയ്യുമെല്ലാം വാങ്ങാൻ ആളുകൾ ദിവസം മുഴുവൻ പേനത്തു വീടിന്റെ പൂമുഖത്തു വന്നുപോകും. തൈരിൽ പഞ്ചസാരയും ഏലക്കായും ചേർത്ത്, മിക്സിയിൽ ചെറുതായൊന്നു യോജിപ്പിച്ചു തയാറാക്കുന്ന ലസ്സിക്കും വനില, പിസ്ത, ബദാം ഫ്ലേവറുകളിൽ നിർമിക്കുന്ന സിപ്പപ്പിനുമെല്ലാം വേനലിൽ മികച്ച ഡിമാൻഡെന്നു ഷേണായി. ഫാം തുടങ്ങും മുമ്പ് മുംബൈയിൽ ബിസിനസ് ചെയ്തിരുന്ന കാലത്ത് പരിചിതമായിരുന്ന പനീറിനും മണ്ണഞ്ചേരിയിൽ മാർക്കറ്റുണ്ടാക്കി ഈ ക്ഷീരകർഷകൻ. പ്രദേശത്തെ കേറ്ററിങ് യൂണിറ്റുകാർ പലരും സദ്യകളിൽ പനീർ വിഭവങ്ങൾ വിളമ്പിത്തുടങ്ങിയത് ഷേണായിയുടെ പ്രേരണയിൽ.

പാൽ ലീറ്റർ 48 രൂപയ്ക്കാണ് വിൽപന. തൈര് കിലോ 60 രൂപ, വെണ്ണ 500 രൂപ, നെയ്യ് 640 രൂപ, പനീർ 500 രൂപ, സിപ്പപ്പ് ഒന്നിന് 5 രൂപ. ചാണകവും സ്ലറിയുംപോലെ അധിക വരുമാനം വരുന്ന വഴികൾ വേറെ. പാലിനും പാലുൽപന്നങ്ങൾക്കുമെല്ലാം കേരളത്തിൽ പൊതുവേ വിപണി ഉറപ്പെങ്കിലും ഡെയറി ഫാം വിജയിക്കാൻ അതു മാത്രം പോരാ. ഷേണായിയുടെ ഫാം മാനേജ്മെന്റ് ശൈലി പറഞ്ഞു തരും ആ വഴിക്കു ചില പാഠങ്ങൾ. കയ്യിലൊതുങ്ങണം കണക്കുകൾ പശുപരിപാലനത്തിൽ അധികച്ചെലവുകൾക്കോ അനാവശ്യ മുതൽമുടക്കിനോ തുനിയരുത് എന്ന പക്ഷക്കാരനാണ് ഷേണായി. ലളിതമാണു ഷേണായിയുടെ തൊഴുത്ത്. ഹൈടെക് സംവിധാനങ്ങളിലൊന്നിലും താൽപര്യമില്ല. ആരോഗ്യമുള്ള പശു, ആരോഗ്യകരമായ സാഹചര്യം; ഇതു രണ്ടും ഉറപ്പാക്കിയാൽ മതിയാവും. ഉയർന്ന പാലുൽപാദനമുള്ള എച്ച്എഫ് സങ്കരവും ഉൽപാദനം അൽപം കുറയുമെങ്കിലും പാൽകൊഴുപ്പു കൂടിയ ജഴ്സിയും ഇനങ്ങൾ. രണ്ടിന്റെയും പാലു ചേരുമ്പോഴാണ് ഉപഭോക്താവിന് തൃപ്തിയാവുന്ന കൊഴു പ്പിലും ഉൽപാദകനു ലാഭകരമാവുന്ന അളവിലും പാൽ ലഭ്യമാവുക.

shenayi

നാൽപതിനു മുകളിലുണ്ട് കറവയിലുള്ള പശുക്കൾ. ചെനയിലുള്ളവയും കിടാരികളും കിടാവുകളും കൂടി ചേരുമ്പോൾ ആകെ അറുപതോളം. പ്രസവിച്ച ഉടനെയുള്ളവ, ഇടക്കറവയിലെത്തിയവ, ചെനയിലുള്ളവ, ചെന പിടിക്കാത്തതിനാൽ കറവ നീണ്ടു പോകുന്നവ എന്നിങ്ങനെ കറവയുടെ വ്യത്യസ്ത കാലങ്ങളിൽ ഒാരോ പശുവിന്റെയും പാലുൽപാദനത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാവും. എത്രാമത്തെ പ്രസവമെന്നതും പാലുൽപാദനത്തിൽ പ്രധാനം. മേൽപറഞ്ഞ എല്ലാ ഘട്ടങ്ങളിലുമുള്ള പശുക്കൾ ഏതു ഡെയറിഫാമിലുമുണ്ടാവും.

സ്വന്തം ഫാമിലെ ഒാരോ പശുവിന്റെയും ആരോഗ്യവും ഉൽപാദനശേഷിയും ജീവചരിത്രവും ഉള്ളംകയ്യിലെന്നപോലെ പരിചയമുണ്ടാവണം ഡെയറി സംരംഭകന്. ഈ സാഹചര്യങ്ങളെല്ലാം കണക്കുകൂട്ടി വർഷം മുഴുവൻ സുസ്ഥിരമായ പാലുൽപാദനം ഉറപ്പാക്കുകയും വേണം. അതല്ലാതെ, പത്തു പശുക്കളെ വാങ്ങുക, ഒന്നിന് 25 ലീറ്റർ പാൽ വച്ച് ദിവസം 250 ലീറ്റർ പാൽ വർഷം മുഴുവൻ വിൽക്കുക, പത്തു പശുവിൽനിന്ന് ദിവസം 10,000 രൂപ വരുമാനം നേടുക എന്ന മട്ടിലുള്ള ലാഭപ്രതീക്ഷകൾ പലരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നും ഈ ക്ഷീരകർഷകൻ ഒാർമിപ്പിക്കുന്നു. മുഴുവൻ പശുക്കൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ വിട്ടു വീഴ്ചയില്ല. ഈവക കാര്യങ്ങളിലെല്ലാം മൃഗസംരക്ഷണവകുപ്പിന്റെയും ക്ഷീരവികസനവകുപ്പിന്റെയും പിന്തുണയുണ്ടെന്നും ഷേണായി.

നല്ല ആരോഗ്യമുള്ള, നന്നായി തീറ്റയെടുക്കുന്ന പശുക്കൾക്ക് പ്രോബയോട്ടിക്സുകളോ മറ്റു പോഷകങ്ങളോ നൽകേണ്ടതില്ല എന്ന പക്ഷക്കാരനാണു ഷേണായി. അതേസമയം കാൽസ്യം കുത്തിവയ്പും മറ്റ് പ്രതിരോധനടപടികളും മുടങ്ങുകയുമരുത്. കാളയെ പരിപാലിക്കുന്നതിനാൽ സ്വാഭാ വിക പ്രജനനരീതിയാണു ഫാമിൽ. അതു കൊണ്ടുതന്നെ ചെനപിടിക്കാതിരിക്കുന്ന സാഹചര്യം പൊതുവേ കുറവ്. പെല്ലറ്റും ആലപ്പുഴയിലെ മാക്ഡവൽ കമ്പനിയിൽനിന്നെത്തുന്ന ഫ്രഷ് ബിയർ വെയ്സ്റ്റുമാണ് പശുക്കൾക്കുള്ള മുഖ്യ പോഷകം. വയർനിറയ്ക്കാൻ പച്ചപ്പുല്ലും. പുരയിടത്തിൽ വളരുന്ന സിഒ 3 തീറ്റപ്പുല്ല് മൂന്നോ നാലോ ദിവസത്തേക്കു മാത്രമേ തികയൂ. ആലപ്പുഴയിലെ കായൽനിലങ്ങളിൽനിന്നു നല്ല പച്ചപ്പുല്ലു സുലഭമായി ലഭിക്കും. ബയോഗ്യാസ് പ്ലാന്റുള്ളതിനാൽ ഫാമിലോ പരിസരത്തോ അസുഖകരമായ മണമില്ല. ചാണകത്തിനും പ്ലാന്റിൽനിന്നുള്ള സ്ലറിക്കും ആവശ്യക്കാരേറെ.

സിപ്പപ്പിനുള്ള സീലിങ് മെഷീനല്ലാതെ ഒരു തരത്തിലുള്ള യന്ത്രവൽക്കരണവും ഷേണായിയുടെ ഫാമിലില്ല. എന്നിട്ടും അറുപതിലേറെ പശുക്കളുള്ള ഫാം അധ്വാനവും ആസൂത്രണമികവുംകൊണ്ട് ലാഭ ത്തിലെത്തിക്കുന്നു ഈ കർഷകൻ.

മറുനാട്ടിൽ വളരുന്ന മക്കൾ ‌‌

തമിഴ്നാട്ടിലെ രാജപാളയം േമഖലയിൽനിന്നു പശുക്കളെ വാങ്ങാനാണ് ഷേണായിക്കു താൽപര്യം. പൊതുവേ ചൂടുകൂടിയ പ്രദേശങ്ങളിൽ ജനിച്ചു വളർന്ന പശുക്കൾ മണ്ണഞ്ചേരിയിലെ കടുത്ത വേനൽക്കാലവും താങ്ങും എന്നതുതന്നെ കാരണം. രണ്ടാമത്തെ പ്രസവത്തോട് അടുത്തവയെ നോക്കി വാങ്ങും. ഉൽപാദനം കൂടിയ രണ്ട്, മൂന്ന്, നാല് പ്രസവ വർഷങ്ങൾ കഴിയുന്നതോടെ വിൽക്കും. 

കിടാക്കളെ വളർത്തിയെടുക്കുന്നത് അപൂർവം. അത്രമേൽ ലക്ഷണമൊത്തത് എന്നു തോന്നുന്നവയെ മാത്രം വളര്‍ത്തും. ഫാമിൽ പിറന്നു വളർന്ന ഉരുക്കൾക്ക് ഉൽപാദനം കൂടുമെങ്കിലും ആദ്യ പ്രസവം വരെയുള്ള രണ്ടര–മൂന്നു വർഷം അവയെ വളർത്തിയെടുക്കാൻ കുറഞ്ഞത് 50,000 രൂപ ചെലവു വരുമെന്നു ഷേണായി. രണ്ടോ മൂന്നോ പശുക്കളെ മാത്രം വളർത്തുന്ന ക്ഷീരകർഷകർക്ക് അത്ര മുടക്കു വരില്ല. സ്വന്തം അധ്വാനവും പ്രാദേശികമായി ലഭിക്കുന്ന തീറ്റയും തന്നെ കാര്യം. എന്നാൽ കൊമേഴ്സ്യൽ ഡെയറിഫാമിൽ തൊഴിലാളിയുടെ കൂലിയുൾപ്പെടെ കണക്കാക്കണം. പകരം, കിടാക്കളെ ഫാമിലെ തമിഴ് തൊഴിലാളികളുടെ തമിഴ്നാട്ടിലെ വീട്ടിൽ വളർത്താൻ കൊടുക്കുന്ന രീതിയാണു ഷേണായിയുടേത്. ‘‘മാസം നിശ്ചിത തുക വളർത്തുകൂലി കൊടുത്താൽ മതി. അവരതിനെ ഏറക്കുറെ അഴിച്ചുവിട്ടു വളർത്തുന്ന തിനാൽ വേഗം ചെനയിലെത്തും. പ്രസവത്തോട് അടുത്ത് തിരികെ ഫാമിലെത്തിക്കും. 20,000 രൂപയിൽ താഴയെ ആകെ ചെലവു വരൂ’’.

ഫോൺ: 9400993642

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA