ADVERTISEMENT

നാട്ടിൽ പൊതുവേ നാടൻപശുക്കളോടുള്ള താൽപര്യം വർധിക്കുന്നതിന്റെ ഉദാഹരണമാണ് പാലക്കാട് ഒറ്റപ്പാലം മനിശ്ശേരിയിലുള്ള കപ്പൂർ തറവാട്ടിലെ ഡോ. ദീപക് വേണുഗോപാലിന്റെ നാടൻപശു ശേഖരം. പെരിന്തൽമണ്ണയിലെ മൗലാന, ഇഎം എസ് ഹോസ്പിറ്റലുകളിലായി പ്രാക്ടീസ് ചെയ്യുന്ന ഡോ. ദീപക് വർഷങ്ങളായി ജൈവകൃഷിയിൽ തൽപരനാണ്. സ്വന്തം കൃഷിയിടത്തിലേക്കുള്ള ചാണകത്തിനും ജൈവവളനിർമാണത്തിനുമായാണ് അദ്ദേഹം നാടൻപശുക്കളെ തേടിയത്. വെച്ചൂർ പശുവിലായിരുന്നു തുടക്കം. താമസിയാതെ എണ്ണം കൂടി; ഇനങ്ങളും.

വെച്ചൂരിനൊപ്പം കാസർകോട് കുള്ളൻ, വടകരക്കുള്ളൻ, കാങ്കേയം, കാങ്ക്റേജ്, കപില, കൃഷ്ണ, ഒാങ്കോൾ, ബെർഗുർ, പുങ്കാനൂർ, ഗിർ, സിന്ധി എന്നീ ഇനങ്ങൾ ഉൾപ്പെടെ നാൽപതിനടുത്തു നാടൻപശുക്കളുടെ ഉടമയാണു ഡോക്ടർ. കൃഷിയാവശ്യത്തിനാണ് വാങ്ങിയതെങ്കിലും ഇപ്പോൾ ഇവ ഒാരോന്നും ദീപക്കിന്റെ അരുമകൾ. നിത്യവും അവയോടൊപ്പം അൽപനേരം ചെലവിടുന്നത് അനൽപമായ സന്തോഷമാണു നല്‍കുന്നതെന്നു ഡോക്ടർ. 

അഴിച്ചുവിട്ടു വളർത്താനുള്ള സൗകര്യത്തോടെയാണ് തൊഴുത്തു ക്രമീകരിച്ചിരി ക്കുന്നത്. നാടൻ ഇനങ്ങളിൽ പലതും ഇണക്കം കുറഞ്ഞവയെന്നു ദീപക്; വിശേഷിച്ചും അവയുടെ കാളകൾ. കൂട്ടത്തിൽ ഏറ്റവും സൗമ്യം കാസർകോട് കുള്ളൻതന്നെ. അതുകൊണ്ട്, വീട്ടാവശ്യത്തിനുള്ള പാലിനു വേണ്ടി നാടൻപശുക്കളെ തേടുന്നവർക്ക് ഡോക്ടർ ശുപാർശചെയ്യുന്നതും കാസർകോടിനെത്തന്നെ. ഒട്ടുമിക്ക ഇനത്തിന്റെയും കാളകളുണ്ട് ഡോക്ടറുടെ തൊഴുത്തിൽ. കേരളത്തിലും അയൽസംസ്ഥാനങ്ങളിലുമെല്ലാം ചുറ്റിക്കറങ്ങിയാണ് ഒാരോ പശുവിനെയും സ്വന്തമാക്കിയത്. 

നാടൻപശുപരിപാലനം ലാഭകരമാവണമെങ്കിൽ മൂല്യവർധന സാധിക്കണം. അതേസമയം ജൈവകൃഷിയുള്ളവരെ സംബന്ധിച്ചിടത്തോളം പശുവിൽനിന്നു നേരിട്ടു വരുമാനം ലഭിക്കുന്നില്ലെങ്കിലും മികച്ച ജൈവവളം കൃഷിയിടത്തിലേക്കു ലഭിക്കുമെന്നത് ലാഭം തന്നെ. എന്നാൽ അതിനെല്ലാം ഉപരിയാണിപ്പോൾ അരുമപ്പശുക്കളോടുള്ള വാൽസല്യവും അതു നൽകുന്ന സന്തോഷവുമെന്നു ഡോ. ദീപക്. 

ഫോൺ: 9544757575

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com