ADVERTISEMENT

തടിവിലയ്ക്ക് പശുക്കളെ ആവശ്യമുണ്ടെന്ന അറിയിപ്പ് ഫെയ്സ് ബുക്കിൽ കണ്ട് വിളിച്ചപ്പോഴാണ് ഗോകുലിനെ പരിചയപ്പെട്ടത്. തെറ്റിദ്ധരിക്കേണ്ട, കശാപ്പുകാരനോ കച്ചവടക്കാരനോ അല്ല, സമർഥനായ ഫൊട്ടോഗ്രഫറാണ് ഈ യുവാവ്. ഒരു സ്റ്റുഡിയോയിൽ തരക്കേടില്ലാത്ത ജോലിയുമുണ്ട്. പക്ഷേ, തരം കിട്ടിയാൽ കോന്നിയിലെ സ്റ്റുഡിയോയിൽ നിന്ന് കുമിളി മന്തിപ്പാറയിലെ വീട്ടിലെത്തും. വീണുപരുക്കേറ്റതിനെ തുടർന്നു വിശ്രമിക്കുന്ന അച്ഛനെ പശുവളർത്തലിൽ സഹായിക്കുകയാണ് ലക്ഷ്യം. ജ്യേഷ്ഠൻ രാഹുലിന്റെ കാര്യവും ഇങ്ങനെ തന്നെ. തൊഴുത്തിൽ കയറാൻ മടിയില്ലാത്ത ഈ ചെറുപ്പക്കാർ, കൂടുതൽ പശുക്കളെ വാങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതായിരുന്നു.

 

sadasivan
അറവുശാലയിൽ നിന്നു രക്ഷിച്ച പശുവുമായി

സദാശിവന്റെയും മക്കളുെടയും പശുവളർത്തൽ അൽപം വ്യത്യസ്തമാണ്. മറ്റു ക്ഷീരകർഷകർ പ്രസവിച്ചതോ ചെനയുള്ളതോ ആയ പശുക്കളെ വാങ്ങുമ്പോൾ ഇവർ കറവവറ്റാറായ പശുക്കളെയാണ് വാങ്ങുക. പല തവണ കുത്തിവയ്പ് നടത്തിയിട്ടും ഗർഭധാരണം നടക്കാത്ത ഇത്തരം പശുക്കളെ കുറഞ്ഞ വിലയിൽ കിട്ടാനുണ്ടെന്നു സദാശിവൻ പറയുന്നു. തടി വിലയ്ക്കു വിൽക്കപ്പെടുന്ന പശുക്കളുെട രക്ഷകരാണ് ഈ കുടുംബം. ഇങ്ങനെയുള്ള ഉരുക്കളെ വാങ്ങി മികച്ച പരിചരണം നൽകുകയും വീണ്ടും ചെനയാകുമ്പോൾ ആവശ്യക്കാർക്ക് നൽകുകയുമാണ് സദാശിവന്റെ രീതി. പതിനഞ്ചു വർഷത്തിനിടയിൽ അറുപതിലധികം പശുക്കൾ ഇപ്രകാരം ഈ തൊഴുത്തിൽ അഭയം കണ്ടെത്തിയിട്ടുണ്ട്.

 

ഇടുക്കിയിലെ വിവിധ അറവുശാലകൾക്ക് സുപരിചിതനാണ് സദാശിവൻ. അറവിനായി കൊണ്ടുവരുന്ന പശുക്കളിൽ ലക്ഷണമൊത്തവയുണ്ടെങ്കിൽ അവർ അദ്ദേഹത്തെ അറിയിക്കും. തടിവിലയ്ക്കൊപ്പം അറവുകാരുടെ ലാഭം കൂടി നൽകി സദാശിവൻ ഉരുവിനെ കൂട്ടിക്കൊണ്ടുപോരും. ശരാശരി 25000 രൂപയ്ക്ക് പശുക്കളെ കിട്ടാറുണ്ട്. ചെനയേൽക്കാത്ത പശുക്കൾക്കു സദാശിവൻ പ്രത്യേക ചികിത്സയൊന്നും നൽകില്ല. കൊണ്ടുവന്നാലുടൻ സ്ഥലത്തെ വെറ്ററിനറി ഡോക്ടറെ കൊണ്ടുവന്ന് പരിശോധിപ്പിക്കും. പ്രത്യുൽപാദനപരമായ വൈകല്യങ്ങൾ മൂലം ഗർഭധാരണം അസാധ്യമായവയെ തിരിച്ചറിഞ്ഞ് ഒഴിവാക്കും. അല്ലാത്ത വയ്ക്ക് നല്ല പച്ചപ്പുല്ല് സമൃദ്ധമായും കാലി ത്തീറ്റ മിതമായും നൽകും. ശരിയായ തീറ്റ യും പരിചരണവും കിട്ടുന്നതോടെ 90 ശതമാനം പശുക്കൾക്കും മൂന്നു മാസത്തിനുള്ളിൽ ചെനയാകുമെന്നാണ് അനുഭവം. ചെന നിറഞ്ഞ പശുക്കളെ 50,000– 60,000 രൂപ നിരക്കിൽ വിൽക്കും. ഒരു പശുവിന് കുറഞ്ഞത് 25,000 രൂപ ലാഭം. കൂടാതെ, കൃഷിക്കാവശ്യമായ ചാണകവും വീട്ടിലേക്കാവശ്യമായ പാലും കിട്ടുമെന്ന മെച്ചവുമുണ്ട്. മിതമായ വില ഈടാക്കുന്നതിനാൽ സമീപജില്ലകളിൽ നിന്നുപോലും പശുക്കൾക്ക് ആവശ്യക്കാരെത്താറുണ്ടെന്ന് സദാശിവൻ പറഞ്ഞു.

 

പാലുൽപാദനത്തിൽ മാത്രം ശ്രദ്ധിക്കുകയും പശുക്കളുെട ആരോഗ്യത്തിൽ അലംഭാവം കാട്ടുകയും ചെയ്യുന്നതുകൊണ്ടാണ് പൊതുവേ പശുക്കൾക്ക് ചെന പിടിക്കാൻ വൈകുന്നതെന്ന് സദാശിവൻ ചൂണ്ടിക്കാട്ടി. വലിയ ഫാമുകളിൽ ചെനയില്ലാത്ത പശുക്കളെ നിലനിർത്തുക ആദായകരമല്ല. തന്മൂലം ഉൽപാദനശേഷി കൂടിയ എച്ച് എഫ്, ജഴ്സി പശുക്കൾ പോലും അറവുശാലയിലെത്താറുണ്ട്. തടിവിലയ്ക്കു വിറ്റ പശുവിനെ ചെനയായപ്പോൾ മുൻ ഉടമസ്ഥൻ മടക്കിവാങ്ങിയ അനുഭവവും ഇവർക്കുണ്ട്. ഒരു വർഷം നാലു പശുക്കളെ ഇങ്ങനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സദാശിവനു സാധിക്കുന്നുണ്ട്. നാലിലധികം പശുക്കൾക്ക് തൊഴുത്തിൽ ഇടമില്ലാത്തതാണ് എണ്ണം പരിമിതപ്പെടുത്താൻ കാരണം. വൈകാതെ സംരംഭം വിപുലമാക്കാനും ആലോചനയുണ്ട്.

 

ഓരോ വർഷവും ഒട്ടേറെ പശുക്കളും കിടാരികളും തടിവിലയ്ക്കു വിൽക്കപ്പെടുന്നതുമൂലം കാർഷികമേഖലയ്ക്കുണ്ടാകുന്ന നഷ്ടം ഭീമമാണെന്നു സദാശിവൻ ചൂണ്ടിക്കാട്ടുന്നു. ശരിയായ പരിചരണത്തിലൂെട അവയെ ഉൽപാദനക്ഷമമാക്കാൻ കഴിഞ്ഞാൽ അയൽ സംസ്ഥാനങ്ങളിൽനിന്നു പശുക്കളെ വാങ്ങേണ്ടിവരില്ല. ഇതൊരു വരുമാനസാധ്യതയാക്കുന്നതിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ലെന്നതാണ് സത്യം, അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫോൺ: 9539034954

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com