ADVERTISEMENT

ഫാം ഫ്രഷ് മിൽക് സംരംഭങ്ങൾ കേരളത്തിനു പുതുമയല്ല. കറവ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വീട്ടിലെത്തുന്ന പാൽ ഉപഭോക്താക്കൾക്ക് ഏറെ പ്രിയവുമാണ്. എന്നാൽ പരമാവധി 100–150 ലീറ്റർ പാൽ മാത്രമേ കൈകാര്യം ചെയ്യാനാവൂ എന്നത് ഇത്തരം സംരംഭങ്ങളുെട പരിമിതിയായിരുന്നു. ഈ സാഹചര്യത്തിലാണ് മൂവായിരം ലീറ്ററോളം ഫാം ഫ്രഷ് പാൽ എറണാകുളം നഗരത്തിൽ വിതരണം ചെയ്യുന്ന വൈക്കം ടിവി പുരത്തെ ബിജു മാത്യുവിന്റെ ജീവൻ ഓർഗാനിക് മിൽക് പാൽ ശ്രദ്ധിക്കപ്പെടുന്നത്. കറന്നെടുത്ത പാലിൽ മറ്റൊന്നും ചേർക്കാതെയും യാതൊന്നും നീക്കാതെയും ചില്ലുകുപ്പികളിൽ വീട്ടുപടിക്കലെത്തിക്കും ബിജു. കറവ മുതൽ ശീതീകൃത സാഹചര്യങ്ങളിലൂെട മാത്രം പാൽ കടത്തിവിടുന്ന സംവിധാനമാണ് ഇക്കാര്യത്തിൽ തുണയാകുന്നത്. ഫാം ഫ്രഷ്പാൽ മാത്രമല്ല പാസ്ചുറൈസ് ചെയ്ത കവർപാൽ, നറുെനയ്യ്, കട്ടിത്തൈര്, സംഭാരം തുടങ്ങിയ വ്യത്യസ്ത ഉൽപന്നങ്ങളായി ആകെ പതിനായിരം ലീറ്റർ പാലാണ് ജീവൻ ബ്രാൻഡ് ദിവസേന വിപണിയിലെത്തുന്നത്. ഇതിൽ ഏഴായിരം ലീറ്റർ പാലും ബിജുവിന്റെ തൊഴുത്തിൽ ഉൽപാദിപ്പിക്കുന്നത്. ബാക്കി സമീപത്തുള്ള 20 ഡെയറി ഫാമുകളിലും രണ്ടു ക്ഷീരസംഘങ്ങളിലും നിന്നു കണ്ടെത്തുന്നു.

Jeevan-milk-all-products
ജീവൻ ഡെയറി ഉൽപന്നങ്ങൾ

 

പാലുൽപാദിപ്പിക്കാൻ മാത്രമേ ക്ഷീരകർഷകർക്ക് കഴിയൂ, വിൽക്കാൻ വേറെ ആളു വേണമെന്ന ചിന്തയ്ക്ക് ഒരു തിരുത്ത് കൂടിയാണ് ഈ മാതൃകാസംരംഭം. ഏറ്റവും ഉന്നത നിലവാരം പാലിക്കുമ്പോഴും അധികവില ഈടാക്കാതെ മുന്നേറാൻ ഇവർക്കു സാധിക്കുന്നു. രണ്ടു പശുവിൽ നിന്ന് 175 ഉരുക്കളിലേക്കു വളർന്ന ബിജുവിനെ മികച്ച ക്ഷീരകർഷകൻ എന്ന നിലയിൽ കേരളം അംഗീകരിച്ചിട്ടു നാലു വർഷമായി. മികച്ച ക്ഷീരകർഷകനുള്ള 2014ലെ സംസ്ഥാന അവാർഡ് ബിജുവിനായിരുന്നു. അതിനു ശേഷം ബിജുവിന്റെ തൊഴുത്തിൽ പശുക്കളുെട എണ്ണമോ പാലിന്റെ അളവോ കാര്യമായി കൂടിയിട്ടില്ല. പക്ഷേ, ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ബിജു സ്വന്തമാക്കിയത് ഇക്കാലത്താണ്– മികച്ച നിലവാരത്തിൽ പാലും പാലുൽപന്നങ്ങളും വിപണിയിലെത്തിക്കുന്ന ഡെയറിപ്ലാന്റിനുള്ള ഐഎസ്ഒ സർട്ടിഫിക്കേഷൻ.

biju-mathew

 

വിപണിവിലയുടെ കൂടുതൽ വിഹിതവും അധികവരുമാനവും നേടാൻ ഈ ക്ഷീരസംസ്കരണ യൂണിറ്റിലൂടെ ബിജുവിനു സാധിക്കുന്നു. കൂടുതൽ സൂക്ഷിപ്പുകാലമുള്ള മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കുന്നതിനും ഇതുപകരിക്കും.

 

മറ്റ് പ്ലാന്റുകളിൽനിന്നു വ്യത്യസ്തമായി ആൻറിബയോട്ടിക്, ഹോർമോൺ സാന്നിധ്യമില്ലാതെ ജൈവരീതിയിൽ ഉൽപാദിപ്പിച്ച പാൽ മാത്രമാണ് ഇവിടെയുള്ളത്. സംഭരണകേന്ദ്രങ്ങളിലും വാഹനങ്ങളിലുമൊക്കെ 4–5 മണിക്കൂറെങ്കിലും സൂക്ഷിച്ചശേഷമാണ് പൊതുവേ ഡെയറി പ്ലാന്റുകളിൽ പാലെത്തുന്നത്. എന്നാൽ കറവ കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ ജീവൻ മിൽക്ക് ചില്ലുകുപ്പിയിലാകും. നിലവാരവും പോഷകഗുണവുമുള്ള പാലിന്റെ പ്രാധാന്യം തിരിച്ചറിയുന്ന നഗരവാസികളാണ് ജീവൻ മിൽക്കിന്റെ കരുത്ത്. ഏറ്റവും മികച്ച നിലവാരത്തിൽ, കൊഴുപ്പ് നീക്കാതെ ചില്ലുകുപ്പികളിലാക്കി അതിരാവിലെ വീടുകളിലെത്തിക്കുന്ന ജീവൻ മിൽക്ക് ലീറ്ററിന് 70 രൂപയാണ് വില. പാസ്ചുറൈസ് ചെയ്തതും 4.5 ശതമാനം കൊഴുപ്പുള്ളതുമായ സ്റ്റാൻഡർഡൈസ്ഡ് പാലിന് 50 രൂപയും. മൂന്നു ശതമാനം കൊഴുപ്പുള്ള ടോൺഡ് പാലിന് 44 രൂപയുമാണ് വില. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ജീവൻ ഉൽപന്നങ്ങൾ ലഭിക്കുക. 

 

വാണിജ്യാടിസ്ഥാനത്തിൽ നടത്തുന്ന 20 ഡെയറി സംരംഭങ്ങളിൽ നിന്നുള്ള പാലും ജീവൻ മിൽക്കിന്റെ പാൽപാത്രങ്ങളിൽ നിറയുന്നുണ്ട്. അവിടങ്ങളിലും പാലുൽപാദനം ഇതേ നിലവാരത്തിൽ തന്നെ. വാണിജ്യാടിസ്ഥാനത്തിലുള്ള ഡെയറിഫാമുകളുെട ഒരു ക്ലസ്റ്റർ രൂപീകരിച്ചാണ് ഇതു സാധ്യമാക്കിയത്. ഡെയറിമേഖലയ്ക്കു മാതൃകയാക്കാവുന്ന ആശയമാണിതെന്നു ബിജു ചൂണ്ടിക്കാട്ടി. പൊതുവായ അടിസ്ഥാന സൗകര്യങ്ങളും വിപണനസംവിധാനങ്ങളും വഴി ചെലവ് കുറയ്ക്കുന്നതിനും നിലവാരം മെച്ചപ്പെടുത്തുന്നതിനും മൂല്യവർധന നടത്തുന്നതിനും ക്ലസ്റ്റർ സഹായിക്കും. നിശ്ചിത നിലവാരമുള്ള തീറ്റയും പരിചരണമുറകളുമുള്ള പശുക്കളുടെ പാൽ മാത്രമാണ് ഇവിടെയുള്ളത്. പല തൊഴുത്തുകളിൽ പല തീറ്റക്രമങ്ങളും വ്യത്യസ്ത പരിചരണമുറകളുമു ള്ള പശുക്കളുടെ പാലിനെ അ പേക്ഷിച്ച് മെച്ചപ്പെട്ട നിലവാ രം ഉറപ്പാക്കാൻ ഇതുവഴി സാധിക്കുന്നുണ്ടെന്ന് ബിജു അവകാശപ്പെട്ടു.

 

കുലയോടുകൂടിയ ചോളത്തണ്ടും മുളപ്പിച്ച പരുത്തിക്കുരുവും പയറുപൊടിയും വിവിധ തവിടുകളുമുൾപ്പെടെ 20 പോഷക ചേരുവകളടങ്ങിയ ടോട്ടൽ മിക്സ്ഡ് റേഷൻ ( ടിഎംആർ) ആണ് ജീവൻ മിൽക്കിനു പാൽ നൽകുന്ന എല്ലാ തൊഴുത്തുകളിലും ഉപയോഗിക്കുന്നത്. ടിവി പുരത്തെ ഫാമിൽ തയാറാക്കുന്ന ടിഎംആർ തനിക്കു പാൽ നൽകുന്ന എല്ലാ തൊഴുത്തുകളിലേക്കും പാൽ സംഭരിക്കുന്ന വാഹനത്തിൽ ബിജു എത്തിച്ചുനൽകും. സ്വന്തമായുണ്ടാക്കുന്ന തീറ്റമിശ്രിതമായതിനാൽ ആൻറിബയോട്ടിക്കുകളോ ഹോർമോണോ പാലിലുണ്ടാ വില്ലെന്ന് ഉറപ്പാക്കാനാവുന്നു. പാലിനൊപ്പം ചാണകവും ഗോമൂത്രവുമൊക്കെ ഡെയറിസംരംഭങ്ങളുെട വരുമാനമാർഗമാണെന്നും ബിജു കാണിച്ചുതരുന്നു. 

 

ചാണകം ചാക്കുകളിലടുക്കി ഉണങ്ങി യശേഷം പൊടിയാക്കി വിൽക്കുന്നു. ഗോ മൂത്രം ആയുർവേദ മരുന്നുശാലകൾക്ക് നൽകാറുണ്ട്. എന്നാൽ തൊഴുത്തിലെ ഏറ്റവും വിലയേറിയ ഉൽപന്നം അവിടെ യുണ്ടാകുന്ന നല്ലയിനം കിടാവുകളാണെ ന്നു ബിജു ചൂണ്ടിക്കാട്ടി. ഈ ഫാമിലു ണ്ടാകുന്ന ഒരു പശുക്കിടാവിനെ പോലും നഷ്ടപ്പെടാതെ വളർത്തിയെടുക്കാൻ പ്ര ത്യേക ശ്രദ്ധ നൽകാറുണ്ട്. തന്മൂലം ബിജുവിന്റെ തൊഴുത്തിലെ 90 ശതമാനം പശുക്കളും ഇവിടെ ജനിച്ചുവളർന്നവയും വ്യക്തമായ പൈതൃകചരിത്രമുള്ളവയുമാണ്. 

ഫോൺ: 9495188705

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com