കൈത്താങ്ങായി ക്ഷീര കർഷക ക്ഷേമനിധി

Cow
SHARE

കേരളത്തിലെ ക്ഷീരകർഷകർക്കു പെൻഷനും മറ്റു ധനസഹായങ്ങളും നൽകുന്നതിനു സ്ഥാപിതമായ കേരള ക്ഷീരകർഷകക്ഷേമനിധി ഒന്നര ദശാബ്‌ദം പിന്നിടുകയാണ്. കേരളത്തെ പാലുൽപാദനരംഗത്തു സ്വയംപര്യാപ്‌തമാക്കുക, കൂടുതൽ യുവജനങ്ങളെ ഈ മേഖലയിലേക്ക് ആകർഷിക്കുക, സഹകരണമേഖല ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് 2005 ഒാഗസ്റ്റ്18നു പ്രവര്‍ത്തനമാരംഭിച്ച ക്ഷേമനിധിക്കുള്ളത്.

ക്ഷീര സഹകരണസംഘങ്ങൾ വഴി ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 500 ലീറ്റർ പാൽവിപണനം നടത്തിയിട്ടുള്ള,18 വയസ്സ് പൂർത്തിയായ ക്ഷീര കർഷകർക്കാണ് ക്ഷേമനിധി അംഗത്വത്തിന് അർഹതയുള്ളത്. ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അടിസ്ഥാനയോഗ്യത ക്ഷേമനിധി അംഗത്വമാണ്.

ക്ഷേമനിധിയിൽനിന്ന് അനുവദിക്കുന്ന പ്രധാനപ്പെട്ട ധനസഹായം ക്ഷീരകർഷക പെൻഷനാണ്. ഒരു പുരുഷായുസ്സ് ക്ഷീരവൃത്തിക്കായി സമർപ്പിക്കുന്നവര്‍ക്ക് ജീവിതസായാഹ്നത്തിൽ ഒരു കൈത്താങ്ങ് എന്ന നിലയിലാണ് പെൻഷൻ നല്‍കുന്നത്. ക്ഷീരസംഘങ്ങൾവഴി കുറഞ്ഞത് 5 വർഷം 500 ലീറ്ററിലധികം പാൽവിപണനം നടത്തിയ, 60 വയസ്സ് പൂർത്തിയായ ക്ഷേമ നിധിയംഗത്തിനാണ് െപൻഷൻ അനുവദിച്ചുവരുന്നത്. സ്ഥായിയായ അംഗവൈകല്യം കാരണം ചെറുപ്പത്തിൽ തന്നെ ക്ഷീരവൃത്തിയിൽനിന്നു വിരമിക്കേണ്ടി വരുന്നവർക്ക് 60 വയസ്സ് പൂർത്തിയാകാതെതന്നെ അവശ പെൻഷനും അനുവദിച്ചുവരുന്നു. 

ക്ഷീരകർഷക പെൻഷനുള്ളവര്‍ മരണപ്പെടുമ്പോൾ അനന്തരാവകാശിക്ക് കുടുംബ പെൻഷൻ അനുവദിച്ചുവരുന്നു. ഭാര്യാഭർത്താക്കൻമാർ, പ്രായപൂർത്തിയാകാത്ത മക്കൾ, അവിവാഹിതരായ പെൺമക്കൾ, മാനസിക വൈകല്യമുള്ള മക്കൾ എന്നിവരെയാണ് കുടുംബ പെൻഷന് അനന്തരാവകാശിയായി പരിഗണിക്കുക. ക്ഷീരകർഷകൻ പെൻഷൻ വാങ്ങാതെ മരണപ്പെടുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പാലളവ് അനന്തരാവകാശിക്കു യോഗ്യതയായി പരിഗണിച്ച് പെൻഷൻ അനുവദിക്കും. 

ക്ഷേമനിധിയംഗത്തിന്റെ പെൺമക്കളുടെ വിവാഹത്തിനു ധനസഹായം എന്ന ആനുകൂല്യവുമുണ്ട്. പഠനത്തിൽ മികവു പുലർത്തുന്ന മക്കൾക്കു വിദ്യാഭ്യാസ ധനസഹായവും നല്‍കി വരുന്നു. രോഗപീഡ, അപകടം തുടങ്ങിയ അവസരങ്ങളിലും ക്ഷേമനിധിയില്‍നിന്നു ധനസഹായം ലഭ്യമാണ്. മാരകരോഗങ്ങൾ, സാംക്രമിക രോഗങ്ങൾ, പേപ്പട്ടി–പാമ്പ് വിഷബാധ, ക്ഷീരവൃത്തിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരിക്കുകൾ എന്നിവയുടെ ചികിത്സയ്‌ക്കും സ്ഥിരമായ അംഗവൈകല്യം സംഭവിച്ചവർക്കും ‘ക്ഷീരസുരക്ഷ’ എന്ന പേരിൽ ധനസഹായം നൽകി വരുന്നു. അപകടമരണം സംഭവിക്കുന്ന ക്ഷീരകർഷകന്റെ കുടുംബത്തിനും ഈപദ്ധതിയിലൂടെ ധനസഹായം നൽകുന്നുണ്ട്. ഒാരോ ജില്ലയിലും മാതൃകാപരമായി കാലിവളർത്തി ക്ഷീരോല്‌പാദനം നടത്തുന്നവരെ കണ്ടെത്തി അവാർഡ് നൽകുന്നുമുണ്ട്. 

ക്ഷീരകർഷകരിൽനിന്നും ക്ഷീര സംഘങ്ങളിൽനിന്നും മിൽമയിൽ നിന്നും അംശദായമായി സ്വരൂപിക്കുന്ന തുക ഉപയോഗിച്ചാണ് ക്ഷേമനിധിയുടെ സേവനം. പെൻഷൻ വിതരണത്തിനു സർക്കാർ ധനസഹായമുണ്ട്.

വിലാസം: ക്ഷീരവികസന ഓഫിസർ, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്. ഫോൺ: 9495541251 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA