sections
MORE

ക്ഷീരകർഷകർക്കൊരു പൊതുവേദി ‘സമഗ്ര’

kasargod-cow-center
SHARE

പാലിനു വില കിട്ടുന്നില്ലെങ്കിൽ, ക്ഷീരസംഘത്തിൽ അംഗത്വം നിഷേധിക്കപ്പെട്ടാൽ, നിലവാരമുള്ള ബീജം ലഭിക്കാതെ വന്നാൽ, സർക്കാർ പദ്ധതികൾ പൂഴ്ത്തിവയ്ക്കപ്പെട്ടാൽ – കേരളത്തിലെ ക്ഷീരകർഷകർക്ക് അടുത്തകാലംവരെ ഒന്നും ചെയ്യാനാവുമായിരുന്നില്ല. തൊഴുത്തുവിട്ടു പുറത്തിറങ്ങാനാവാത്ത അവർക്ക് പ്രതിഷേധവും രാഷ്ട്രീയ സ്വാധീനവുമൊക്കെ അന്യമായിരുന്നു. എന്നാൽ സ്ഥിതി മാറുകയാണ്. ചെറുകിടക്കാരായ ക്ഷീരകർഷകർക്കു പിന്തുണയും ആത്മവിശ്വാസവുമായി ഇപ്പോൾ ‘സമഗ്ര’യുണ്ട്.

കേരളത്തിലെ രണ്ടായിരത്തോളം ക്ഷീരകർഷകർ അംഗങ്ങളായ സംഘടനയാണിത്. രണ്ടു വർഷം മുമ്പ് മാളയ്ക്കു സമീപം അഷ്ടമിച്ചിറയിലെ പശുവളർത്തലുകാർ ചേർന്നു രൂപീകരിച്ച പ്രസ്ഥാനത്തിന് ഇപ്പോൾ തൃശൂർ, കാസർകോട്, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ ജില്ലാക്കമ്മിറ്റികളായി. മറ്റു ജില്ലകളിൽ പഞ്ചായത്തുതല യൂണിറ്റുകളുണ്ട്. വൈകാതെ എല്ലാ ജില്ലകളിലും സജീവസാന്നിധ്യമാകാനുള്ള തയാറെടുപ്പിലാണിവർ.

ഒരു ഉത്തരേന്ത്യൻ പഠനപര്യടനവും എ.കെ. ആന്റണിയുമാണ് സമഗ്രയുെട രൂപീകരണത്തിനു വഴി തെളിച്ചതെന്നു സെക്രട്ടറി നാട്ടിക സ്വദേശി ടി.ആർ. വിജയരാഘവൻ പറയുന്നു. ആത്മ ഒരുക്കിയ പഠനപര്യടനത്തിനിടെ, ന്യൂഡല്‍ഹിയില്‍ അദ്ദേഹത്തെ കണ്ട തൃശൂരിലെ ക്ഷീരകർഷകരോടാണ് ‌സംഘടിച്ചു ശക്തിയാർജിക്കാനും സ്വയംപര്യാപ്തത നേടാനും ആന്റണി ഉപദേശിച്ചത്. അങ്ങനെ സമഗ്ര പിറന്നു. 40 പേരാണ് ആദ്യമുണ്ടായിരുന്നത്. ചെറുകിട ക്ഷീരകർഷകരുെട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംഘടനയുെട ശ്രമത്തിൽ ആത്മാർഥതയും അർപ്പണമനോഭാവവും ഒത്തു ചേർന്നതുകൊണ്ടാവണം അവരുെട സംസ്ഥാനതല വേദിയായി സമഗ്ര വളർന്നത്. 

അംഗങ്ങൾ‌ക്കു പ്രശ്നങ്ങളുണ്ടാകുമ്പോൾ ഒത്തുകൂടി പരിഹാരം തേടുന്ന ശൈലിയായിരുന്നു തുടക്കത്തിൽ. പരസ്പരം സഹായിക്കുന്നതിനും അറിവുകൾ പങ്കുവയ്ക്കുന്നതിനും ഇതു സഹായകമായി. എന്നാൽ അംഗസംഖ്യ ഏറിയതോെട ഇത് പ്രായോഗികമല്ലാതായി. തൊഴുത്തിനെയും ഉരുക്കളെയും വിട്ടുനിൽക്കാൻ കഴിയാത്ത ക്ഷീരകർഷകർക്ക് പരിശീലനത്തിനെന്നല്ല, പൊതുചടങ്ങുകളിൽപോലും പങ്കെടുക്കാൻ കഴിയാറില്ലെന്നു വിജയരാഘവൻ. ഈ സാഹചര്യത്തിൽ വിവരങ്ങൾ അപ്പപ്പോൾ അറിയിക്കാനും അറിവുകൾ പുതുക്കാനുമാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. മുൻകൂട്ടി നിശ്ചയിച്ച വിഷയങ്ങളിൽ എല്ലാ തിങ്കളാഴ്ചയും നിശ്ചിത സമയത്ത് വാട്സാപ്പ് ഗ്രൂപ്പ് മുഖേന ക്ലാസുകൾ നടത്തുന്നു. ശബ്ദസന്ദേശമായാവും ഇവയെത്തുക. ആമുഖപ്രസംഗവും സ്വാഗതവും വിദഗ്ധരുെട ക്ലാസുകളും അംഗങ്ങളുെട സംശയനിവാരണവുമൊക്കെ ഇങ്ങനെ നടക്കും. ക്ലാസിനിടയിൽ തന്നെ സംശയങ്ങളും അഭിപ്രായങ്ങളുമൊക്കെ തിരിച്ചയയ്ക്കാം. തൊഴുത്തിലിരുന്നുപോലും പുതിയ അറിവുകൾ നേടാം. വിജ്ഞാനവ്യാപനത്തില്‍ പുതുമാതൃകയൊരുക്കാൻ ഈ വാട്സ് ആപ് ക്ലാസുകൾക്ക് സാധിച്ചിട്ടുണ്ടെന്നു വിജയരാഘവൻ അവകാശപ്പെട്ടു. 

കാലിത്തീറ്റയുെട വിലവർധനയും നിലവാരക്കുറവുമായിരുന്നു സമഗ്ര ഇടപെട്ട മറ്റൊരു മേഖല. ഈ പ്രശ്നത്തിനു പരിഹാരമെന്നവണ്ണം നിലവാരമുള്ള തീറ്റവസ്തുക്കൾ കണ്ടെത്തി ശാസ്ത്രീയ അനുപാതത്തിൽ കൂട്ടിച്ചേർത്ത് അംഗങ്ങൾക്ക് വിതരണം ചെയ്യുന്ന പദ്ധതി ആവിഷ്കരിച്ചു. തമിഴ്നാട്ടിലെ കൃഷിക്കാരിൽനിന്നു വാങ്ങിയ ചേരുവകൾ കേരളത്തിലെത്തിച്ചു മിശ്രിതമാക്കി വിതരണം ചെയ്യുകയായിരുന്നു. ആന്റിബയോട്ടിക്കുകളും മറ്റ് നിഷിദ്ധചേരുവകളുമില്ലാതെ നല്ല പാൽ കിട്ടിയെന്നു മാത്രമല്ല, തീറ്റച്ചെലവ് കുറയുകയും ചെയ്തു. നിർഭാഗ്യവശാൽ സാങ്കേതികപ്രശ്നങ്ങൾ മൂലം നിലവാരം ഉറപ്പാക്കാനാവാതെ പദ്ധതി തല്‍ക്കാലം നിർത്തി. ൈവകാതെതന്നെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സ്വന്തം ബ്രാൻഡ് കാലിത്തീറ്റ ഉൽപാദിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. സമഗ്ര കഴിഞ്ഞ പ്രളയകാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്ഷീരകർഷകർക്ക് സൗജന്യമായി കാലിത്തീറ്റയും വൈക്കോലും ധാതുമിശ്രിതവുമൊക്കെ എത്തിച്ചുനൽകിയത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ദേശീയക്ഷീരവികസന ബോർഡും (എൻഡിഡിബി) വിദേശ ഏജൻസികളും എത്തിച്ചുനൽകുന്ന ഉൽപാദനക്ഷ മതയേറിയ ബീജം സമഗ്ര അംഗങ്ങൾക്ക് ലഭ്യമാക്കും. ഇതിനായി എൻഡിഡിബിയുമായി ചേർന്ന് വിപുലമായ പദ്ധതി നടപ്പാക്കിവരികയാണ്. എല്ലാ യൂണിറ്റുകളിെലയും തിരഞ്ഞെടുക്കപ്പെട്ട ക്ഷീരകർഷകർക്ക് കൃത്രിമ ബീജസങ്കലനത്തിൽ ഒന്നര മാസത്തെ പരിശീലനം നൽകുന്നു. പരിശീലനം പൂർത്തിയാക്കുന്ന ക്ഷീരകർഷകർക്ക് ബീജം സൂക്ഷിക്കാനുള്ള ക്രയോകാനുകൾ എൻഡിഡിബി പകുതി വിലയ്ക്കു നൽകും. മൂല്യവർധിത ഉൽപന്നങ്ങളിലൂെട അധികവരുമാനം ഉറപ്പാക്കാനുള്ള പദ്ധതികൾക്കും സംഘടന പിന്തുണ നൽകുന്നുണ്ട്. ക്ഷീരസംഘങ്ങളിലെ ബിനാമി ഭരണം അവസാനിപ്പിച്ച് അവിടെ യഥാർഥകർഷകർക്ക് പ്രവേശനം നൽകാനും സമഗ്രയുെട ഇടപെടൽ മൂലം സാധിച്ചിട്ടുണ്ട്. നിക്ഷിപ്ത താൽപര്യക്കാർ സംഘത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതും മുടന്തൻ ന്യായങ്ങളുടെ പേരിൽ പാലിനു ന്യായവില നിഷേധിക്കുന്നതുമൊക്കെ ചോദ്യം ചെയ്യാൻ ‘സമഗ്ര’ കൃഷിക്കാരെ സഹായിക്കും. ഇത്തരം ഇടപെടലുകൾ മൂലം പല സ്ഥലങ്ങളിലും ക്ഷീരസംഘങ്ങളുെട പ്രവർത്തനം മെച്ചപ്പെട്ടിട്ടുണ്ട്. 

ഫോൺ: 8547078548 

നഷ്ടപ്പെട്ട മിലിട്ടറി പശുക്കൾ 

മിലിട്ടറി ക്യാമ്പുകളിൽനിന്നു കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന ഉരുക്കളെ കേരളത്തിെല പ്രളയബാധിതരായ ക്ഷീരകർഷകർക്ക് എത്തിച്ചുനൽകാനുള്ള സമഗ്രയുെട ശ്രമം പരാജയപ്പെട്ട കഥയും വിജയരാഘവൻ പങ്കുവച്ചു. പട്ടാളക്യാമ്പുകളിലെ പശുവളർത്തൽ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു ഈ വിറ്റഴിക്കൽ. ശരാശരി 25 ലീറ്റർ ഉൽപാദനക്ഷമതയുള്ള ആയിരക്കണക്കിനു ഫ്രീസ് വാൾ (എച്ച്എഫ്– സഹി വാൾ സങ്കരം) പശുക്കളെയാണ് വിവിധ മിലിട്ടറിക്യാമ്പുകളിൽനിന്നു വിറ്റൊഴിവാക്കിയത്. ഏകദേശം 1,32,000 രൂപ വിലമതിക്കുന്ന പശുക്കളെ കേവലം 1000 രൂപയ്ക്കു നൽകുന്ന പദ്ധതി കൃഷിക്കാർക്ക് വലിയ നേട്ടമാകുമായിരുന്നു. കേരളത്തിലെ പ്രളയബാധിതരായ ക്ഷീരകർഷകർക്ക് ഈ പശുക്കളെ എത്തിച്ചു നൽകുന്നതിനുള്ള പദ്ധതി ‘സമഗ്ര’ തയാറാക്കുകയും അതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. 

കടത്തുകൂലിയും ക്വാറന്റൈനും മറ്റ് സന്നാഹങ്ങൾക്കു വേണ്ട ചെലവുമുൾപ്പെടെ 26,000 രൂപ മാത്രമായിരുന്നു ഒരു പശുവിനു ചെലവാക്കേണ്ടിവരുമായിരുന്നത്. എന്നാൽ ചില ഉദ്യോഗസ്ഥരുടെ കടും പിടിത്തവും ദുരഭിമാനവും മൂലം പദ്ധതി നടപ്പാക്കാനായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇനി ഈ പശുക്കളെ ലഭിക്കാൻ സാധ്യതതീരെയില്ലെന്ന് അദ്ദേഹം പറയുന്നു. മിലിട്ടറിഫാമുകളിലെ പശുക്കൾ ഏറക്കുറെ വിറ്റുതീർന്നുകഴിഞ്ഞു. അതേസമയം ഈ പദ്ധതി ക്ക് മൃഗസംരക്ഷണവകുപ്പ് ഏഴു കോടി രൂപ നീക്കിവച്ചിരിക്കുകയാണ്. ഒരു പശുവിനു 45,000 രൂപയാണത്രെ അവർ ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇല്ലാത്ത പശുവിന്റെ പേരിൽ അഴിമതി നടത്താനേ ഇതിടയാക്കൂ– വിജയരാഘവൻ അഭിപ്രായപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA