ADVERTISEMENT

ശുദ്ധമായ പാൽ കിട്ടണമെങ്കിൽ പശുക്കളെ വളർത്തണമെന്നാണ് നാട്ടിൻപുറത്തെ ചൊല്ല്. ഗോക്കളെ മേയ്ച്ചുനടന്ന ഗോപാലകനായിരുന്നു ശ്രീകൃഷ്ണൻ. പശുക്കളും പശുവളർത്തലും പുരാതനകാലം മുതലേ ഉണ്ടായിരുന്നു. പശുവിനെ വളർത്തി ഉപജീവനം നടത്തുന്ന സംസ്കാരവും നിലനിന്നിരുന്നു. തറവാടുകളുടെ മഹിമ അറിയിക്കാൻ വലിയ ഗോശാലകളും ഉണ്ടായിരുന്നു. ‌

ഇന്ന് ഇവയെല്ലാം അപൂർവമായി മാറിയെങ്കിലും കന്നുകാലികളെക്കൊണ്ട് സമൃദ്ധമാണ് ശബരിമല സന്നിധാനത്തെ ഗോശാല. സന്നിധാനത്തു നിവേദ്യത്തിനും ക്ഷേത്രത്തിലെ മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന പാൽ ലഭിക്കുന്നത് ഈ ഗോശാലയിൽ നിന്നാണ്. കിടാവുകൾ ഉൾപ്പെടെ 25 കാലികളാണ് ഇവിടെയുള്ളത്. 4 എണ്ണം കാളകളാണ്. അയ്യപ്പസ്വാമിയുടെ അഭിഷേകത്തിനു പാൽ ചുരത്താൻ വെച്ചൂർ, സങ്കര ഇനം പശുക്കളുമുണ്ട്.

കൊല്ലത്തെ കശുവണ്ടി വ്യവസായിയും പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി സ്വദേശിയുമായ സുനിൽ സ്വാമിയാണ് അയ്യപ്പസ്വാമിയുടെ അഭിഷേകത്തിനുള്ള പാൽ ലഭ്യമാക്കാൻ സന്നിധാനത്ത് ഗോശാല പണിതുനൽകിയത്. 7 വർഷം മുൻപ് അദ്ദേഹം അയ്യപ്പനു നട‌യ്ക്കുവച്ച പശുക്കൾ പെറ്റുപെരുകിയാണ് ഗോശാല വിപുലമായത്. ഇപ്പോഴും ഗോശാലയ്ക്കുവേണ്ട മുഴുവൻ ചെലവുകളും നടത്തുന്നത് ഇദ്ദേഹമാണ്. പശുക്കൾക്ക് ചൂട് അടിക്കാതിരിക്കാൻ ഫാനുകളും വെളിച്ചം പകരാൻ ലൈറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.

ഇവിടെ കാലികളെ മേയ്ക്കുന്നത് പശ്ചിമബംഗാൾ ഉത്തർഗോപാൽ നഗർ സ്വദേശി ആനന്ദ് സാമന്ത് (40) ആണ്. അയ്യപ്പസ്വാമിയുടെ ഗോശാല കാക്കുവാൻ ലഭിച്ച അവസരം വലിയ പുണ്യമായാണ് ആനന്ദ് സാമന്ത് കാണുന്നത്. പുലർച്ചെ 2 മണിയോടെ ഉണർന്ന് കുളിച്ച് ഗോശാല മുഴുവൻ കഴുകി വൃത്തിയാക്കും. പിന്നെ പശുക്കളെ തീർഥം തളിച്ചു ശുദ്ധിവരുത്തി നിലവിളക്കു കൊളുത്തിയാണ് പാൽ കറന്നെടുക്കുക. പുലർച്ചെ നടതുറക്കും മുൻപ് അഭിഷേകത്തിനുള്ള പാൽ ക്ഷേത്രത്തിൽ എത്തിക്കും. നിർമാല്യ സമയത്താണ് പാൽ അഭിഷേകം. അതിനു പുറമേ അഷ്ടാഭിഷേകത്തിനും ഈ പാലാണ്. മിച്ചം വരുന്ന പാൽ ദേവസ്വത്തിന്റെയും മരാമത്തിന്റെയും ഓഫിസിൽ എത്തിക്കും. പശുക്കൾക്ക് തീറ്റയും വെള്ളവും നൽകിയ ശേഷം അവയെ കുളിപ്പിച്ച് വൃത്തിയാക്കും.

വൈക്കോലും പുല്ലും യഥേഷ്ടം ലഭിക്കുന്നതിനാൽ കന്നുകാലികൾക്ക് ആഹാരത്തിനു മുട്ടില്ല. സീസൺ കഴിഞ്ഞ് ആളൊഴിഞ്ഞതിനാൽ പശുക്കളെ ഗോശാലയിൽ നിന്നു പുറത്തിറക്കി മേയാൻ കൊണ്ടുപോകും. പാണ്ടിത്താവളം ഭാഗത്താണ് അഴിച്ചു വിടുന്നത്. മഴപെയ്ത് പുല്ലുവളർന്നു നിൽക്കുന്നതിനാൽ പച്ചപ്പുല്ലിനും ക്ഷാമമില്ല. അതിനു പുറമേ പുല്ലു സംഭരിച്ചും കൊടുക്കും. നാട്ടിൽ നിന്നു കച്ചിയും കൊണ്ടുവന്ന് സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ലോഡ് കണക്കിനു കാലിത്തീറ്റയാണ് കൊണ്ടുവരുന്നത്. ഇവ വാഹനത്തിൽ പമ്പയിലെത്തിച്ച് അവിടെ നിന്നു ട്രാക്ടറിലാണ് സന്നിധാനത്ത് എത്തിക്കുന്നത്.

ഉച്ചകഴിഞ്ഞ് മൂന്നിന് പാൽ കറന്ന് ക്ഷേത്രത്തിൽ നൽകും. ഗോശാലയോട് ചേർന്നുള്ള മുറിയിലാണ് ആനന്ദിന്റെ കിടപ്പും ഉറക്കവും. ഗോശാലയിൽ കൂട്ടിന് 21 കോഴികളും അഞ്ച് ആടുകളുമുണ്ട്. ഗോക്കൾ പെറ്റുപെരുകുന്നതിനാൽ നിലവിലുള്ള ഗോശാല പുതിയ സ്ഥലത്തേക്ക് മാറ്റണമെന്ന നിർദേശവുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com