ADVERTISEMENT

കേരളത്തിലെ മറ്റൊരു ഡെയറി ഫാമിലെയും പശുക്കൾ ഒരുപക്ഷേ രുചിച്ചിട്ടുപോലുമില്ലാത്ത ഒന്ന് കുഞ്ഞിമൊയ്തീന്റെ ഫാമിലെ മെനു കാർഡിലുണ്ട്; ഒന്നാന്തരം അറേബ്യൻ ഈന്തപ്പഴം. നല്ല മണവും മധുരവുമുള്ള ഈന്തപ്പഴം പശുക്കൾക്കു കൊടുത്താൽ എന്താണു മെച്ചം എന്നു ചോദിച്ചാൽ പാലു കൂടുമെന്നു കുഞ്ഞിമൊയ്തീൻ. ‘അതിന്റെ സയൻസൊന്നും അറിയില്ല, പക്ഷേ സംഗതി നേരാണ്’, കുഞ്ഞിമൊയ്തീന്റെ വാക്കുകൾ.

ഗൾഫിൽനിന്ന് കിലോക്കണക്കിന് ഈന്തപ്പഴം ദിവസേന മലബാറിലേക്കു മാത്രം ഇറക്കുമതി ചെയ്യുന്നുണ്ട്. അക്കൂട്ടത്തിൽ അൽപം ഉടഞ്ഞുപോയ പായ്ക്കറ്റുകളും കാണും. വിലക്കുറവിൽ വാങ്ങുന്ന ഈ ഈന്തപ്പഴമാണ് കുഞ്ഞിമൊയ്തീൻ പശുക്കൾക്കുള്ള തീറ്റമിശ്രിതത്തിൽ ചേർക്കുന്നത്. പശുക്കൾക്ക് ഫാക്ടറി കാലിത്തീറ്റ നൽകുന്നതിൽ പണ്ടേയില്ല താൽപര്യം. പകരം ഒാരോ ഇനവും അനുപാതം നോക്കി ചേർത്ത് ശ്രദ്ധയോടെ തയാറാക്കുന്ന പോഷകത്തീറ്റയാണ് ഗുണകരമെന്നു കുഞ്ഞിമൊയ്തീൻ. പരുത്തിപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എള്ളിൻപിണ്ണാക്ക്, ചോളപ്പൊടി, ബീയർ വെയ്സ്റ്റ്, കപ്പ വെയ്സ്റ്റ് എന്നിവയ്ക്കൊപ്പം അൽപം ഉപ്പും മഞ്ഞൾപ്പൊടിയും മിനറൽമിക്സും ചേർത്തു തയാറാക്കുന്ന തീറ്റമിശ്രിതത്തിലാണ് പ്രോട്ടീൻസമ്പന്നമായ ഈന്തപ്പഴം കൂടി ചേർക്കുന്നത്. 

Diary-farm-1
തീറ്റ തയാറാക്കൽ

ദിവസം രണ്ടു നേരമായി നൽകുന്ന ഈ തീറ്റയും പശുവൊന്നിന് ശരാശരി 30 കിലോ തീറ്റപ്പുല്ലും കൂടി ചേരുമ്പോൾ സമീകൃതാഹാരമായി. തീറ്റയിൽ പരുത്തിപ്പിണ്ണാക്കിന്റെ സ്ഥാനം പ്രധാനമാണെന്നും കുഞ്ഞിമൊയ്തീൻ. പാലുൽപാദനം വർധിപ്പിക്കാൻ പരുത്തിപ്പിണ്ണാക്ക് അവശ്യഘടകമാണ്. 

തീറ്റപ്പുല്ലിന്റെ കാര്യത്തിൽ മികവ് സിഒ5നു തന്നെയെന്നു കുഞ്ഞിമൊയ്തീൻ. നന്നായി വളമിട്ടാല്‍ നന്നായി വളരുന്ന പുല്ലിനം, പശുക്കൾക്ക് നന്നായി രുചിക്കുന്ന മധുരവും മയവും. കോയമ്പത്തൂർ കാർഷിക സർവകലാശാല വികസിപ്പിച്ച സിഒ 5 ഉഷ്ണ മേഖലാപ്രദേശങ്ങൾക്കു യോജിച്ച ഇനമാണ്. നീർവാർച്ചയുള്ള മണ്ണിൽ തനിവിളയായും തെങ്ങിൻതോപ്പിൽ ഇടവിളയായും യോജിച്ച ഇനം. കോഴിക്കുന്നിന്റെ ചെരിവുകളിലാണ് പുൽക്കൃഷി. കുന്നിൻമുകളിലെ ഫാമിൽ നിന്നുള്ള സ്ലറി തീറ്റപ്പുൽത്തോട്ടത്തിലേക്കു ചാലുകീറി തിരിച്ചു വിടും. അതു മാത്രമാണ് ആകെയുള്ള വളപ്രയോഗം. നാലരയേക്കറിലാണ് തീറ്റപ്പുൽക്കൃഷി.

ചെനപിടിക്കാത്ത പശുക്കൾക്ക് കുത്തിവയ്പുകളെക്കാൾ നല്ലത് സ്വാഭാവിക പ്രജനനംതന്നെയെന്നു കുഞ്ഞിമൊയ്തീൻ. ഇങ്ങനെയുള്ള പശുക്കളെ കാളയ്ക്കൊപ്പം ഒരാഴ്ചയോളം വേറെ പാർപ്പിക്കും. തള്ളയും ക്ടാവുമൊക്കെയായി അറുപതോളം പശുക്കളുള്ള ഫാമിൽ നിന്ന് വർഷം കുറഞ്ഞത് മൂന്നു ലക്ഷം രൂപയുടെ ചാണകം വിൽക്കുന്നുണ്ട് കുഞ്ഞിമൊയ്തീൻ. വേനലിൽ അന്നന്നു തന്നെ ചാണകം വെയിലത്തു നിരത്തിയിട്ട് ഉണക്കിയെടുക്കും. വർഷകാലത്ത് വലിയ ടാങ്കിൽ ചാണകം സംഭരിക്കുന്നു, പിന്നീട് വേനലെത്തുമ്പോൾ ജെസിബി ഉപയോഗിച്ച് കോരി വെയിലത്തുണക്കും. ഇങ്ങനെ നിരത്തിയിട്ട് ഉണക്കിയ ചാണകത്തിനു മുകളിലൂടെ ഫാമിൽനിന്നു പാലുകൊണ്ടു പോകാൻ ഉപയോഗിക്കുന്ന പെട്ടി ഒാട്ടോ മൂന്നാലുവട്ടം ഒാടിക്കും. അതോടെ ചാണകം നന്നായി പൊടിഞ്ഞു കിട്ടും. വാരി ചാക്കിലോ പാട്ടയിലോ നിറച്ച് വിൽപനയ്ക്കു വയ്ക്കും. പ്രസവിച്ച ഉടനെയുള്ളവ, ഇടക്കറവയിലുള്ളവ, ഇളം കറവയിലുള്ളവ, പ്രായത്തിനനുസരിച്ച് ഉൽപാദനശേഷിയിൽ ഏറ്റക്കുറച്ചിലുള്ളവ എന്നിവയെല്ലാം പരിഗണിച്ച് ഫാമിലെ പതിവുൽപാദനം സുസ്ഥിരമായി നിലനിർത്താൻ സംരംഭകന്റെ ശ്രദ്ധയും പരിപാലനവും അനിവാര്യമെന്നും കുഞ്ഞിമൊയ്തീൻ. 

ഫോൺ: 9946169786 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com