ADVERTISEMENT

കന്നുകാലികളെ ഇന്ത്യൻവംശം (ബോസ് ഇൻഡിക്കസ്), വിദേശ വംശം (ബോസ് ടോറസ്) എന്നീ ജീവജാതികളായി തരംതിരിക്കാം. ഇന്ത്യൻ വംശജരിൽ 43 ജനുസ്സുകൾ നിലവിലുണ്ട്. അതിലെ പ്രധാന ജനുസ്സാണ് ഗിർ. ചരിത്രാതീതകാലത്തെ ഗുഹാചിത്രങ്ങളിൽ കാണുന്ന വലിയ പൂഞ്ഞയുള്ള കന്നുകാലികളുമായി ഇവയ്ക്കു സാമ്യമുണ്ട്. അതുകൊണ്ടുതന്നെ ഇൗ ജനുസ്സ് ഉരുത്തിരിഞ്ഞത് നീണ്ടകാലത്തെ പ്രകൃതി നിർധാരണത്തിലൂടെയാണെന്ന് കണക്കാക്കാം.

 

ഗുജറാത്തിൽ സൗരാഷ്ട്ര മേഖലയിലെ ഭവനഗർ, ജുനഗഡ്, രാജ്കോട്ട്, അമറേലി ജില്ലകളിലെ കത്തിയവാർ വനമേഖലയും, ഗിർ കുന്നിൻപ്രദേശങ്ങളുമാണ് ഇവയുടെ പ്രജനനകേന്ദ്രങ്ങളായി കണക്കാക്കുന്നത്. ഇൗ മേഖലയിലെ മൊത്തം കന്നുകാലികളിൽ 37% ഗിർ ജനുസ്സിൽപ്പെട്ടവയാണ്. ഇവയുടെ എണ്ണം 9 ലക്ഷത്തിൽ കൂടുതൽ വരും. ഇരുപതാം കന്നുകാലി കാനേഷുമാരി പ്രകാരം ഇന്ത്യയിൽ ലഭ്യമായ ശുദ്ധ ഗിർ ജനുസ്സിലെ കന്നുകാലികൾ 13 ലക്ഷത്തിനുമേലെയാണ്. ഗിർ സങ്കരവർഗം കന്നുകാലികളെക്കൂടി ഉൾപ്പെടുത്തിയാൽ ഇവയുടെ എണ്ണം 50 ലക്ഷത്തിനു മുകളിലാകും. ഇന്ത്യൻ കന്നുകാലി ജനുസ്സുകളിൽ ഹരിയാന ജനുസ്സു കഴിഞ്ഞാൽ ഗിർ ജനുസ്സാണ് ഏറ്റവും കൂടുതൽ.

 

കാഴ്ചയിൽ ഗിർ പശുക്കളുടെ പ്രധാന സവിശേഷത നീളമുള്ള ചുരുണ്ട ചെവികളാണ്. ഇവയ്ക്കു 30 സെന്റി മീറ്ററോളം നീളമുണ്ടാകും. പുറത്തേക്കു തുറിച്ചു നിൽക്കുന്ന നെറ്റിത്തടവും, ഉറങ്ങുന്നതുപോലെ തോന്നിക്കുന്ന കണ്ണുകളും മറ്റു സവിശേഷതകൾ. കറുപ്പുരാശി കലർന്ന ചുവന്ന നിറമാണ് ഗിർ പശുക്കളിൽ കൂടുതലായി കാണുന്നത്. കറുപ്പിനോടടുത്ത മറ്റു നിറങ്ങളും, വെളുത്ത പൊട്ടുകളോ, പാണ്ടുകളോ കൂടിയ നിറങ്ങളും, ദുർലഭമായി പൂർണമായും വെളുത്ത നിറവും ഇവയ്ക്കുണ്ടാകാം. നല്ല വലുപ്പത്തിൽ ഉരുണ്ട അകിടും, താരതമ്യേന നീളമുള്ള മുലക്കാമ്പുകളും ഇൗ ജനുസ്സിന്റെ പ്രത്യേകതകളാണ്. കനത്തിൽ തലയുടെ വശങ്ങളിൽനിന്നുത്ഭവിച്ച്, താഴത്തേക്കും, പിന്നിലോട്ടും വളഞ്ഞ് വീണ്ടും മുകളിലേക്കും മുന്നോട്ടും വളരുന്ന കൊമ്പുകൾ ഇൗ ജനുസ്സിന്റെ മാത്രം സവിശേഷതയാണ്. കൊമ്പുകളുടെ ആകൃതിവച്ച് ഗിർ പശുക്കളെ പലതായി തരംതിരിക്കാറുണ്ട്. താരതമ്യേന വലുപ്പം കുറഞ്ഞ, ബദാം പരിപ്പിന്റെ ആകൃതിയിലുള്ളതാണ് ഇവയുടെ കണ്ണുകൾ. മഞ്ഞ നിറത്തിലുള്ള കണ്ണുകളും വെളുത്ത കൺപീലികളും നല്ല ഗിർ പശുക്കളുടെ ലക്ഷണമല്ല.

 

ഗുജറാത്ത് മേഖലയിൽ ഗിർ പശുക്കളെ പോറ്റുന്നത് നാലോ അഞ്ചോ വിഭാഗത്തിൽപ്പെടുന്ന, നാടോടികളോടു സാമ്യമുള്ള കർഷകരാണ്. ജൂലൈ മുതൽ ഡിസംബർ മാസംവരെ എല്ലാ വർഷവും ഇവർ സൗരാഷ്ട്രയിലുണ്ടാകും. അതിനുശേഷം പുല്ലിനും വെള്ളത്തിനും ക്ഷാമമാകുന്നതോടെ പശുക്കളെയുംകൊണ്ട് യാത്രയാരംഭിക്കും. സ്ഥിരമായ വഴികൾ ഓരോ കന്നുകാലിക്കൂട്ടത്തിനുമുണ്ട്. ഇൗ വഴിയിൽ വിശ്രമങ്ങളും, പാലിന്റെ വിപണനസൗകര്യങ്ങളും കൃത്യമായി ഒരുക്കിയിട്ടുണ്ടാകും. കർഷകരുടെ പാടങ്ങളിലാണ് രാത്രിയിൽ വിശ്രമം. ഇൗ പശുക്കളുടെ ചാണകവും മൂത്രവും പാടശേഖരങ്ങളെ ഫലഭൂയിഷ്ഠമാക്കുന്നു. രാത്രികാലങ്ങളിൽ തങ്ങളുടെ പാടങ്ങളിൽ കന്നുകാലികളെ നിർത്തുന്നതിന് കർഷകർ പശുക്കളുടെ ഉടമസ്ഥർക്ക് ചെറിയ തോതിൽ ധനസഹായം നൽകാറുമുണ്ട്. ഗുജറാത്തിലെ സൗരാഷ്ട്രമേഖലയിൽ വേനൽക്കാലത്ത് 40 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ ഊഷ്മാവ് ഉയരും. ശൈത്യകാലത്ത് ഇത് 11 ഡിഗ്രി സെൽഷ്യസ് വരെ താഴുകയും ചെയ്യും. ഇവ രണ്ടും ഗിർ പശുക്കൾക്കു താങ്ങാനാകും. അതുകൊണ്ടുതന്നെ ചൂടു കൂടുതലുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഗിർ പശുക്കളെ വളർത്താനാകും. 

 

ഗിർ പശുക്കൾക്ക് പൂർണ വളർച്ചയിൽ 350 കിലോയും, മൂരികൾക്ക് 400 മുതൽ 500 കിലോയും ശരീരഭാരമുണ്ടാകും. അതായത്, ഹോൾസ്റ്റീൻ സങ്കരവർഗങ്ങളോട് താരതമ്യപ്പെടുത്താനാകുന്ന ശരീരഭാരം. ഒരു വർഷം പ്രായത്തിൽ മൂരിക്കുട്ടികൾക്ക് 140 കിലോയോളം ശരീരഭാരം ഉണ്ടാകും. അതിനാൽ മാംസാവശ്യത്തിനു വളർത്താനും ഇൗ ജനുസ്സ് നന്ന്.

 

ഗിർ പശുക്കളുടെ തീറ്റരീതികളും വ്യത്യസ്തം. പ്രധാനമായും കാർഷിക ഉൽപന്നങ്ങളാണ് തീറ്റ. വൈക്കോലും, തവിടും, പിണ്ണാക്കും എന്തിന് ഉമിപോലും ഇവ തിന്നും. പോഷകമൂല്യം കുറഞ്ഞ ഇത്തരം തീറ്റകൾ തിന്നും പശുക്കൾക്കു നിലനിൽക്കാം. അതിനാൽ തന്നെ വരൾച്ചയ്ക്കു കേൾവികേട്ടതാണ് ഇതിന്റെ പ്രജനന മേഖലകളെങ്കിലും ഇവ നിലനിൽക്കും. കിലോ മീറ്ററുകളോളം സഞ്ചരിച്ചാണ് പഞ്ഞ മാസങ്ങളിൽ ഇവ വയറു നിറയ്ക്കുന്നത്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽപോലും ഉൽപാദനം നില നിർത്താൻ ഇവയ്ക്കാകുന്നു. അതു തന്നെയാണ് ഇൗ ജനുസ്സിന്റെ പ്രാധാന്യവും.

 

കേരളത്തിൽ സാധ്യമോ?

 

കേരളത്തിലെ സാഹചര്യത്തിൽ ഗിർ പശുക്കൾക്ക് തീറ്റപ്പുല്ലും വൈക്കോലും കൂടാതെ, കൂടുതൽ പരുഷാഹാരങ്ങൾ നൽകാനാവും. കൂടുതൽ ഉൽ പാദനമുള്ള പശുക്കൾക്ക് ഉൗർജ സ്രോതസായി ചോളപ്പൊടിയോ, കഞ്ഞിയോ, അര കിലോവീതം നൽകു ന്നത് ഉൽപാദനം കുറയാതിരിക്കാന്‍ സഹായിക്കും. തീറ്റയിലൂടെ ചെറിയ അളവിൽ ധാതുലവണ മിശ്രിതം നൽകുന്നത് ഗിർ പശുക്കളുടെ ആരോഗ്യപാലനത്തിനും ക്രമത്തിലുള്ള പ്രത്യുൽപാദനത്തിനും സഹായകമാകും.

 

ഗിർ കിടാരികളുടെ ആദ്യപ്രസവം ശരാശരി നാലു വർഷം പ്രായമാകുമ്പോഴാണ്. ഇവയുടെ രണ്ടു പ്രസവങ്ങൾ തമ്മിലുള്ള അന്തരം ശരാശരി 14 മാസമാണ്. ഇതിനു പ്രധാന കാരണം പ്രസവശേഷം മദിലക്ഷണങ്ങൾ കാണുന്നത് നാലു മാസമെങ്കിലും കഴിഞ്ഞാണ് എന്നതാണ്. കൃത്രിമ ബീജാധാനം ഉത്തരേന്ത്യൻ ഗിർ പശുക്കളിൽ കുറവാണ്. നല്ല കട്ടിയുള്ള പാലാണ് ഗിർ പശുവിന്റേത്. കൊഴുപ്പിന്റെ അംശം 4.6 ശതമാനവും 5 ശതമാനത്തിനും ഇടയിലാണ്. കൊഴുപ്പേതര ഖരവസ്തുക്കളും പാലിൽ കൂടുതലായുണ്ട്. പശുക്കളുടെ പാലിൽനിന്നുണ്ടാക്കുന്ന നെയ്യിനും ആവശ്യമേറെ. 

 

ലോകത്തിൽ ഏറ്റവും കൂടുതൽ പാലുൽപാദിപ്പിക്കുന്ന ഗിർ പശുക്കൾ ബ്രസീലിലാണുള്ളത്. ഭവനഗർ രാജാവ് ഒരു നൂറ്റാണ്ട് മുമ്പ് ബ്രസീലിന് സമ്മാനിച്ചതാണ് ഇൗ ഗിർ പശുക്കൾ. രാജാവ് നൽകിയ കൃഷ്ണ എന്ന മൂരിയുടെ സന്തതി പരമ്പരകളാണ് ഇവയത്രയും. അവിടെ ഇവയ്ക്ക് ശരാശരി ഉൽപാദനം 30 മുതൽ 40 ലീറ്റർ വരെയാണെന്ന് അവകാശപ്പെടുന്നു. ഇന്ത്യയിലേക്ക് ഇൗയിടെ ബ്രസീലിൽനിന്ന് ഗിർ മൂരികളുടെ ബീജം ഇറക്കുമതി ചെയ്തു. 

 

കേരളത്തിൽ സ്വകാര്യ മേഖലയിൽ ഗിർ പശു സംരംഭങ്ങൾ നിലവിലുണ്ട്. ഇത്തരം ഫാമുകളിൽ പശുക്കളുടെ ശരാശരി പ്രതിശീർഷ ഉൽപാദനം 5–6 ലീറ്റർ എന്നാണ് കണ്ടിട്ടുള്ളത്. അപൂർവമായി 20 ലീറ്റർ പാൽ ഉൽപാദനമുള്ളവയുമുണ്ടെന്നു മാത്രം.

 

ഗിർ പശുക്കളുടെ പ്രജനനത്തിന് ഗിർ മൂരികളുടെ ബീജം കേരള കന്നുകാലി വികസന ബോർഡ് ഉൽപാദിപ്പിച്ച് തിരഞ്ഞെടുത്ത മൃഗസംരക്ഷണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്നുണ്ട്. പല സ്വകാര്യ ഏജൻസികളിലും ബീജം ലഭ്യമാണ്. വലിയ ഫാമുകളിൽ വിത്തുമൂരികളെക്കൊണ്ട് ഇണ ചേർക്കുന്ന രീതിയാണുള്ളത്. ഗിർ പശുക്കളുടെ പാലിന് പ്രത്യേക വിപണി കണ്ടുപിടിക്കാനായാൽ കൂടുതൽ വരുമാനം ഉറപ്പാക്കാൻ കഴിയും. തനതു ജനുസ്സുകൾ ഉൽപാദിപ്പിക്കുന്ന പാലിനു മികച്ച വില നൽകാൻ ഉപഭോക്താക്കൾ തയാറാകുമെന്നതുതന്നെ കാരണം. 

 

കന്നുകാലി പ്രജനനനയത്തിൽ ഇൗയിടെയുണ്ടായ മാറ്റങ്ങൾ ഇന്ത്യൻ തനതു ജനുസ്സുകളെ പോറ്റാൻ പ്രോത്സാഹിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇന്ത്യൻ ജനുസ്സുകളിൽ പാലുൽപാദനത്തിന് യോജ്യമായ ഗിർ പോലെയുള്ള ജനുസ്സുകൾ കേരളത്തിൽ വരുംകാലങ്ങളിൽ പ്രചാരത്തിലാകും എന്നുറപ്പ്.

 

വിലാസം: പ്രഫസർ, വെറ്ററിനറി കോളജ്, മണ്ണുത്തി. ഫോൺ‌: 94473 52616. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com