ADVERTISEMENT

പാൽ ചുരത്തുന്നതു മിൽമയല്ലെന്നും അരി ഉൽപാദിപ്പിക്കുന്നതു മാർജിൻ ഫ്രീ മാർക്കറ്റുകളല്ലെന്നും മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾക്ക് ഇന്നറിയാം. ഇതൊന്നുമറിയാത്ത തലമുറയാവരുത് ഇവിടെനിന്നു പഠിച്ചു പുറത്തിറങ്ങുന്നത് എന്ന നിർബന്ധമുണ്ട് സ്കൂൾ മാനേജ്മെന്റിനും. കൃഷി ഇഷ്ടപ്പെടുന്ന കുട്ടികളും പാഠ്യവിഷയത്തിനു നൽകുന്ന അതേ പ്രാധാന്യം കൃഷിപരിശീലനത്തിനു നൽകുന്ന സ്കൂൾ അധികൃതരും കാർഷിക കേരളത്തിനു നൽകുന്ന സന്ദേശവും ഇതുതന്നെ.

രാജ്യാന്തര സംരംഭകരായ ഇറാം ഗ്രൂപ്പിന്റെ കീഴിൽ, ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദിഖ് അഹമ്മദിന്റെ മാതാവിന്റെ സ്മരണാർഥം പ്രവർത്തിക്കുന്ന പാലക്കാട് കൊപ്പത്തെ മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂൾ, കൃഷിപഠനത്തിൽകൂടി ശ്രദ്ധവയ്ക്കുന്നത് രണ്ടു വർഷം മുമ്പാണ്.  1500 ലേറെ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന്റെ 16 ഏക്കർ ക്യാംപസിൽ പച്ചക്കറിക്കൃഷിക്കായി ആദ്യഘട്ടത്തിൽ ഒരുക്കിയത് രണ്ടരയേക്കർ സ്ഥലം. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ കാർഷിക ക്ലബുകൾ രൂപീകരിച്ച് ഒാരോ വിഭാഗത്തിനും സ്ഥലവും വിളയും നിശ്ചയിച്ചു കൃഷിത്തുടക്കം.

school-1
ചെറുതേനീച്ച വളർത്തലിൽ പരിശീലനം

അച്ചടക്കം ആരോഗ്യം

കൃഷി മുന്നേറിയപ്പോൾത്തന്നെ കൃഷിക്കൊപ്പമോ അതിലേറെയോ ശ്രദ്ധ, കൃഷിയിലൂടെ കൈവരുന്ന സ്വഭാവ രൂപീകരണത്തിനു നൽകി എന്നതാണ് മറിയുമ്മ മെമ്മോറിയൽ സ്കൂളിനെ വ്യത്യസ്തമാക്കുന്നത്. കൃഷിപരിശീലനം വഴി അച്ചടക്കവും അധ്വാനശീലവും വിദ്യാർഥികളിൽ വളർത്താനുള്ള ശ്രമം. കുറഞ്ഞ കാലംകൊണ്ടുതന്നെ അതു ഫലം കണ്ടുവെന്ന് അധ്യാപകർ. ക്ലാസിനകത്തും പുറത്തും അച്ചടക്കവും ഒൗചിത്യബോധവും വർധിച്ചു.  

‘‘പൊതുവെ ഹയർ സെക്കൻഡറി, ഹൈസ്കൂൾ തലങ്ങളിലുള്ള കുട്ടികളിൽ ടീനേജ് പ്രായത്തിന്റെ ഊർജവും ഉത്സാഹവും നിറഞ്ഞു നിൽക്കും. പുതിയ കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളിലും പുതിയ കൂട്ടുകാരെ കണ്ടെത്തുന്നതിലും താൽപര്യം വർധിക്കുന്ന കാലമാണിത്. ഇത്തരം ഇടപെടലുകൾ ചിലപ്പോഴെങ്കിലും ലഹരിപോലുള്ള ദുശ്ശീലങ്ങളിലേക്കും മോശം കൂട്ടുകെട്ടുകളിലേക്കും കുട്ടികളെ കൊണ്ടുചെന്നെത്തിക്കും. അത്തരം സൂചനകൾ ശ്രദ്ധയിൽപ്പെട്ടതോടെ അതിനും പരിഹാരമായി ഞങ്ങൾ കൃഷിയെ കണ്ടു. ഒഴിവുസമയങ്ങൾ കൂട്ടുകാരുമായി ചേർന്ന് കൃഷി യിടത്തിൽ ചെലവിടുന്നതു വഴി കുട്ടികളിലെ അധിക ഊർജം ഗുണപരമായി വിനിയോഗിക്കാൻ കഴിയും’’. സ്കൂൾ അധികൃതരുടെ വാക്കുകൾ.              

കൊപ്പത്തെ കൃഷിയിടങ്ങൾ സന്ദർശിച്ചും പ്രദേശത്തെ പ്രമുഖ കർഷകരുമായി സംവദിച്ചും അവർക്കൊപ്പം കൃഷിപ്പണികളിൽ പങ്കു ചേർന്നുമാണ് ഇന്ന് മറിയുമ്മ സ്കൂളിലെ കുട്ടികളുടെ കൃഷിപഠനം. കൊപ്പത്തെ പാരമ്പര്യ ൈജവകർഷകനായ നാരായണൻ മാസ്റ്റർ, പൈതൃക വിത്തിനങ്ങളുടെ സംരക്ഷകനായ മോഹൻ ചെറുകോട്, സമ്മിശ്ര കർഷകനായ രാജൻ തുടങ്ങി മുതിർന്ന കർഷകർ കൃഷിക്ലാസ്സുകൾ നയിക്കാൻ സ്കൂളിലുമെത്തും. കൊപ്പം കൃഷി ഓഫിസർ എസ്.എൽ. ലീനയുൾപ്പെടെ കാർഷിക വിദഗ്ധരുമുണ്ട് കുട്ടികൾക്കൊപ്പം. 

school-2
കൃഷിയിടങ്ങൾ സന്ദർശിച്ചും പഠനം

കൃഷി കാണാനും പഠിക്കാനുമായി സ്കൂളിലെ കൃഷിക്ലബ് അംഗങ്ങൾ ഇന്ന് കൊപ്പം ഗ്രാമത്തിനു പുറത്തേക്കും യാത്ര പോകുന്നു. നെൽപ്പാടവും പച്ചക്കറിക്കൃഷിയും പശുത്തൊഴുത്തും തേനീച്ച വളർത്തലുമെല്ലാം കൃഷിയിടത്തിൽനിന്നുതന്നെ പരിചയിക്കുന്നു വിദ്യാർഥികൾ. 

പൈനാപ്പിളും പാഷൻ ഫ്രൂട്ടും പച്ചക്കറിയിനങ്ങളും മത്സ്യവുമുൾപ്പെടെ ഒട്ടേറെ ഇനങ്ങൾ ഇവർ ക്യാംപസിൽത്തന്നെ വിളയിക്കുന്നു. ഒപ്പം മഴവെള്ള സംഭരണവും മാലിന്യസംസ്കരണവുംപോലുള്ള കാര്യങ്ങള്‍ കുട്ടികളെ പരിശീലിപ്പിക്കുന്നുമുണ്ട്.  

കഴിഞ്ഞ ജനുവരിയിൽ, സന്നദ്ധ സംഘടനയായ സിസ്സ (Centre for Innovationin Science & Social Action)യുമായി ചേർന്ന്  കേരള സ്കൂൾ അഗ്രി ഫെസ്റ്റും നടത്തി മറിയുമ്മ മെമ്മോറിയൽ സ്കൂൾ. കാർഷികോൽപന്നങ്ങൾ പരിചയപ്പെടുത്തിയും കൃഷിയനുഭവങ്ങൾ പങ്കുവച്ചും രണ്ടു ദിവസം പല സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ ഒത്തുകൂടി. കൃഷി ഒന്നുകൂടി ഉഷാറാക്കാനും കൂടുതൽ പേര്‍ കൃഷിക്ലബിൽ ചേരാനും ഈ പരിപാടി ഉപകരിച്ചെന്നു വിദ്യാർഥികൾ. അതുകൊണ്ടുതന്നെ കൂടുതൽ സ്കൂളുകളെ പങ്കെടുപ്പിച്ച് വീണ്ടും അഗ്രിഫെസ്റ്റ് നടത്താനുള്ള തയാറെടുപ്പിലാണ് ഇവര്‍.  

‘വാങ്ങൽശേഷി വർധിച്ചു വരുന്ന സമൂഹമാണ് കേരളം. ഉൽപാദനം കുറയുകയും ഉപഭോഗം വർധിക്കുകയും ചെയ്യുന്നു. ഈ ഉപഭോക്തൃ സംസ്കാരം കുട്ടികളിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. പുറത്തു പോയി ഭക്ഷണം കഴിക്കാനും ആഡംബരവസ്തുക്കൾ വാങ്ങിക്കൂട്ടാനും താൽപര്യപ്പെടുന്നവരാണ് ഇന്നത്തെ കുട്ടികള്‍. ഈ മനോഭാവത്തിൽ മാറ്റം വരാനും സ്വാശ്രയബോധം വളരാനും ഏറ്റവും ഫലപ്രദം കൃഷിപാഠങ്ങൾതന്നെ’യെന്ന് മറിയുമ്മ മെമ്മോറിയൽ സ്കൂളിലെ അധ്യാപകർ ഒരേ സ്വരത്തിൽ പറയുന്നു.

എല്ലാരും പാടത്തേക്ക്

പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ കൃഷിവകുപ്പും പദ്ധതി തുടങ്ങുന്നു; പാഠം ഒന്ന് പാടത്തേക്ക്. സ്കൂൾതലത്തിൽവച്ചുതന്നെ കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുകയാണു ലക്ഷ്യം. പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്കൂളിലെ കാർഷിക ക്ലബുകളുടെ നേതൃത്വത്തിലായിരിക്കും കൃഷി പരിശീലനമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ. അതത് പ്രദേശത്തെ കൃഷിഭവനുകളും ഇക്കാര്യത്തിൽ സ്കൂളുകൾക്ക് ആവശ്യമായ സഹായങ്ങൾ നൽകും.

ഫോൺ: 9747060700   

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com