ADVERTISEMENT

ചുരുങ്ങിയ കാലംകൊണ്ട് അലങ്കാരമത്സ്യപ്രേമികൾക്കിടയിൽ സ്ഥാനം മെച്ചപ്പെടുത്തിയ മത്സ്യയിനമാണ് ഗപ്പി. തായ്‌ലൻഡ്, വിയറ്റ്‌നാം, ഇന്തോനേഷ്യ, തായ്‌വാൻ, ചൈന എന്നിവിടങ്ങളിൽ വികസിപ്പിക്കുന്ന പുതിയ ഇനങ്ങൾ വൈകാതെതന്നെ കേരളത്തിൽ ലഭ്യമാകുന്നുണ്ട്. 25-50 രൂപ നിരക്കിൽ കടകളിൽ ലഭ്യമായിരുന്ന ഗപ്പിയുടെ വിപണനം ഇപ്പോൾ പ്രധാനമായും സോഷ്യൽ മീഡിയ വഴിയാണ്. പുതിയ ഇനങ്ങൾക്ക് ആയിരങ്ങളും പതിനായിങ്ങളും വരെ വിലയും വരും.

ഇന്ത്യയിൽ ഗപ്പി ഉത്പാദനത്തിൽ മറ്റു സംസ്ഥാനങ്ങളെക്കാളും കേരളം ബഹുദൂരം മുന്നിലാണ്. വിദേശരാജ്യങ്ങളിൽ നടക്കുന്ന മാതൃകയിൽ ഗപ്പി പ്രദർശനങ്ങൾ ഇന്ന് ഇന്ത്യയിലും സംഘടിപ്പിക്കുന്നു. ‌കേരളത്തിലെ കാലാവസ്ഥ, ജലലഭ്യത എന്നിവ ഇവയ്ക്ക് അനുയോജ്യമാണെന്നത് ഗപ്പിയുടെ പ്രജനന, വിപണന മേഖലകളിലെ സാധ്യതകൾ തുറന്നുതരികയാണ്.

ഗപ്പി വളർത്തുന്ന മിക്കവർക്കും അതിന്റെ ഗുണമേന്മയെക്കുറിച്ച് ഏറെ അറിവുണ്ട്. സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചരണം ഇക്കാര്യത്തിൽ ഏറെ സഹായിച്ചിട്ടുണ്ട്. കാർഷികമേഖലയിലെ മറ്റ് ഉൽപന്നങ്ങൾ പോലെ ഇതിലും മൂല്യവർധന സാധ്യമാണ്. ഗപ്പികളെ ഉൽപാദിപ്പിച്ചു കടകളിലും മറ്റും വിറ്റുകിട്ടുന്നതിലേറെ മൂല്യം ഇവയെ ജനിതക ഗുണം നിലനിർത്തി ഉൽപാദിപ്പിക്കുന്നതിലൂടെ ലഭിക്കും.

ലൈൻ ബ്രീഡിങ് (Line Breeding) എന്ന മാർഗത്തിലൂടെ ഇതു സാധ്യമാണ്. എന്നാൽ, ഇതിനു ചില മാനദണ്ഡങ്ങൾ പാലിക്കണം. ജനിതകശുദ്ധിയും ഗുണ നിലവാരമുള്ളതുമായ ബ്രൂഡ് സ്റ്റോക്ക് ഉൽപാദിപ്പിക്കുന്നതുവഴി ആഭ്യന്തര – രാജ്യാന്തര വിപണിയാണ് തുറക്കപ്പെടുന്നത്.

ഇതിലൂടെ നേടാവുന്ന ചില ഗുണവശങ്ങൾ

1. ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം വിദേശ മത്സ്യങ്ങളോട് കിടപിടിക്കുന്നതാണെന്ന സ്ഥിതി വന്നാൽ ഇവയിലൂടെ അധിക മൂല്യം നേടാം.

2. പരിശ്രമം ഉണ്ടെങ്കിൽ ഇവിടെ ഉൽപാദിപ്പിക്കുന്ന മത്സ്യങ്ങൾ ഗപ്പി പ്രദർശനങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചേക്കാം. 

3. ഗപ്പികളിൽ അനുഭവപ്പെടുന്ന ഗുണനിലവാര ശോഷണവും അതിലൂടെ വിലയിൽ ഉണ്ടാകുന്ന ഇടിവും ഒഴിവാക്കാം.

4. ഒരിക്കൽ വാങ്ങിയ മുന്തിയ നിലവാരത്തിലുള്ള മത്സ്യങ്ങളുടെ ഗുണവും മൂല്യവും ഏറെ കാലം നിലനിർത്താം.

വിദേശ രാജ്യങ്ങളിലെ പ്രമുഖ ഫാമുകളെല്ലാം ലൈൻ ബ്രീഡിങിലൂടെയാണ് ഗുണനിലവാരം നിലനിർത്തുന്നത്. പുതിയ ഇനം വികസിപ്പിച്ചാലും ലൈൻ ബ്രീഡിങ്ങിലൂടെ മാത്രമേ അതിലെ അടുത്ത തലമുറയിൽ നിലവാരം നിലനിർത്തും എന്നു ഉറപ്പിക്കാൻ സാധിക്കൂ.

ലൈൻ ബ്രീഡിങ്ങിലെ എല്ലാ വശങ്ങളും അടുത്ത അധ്യായത്തിൽ (31–10–2019)വായിക്കാം.

(അലങ്കാരമത്സ്യമേഖലയിൽ ദീർഘനാളത്തെ പ്രവൃത്തിപരിചയമുള്ളയാളാണ് ലേഖകൻ. ആലപ്പുഴയിൽ അക്വാ ഗാർഡൻസ് എന്ന പേരിൽ ഫാം നടത്തുന്ന അദ്ദേഹം രണ്ടു വർഷമായി ഗപ്പികളുടെ ലൈൻ ബ്രീഡിങിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com