ADVERTISEMENT

ആൾതാമസമില്ലാത്ത മുപ്പതോളം ഏക്കർ കൃഷിയിടങ്ങൾക്കു നടുവിലെ കുന്നിനു മുകളിലായാണ് ബിന്ദുവിന്റെ ഫാം. രണ്ടു കിലോമീറ്റർ ഓഫ് റോഡ് ഡ്രൈവിനുശേഷം ഒരു കിലോമീറ്റർ നടക്കേണ്ടിവന്നു ഫാമിലെത്താൻ. ജീപ്പ് പോലുള്ള വലിയ വാഹനങ്ങൾ മാത്രമെ ഫാമില‌െത്തുകയുള്ളൂ. ഉറക്കെ നിലവിളിച്ചാൽ പോലും ആരെങ്കിലും എത്തണമെങ്കിൽ പ്രയാസമാണ്. ഏറ്റവും അടുത്തുള്ള ഒന്നോ രണ്ടോ അയൽക്കാർക്കുപോലും ഇവിടെയെത്താൻ കല്ലും കുഴിയും നിറഞ്ഞ ഫാം റോഡിലൂട‌െ ഒരു കിലോമീറ്റർ സഞ്ചരിക്കണം. ഇവിടെ ഫാം നടത്താൻ സാധ്യമല്ലെങ്കിൽ കേരളത്തിൽ ഒരിടത്തും ഒരു ഫാമും നടത്താൻ സാധിക്കില്ലെന്നു വ്യക്തം. അത്ര വിജനമായ പ്രദേശം. 

ഇവിടെ ഓടിട്ട ഒരു ചെറിയ വീട്ടിൽ തനിയെ താമസിച്ചാണ് ബിന്ദു ഫാം നടത്തിവന്നത്. പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് സഹോദരൻ കൂട്ടിനെത്തിയിട്ടുണ്ട്. ഭർത്താവ് ബിജു അമേരിക്കയിലാണ് ജോലി ചെയ്യുന്നത്. ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന ബിന്ദു രണ്ടു വർഷത്തെ അമേരിക്കൻ വാസത്തിനു ശേഷം സ്വപ്നപദ്ധതിയായ ഫാം ഹൗസ് യാഥാർഥ്യമാക്കാൻ ഇവിടെയെത്തിയത് 2017 ഡിസംബറിൽ മാത്രം. ഫാമിനോടു ചേർന്ന് ഒരു ചെറിയ അരുവി കാണാം. എന്നാൽ മലിനീകരണം ആരോപിക്കപ്പെടുന്ന നദീഭാഗം ഒരു കിലോമീറ്ററിലേറെ മാറിയാണെന്നു ബിന്ദു പറയുന്നു.

കോടതിയുടെ നിർദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്നാണ് വണ്ണപ്പുറം പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട്. കെട്ടിടം നിർമിക്കാനുള്ള പെർമിറ്റോ മലിനീകരണ നിയന്ത്രണബോർഡിന്റെ അനുമതിയോ ബിന്ദുവിന്റെ ഫാമിനുണ്ടായിരുന്നില്ല. തോട്ടിലെ വെള്ളം മലിനമാക്കുന്നതായി അവർ‌ക്കെതിരേ പരാതിയുമുയർന്നിരുന്നു. ഇതിനെതിരേ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫാമിന്റെ പ്രവർത്തനം തടഞ്ഞത്. ഡിവിഷൻ ബഞ്ചിൽ അവർ നൽകിയ പരാതിയും സ്വീകരിക്കപ്പെട്ടില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ കേസ് നടത്തിപ്പിലെ അപാകത മൂലമാണ് തനിക്കെതിരേ ഇടക്കാല ഉത്തരവുണ്ടായതെന്നും വിചാരണവേളയിൽ യാഥാർഥ്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ബിന്ദു പറയുന്നു. കോടതിയുടെ ഉത്തരവ് പാലിക്കാൻ താൻ സന്നദ്ധയായിരുന്നു. പഞ്ചായത്തിന്റെ കണക്കിൽ നാനൂറോളം പന്നികളുള്ള ഫാമാണിത‌്. അവയിൽ രോഗം ബാധിച്ചവയും ഗർഭാവസ്ഥയിലുള്ളവയുമുണ്ട്. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ സ്വന്തം ഫാമിൽ നിന്നു പന്നികളെ തന്റെ അസാന്നിധ്യത്തിൽ ധൃതഗതിയിൽ നീക്കിയതിലാണ് ബിന്ദുവിന്റെ പരാതി.

ലൈസൻസ് ഇല്ലാതെ ഫാം തുടങ്ങിയതല്ലേ പ്രശ്നങ്ങളുടെ അടിസ്ഥാനം?

വിദേശത്തുനിന്നെത്തിയ എനിക്ക് അറിവില്ലായ്മ മൂലം സംഭവിച്ച അബദ്ധമാണത്. എന്നാൽ വൈകാതെ തന്നെ അതു തിരുത്താൻ ശ്രമിക്കുകയും ചെയ്തു. 2017 ഡിസംബറിൽ അവധിക്ക് നാട്ടിലെത്തിയപ്പോൾ ഫാം നിർമാണം ഏറെക്കുറെ പൂർത്തിയാവുകയും മണ്ണുത്തി ഫാമിൽനിന്ന് പന്നിക്കുഞ്ഞുങ്ങളെ അനുവദിച്ചതായി അറിയിപ്പ് വരികയും ചെയ്തു. അവധിക്കു വന്ന ഞാൻ തിരികെ പോകേണ്ടെന്നു തീരുമാനിച്ച് ഫാം നടത്തിത്തുടങ്ങിയത് പ്രസ്തുത സാഹചര്യത്തിലാണ‌്. തൊട്ടുപിന്നാലെ ശാസ്ത്രീയപന്നിവളർത്തൽ സംബന്ധിച്ച് വെറ്ററിനറി സർവകലാശാലയുടെ പരിശീലനം നേടിയപ്പോഴാണ് ലൈസൻസിനെക്കുറിച്ച് അറിയാനിടയായത്. ഉടന്‍ അതിനായി അപേക്ഷ നൽകിയെങ്കിലും മലിനീകരണ നിയന്ത്രണബോർഡിന്റെ ക്ലിയറൻസും പട്ടയവും വേണമായിരുന്നു.

2018 ഡിസംബറിൽ 60,000 രൂപ ഫീസടച്ച് അതിനായി അപേക്ഷ നൽകിയെങ്കിലും അവർ ആദ്യസന്ദർശനത്തിനെത്തിയത് ഏഴു മാസത്തിനു ശേഷം മാത്രമായിരുന്നു. മലിനീകരണം കണ്ടെത്താനായില്ലെങ്കിലും നാട്ടുകാരുടെ പരാതി നിലനിൽക്കുന്നെന്ന പേരിൽ അവർ സർട്ടിഫിക്കറ്റ് തന്നില്ല. ഇതാണ് ലൈസൻസ് ഇല്ലാതെ പോയ സാഹചര്യം.

bindhu
ബിന്ദുവിന്റെ പന്നി ഫാം. ബയോഗ്യാസ് പ്ലാന്റും സ്ലറി ശേഖരിക്കുന്ന ടാങ്കുകളും കാണാം.

മലിനീകരണനിയന്ത്രണത്തിനുള്ള എന്തൊക്കെ സംവിധാനങ്ങളാണ് ഫാമിലുള്ളത്?

മലിനീകരണനിയന്ത്രണ ചട്ടപ്രകാരം പാലിക്കേണ്ട എല്ലാ നിബന്ധനകളും അതിലേറെയും ഇവിടെ നടപ്പാക്കിയിട്ടുണ്ട്. വലിയ രണ്ട് ബയോഗ്യാസ് പ്ലാന്റുകളും അവയിലെ സ്ലറി സംസ്കരിക്കുന്നതിനായി മൂന്ന് അറകളോടു കൂടിയ ട്രീറ്റ്മെന്റ് പ്ലാന്റും പ്ലാൻറിൽനിന്നു പുറത്തുവരുന്ന വെള്ളം സംഭരിക്കാൻ മൂന്നാമതൊരു ടാങ്കും ഇവിടെയുണ്ട്. ഈ ടാങ്കിൽ നിന്നു മണൽനിറച്ച ഒരു കുഴിയിലേക്കാണ് വെള്ളം ഒഴുക്കിവിടുന്നത്. കുഴിയിലൂടെ ഭൂമിക്കടിയിലേക്ക് ഈ വെള്ളം താഴുന്നു. ഇത്രയേറെ സന്നാഹങ്ങളുള്ള അധികം ഫാമുകൾ ഇടുക്കി ജില്ലയിൽ പോലും വിരളമായിരിക്കും. മലിനീകരണ നിയന്ത്രണബോർഡിലെ വിദഗ്ധര്‍ വന്നപ്പോൾ നിർദേശിച്ചതനുസരിച്ച് പ്ലാസ്റ്റിക് റീസൈക്ലിങ്ങിനും ഖരമാലിന്യ സംസ്കരണത്തിനും സംവിധാനങ്ങളുണ്ടാക്കി. രണ്ടു സന്ദർശനങ്ങളിലായി അവർ നിർദേശിച്ച ചെറുപരിഷ്‍കാരങ്ങളൊക്കെ പാലിക്കാൻ ശ്രമിച്ചിട്ടുണ്ട്. നിബന്ധനപ്രകാരം ആവശ്യമില്ലെങ്കിലും പ്രശ്നങ്ങൾ ഒഴിവാക്കണമെന്ന ആഗ്രഹത്തിലാണ് ഇതൊക്കെ ചെയ്തത്.

പട്ടയമില്ലാത്ത സ്ഥലത്താണ് ഫാം എന്നും ആരോപണമുണ്ടല്ലോ?

പട്ടയത്തിനായി അപേക്ഷ നൽകിയശേഷം സംയുക്തപരിശോധനയ്ക്കായി കാത്തിരിക്കുകയായിരുന്ന മൂന്ന് കൃഷിയിടങ്ങളാണ് ഞങ്ങൾ വാങ്ങിയത്. സ്ഥലം വാങ്ങുമ്പോൾ പട്ടയമില്ലായിരുന്നെങ്കിലും ഫാം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് ഇപ്പോൾ എന്റെ പേരിൽ പട്ടയമുണ്ട്. സംയുക്തപരിശോധനയുടെ അടിസ്ഥാനത്തിൽ നടപടിക്രമങ്ങൾ പാലിച്ച് നിയമാനുസൃതം നേടിയതാണത്.

ലൈസൻസ് ഇല്ലാത്ത ഫാമിനെതിരേ നടപടി വരുന്നത് സ്വാഭാവികമല്ലേ?

വണ്ണപ്പുറം പഞ്ചായത്തിൽ മാത്രം ഇരുന്നൂറോളം പന്നിഫാമുകളുണ്ടെങ്കിലും ഒരു ഫാമിനു മാത്രമാണ് ലൈസൻസുള്ളത്. ഇരുന്നൂറിലേറെ പന്നികളുള്ള 65 ഫാമുകളുണ്ട്. പലതും അഞ്ഞൂറിലേറെ പന്നികളെ വളർത്തുന്നവ. കാർഷികോൽപന്നങ്ങളുടെ വിലത്തകർച്ചയെതുടർന്ന് സ്ഥിരവരുമാനത്തിനായി പന്നിവളർത്തലിനെ ആശ്രയിക്കുന്ന ഒട്ടേറെ കൃഷിക്കാർ ഇടുക്കിജില്ലയിലുണ്ട്. അവരുടെ താൽപര്യങ്ങൾ പോലും മറന്നാണ് കർഷകപാർട്ടി എന്ന് അവകാശപ്പെടുന്നവർ ഭരിക്കുന്ന പഞ്ചായത്തിലെ ഭരണസമിതി ഈ പ്രശ്നത്തിൽ നിലപാടെടുത്തത്. ലൈസൻസ് കിട്ടണമെങ്കിൽ മലിനീകരണ നിയന്ത്രണബോർഡിന്റെ സർട്ടിഫിക്കറ്റ് വേണം. നിബന്ധനകളെല്ലാം പാലിച്ചിട്ടുണ്ടെങ്കിലും ചിലർ പരാതി ഉന്നയിച്ചതിന്റെ പേരിൽ സർട്ടിഫിക്കറ്റ് തരില്ലതാനും. എതിർപ്പിനാവട്ടെ സത്യസന്ധമായ അടിസ്ഥാനമൊന്നുമില്ല. ഇതാണ് സ്ഥിതി. അസൂയയും നിക്ഷിപ്തതാൽപര്യങ്ങളുമുള്ള ചിലർ ഏതാനും ആളുകളെ കൂട്ടിയാൽ ഈ നാട്ടിൽ കാർഷിക സംരംഭവും പൂട്ടാമെന്നു വരുന്നത് കഷ്ടം തന്നെ. പാലാക്കാരിയായ എനിക്ക് ഗൾഫിലും അമേരിക്കയിലുമുണ്ടാകാത്ത വിവേചനമാണ് തൊടുപുഴയിലെത്തിയപ്പോൾ നേരിടേണ്ടിവന്നത്. ലോകമെങ്ങും മക്കളെ ജോലിക്കയക്കുന്ന മലയാളിക്കു ചേർന്നതല്ല ഇത്.

bindhu-1
ഫാമിലെ പന്നികൾ

ഒരു രാഷ്ട്രീയപാർട്ടി പോലും പിന്തുണ നൽകിയില്ലേ?

എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് നാടിനു പ്രയോജനപ്പെടുന്ന ഒരു സംരംഭം നടത്താനാണ് ഞങ്ങൾ ഉദ്ദേശിച്ചത്. പതിനെട്ടുവർഷം കഷ്ടപ്പെട്ടു സമ്പാദിച്ച ഏറക്കുറെ മുഴുവൻ തുകയും ഇവിടെ ചെലവഴിച്ചുകഴിഞ്ഞു. ഇവിടേയ്ക്കു റോഡുണ്ടാക്കാനും കെട്ടിടം പണിയാനും മാത്രം 60 ലക്ഷം രൂപ ചെലവാക്കിയതിന്റെ കണക്കുണ്ട്. സ്ഥലത്തിനും പന്നികൾക്കും നൽകിയ വില അതിനു പുറമെയാണ്. അമേരിക്കയിൽ നിന്ന് ഭർത്താവ് പണം അയച്ചാലേ ഇനി മുന്നോട്ടുനീങ്ങാനാവൂ. എന്തുകൊണ്ടാണ് മറ്റാരോടും കാണിക്കാത്ത പകയും വൈരാഗ്യവും എന്നോടു കാണിക്കുന്നതെന്നു മനസ്സിലാകുന്നില്ല. ഏറ്റവും നല്ല രീതിയിൽ ഫാം നടത്താനും എല്ലാ രാഷ്ട്രീയക്കാരോടും നാട്ടുകാരോടും സഹകരിക്കാനും ശ്രമിച്ചിട്ടുണ്ട്. തുടക്കത്തിൽ ചോദിച്ചവർക്കൊക്കെ വലിയ തുകകൾ തന്നെ പിരിവും മറ്റുമായി നൽകിയിരുന്നു. എന്നാൽ പിരിവുകൾ പതിവാകുകയും ചെലവുകൾ കൂടുന്നതനുസരിച്ച് വരുമാനം വർധിക്കാതിരിക്കുകയും ചെയ്തപ്പോൾ അത്തരം ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ല. എങ്കിലും വരുമാനം വർധിക്കുന്ന മുറയ്ക്ക് എല്ലാവരോടും സഹകരിക്കാമെന്ന് പറഞ്ഞിരുന്നതാണ്.

എന്തെങ്കിലും നിക്ഷിപ്ത താൽപര്യങ്ങൾ ഈ പ്രശ്നത്തിനു പിന്നിലുള്ളതായി കരുതുന്നുണ്ടോ?

എനിക്ക് ഒരു കാരണവും കണ്ടെത്താനാവുന്നില്ല. ഒരു കാർഷികസംരംഭത്തിനെതിരേ കാർഷികമേഖലയിൽ നിന്നു തന്നെ എതിർപ്പുയരുമെന്ന് ഒരിക്കലും കരുതിയതല്ല. ഒട്ടേറെ നിയമങ്ങളും നിയന്ത്രണങ്ങളും കൃഷിക്കാർക്കെതിരേ ഉയരുന്ന ഇക്കാലത്ത് സ്വയം കുഴി കുഴിക്കുകയാണ് ചിലർ ചെയ്യുന്നത്. നിർഭാഗ്യവശാൽ വണ്ണപ്പുറം പഞ്ചായത്തിലെ പന്നിവളർത്തുകാർ പോലും പ്രശ്നത്തിൽ ഇടപെട്ടില്ല. മറ്റ് സ്ഥലങ്ങളിൽ നിന്നെത്തിയ ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ പ്രവർത്തകർ മാത്രമായിരുന്നു ഏകതുണ. എന്നെ പുകച്ചു പുറത്തുചാടിച്ച് ഈ സ്ഥലം സ്വന്തമാക്കാനുള്ള ചില പ്രാദേശികരാഷ്ട്രീയ നേതാക്കന്മാരുടെ ഗൂഢാലോചനയുണ്ടോയെന്ന് ഇപ്പോൾ സംശയിക്കുകയാണ്.

ഫാമിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?

വെറ്ററിനറി ഡോക്ടർ വിസമ്മതിച്ചതുമൂലം ഗർഭിണികളായ പന്നികളെയും തള്ളപ്പന്നികളെയും കുട്ടികളെയും ഫാമിൽ നിലനിറുത്തിയിട്ടുണ്ട്. എന്നാൽ അവയ്ക്കുള്ള തീറ്റ കൊണ്ടുവരാൻ അനുവദിക്കുന്നില്ല. വഴിയിൽ തടയുകയാണ്. നഗരത്തിലെ ഹോട്ടലുകളിൽ നിന്നും മറ്റുമുള്ള മാലിന്യസംസ്കരണം ഇതുമൂലം തടസ്സപ്പെടുന്നെന്നു മാത്രമല്ല പന്നികൾ പട്ടിണിയിലാവുകയും ചെയ്യുന്നു. ഫാമിലെ ജോലിക്കാർക്ക് ഭക്ഷണമുണ്ടാക്കാൻ കൊണ്ടുവന്ന അരി ഉപയോഗിച്ചാണ് ചെറുതായെങ്കിലും അവയുടെ വിശപ്പകറ്റുന്നത്. ഇതിനിടെ കുറെ പന്നികളെ വിറ്റൊഴിവാക്കാനും മറ്റു ഫാമുകളിലേക്ക് മാറ്റാനും ശ്രമിച്ചിരുന്നു. എന്നാൽ ഗർഭാവസ്ഥയിലുള്ള പന്നികൾ ഇതിനിടെ ചാവുകയാണ്. എന്നാൽ പന്നികളെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റണമെന്ന കോടതി നിർദേശത്തിന്റെ പേരിൽ ഇവയെ ലേലം ചെയ്യാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ചുരുക്കത്തിൽ പ്രജനനത്തിനായി ഞാൻ വളർത്തിവന്ന നല്ലയിനം തള്ളപ്പന്നികൾ വൈകാതെ കശാപ്പിനിരയാകമെന്ന സ്ഥിതിയുമുണ്ട്. നടപടിയുണ്ടായതിനു തൊട്ടടുത്ത ദിവസങ്ങളിൽ ഫാമിലെ നൂറോളം താറാവുകൾ പലയിടങ്ങളിലായി ചത്തു വീഴുകയുണ്ടായി. കാരണം ദുരൂഹമാണ്.

(ബിന്ദുവിന്റെ ഫാമിൽനിന്ന് ആദ്യഘട്ടം പന്നികളെ നീക്കിയതിനുശേഷമാണ് കർഷകശ്രീ അവരുടെ ഫാമിലെത്തിയത്. അവിടെയെത്തുമ്പോൾ മുലയൂട്ടുന്ന പന്നികളും കുഞ്ഞുങ്ങളുമായിരുന്നു അവശേഷിച്ചിരുന്നത്. ഒടുവിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് അവശേഷിക്കുന്ന പന്നികളെക്കൂടി പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ എംപിഐ ഏറ്റെടുത്തു. ഇനി ഇവിടെ ഒന്നും അവശേഷിക്കുന്നില്ല, പന്നികൾക്കായുള്ള ഷെഡും ബയോഗ്യാസ് യൂണിറ്റുമല്ലാതെ.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com