sections
MORE

മൃഗസംരക്ഷണം കേരളത്തിൽ നിരോധിക്കുമോ?

HIGHLIGHTS
  • യുക്തിസഹമല്ലാത്ത ചട്ടങ്ങൾ ഉൾപ്പെടുത്തിയുണ്ടാക്കിയ ഒരു നിയമത്തിന്റെ മറവിലാണ് പീഡനം
  • പാൽ വേണം, പശുവിനെ വളർത്താൻ അനുവദിക്കില്ല
x-default, Pig
x-default
SHARE

നിയമങ്ങള്‍ കര്‍ശനമാക്കുന്നതോടെ മൃഗസംരക്ഷണ സംരംഭങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

പതിനെട്ടു വർഷത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിൽ ഒരു ഫാംഹൗസും കൃഷിയുമൊക്കെയായി സന്തോഷത്തോടെ ജീവിക്കാനാണ് ബിന്ദു അമേരിക്കയിൽനിന്നു നാട്ടിലെത്തിയത്. ആ സ്വപ്നം സാക്ഷാ ൽക്കരിക്കാനായി കൈവശമുണ്ടായിരുന്ന സമ്പാദ്യം ചെലവഴിച്ച് അവർ തൊടുപുഴയ്ക്കു സമീപം വണ്ണപ്പുറ ത്ത് സ്ഥലം വാങ്ങി. താരതമ്യേന എളുപ്പത്തിൽ ആദായം കിട്ടാവുന്ന സംരംഭമെന്ന നിലയില്‍ ആദ്യം തുട ങ്ങിയത് പന്നിവളർത്തല്‍. വൈകാതെ പശു, ആട്, കോഴി, താറാവ് എന്നിവയും ഫാമിലെ അന്തേവാസിക ളായി. നാനൂറോളം പന്നികളുമായി വളർച്ചയിലായിരുന്ന ഫാം കഴിഞ്ഞ മാസം കോടതി ഉത്തരവു പ്രകാരം പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ചേർന്നു പൂട്ടി. ലൈസൻസില്ല, അരുവിയിലെ വെള്ളം മലിനമാക്കുന്നു തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചായിരുന്നു കേസ്. കോടതി ഉത്തരവ് മാനിക്കാമെന്നും മൃഗങ്ങളെ മാറ്റാൻ സാവകാശം തരണമെന്നും കരഞ്ഞുപറഞ്ഞെങ്കിലും കനിഞ്ഞില്ലെന്നു ബിന്ദു പറയുന്നു. സഹിക്കാനാകാതെ സ്വന്തം ശരീരത്തിൽ പെട്രോളൊഴിച്ച് പ്രതിഷേധിച്ച ബിന്ദുവിനെ പൊലീസ് ആശുപ ത്രിയിലേക്ക് മാറ്റി. ഗർഭിണികളായ പന്നിക ൾ, തള്ളപ്പന്നികൾ, അവയുടെ കുട്ടികൾ എന്നിവയെ ഒഴിവാക്കി മറ്റു പന്നികളെ ഉടമസ്ഥയുടെ അഭാവത്തിൽ ഫാമിൽനിന്ന് നീക്കുകയും ചെയ്തു.

സാമൂഹികദ്രോഹികളോ

ഇത് കേരളത്തിലെ മൃഗസംരക്ഷണ സംരംഭകർ നേരിടുന്ന വെല്ലുവിളികൾക്ക് ഒരു ഉദാഹരണം മാത്രം. സമാനമായ പല സംഭവങ്ങളും നമ്മുടെ നാട്ടിൽ പതിവാകുകയാണ്. ഇപ്പോഴിതാ, ഫാം ലൈസൻസിന്റെ പേരിൽ സംസ്ഥാനത്തെ രണ്ടായിരത്തോളം മൃഗസംരക്ഷണ സംരംഭങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയില്‍. യുക്തിസഹമല്ലാത്ത ചട്ടങ്ങൾ ഉൾപ്പെടുത്തിയുണ്ടാക്കിയ ഒരു നിയമത്തിന്റെ മറവിലാണ് ഈ പീഡനം. നിയമസഭയിൽ ഇങ്ങനൊരു നിയമമുണ്ടാക്കിയപ്പോൾ എന്തെടുക്കുകയായിരുന്നെന്ന് കാർഷികമേഖലയിലെ എംഎൽഎമാരോടെങ്കിലും ജനങ്ങൾ ചോദിക്കണം. കാർഷികസംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ആരുമില്ല. എന്നാൽ നിയമങ്ങളും ചട്ടങ്ങളും ചൂണ്ടിക്കാട്ടി അവരെ കുരുക്കുന്ന കാര്യത്തിൽ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമൊക്കെ ഒറ്റക്കെട്ടാണ്.

കൃഷിക്കാർ നിയമത്തിന് അതീതരാണെന്നോ മലിനീകരണം നിയന്ത്രിക്കരുതെന്നോ അല്ല പറഞ്ഞുവരുന്നത്. മാറുന്ന കാലഘട്ടത്തിനും സാഹചര്യങ്ങൾക്കുമനുസരിച്ച് സംരംഭങ്ങളുടെ നടത്തിപ്പ് പരിഷ്കരിക്കപ്പെടുകയും ചട്ടങ്ങൾ പാലിക്കപ്പെടുകയും വേണം. നിയമം ലംഘിച്ചു ഫാം നടത്തുന്നവർക്കെതിരേ കോടതിവിധി വരുമ്പോൾ നടപ്പാക്കാതിരിക്കാനാവില്ലതാനും. എന്നാൽ, സംരംഭകരുടെ പ്രശ്നങ്ങളും പരിമിതികളും മനസ്സിലാക്കാതെ സാമൂഹികദ്രോഹികളായി മുദ്രകുത്തുന്ന വിധത്തിലാണ് പലപ്പോഴും അധികൃതരുടെയും ചില നാട്ടുകാരുടെയും പെരുമാറ്റം. കോടതിവിധി മാനിക്കുന്നുവെന്നും ഒരു ദിവസത്തെ സാവകാശമെങ്കിലും നൽകണമെന്നും കാലുപിടിച്ചു യാചിച്ച സ്ത്രീയോട് മനുഷ്യത്വരഹിതമായി പെരുമാറാൻ അധികൃതർക്കു കഴിഞ്ഞത് എങ്ങനെയാണ്? നിയമം ലംഘിച്ചു നിർമിച്ച ഫ്ലാറ്റുകളുടെ ഉടമകൾക്കുവേണ്ടി പോലും മുറവിളി ഉയരുമ്പോൾ നിസ്സഹായയായ ഒരു യുവതിക്കു വേണ്ടി വാദിക്കാൻ കാർഷികമേഖലയായ ഇടുക്കിയിൽപോലും നാട്ടുകാരില്ലാതെ പോയി. തീറ്റതേടി കൃഷിയിടത്തിൽ കയറുന്ന കാട്ടുപന്നിയെ കൊല്ലാൻ അനുവാദം ആവശ്യപ്പെടുന്ന നാട്ടിലാണ് പണവും അധ്വാനവും ഏറെ മുടക്കിയ ഫാമിലെ പന്നി കളെ ജീവാപായമുണ്ടാകുന്ന വിധത്തിൽ പിടിച്ചെടുത്ത് മാംസസംസ്കരണശാലയ്ക്കു നൽകിയത്. ഭയ പ്പെടുത്തിയതുമൂലവും ബലം പ്രയോഗിച്ച് സ‍ഞ്ചാരയോഗ്യമല്ലാത്ത റോഡിലൂടെ കൊണ്ടുപോയതുമൂലവും ഗർഭിണികളായ പല പന്നികളും ചാവുകയും കുഞ്ഞുങ്ങൾ ചാപിള്ളയാവുകയും ചെയ്തെന്ന ആരോപണവും ഉയരുന്നുണ്ട്.

ബിന്ദുവിന്റെ ഫാം അനുവദനീയമാണോയെന്നു കോടതി തീരുമാനിക്കട്ടെ. ഇവിടെ ചർച്ച മറ്റു രണ്ടു വിഷയങ്ങളാണ്. കാർഷികസംരംഭങ്ങളോടു പൊതുസമൂഹവും അധികാരികളും കാണിക്കുന്ന പുച്ഛം ശരിയായ പ്രവണതയാണോ? നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കുമ്പോൾ കൃഷിക്കാരുടെയും കാർഷിക സംരംഭകരടെയും അവകാശങ്ങൾക്കും സാഹചര്യങ്ങൾക്കും പരിഗണന കിട്ടാതെ പോകുന്നതെന്തു കൊണ്ടാണ്?

മാറേണ്ട സമീപനങ്ങൾ

പാൽ വേണം, പശുവിനെ വളർത്താൻ അനുവദിക്കില്ല. കോഴിമുട്ട ഒഴിവാക്കാനാകില്ല, പക്ഷേ കോഴിക്കൂട് ഒഴിവാക്കിയേ തീരൂ. പോത്തിറച്ചിയും പന്നിയിറച്ചിയും കേമം, പക്ഷേ അവയെയൊന്നും ഇവിടെ വളർ ത്തേണ്ടതില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വരുന്ന വാർത്തകൾ കൂട്ടിവായിക്കുമ്പോൾ കിട്ടുന്ന ചിത്രമാണിത്. കൃഷിയുടെ മാഹാത്മ്യത്തെക്കുറിച്ചു സമൂഹമാധ്യമത്തിൽ പോസ്റ്റുകളിടുകയും ഭക്ഷ്യസുരക്ഷയെക്കുറിച്ച് ഉത്കണ്ഠപ്പെടുകയും ചെയ്യുന്ന സമൂഹത്തിലാണ് ഇത്തരം സമീപനങ്ങൾ. ബസ് സ്റ്റാൻഡിലെ മൂത്രപ്പുരയുടെ ദുർഗന്ധം നാം സഹിക്കും, ടൂറിസം സംരംഭകരുടെ കക്കൂസ് മാലിന്യമൊഴുകുന്ന ജലാശയത്തിൽ നാം കുളിക്കും, നാട്ടിലെങ്ങും പ്ലാസ്റ്റിക് പായ്ക്കറ്റുകളും ഭക്ഷണാവശിഷ്ടങ്ങളും വിതറും. ഒരു കിലോമീറ്റർ അപ്പുറത്ത് ഫാം വരുന്നെന്നു കേട്ടാൽ മതി, പ്രതിഷേധമുയരുകയായി– ഇതാണ് കേരളം.

മൃഗസംരക്ഷണസംരംഭകരുടെ നേരേ ചൂരൽവീശാൻ മലിനീകരണ നിയന്ത്രണ നിയമങ്ങൾ മാത്രമല്ല, പ ഞ്ചായത്ത് രാജ് നിയമങ്ങളും കെട്ടിടനിർമാണ ചട്ടങ്ങളുമുണ്ട്. ഫാം നടത്തിപ്പുമായി ബന്ധമില്ലാത്തവർ ത യാറാക്കുന്ന ഈ ചട്ടങ്ങളിൽ പലതും അപ്രായോഗികവും അശാസ്ത്രീയവുമാണ്. ഇത്തരം സംരംഭങ്ങളെ ആപൽക്കരവും അസഹ്യവുമായ വ്യവസായങ്ങളിൽ ഉൾപ്പെടുത്തിയതു തന്നെ ചട്ടങ്ങൾ തയാറാക്കിയവ രുടെ മനോഭാവം വ്യക്തമാക്കുന്നു. ബയോഗ്യാസ് പ്ലാന്റുള്ളതിന്റെ പേരിൽ ഫയർസ്റ്റേഷൻ സ്ഥാപിക്ക ണമെന്ന് എഴുതിവച്ചവർ നാളെ അത്തരം പ്ലാന്റുള്ള വീടുകൾക്കും ഇതേ നിയമം ബാധകമാക്കിയേക്കും.

തീർച്ചയായും വൃത്തിയും വെടിപ്പുമുള്ള സമൂഹത്തിൽ മലിനീകരണത്തിനെതിരേ പ്രതികരണം സ്വാഭാവി കം. സ്വന്തം മാലിന്യങ്ങൾ ആരാന്റെ മേലെ വിതറുന്നതു ശക്തമായി തിരുത്തപ്പെടുകയും വേണം. അതി നാണ് നിയമങ്ങളും ചട്ടങ്ങളുമൊക്കെ. എന്നാൽ ഈ ചട്ടങ്ങൾ പകപോക്കലിനും അഴിമതിക്കുമായി ദുർ വിനിയോഗിക്കപ്പെട്ടാൽ എന്തു ചെയ്യാനാവും? വിവേകപൂർവം തീരുമാനങ്ങളെടുക്കേണ്ടവർ രാഷ്ട്രീയ കു ടിലബുദ്ധികളുെട പിണിയാളുകളായാൽ കാർഷികസംരംഭങ്ങൾക്ക് മുതൽമുടക്കാൻ ആരാണ് തയാറാവുക.

പരിഹാരം

കൃഷിക്കാരന്റെ അവകാശങ്ങൾ മാനിക്കപ്പെടുകയും അവയ്ക്ക് നിയമസംരക്ഷണം നൽകുകയും വേണം. സ്ത്രീകളുടെയും കുട്ടികളുടെയും മറ്റ് അവശവിഭാഗങ്ങളുടെയും അവകാശസംരക്ഷണത്തിനു പ്രത്യേക സംവിധാനമുള്ളതുപോലെ. അതോടൊപ്പം മൃഗസംരക്ഷണസംരംഭങ്ങളെ വ്യവസായമായി കാണുന്ന സമ്പ്രദായം അവസാനിപ്പിക്കുകയും കൃഷിയായി അംഗീകരിക്കുകയും വേണം. കൃഷിയുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങളിൽ കാർഷികവിദഗ്ധരുടെ അഭിപ്രായം തേടുകയും അവ നടപ്പാക്കുന്നതിന് ബന്ധപ്പെട്ട കൃഷി– മൃഗസംരക്ഷണ– ക്ഷീരവികസന– ഫിഷറീസ് ഉദ്യോഗസ്ഥരെ മാത്രം ചുമതലപ്പെടുത്തുകയും വേണം. അധികാരികളായി ഭരിക്കാനെത്തുന്ന ഉദ്യോഗസ്ഥരെയല്ല, സേവനദാതാക്കളായ ഉദ്യോഗസ്ഥരെയാണ് നാടിനാവശ്യം. വ്യവസായമേഖലയിലെ സംരംഭകർക്കു നൽകുന്നതിനു സമാനമായ പരിഗണനയും പ്രോത്സാഹനവും ലഭിക്കാൻ കൃഷിക്കാർക്കും അവകാശമുണ്ട്.

കാർഷികസംരംഭം തുടങ്ങാനാഗ്രഹിക്കുന്നയാൾ കൃഷി–മൃഗസംരക്ഷണ വകുപ്പുകളില്‍ അപേക്ഷ നൽകി യാൽ മതിയെന്നു വരണം. അതിന്റെ പകർപ്പുകൾ ബന്ധപ്പെട്ട നിയന്ത്രണ ഏജൻസികൾക്കു നൽകുന്ന ചുമതല പ്രസ്തുത ഓഫിസിനായിരിക്കണം. മലിനീകരണം സംബന്ധിച്ച പരാതിയുണ്ടായാൽ ഉടൻ ലൈസൻസ് നിഷേധിക്കുകയല്ല വേണ്ടത്. മലിനീകരണമുണ്ടെന്നു ശാസ്ത്രീയപരിശോധനകളുടെ അടിസ്ഥാനത്തിൽ ഉറപ്പാക്കിയിട്ടു നടപടിയെടുക്കട്ടെ. കോടിക്കണക്കിനു രൂപ മുടക്കി സർക്കാർ ഏജൻസികളെ നിയോഗിച്ചിരിക്കുന്നത് അതിനാണ്. ലൈസൻസിനായുള്ള അപേക്ഷയുടെ അടിസ്ഥാനത്തിൽ ഇത്തരം ഏജൻസികൾ നിശ്ചിത കാലയളവിനുള്ളിൽ ഫാം സന്ദർശിക്കുകയും പോരായ്മകൾ ചൂണ്ടിക്കാട്ടുകയും വേണം. ആദ്യസന്ദർശനമെങ്കിലും വിരട്ടാനല്ല, വളർത്താനാവണം. നിർദേശിക്കുന്ന കാര്യങ്ങൾ നടപ്പാക്കാ ൻ വേണ്ട പിന്തുണ അധികൃതര്‍ നൽകണം. എന്നിട്ടും ചട്ടങ്ങൾ പാലിക്കപ്പെടുന്നില്ലെങ്കിൽ നടപടിയാവാം. ആറു മാസത്തെ നല്ലനടപ്പിനുശേഷം കർശന നടപടി വന്നാല്‍ തെറ്റുപറയാനാവില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
FROM ONMANORAMA