ADVERTISEMENT

ജോമോനും വറീതും പിന്നെ കുറെ വളർത്തുജീവികളും – 9

"ജോമോനേ, ഒരു സംശയമുണ്ട്. ജോമോൻ പറഞ്ഞ രീതിയിൽ മീൻകൃഷി ചെയ്യണമെങ്കിൽ വലിയ കുളങ്ങളോ ജലാശയങ്ങളോ ആവശ്യമാണ്. അപ്പോൾ നാലു മീറ്റർ വ്യാസമുള്ള ടാങ്കുകളിൽ മീൻ വളർത്തുന്നവർ ഒരുപാട് പേരുണ്ടല്ലോ. അത്രയും ചെറിയ ടാങ്കുകളിൽ വളരുമോ?" വറീതിനു സംശയം.

"വറീതേട്ടാ, നമ്മൾ സാധാരണക്കാരാണ്. അപ്പോൾ സാധാരണക്കാരുടെ നിലയിൽനിന്ന് ഒന്നു ചിന്തിച്ചുനോക്കൂ. ഇപ്പോൾ വറീതേട്ടൻ പറഞ്ഞതുപോലെ നാലു മീറ്റർ വ്യാസമുള്ള ടാങ്കുകൾ നിർമിച്ചു നൽകുന്നവർ ഒരുപാട് പേരുണ്ട്. അതുപോലെ കൃഷി ചെയ്യുന്നവരുമുണ്ട് ഒരുപാട്. ഇവരൊന്നും സാധാരണക്കാരല്ല എന്നതാണ് എന്റെ ഒരു വിലയിരുത്തൽ. ഏതെങ്കിലും ജോലിയിൽനിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരാണ് പ്രധാനമായും ഈ മേഖലയിലേക്ക് വരുന്നത്. അവരുടെയൊക്കെ പോക്കറ്റിൽ ആവശ്യത്തിനു പണമുണ്ടാകും. അതുകൊണ്ട് നിക്ഷേപം നടത്താൻ പ്രയാസമുണ്ടാവില്ല. ഇനി നഷ്ടം വന്നാലും വലിയ പ്രശ്നം ഉണ്ടാവില്ല. എന്നാൽ, സാധാരണക്കാരന്റെ കാര്യം അങ്ങനല്ല. അവന് ഇത്തരത്തിൽ ചെറിയൊരു കുളം തുടങ്ങണമെങ്കിൽത്തന്നെ ലക്ഷങ്ങൾ വായ്‍പ എടുക്കേണ്ടിവരും. അത് അടച്ചുതീർക്കാൻ അവൻ എത്രത്തോളം കഷ്ടപ്പെടണം? ഇനി പരിപാടി വിജയിച്ചില്ലെങ്കിലോ? മാനസിക പിരിമുറുക്കം മാത്രമായിരിക്കും ഉണ്ടാവുക." ജോമോൻ പറഞ്ഞു.

"അത്രയ്ക്ക് ചെലവുണ്ടോ അതിന്?"

"ചെലവ് കൂടും. കാരണം സന്നാഹങ്ങൾ അതുപോലെയാണ്. മാത്രമല്ല, വളർത്തുന്നവരേക്കാൾ കൂടുതൽ വിൽപനക്കാരാണ് ഇന്നുള്ളത്. വലിയ ലാഭം നൽകുന്ന മേഖലയെന്നും പറയാം. ഫേസ്ബുക്ക് തുറന്നാൽ കച്ചവടക്കാർ മാത്രമേയുള്ളൂ. ഒരാൾ ഒരു സംശയം ചോദിച്ചാൽ, അതിനു മറുപടി നൽകുന്നതിനു പകരം വിൽപന പോസ്റ്റുകളാണ് മറുപടിയായി പ്രത്യക്ഷപ്പെടുക. അവരൊക്കെയാണ് പലപ്പോഴും ഒന്നുമറിയാത്ത ആളുകളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. ഇപ്പോൾ നിരവധി മത്സ്യകൃഷി രീതികൾ നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്? അവയെക്കുറിച്ച് വറീതേട്ടന് അറിയാമോ?" ജോമോൻ ചോദിച്ചു. 

"ചിലതൊക്കെ കേട്ടിട്ടുണ്ട്. അക്വാപോണിക്സ്, റാസ്, ബയോഫ്ലോക്ക് എന്നിങ്ങനെ." വറീത് പറഞ്ഞു.

"അതുതന്നെയാണ് ഞാൻ പറഞ്ഞുവന്നത്. അക്വാപോണിക്സ് ആയിരുന്നു നമ്മുടെ നാട്ടിൽ ആദ്യം ഉയർന്നുവന്നത്. പിന്നാലെ റാസും ബയോഫ്ലോക്കും വന്നു. ഓരോ രീതിക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. മത്സ്യങ്ങളുടെ എണ്ണം കൂട്ടിയാണ് ഈ രീതികളിലൊക്കെ വളർത്തുക. അതുകൊണ്ടുതന്നെ ഈ സംവിധാനങ്ങളൊക്കെ ചെയ്യുമ്പോൾ വൈദ്യുതി, 24 മണിക്കൂറും പ്രവർത്തിക്കാൻ ശേഷിയുള്ള എയറേറ്റർ, ഫിൽറ്ററിംഗ് സംവിധാനം, കറന്റ് പോയാൽ ഇൻവേർട്ടർ സംവിധാനം എല്ലാം വേണം. അപ്പോൾ ചെലവ് കൂടും. അൽപം ശ്രദ്ധ തെറ്റിയാൽ നഷ്ടം ഭീമമാണ്. വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് മത്സ്യങ്ങൾ പൂർണമായും ചത്തുപോയ നിരവധി പേരെ എനിക്കറിയാം. അപ്പോൾ ഇവരെ ഈ കുഴിയിലേക്കു ചാടിച്ചവർ കൈമലർത്തുകയേ ഉള്ളൂ. സാധാരണക്കാരൊന്നും ഇതിലേക്ക് എടുത്തു ചാടുന്നില്ല എന്നതാണ് ആശ്വാസം." ജോമോൻ നെടുവീർപ്പോടെ പറഞ്ഞു.

"അപ്പോൾ ഇങ്ങനെ കൃഷി ചെയ്തവർ വിജയിച്ചിട്ടില്ല എന്നാണോ പറഞ്ഞുവരുന്നത്?"

"വിജയിച്ചിട്ടില്ല എന്നു പറയുന്നില്ല. വിരലിലെണ്ണാവുന്ന ചുരുക്കം ചിലർ നല്ല രീതിയിൽ മുന്നേറിയിട്ടുണ്ട്. എന്നാൽ, പരാജയപ്പെട്ടവരാണ് അധികവും. ഇനി കഷ്ടപ്പെട്ട് മീൻ വിളവെടുക്കാറാക്കിയെന്ന് കരുതാം. അപ്പോൾ മീനുകൾ വിറ്റഴിക്കാൻ പറ്റാതെ വന്നവരുമുണ്ട്. അതുകൊണ്ട് മത്സ്യക്കൃഷിയിലേക്ക് എടുത്തു ചാടുമ്പോൾ മാർക്കറ്റിന്റെ പൾസ് അറിഞ്ഞിട്ടുവേണം ചാടാൻ. അല്ലാത്തപക്ഷം നിലയില്ലാക്കയത്തിൽ ചാടിയ അവസ്ഥ വരും. ഇപ്പോൾ മത്സ്യങ്ങൾ വിറ്റഴിക്കാൻ വേണ്ടിയുള്ള മറ്റൊരു പ്രചാരണവും നടക്കുന്നുണ്ട്. ജൈവ മീൻ..." ജോമോൻ പറഞ്ഞു.

"ജൈവ മീനോ? അതെന്താണ്?" വറീതിന് അമ്പരപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com