ADVERTISEMENT

ഫാം ലൈസൻസ് നിയമങ്ങളെക്കാൾ കഠിനമാണ് നമ്മുടെ ഫാമിനുള്ള കെട്ടിടനിർമാണത്തിന്റെ ചട്ടങ്ങൾ.

ഇതിലെ ചട്ടങ്ങളനുസരിച്ച് 21 ആടുകളെയോ 101 കോഴികളെയോ ആറിലധികം കന്നുകാലികളെയോ വള ർത്താൻ ഫയർ ആൻഡ് റസ്ക്യൂ വകുപ്പിന്റെ അനുമതി വേണം. കെട്ടിട നിയമപ്രകാരം കെട്ടിടനിർമാണ ത്തിന് അനുമതി തേടുമ്പോൾ ഫയർ ആൻഡ് റസ്ക്യൂ വകുപ്പിന്റെ നിബന്ധനപ്രകാരം 21000 രൂപ ഫീസ് അടയ്ക്കുകയും വലിയ ജലസംഭരണ ടാങ്കും അഗ്നിശമന ഉപകരണങ്ങളും പമ്പുസെറ്റുമൊക്കെ സ്ഥാപി ക്കേണ്ടിവരും. ഇതെല്ലാം സ്ഥാപിക്കുന്നതിനു 4 ലക്ഷം രൂപയെങ്കിലും ചെലവാകും. ചുരുക്കത്തിൽ 21 കോഴിയെ വളർത്താൻ നാലുലക്ഷം രൂപയുടെ അഗ്നിശമനസംവിധാനം ഏർപ്പെടുത്തേണ്ട ഗതികേടിലാണ് കേരളത്തിലെ കൃഷിക്കാരൻ.

കേരള ഫാം ലൈസൻസിങ് ചട്ടങ്ങളനുസരിച്ച് 100 കോഴികളെ വളർത്താൻ ലൈസൻസ് ആവശ്യമില്ല. എന്നാൽ കെട്ടിടനിർമാണ ചട്ടപ്രകാരം 20 കോഴിക്കു മുകളിൽ വളർത്തുന്ന കെട്ടിടങ്ങൾക്ക് ബിൽഡിങ് പെർമിറ്റ് വേണം. പരമാവധി 20 ആടുകളെ വരെ വളർത്താൻ ഫാം ലൈസൻസ് ആവശ്യമില്ല. എന്നാൽ ആറിലധികം കന്നുകാലികളെ വളർത്താൻ ബിൽഡിങ് പെർമിറ്റുള്ള കെട്ടിടം വേണം. ഇങ്ങനെ പരസ്പരവിരുദ്ധമായ ചട്ടങ്ങളാണ് രണ്ട് നിയമത്തിലുമുള്ളത്. കെട്ടിടനിർമാണ ചട്ടപ്രകാരം ലൈസൻസ് ആവശ്യമില്ലാത്ത ഫാമുകളിലെ മൃഗങ്ങളുടെ എണ്ണം യുക്തിസഹമായി വർധിപ്പിച്ചേ മതിയാവൂ. പത്തിലേറെ പശു, പന്നി എന്നിവയെയോ അമ്പതിലേറെ ആടുകളെയോ ആയിരത്തിലധികം കോഴികളെയോ നൂറിലധികം മുയലുകളെയോ മാത്രം വളർത്തുന്ന കെട്ടിടങ്ങൾക്കു മാത്രം പ്രസ്തുത നിയമം ബാധകമാക്കുക.

കെട്ടിട നിർമാണച്ചട്ടത്തിലെ നിർവചനപ്രകാരം ‘ഏതു തരത്തിലുള്ള ഉൽപന്നങ്ങൾ, വസ്തുക്കൾ, പദാർഥങ്ങൾ എന്നിവ നിർമിക്കപ്പെടുകയോ കൂട്ടിച്ചേർക്കപ്പെടുകയോ സംസ്കരിക്കപ്പെടുകയോ ചെയ്യുന്ന ഏതൊരു കെട്ടിടവും കെട്ടിട ഭാഗവും’ ചെറുതും ഇടത്തരം അപായസാധ്യതയുള്ളതുമായ വ്യാവസായിക കെട്ടിടം എന്ന വിഭാഗത്തിൽപെടും. ‘അതിൽ ഉൾപ്പെടുന്ന ഘടനകൾ പൊട്ടിത്തെറിക്കുന്നതിനു സാധ്യത കുറവുള്ളതും അതുൾപ്പെടുന്ന വ്യവസായ പ്രവൃത്തികൾ താഴെപ്പറയുന്നവയാണെ’ന്നും തുടർന്നു പറയുന്ന ചട്ടത്തിൽ പശു, കോഴി ഫാമുകളെ ഉൾപ്പെടുത്തിയതിനെ യുക്തിരഹിതം എന്നേ വിശേഷിപ്പിക്കാനാവൂ. വ്യവസായവകുപ്പിന്റെ നിർവചനപ്രകാരം കന്നുകാലി, കോഴിഫാമുകൾ വ്യവസായ സംരംഭമല്ല. ഇത്തരം ഫാമുകളിൽ നേരത്തേ സൂചിപ്പിച്ചതുപോലുള്ള ഉൽപന്ന നിർമാണമോ കൂട്ടിച്ചേർക്കലുകളോ സംസ്കരണമോ നടത്തുന്നുമില്ല. വളർത്തുമൃഗങ്ങളെ തീറ്റ നൽകി പരിപാലിക്കുക മാത്രമാണ് ഫാമുകളിൽ ചെയ്യുന്നത്. തെറ്റായ ഈ നടപടി മൂലം കൃഷിക്കാർ വളരെയധികം പ്രയാസങ്ങൾ നേരിടുകയാണിപ്പോൾ.

കോഴി, താറാവ്, കന്നുകാലിഫാമുകളെ അടിയന്തരമായി കെട്ടിടനിർമാണ ചട്ടത്തിലെ വ്യവസായവിഭാഗത്തിൽനിന്ന് ഒഴിവാക്കുകയാണ് ഇതിനു പരിഹാരം. അതോടൊപ്പം താഴെപ്പറയുന്ന പരിഷ്കാരങ്ങൾ ഫാം ലൈസൻസിങ് ചട്ടങ്ങളിലും ഉണ്ടാവേണ്ടതുണ്ട്.

1. ഒരു ഏക്കർ സ്ഥലത്ത് 13,000 കോഴികളെ വളർത്താൻ മാത്രമേ ഇപ്പോൾ അനുമതിയുള്ളൂ. ഇത് ഇരട്ടിയാക്കണം.

2. കോഴിഫാമുകളുട‌ ഉയരം 3.6 മീറ്റർ എന്നാണ് കെട്ടിടനിർമാണ ചട്ടത്തിൽ നിഷ്കർഷിച്ചിരിക്കുന്നത്. ഇതുമൂലം കൃഷിക്കാർക്ക് അനാവശ്യമായ സാമ്പത്തികനഷ്ടമുണ്ടാക്കുന്നു. മനുഷ്യവാസമില്ലാത്ത കെട്ടിടമെന്ന നിലയിൽ കോഴിഫാമുകളുടെ കുറഞ്ഞ ഉയരം 3 മീറ്ററായി കുറയ്ക്കണം.

3. കേവലം 500 ചതുരശ്രമീറ്ററിലേറെയുള്ള കോഴിഫാം നിർമിക്കാൻ ഇപ്പോൾ ജില്ലാ ടൗൺ പ്ലാനറുടെ അനുമതി വേണം. വിസ്തൃതി 1000 ചതുരശ്രമീറ്ററിലേറെയായാൽ ചീഫ് ടൗൺ പ്ലാനറുടെ അംഗീകാരവും വേണം. ഇത് യഥാക്രമം 1000 ചതുരശ്രമീറ്ററും 5000 ചതുരശ്രമീറ്ററും ആയി എങ്കിലും ഉയർത്തണം.

4. 500 ചതുരശ്ര മീറ്ററിലേറെ വിസ്തൃതിയുള്ള കോഴിഫാമുകളിലേക്ക് 1.2 മീറ്ററും ആയിരം ചതുരശ്രമീറ്റർ വരെയുള്ള ഫാമുകളിലേക്ക് 3 മീറ്ററും ആയിരം ചതുരശ്രമീറ്ററിലേറെ വിസ്തൃതിയുള്ള ഫാമുകളിലേക്ക് 5 മീറ്ററും വീതിയുള്ള റോഡ് വേണമെന്നാണ് ചട്ടം. നമ്മുടെ നാട്ടിലെ കോഴിഫാമുകളിലേറെയും റബർതോട്ടങ്ങളിലായതിനാൽ ഈ ചട്ടപ്രകാരമുള്ള റോഡുനിർമാണം പ്രായോഗികമല്ല. ഒറ്റപ്പെട്ട പ്രദേശ ങ്ങളിലെ റബർതോട്ടങ്ങളുടെ ഉള്ളിലേക്ക് 5 മീറ്റർ വീതിയുള്ള വഴിയുണ്ടാവണമെന്നില്ല. ഈ ചട്ടം ലഘൂക രിക്കുകയെങ്കിലും വേണം. അപകടസാധ്യത കൂടിയ ഹസാർഡ് വിഭാഗത്തിൽ പെടുത്തിയിരിക്കുന്ന അറവു ശാലകൾക്കാകട്ടെ, 7 മീറ്റർ വീതിയിൽ റോഡ് വേണമെന്നു ചട്ടത്തിൽ പറയുന്നു. ആൾപ്പാർപ്പില്ലാത്തതും ഒറ്റപ്പെട്ടതുമായ സ്ഥലങ്ങളിലേക്ക് 7 മീറ്റർ വീതിയിൽ റോഡില്ലാത്തതുമൂലം പല പഞ്ചായത്തുകൾക്കും ശാസ്ത്രീയ അറവുശാലകൾ നിർമിക്കാൻ കഴിയുന്നില്ല. അറവുശാലകളെ അപായസാധ്യത കുറഞ്ഞ ജിഐ വിഭാഗത്തിലേക്ക് എങ്കിലും മാറ്റേണ്ടത് ശുചിയായ മാംസസംസ്കരണം വ്യാപകമാക്കാൻ ഉപകരിക്കും.

5. കെട്ടിടനിർമാണ ചട്ടത്തിൽ കോഴിഫാമുകളെ വ്യവസായമായാണ് തരംതിരിച്ചിരിക്കുന്നത്. ഇതുമൂല മാണ് ഫയർ ആൻഡ് സേഫ്റ്റി വകുപ്പിന്റെ അനുവാദം വേണ്ടിവരുന്നത്. ഫയർ ആൻഡ് സേഫ്റ്റി വകുപ്പാകട്ടെ കോഴിഫാമുകൾക്ക് ഫയർ സ്റ്റേഷൻ ഘടിപ്പിക്കാനാണ് നിർദേശിക്കുന്നത്. എല്ലാ മൃഗസംരക്ഷണ ഫാമുകളെയും കോഴിഫാമുകളെയും കൃഷിയായി അംഗീകരിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com