sections
MORE

നല്ല വില ലഭിക്കാൻ വളർത്താം ജൈവമീൻ

HIGHLIGHTS
  • ജൈവ രീതിയിൽ വളർത്തിയ മീൻ വിൽപനയ്ക്ക്
  • ചെലവ് ചുരുക്കി കൃഷി ചെയ്താൽ മാത്രമേ കർഷകനു ജീവിക്കാൻ പറ്റൂ
fish-3
SHARE

ജോമോനും വറീതും പിന്നെ കുറെ വളർത്തുജീവികളും – 10

"ജൈവമീൻ എന്നൊരു മീനുണ്ടോ?" വറീതിന് അമ്പരപ്പ് മാറിയില്ല.

"വറീതേട്ടാ, നമ്മുടെ പറമ്പിലെ ഇലകളും പുല്ലുമൊക്കെ കൊടുത്തു വളർത്തുന്ന മീനുകളെ വേണമെങ്കിൽ നമുക്ക് ജൈവമീൻ എന്ന് വിളിക്കാം. പക്ഷേ, ഇന്ന് സമൂഹത്തിൽ അതല്ല സ്ഥിതി. മത്സ്യങ്ങൾക്ക് കൊടുക്കാൻ കഴിയുന്ന പെല്ലറ്റ് തീറ്റകൾ മാർക്കറ്റിൽ സുലഭമാണ്. ഏറിയപങ്ക് കർഷകരും ഇതു വാങ്ങി നൽകിയാണ് മത്സ്യങ്ങളെ വളർത്തുന്നത്. ഒടുവിൽ, വിൽക്കാറാകുമ്പോൾ ഒരു ലേബലും മത്സ്യത്തിന് നൽകും. ജൈവ രീതിയിൽ വളർത്തിയ മീൻ വിൽപനയ്ക്ക്."

"അതിനെന്താണ് തെറ്റ്? രാസവളമിട്ട് വളർത്തിയ പച്ചക്കറികൾ പലരും ജൈവം എന്ന പേരിൽ വിൽക്കുന്നുണ്ടല്ലോ."

"അത് ശരിയാണ്. എന്നാൽ, മീൻ വിൽപനയുടെ കാര്യത്തിൽ അങ്ങനെയല്ല. ചിലർ അറവു മാലിന്യങ്ങൾ നൽകി മത്സ്യങ്ങളെ വളർത്തുന്നുണ്ട്. ആ മീനുകൾ കഴിച്ചാൽ രോഗം വരും. പെല്ലറ്റ് തീറ്റ നൽകി വളർത്തിയ മീനുകളാണ് നല്ലത് എന്നൊരു പ്രചാരണം നടക്കുന്നുണ്ട്. വേസ്റ്റ് കഴിക്കുന്ന മീനുകളും പെല്ലറ്റ് കഴിക്കുന്ന മീനുകളും ഏതാണ്ട് ഒരേ രീയിലുള്ള ഭക്ഷണമാണ് കഴിച്ചതെന്ന് വേണമെങ്കിൽ പറയാം. പെല്ലറ്റ് ഫീഡിൽ ധാന്യങ്ങളോ പിണ്ണാക്കുകളോ ഉപയോഗിക്കുന്നതിനൊപ്പം മീനെണ്ണ, അറവ് മാലിന്യങ്ങൾ എന്നിവയും ചേർത്തിട്ടുണ്ട്. ദീർഘകാലം കേടാകാതിരിക്കാൻ എന്തെങ്കിലും സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടാകും. അപ്പോൾ രണ്ടും ഒരേ രീതിതന്നെയല്ലേ? ജൈവം എന്നു പറയാൻ പറ്റില്ലല്ലോ." ജോമോൻ പറഞ്ഞു.

"കേടാകാതിരിക്കാൻ പല രാസവസ്തുക്കളും ചേർത്ത കടൽ മീനുകൾ മാർക്കറ്റിൽ പെടയ്ക്കണ മീൻ എന്ന പേരിൽ വിൽക്കുന്നുണ്ടല്ലോ? ഇതും അത്തരത്തിൽ കണ്ടാൽപ്പോരെ?"

"അങ്ങനെ വേണെങ്കിൽ കാണാം. പക്ഷേ, ഇതാണ് ശരി മറ്റൊന്ന് മോശമാണ് എന്നു പറഞ്ഞ് വിൽക്കുന്ന പ്രവണത ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം. പണ്ട് കേരളത്തിലേക്ക് തമിഴ്‍നാട്ടിൽനിന്നുള്ള കോഴിവരവ് ശക്തമായപ്പോൾ ഇവിടെയുള്ള ആരോ പടച്ചുവിട്ടതാണ് അവിടെ കോഴികൾക്ക് ഹോർമോൺ കൊടുത്താണ് വളർത്തുന്നത്, അത് കഴിച്ചാൽ ആരോഗ്യപ്രശ്നമുണ്ടാകും എന്ന്. അത് പിന്നീട് എല്ലാ കോഴിക്കർഷകർക്കും വിനയായി എന്നു പറയാം. അതുപോലെതന്നെയാണ് മത്സ്യകൃഷിയും. വലിയ കാശു മുടക്കി മീൻവളർത്തിയിട്ട് വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ തീർന്നില്ലേ... ഇപ്പോഴാണെങ്കിൽ കേരളത്തിൽ മത്സ്യക്കർഷകരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ചുള്ള വിപണിപിടിക്കാൻ കഴിയുന്നുമില്ല." ജോമോൻ പറഞ്ഞു.

"ഉയർന്ന വില ലഭിക്കാൻ അത്തരത്തിൽ ഒരു പ്രചരണം സ്വാഭാവികമല്ലേ?"

"പരമാവധി ചെലവ് ചുരുക്കി കൃഷി ചെയ്താൽ മാത്രമേ ഇന്നത്തെ കാലത്ത് കർഷകനു ജീവിക്കാൻ പറ്റൂ. അപ്പോൾ സ്വാഭാവികമായി അറവുമാലിന്യങ്ങൾ ഉപയോഗിക്കും. അത്തരത്തിൽ മത്സ്യം വളർത്തുന്നവർ മുടക്കുമുതൽ കുറവായതിനാൽ കുറഞ്ഞ വിലയ്ക്ക് മീൻ വിൽക്കും. പക്ഷേ, പെല്ലറ്റ് നൽകി വളർത്തുന്നവർക്ക് അത് പറ്റില്ല. അതാണ് വിപണിയിൽ വലിയ പ്രതിസന്ധിയുണ്ടാകാൻ കാരണം. ഒരു കണക്കിന് അറവ് മാലിന്യം നൽകി വളർത്തുന്നതിനെ കുറ്റം പറയാൻ പറ്റില്ല. വെറുതെ കളയുന്ന മാലിന്യങ്ങൾ അത്തരത്തിൽ ഉപയോഗിക്കാൻ കഴിയുമല്ലോ. വഴിവക്കിലും മറ്റും വലിച്ചെറിയുന്നതിലും നല്ലത് ഇത്തരത്തിൽ മറ്റൊരു രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നതല്ലേ. പരിസരവും വഴിവക്കും വൃത്തികേടായി ബുദ്ധിമുട്ടിയാലും കുഴപ്പമില്ല അത്തരം മാലിന്യങ്ങൾ കൃഷിയിൽ ഉപയോഗിക്കാൻ പാടില്ല എന്ന മനോഭാവം മാറണം."

"ജോമോനെ വീട്ടിൽ വന്നു കണ്ടത് നന്നായി. അല്ലെങ്കിൽ രാജു ചെയ്തതുപോലെ ചിലപ്പോൾ ഞാനും എടുത്തുചാടി മീൻകൃഷിയിലേക്ക് ഇറങ്ങിയേനെ." വറീത് പറഞ്ഞു.

"വറീതേട്ടാ ഒരു കാര്യംകൂടിയുണ്ട്. കൃഷി എന്നത് നമ്മുടെ ഇഷ്ടവും താൽപര്യവുംകൊണ്ട് ചെയ്യുന്നതാകണം. അല്ലെങ്കിൽ അധികം വൈകാതെ നമുക്ക് മടുത്തുതുടങ്ങും. അതായത്, ആരെങ്കിലും ചെയ്യുന്നത് കണ്ട് ചാടിയിറങ്ങരുത്. സ്വന്തം ഇഷ്ടം നോക്കി ചെയ്യണം."

"അപ്പോൾ ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി. നേരം ഒരുപാടായല്ലോ. ഇനി ഞാൻ ഇറങ്ങുകയാണ്. എന്തെങ്കിലും സംശയം തോന്നിയാൽ വിളിക്കാം പറഞ്ഞുതരണം കേട്ടോ."

"തീർച്ചയായും. വറീതേട്ടന് അന്താവശ്യം വന്നാലും എന്നെ വിളിക്കാൻ മടിക്കണ്ട."

വറീത് ജോമോന്റെ വീട്ടിൽനിന്ന് യാത്രയായി. ഒരുപാട് കാര്യങ്ങൾ മനസിൽ കുറിച്ചുകൊണ്ട്.

അവസാനിച്ചു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA