ADVERTISEMENT

ഭാരത സര്‍ക്കാര്‍ സ്ഥാപനമായ ദേശീയ ജൈവകൃഷി കൗണ്‍സില്‍ (National Centre of Organic Farming) ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വികസിപ്പിച്ചെടുത്ത സൂക്ഷ്മാണുമിശ്രിതമാണ് NCOF Waste Decomposer. ഈ ഉൽപന്നം 2015ല്‍ ഞാന്‍ ഇടുക്കി ജില്ലയില്‍ കുറച്ച് കൃഷിയിടങ്ങളില്‍ പരീക്ഷിച്ചിരുന്നു. ജൈവവസ്തുക്കളുടെ ദ്രുതഗതിയിലുള്ള വിഘടനം, വിത്ത് പരിചരണം, വളര്‍ച്ചാസഹായി, ചെടികള്‍ പുഷ്പിക്കാനുള്ള ഉത്തേജകം, രോഗ-കീടങ്ങള്‍ക്കെതിരെ പ്രതിരോധം, മണ്ണിലെ അമ്ലാംശവും ലവണാംശവും കുറയ്ക്കല്‍ എന്നീ ബഹുമുഖമേഖലകളില്‍ ഈ ജീവാണുമിശ്രിതം പ്രവര്‍ത്തിക്കുന്നതായി കണ്ടു. വെറും 5 ദിവസങ്ങള്‍കൊണ്ട് സൂക്ഷ്മാണുലായനി തയാറാക്കി ഉപയോഗിക്കാനാവുന്ന, അദ്ഭുതാവഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ഈ വിവിധോദ്ദേശ സൂക്ഷ്മാണുമിശ്രിതം തീര്‍ച്ചയായും ജൈവകൃഷിയുടെ വികസനത്തിലേക്കുള്ള കാല്‍വെയ്പ്പിലെ ഒരു മുതല്‍ക്കൂട്ടാണ്. സൂക്ഷ്മാണുക്കളുടെ വിത്തുകള്‍ (Spores) 30 മില്ലിഗ്രാം മാത്രം അടങ്ങുന്ന 20 രൂപ മാത്രം വിലയുള്ള ഒരു ചെറിയ കുപ്പിയില്‍ ലഭ്യമായ ഈ ഉൽപന്നത്താല്‍ 200 ലിറ്റര്‍ ഉപയോഗലായനി കൃഷിയിടത്തില്‍ തയാറാക്കാം. മാത്രമല്ല, തുറക്കാത്ത Waste Decomposer കുപ്പി ചൂടില്ലാത്ത സാഹചര്യത്തില്‍ സൂക്ഷിച്ചാല്‍ മൂന്നു വര്‍ഷം വരെ കേടാകാതെയിരിക്കും.

വേസ്റ്റ് ഡീകമ്പോസർ സൂക്ഷ്മാണുലായനി തയാറാക്കാൻ ആവശ്യമായ സാമഗ്രികളും തയാറാക്കുന്ന വിധവും

  1. NCOF Waste Decomposer (30 മില്ലിഗ്രാം) - ഒരു കുപ്പി
  2. ശുദ്ധമായ ശര്‍ക്കര - 2 കിലോഗ്രാം
  3. 250 ലിറ്റര്‍ കൊള്ളുന്ന ഒരു പ്ലാസ്റ്റിക്‌ വീപ്പ

വീപ്പയില്‍ നിറച്ച 200 ലിറ്റര്‍ വെള്ളത്തിലേക്ക് രണ്ടു കിലോ ശര്‍ക്കര മുഴുവനായി ലയിപ്പിച്ചു ചേർക്കുക. ശേഷം വേസ്റ്റ് ഡീകമ്പോസർ കുപ്പിയിലെ മുഴുവന്‍ സൂക്ഷ്മാണുദ്രവ്യവും ഈ ലായനിയിലേക്ക് പകര്‍ത്തിയ ശേഷം മരക്കമ്പ് കൊണ്ട് നന്നായി ഇളക്കിച്ചേര്‍ക്കണം. തുടർന്ന് കടലാസോ കാര്‍ഡ്ബോര്‍ഡോ ഉപയോഗിച്ച് വീപ്പ മൂടിവയ്ക്കുക. ദിവസവും രാവിലെയും വൈകിട്ടും മിശ്രിതം നന്നായി ഇളക്കണം. അഞ്ചു ദിവസം കഴിഞ്ഞാല്‍ മിശ്രിതം ഉപയോഗിക്കാന്‍ തയാറാകും.

(കൂടുതല്‍ ഉപയോഗിക്കാനായി വീണ്ടും ഒരു കുപ്പി വേസ്റ്റ് ഡീകമ്പോസർ മിശ്രിതം വങ്ങേണ്ടതില്ല. പകരം ഇപ്പോള്‍ തയാറായ ഈ സൂക്ഷ്മാണുലായനിയില്‍നിന്നു തന്നെ 20 ലിറ്റര്‍ എടുത്ത് വീണ്ടും 2 കിലോ ശര്‍ക്കരയും 200 ലിറ്റര്‍ വെള്ളവും ഉപയോഗിച്ച് വീപ്പയില്‍ ഇളക്കിച്ചേര്‍ത്ത്‌ അടുത്ത ലായനി തയാറാക്കാം.)

ഉപയോഗ രീതികള്‍

I. കമ്പോസ്റ്റ് നിര്‍മ്മാണം :

  • വെയില്‍ ഒട്ടും പതിക്കാത്തയിടത്തെ നിലം ഒരു മീറ്റര്‍ വീതിയിലും സൗകര്യപ്രദമായ നീളത്തിലും ചെത്തി വൃത്തിയാക്കി മുമ്പേ തയാറായ സൂക്ഷ്മാണുലായനിയാല്‍ നനയ്ക്കുക.
  • കരിയിലകള്‍, കൃഷിയിട അവശിഷ്ടങ്ങള്‍, അടുക്കളമാലിന്യം (പ്ലാസ്റ്റിക്‌, കല്ലുകള്‍, എല്ല്, മുള്ള് , ചെറുനാരങ്ങ, എണ്ണ, എന്നിവ ചേരാത്തത് ) എന്നിവ തനിച്ചോ കൂടിച്ചേര്‍ന്നോ 18 - 20 സെന്റിമീറ്റര്‍ കനത്തില്‍ നിരത്തുക.
  • ഈ അടുക്കിന്റെ അടിഭാഗം വരെ മുഴുവനായി നനയത്തക്കവിധം അടുക്കിന്റെ എല്ലായിടത്തും സൂക്ഷ്മാണുലായനിയാല്‍ സാവധാനത്തില്‍ നനയ്ക്കുക.
  • ഈ അടുക്കിനുമേലെ വീണ്ടും 18 - 20 സെന്റിമീറ്റര്‍ കനത്തില്‍ ജൈവാവവശിഷ്ടങ്ങള്‍ അടുക്കുക. വീണ്ടും സൂക്ഷ്മാണുലായനി ഒഴിച്ച് കൊടുക്കുക.
  • ഈ രണ്ട് അടുക്കുകള്‍ ചേര്‍ന്ന കമ്പോസ്റ്റ് കൂനക്ക് ഏകദേശം 40 സെന്റിമീറ്റര്‍ ഉയരമുണ്ടാവും. ഏഴു ദിവസം കൂടുമ്പോൾ ഈ കൂന നന്നായി ഇളക്കിമറിക്കുക.
  • 60 % ജലാംശം എപ്പോഴും കമ്പോസ്റ്റ് കൂനയില്‍ ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ ആവശ്യത്തിനു സൂക്ഷ്മാണുലായനി മിശ്രിതം മേലെ ഒഴിച്ചുകൊടുക്കണം.

മേല്‍പ്പറഞ്ഞപോലെ ഓരോ ക്രിയകളും പടിപടിയായി കൃത്യമായി ചെയ്‌താല്‍ 40 ദിവസംകൊണ്ട് കമ്പോസ്റ്റ് തയാറാവും. പുഴുക്കളോ പ്രാണികളോ ദുഗന്ധമോ ഇല്ലാത്ത ഈ കമ്പോസ്റ്റ് മണ്ണില്‍ നേരിട്ട് ഉപയോഗിക്കാം. മണ്ണിലെ അമ്ലതയും ലവണാംശവും ക്രമപ്പെടുത്തുന്നതിനൊപ്പം ജൈവാംശവും വിവിധ മൂലകങ്ങളുടെ ലഭ്യതയും ഏറും.

II. വിത്ത്‌ പരിചരണം: സൂക്ഷ്മാണു ലായനിയില്‍ 10 മിനിറ്റ് മുക്കിവച്ച വിത്തുകള്‍ 30 മിനിറ്റ് തണലില്‍ തുറന്നുവച്ച ശേഷം പാകാം. വിത്തിന്റെ അംഗുരണശേഷി, മുളക്കരുത്ത് എന്നിവ വര്‍ധിപ്പിക്കുകയും, വിത്തില്‍ക്കൂടി പകരുന്ന വിവിധ രോഗങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.

III. രോഗ-കീടനാശിനി, വളര്‍ച്ചാ-പൂവിടല്‍ സഹായി, പത്രപോഷണം എന്നിവക്കായുള്ള ഉപയോഗം: തയാറാക്കിയ സൂക്ഷ്മാണു ലായനി 1:3 അനുപാതത്തില്‍ വെള്ളത്തില്‍ ലയിപ്പിച്ച് വെയിലാറിയശേഷം ചെടികളില്‍ സമൂലം സ്പ്രേ ചെയ്യുക. നല്ലൊരു ശതമാനം കുമിള്‍രോഗങ്ങള്‍, കീടങ്ങള്‍ എന്നിവ ഒഴിവായി സസ്യങ്ങള്‍ ആരോഗ്യത്തോടെ വളരുന്നതും പൂവിടുന്നതും ഫലങ്ങള്‍ വിരിയുന്നതും കാണാം.

IV. തുള്ളിനനയില്‍ ഒരേക്കറിന് വേണ്ട ജലത്തിന്റെ കൂടെ 200 ലിറ്റര്‍ മേല്‍പ്പറഞ്ഞ സൂക്ഷ്മാണുലായനി ചേര്‍ക്കാം. ഇങ്ങനെ മണ്ണിലെ ഉപകാരികളായ സൂക്ഷ്മാണുക്കളുടെ അളവ് നിലനിര്‍ത്തി മണ്ണിന്റെ ആരോഗ്യവും ഉൽപാദനക്ഷമതയും കൂട്ടാം.

V. കൃഷിയിടങ്ങളില്‍ പുതയുടെ മേലെ ഈ സൂക്ഷ്മാണുലായനി തളിച്ചാല്‍ പുതയിട്ട അവശിഷ്ടങ്ങള്‍ വളരെ വേഗം അഴുകി മണ്ണില്‍ കമ്പോസ്റ്റായി ചേരുന്നു.

മണ്ണിന്റെയും വിളകളുടെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വിളവു കൂട്ടാനും അതോടൊപ്പം മാലിന്യം കമ്പോസ്റ്റായി മാറ്റാനുള്ള സമീപകാല ആവശ്യതയ്ക്ക് വലിയൊരു പരിഹാരമാണ് NCOF Waste Decomposer വിവിധോദ്ദേശ സൂക്ഷ്മാണുമിശ്രിതം. https://ncof.dacnet.nic.in/Dowload…/Add-Waste-Decomposer.pdf  

ഇപ്പോള്‍ ഈ ഉൽപന്നത്തിന്റെ നിര്‍മ്മാണാനുമതി സ്വകാര്യസ്ഥാപനങ്ങള്‍ക്കും നല്‍കിയിരിക്കുന്നതിനാല്‍ ആമസോണിലും ലഭ്യമാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com