ADVERTISEMENT

ജൈവകീടനാശിനികളില്‍ പലതിന്റെയും നിര്‍മാണം പലപ്പോഴും ശ്രമകരമായി തോന്നിയിട്ടുണ്ടാവാം. മാത്രമല്ല, രാസകീടനാശിനികളെപ്പോലെ ജൈവകീടനാശിനികള്‍ ദീര്‍ഘകാലം സൂക്ഷിച്ചുവയ്ക്കാനുമാവില്ല. എന്നാലിതാ, അനായാസം തയാറാക്കാവുന്നതും ഒരു വര്‍ഷത്തോളം സൂക്ഷിച്ചുവയ്ക്കാവുന്നതുമായ ഒരു കീടനാശിനിയെ പരിചയപ്പെടുത്താം. ‌

ഈ കീടനാശിനിയുണ്ടാക്കാന്‍ വേണ്ടത് പഴകിയ ഗോമൂത്രവും (നാടന്‍ പശുവിന്‍റെതായാല്‍ നന്ന് ) രോഗങ്ങളും കീടങ്ങളുമില്ലാത്ത പപ്പായയുടെയും മരച്ചീനിയുടെയും മൂത്തുപാകമായ (പഴുത്തുതുടങ്ങാത്ത) ഇലകളും മാത്രം. ഒരു പ്ലാസ്റ്റിക്‌ പാത്രത്തിലെടുത്ത ഗോമൂത്രത്തില്‍ മുഴുവനായി മുങ്ങിക്കിടക്കുന്ന രീതിയിൽ പപ്പായയുടെയും മരച്ചീനിയുടെയും ഇലകള്‍ സമമായ അളവിലെടുത്ത് നന്നായി അരിഞ്ഞുചേര്‍ക്കുക. പാത്രം വായു കടക്കാത്ത വിധത്തിൽ അടച്ച് തണലില്‍ സൂക്ഷിക്കണം. 30-60 ദിവസം കഴിഞ്ഞാല്‍ ഇലകളെല്ലാം അഴുകി ഗോമൂത്രത്തില്‍ അലിഞ്ഞുചേര്‍ന്നതായി കാണാം. അലിഞ്ഞില്ലെങ്കില്‍ കുറച്ച് ദിവസങ്ങൾക്കൂടി കാത്തിരിക്കുക. തയാറായ ലായനി അരിച്ചെടുത്ത് 50 മില്ലില‌ീറ്റര്‍ ഒരു ലീറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ചശേഷം എല്ലാ വിളകളിലും സ്പ്രേ ചെയ്യാം. 

പുഴുക്കള്‍, നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ എന്നിവയ്ക്കെതിരെ ഈ ജൈവകീടനാശിനി വെയിലാറിയശേഷം പ്രയോഗിക്കാം. കീടനാശിനിയായി മാത്രമല്ല, ഈ ലായനി വിവിധങ്ങളായ പോഷകങ്ങളടങ്ങിയ ഒരു പത്രപോഷണമായും വളര്‍ച്ചാത്വരകമായും പ്രവര്‍ത്തിക്കും. ഈ കീടനാശിനി (നേര്‍പ്പിക്കാതെ) ചില്ലുകുപ്പികളില്‍ അടച്ചുവെച്ച് ഏകദേശം ഒരു വര്‍ഷത്തോളം സൂക്ഷിക്കാം.

ഈ ഇലകള്‍ക്കൊപ്പം ശീമക്കൊന്ന, നാറ്റപ്പൂച്ചെടി, കിരിയാത്ത്, കാട്ടുസൂര്യകാന്തി, പെരുവലം എന്നിങ്ങനെയുള്ള ഇലകളും ചേർത്ത് കീടനാശനി തയാറാക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com