sections
MORE

കർഷകനും പരിസ്ഥിതിക്കും ദോഷമുണ്ടാകാതെ, ലാഭകൃഷി സാധ്യമെന്നു തെളിയിക്കുന്ന യുവദമ്പതിമാർ

HIGHLIGHTS
  • വരുമാനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കിയത് വിഗോവ താറാവുകൾ
  • ഇഷ്ടവിഷയങ്ങളിലേക്കുള്ള സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയായിരുന്നു ഇരുവരുടെയും വിവാഹം
vani
വാണിയും വിജിത്തും
SHARE

മണ്ണുത്തിയിലെ പരിസ്ഥിതിപഠന ക്യാംപിൽ പരിചയപ്പെട്ട രണ്ടു പേർ; വാണിയും വിജിത്തും. കണ്ണൂർ സ്വദേശിയായ വിജിത്ത് ബിടെക് ബിരുദധാരി. ആലപ്പുഴ ഹരിപ്പാടുനിന്നുള്ള വാണി നേടിയത് കൃഷിയിൽ ബിരുദം. രണ്ടു പേരും പഠിക്കാൻ മിടുക്കർ. ഇരുവരുടെയും ഇഷ്ടവിഷയം പരിസ്ഥിതിയും കൃഷിയും. പരിചയം സൗഹൃദമായി വളർന്നപ്പോൾ പോണ്ടിച്ചേരിയിൽ പരിസ്ഥിതിപഠനത്തിനു ചേർന്നത് ഒരുമിച്ച്. പഠനത്തിനും ജോലിക്കുമിടയിൽ സൗഹൃദം പ്രണയമായപ്പോൾ ഒമ്പതു വർഷം മുമ്പു വിവാഹം. 

ഇഷ്ടവിഷയങ്ങളിലേക്കുള്ള സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയായിരുന്നു ഇരുവരുടെയും വിവാഹം, ജോലി, സാമൂഹിക അംഗീകാരം, ഉദ്യോഗം നൽകുന്ന സുരക്ഷിതത്വം തുടങ്ങി പലതും പലരും ഓർമിപ്പിച്ചിട്ടും ഇരുവരും തീരുമാനിച്ചത് ഹരിപ്പാട് ഡാണാപ്പടിയിലുള്ള നാലരയേക്കർ പുരയിടത്തിലെ കൃഷി ജീവിതം. എന്നാല്‍, അതു മറ്റു കർഷകർക്കു മാതൃകകൂടി ആവണമെന്ന് ആഗ്രഹമുണ്ടായിരുന്നു ഇരുവര്‍ക്കും. പച്ചത്തഴപ്പാർന്ന സ്വന്തം ജൈവകൃഷിയിടത്തിൽനിന്ന് വാണിയും വിജിത്തും ചോദിക്കുന്നു, ‘ഇങ്ങനെയും ഒരു മാതൃക പരീക്ഷിക്കുന്നോ?’

ജൈവലോകം

കായ്ഫലം തീരെക്കുറഞ്ഞ തെങ്ങുകളായിരുന്നു കൃഷി തുടങ്ങുന്ന കാലത്തു പുരയിടത്തിലുണ്ടായിരുന്ന പ്രധാന വിളയെന്നു വാണി. നട്ട് 20 വർഷം പിന്നിട്ടപ്പോഴേക്കും വാർധക്യത്തിലെത്തിയ തെങ്ങുകൾ, നിലവിലുള്ള കൃഷിരീതിയുടെ പോരായ്മയായിത്തന്നെ കാണണമെന്ന പക്ഷമായിരുന്നു വാണിക്കും വിജിത്തിനും.

അതുകൊണ്ടുതന്നെ മണ്ണിന്റെ ജൈവാംശം വർധിപ്പിക്കുന്നതിൽ ആദ്യ പരിഗണന നൽകി. കരിയില പുതയാക്കി, മുകളിൽ മണ്ണു വിതറി, ചാണക സ്ലറി ഒഴിച്ച്, അൽപം കുമ്മായവും ചേർത്തു മണ്ണൊരുക്കം. ഒന്നോ രണ്ടോ ആഴ്ച പിന്നിടുമ്പോൾ മണ്ണിളക്കി പച്ചക്കറിവിത്തിട്ട് കൃഷിത്തുടക്കം. അരുണയും സൽകീർത്തിയും ആനക്കൊമ്പനും പോലുള്ള വെണ്ടയിനങ്ങൾ ഉൾപ്പെടെ നാട്ടിലുള്ളതും നാമാവശേഷമാകുന്നതുമായ പച്ചക്കറിയിനങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി കൃഷിയിടത്തിലെത്തി. നാടനോ ഹൈബ്രിഡോ എന്നതിനല്ല, മണ്ണിനും മനുഷ്യനും ഹിതകരമായ കൃഷി എന്നതിനായിരുന്നു ഊന്നലെന്നു വാണി. 

ജൈവോൽപന്നങ്ങൾക്കു മുന്തിയ വില എന്നതു പോകട്ടെ, ന്യായവിലപോലും അസാധ്യമായിരുന്നു തുടക്കത്തിൽ. ഉൽപാദനച്ചെലവിന് ആനുപാതികമായി വില ലഭിക്കാതെ വന്നതോടെ കൃഷിയിടത്തിൽത്തന്നെ വിപണിയൊരുക്കി. ഉപഭോക്താവിനുതന്നെ വിളവെടുക്കാൻ അവസരം. പച്ചക്കറി തേടി വന്നവർക്കു മാത്രമല്ല, കൃഷി കാണാനും പഠിക്കാനും വന്ന കുട്ടികൾക്കും കർഷകർക്കും പരിസ്ഥിതിപ്രവർത്തകർക്കുമെല്ലാം മുന്നില്‍ ‘വാസു ജൈവാങ്കണം’ എന്ന നാലരയേക്കർ കൃഷിയിടത്തിന്റെ അതിരുകളത്രയും തുറന്നിട്ടു വാണിയും വിജിത്തും. 

ഒമ്പതു വർഷത്തിനിപ്പുറം, രാസവളത്തിന്റെയോ രാസകീടനാശിനികളുടെയോ ഒത്താശയില്ലാതെ എന്തും സമൃദ്ധമായി  വിളയുന്ന ഒന്നാന്തരം കൃഷിയിടമായി മാറിയിരിക്കുന്നു ജൈവാങ്കണം. പച്ചക്കറികളും വാഴയും കടന്ന് പക്ഷിമൃഗാദികളിലേക്കും നഴ്സറിയിലേക്കും, ജൈവ കലവറയെന്ന വിപുലമായ വിപണനശാലയിലേക്കും, സഹകർഷകരിൽനിന്ന് ഉൽപന്നങ്ങൾ സംഭരിച്ചു വിൽക്കുന്നതിലേക്കുമെല്ലാം എത്തിനിൽക്കുന്ന ഹരിതജീവിതം. ആറു വാട്‌സാപ് ഗ്രൂപ്പുകൾ നിറയെയുണ്ട് ഇന്നു ജൈവകലവറയുടെ ഓൺലൈൻ ഉപഭോക്താക്കൾതന്നെ. വിഷരഹിത വിഭവങ്ങൾ വാങ്ങാൻ എത്ര ദൂരം സഞ്ചരിച്ചെത്താനും മടിയില്ലാത്തവർ. 

കൃഷിവകുപ്പിന്റെ ജൈവകൃഷി നയവും നാട്ടുപച്ചക്കറികളോടും പഴങ്ങളോടുമുള്ള ആളുകളുടെ വർധിച്ച താൽപര്യവും ഇന്നു കർഷകർക്കു ഗുണകരമാവുന്നുണ്ടെന്നു വിജിത്ത്. ആലപ്പുഴ ജില്ലാ കൃഷിവകുപ്പും ഹരിപ്പാടു കൃഷിഭവനും എല്ലാ പിന്തുണയുമായി എപ്പോഴും ഒപ്പമെത്തുന്നുണ്ട്.

vani-1
വിപണനകേന്ദ്രത്തിനു മുന്നിൽ

താറാവും തൈകളും

കൃഷിയും മൃഗസംരക്ഷണവും ഒരുമിക്കുമ്പോഴാണു സാധാരണ കർഷകർക്കു സുസ്ഥിര വരുമാനം സാധ്യമാകുന്നതെന്നു വാണി. പച്ചക്കറിക്കൊപ്പം കോഴിയും താറാവും ചേർന്നതോടെ വരുമാനത്തിൽ പ്രകടമായ വ്യത്യാസം വന്നു. നിത്യവരുമാനത്തിനുതകുന്നതായി  കോഴിമുട്ടയും താറാവുമുട്ടയും. വരുമാനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കിയ മറ്റൊന്നാണ് വിഗോവ ഇനം ബ്രോയിലർ താറാവുകൾ. 

കേന്ദ്രസർക്കാരിനു കീഴിൽ ബെംഗളൂരുവിലെ സെൻട്രൽ പൗൾട്രി ഡവലപ്മെന്റ് ഓർഗനൈസേഷൻ വിയറ്റ്നാമിൽനിന്നു കൊണ്ടുവന്ന വിഗോവ സൂപ്പർ എം എന്ന ഇറച്ചിത്താറാവിനത്തിന്റെ പിൻതലമുറയാണ് വെള്ളച്ചിറകുകളും മഞ്ഞ കൊക്കുമുള്ള വിഗോവ. 45–50 ദിവസം പ്രായത്തിൽ രണ്ടര–രണ്ടേമുക്കാൽ കിലോവരെ തൂക്കമെത്തുന്ന ഇനം. താറാവൊന്നിന് 550 രൂപ വില ലഭിക്കുമെന്നു വാണി. മാസം ചുരുങ്ങിയത് 120 എണ്ണം വിറ്റു പോകും. കോഴിയും താറാവുമുൾപ്പെടെ പക്ഷിമൃഗാദികൾക്കെല്ലാം നാലരയേക്കർ സ്വാതന്ത്ര്യം. അഴിച്ചുവിട്ടു വളർത്തുന്ന (ഫ്രീ റെയ്ഞ്ച്) കോഴിയുടെയും താറാവിന്റെയും മുട്ടയ്ക്ക് ഉപഭോക്താക്കളുടെ ഇടയിൽ പ്രിയം കൂടുതലുണ്ട്.

വരുമാനം വളർത്തിയ മറ്റൊന്ന്, വെർട്ടിക്കൽ പൂന്തോട്ടങ്ങൾക്കുൾപ്പെടെ യോജ്യമായ,  ഇലച്ചെടികളുടെ വിപുലമായ നഴ്സറിയാണ്. ഡ്രസീന ഇനങ്ങൾ മുതൽ നാടൻ പന്നൽച്ചെടിവരെ ചേരുന്ന മികച്ച ശേഖരം. ദിവസം 6000 രൂപയുടെ വിൽപനയുണ്ട് നഴ്സറിയിൽനിന്നു മാത്രം. 

കടുംകൃഷിയുടെ യുക്തികളൊന്നും മുഖവിലയ്ക്കെടുക്കാതെ, പ്രകൃതിക്കും മനുഷ്യനും യോജിച്ച കൃഷിയിൽ ഉറച്ചു നിന്നതിന്റെ സദ്ഫലമാണ് ഇന്നു കാണുന്ന ഈ സ്വാശ്രയജീവിതവും കൃഷിയുമെന്ന് അഭിമാനത്തോടെ പറയുന്നു വാണിയും വിജിത്തും. വേനലിലും വർഷത്തിലും ഒരുപോലെ ഹരിതാഭം ജൈവാങ്കണത്തിലെ കൃഷിയും വരുമാനവും. 

താങ്ങാവുന്ന വില

സ്വന്തം ഉൽപന്നത്തിന് സ്വയം വില നിശ്ചയിക്കാനുള്ള അവകാശം നിലവിൽ ബഹുഭൂരിപക്ഷം കർഷകരുടെയും സ്വപ്നമെങ്കിൽ അതിനവസരമൊരുക്കുന്നു ജൈവ കലവറയെന്ന് വിജിത്ത്. ‘‘ഓരോ കൃഷിയിനത്തിനും വരുന്ന ഉൽപാദനച്ചെലവ് എത്രയെന്ന് കർഷകരായതുകൊണ്ടുതന്നെ ഞങ്ങൾക്കു നന്നായി അറിയാം. അതിനാൽ കർഷകർ പറയുന്ന ന്യായവില അംഗീകരിച്ചാണ് ജൈവ കലവറയിലേക്കുള്ള ഉൽപന്നങ്ങൾ സംഭരിക്കുന്നത്. ഞങ്ങളുടെ ഉപഭോക്താക്കളും അതുപോലെതന്നെ. അവർക്കറിയാം കർഷകരുടെ അധ്വാനത്തിന്റെ മൂല്യം. ജൈവോൽപന്നമെന്ന ലേബലിട്ട് സാധാരണ ഉപഭോക്താക്കൾക്കു താങ്ങാൻ കഴിയാത്ത വിലയ്ക്കു വിൽക്കാനും ഒരുക്കമല്ല. ഉൽപാദകരും ഉപഭോക്താക്കളുമെല്ലാം പരസ്പരം പരിചിതരായിരിക്കുന്ന, സുതാര്യ വിപണികൂടിയാണ് ജൈവകലവറ’’, വിജിത്തിന്റെ വാക്കുകൾ.

വാണി–വിജിത്ത്, വാസു ജൈവാങ്കണം, ഡാണാപ്പടി, ഹരിപ്പാട്, ആലപ്പുഴ, ഫോൺ: 8921103714

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
FROM ONMANORAMA