sections
MORE

വിഭവപരിമിതിയിൽ, വിളസമൃദ്ധിയുമായി ഇസ്രയേൽ

HIGHLIGHTS
  • ‘ലാബിൽ നിന്നു ഫാമിലേക്ക് ’ എന്ന ആശയം ഏറ്റവും ഭംഗിയായി നടപ്പാക്കിയ രാജ്യം
  • 3 മാസത്തോളം മരത്തിൽ നിൽക്കുമെന്നതാണ് ഹാസിന്റെ സവിശേഷത
israel
ഷാജി ജോസഫ് ഇസ്രയേലിലെ നെറ്റാഫേം കമ്പനിയുടെ ഹൈഡ്രോപോണിക്സ് കൃഷിയിടത്തിൽ. പായ്ക്ക്‌ഹൗസിൽ അവക്കാഡോയുടെ പ്രാഥമിക സംസ്കരണം (ഇൻസെറ്റിൽ).
SHARE

ഒരു വർഷം 3100 സെ.മി. മഴ കിട്ടുന്ന കേരളത്തിൽനിന്നു പരമാവധി 6 സെ.മി. മഴ കിട്ടുന്ന ഇസ്രയേലിലേക്ക് ഒരു മാസം മുമ്പ് കൃഷി കാണാനായി പോയ 22 അംഗ കർഷകസംഘത്തിൽ ഞാനുമുണ്ടായിരുന്നു. ശരിയായ സാങ്കേതികവിദ്യയുംവിഭവവിനിയോഗവുമുണ്ടെങ്കിൽ ഏതു പ്രതികൂല സാഹചര്യത്തിലുംവേണ്ടത്ര ഭക്ഷണം ഉൽപാദിപ്പിക്കാമെന്ന് ഇസ്രയേൽ കാണിച്ചുതന്നു. വളരെയധികം അധ്വാനവും സാങ്കേതികവിദ്യയും  പണവും മുതൽമുടക്കിയാണ് മരുഭൂമിയിൽ അവരുടെ കൃഷി. അതുകൊണ്ടുതന്നെകൂടുതൽ വില ലഭിക്കുന്ന വിളകൾ മാത്രമാണ് ഇവിടുള്ളത്. ഇന്ത്യയിൽനിന്നു കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന കരിമ്പ്, നെല്ല് തുടങ്ങിയ വിളകൾക്കായി പണം ചെലവഴിക്കേണ്ടതില്ലെന്നും ഇസ്രയേൽ കരുതുന്നു.  

പലതരം പഴവർഗങ്ങളുടെ വാണിജ്യക്കൃഷിയാണ് കൂടുതലായി കണ്ടത്. ഇന്ന് ഏറെ പ്രചാരം നേടിവരുന്ന അവക്കാഡോക്കൃഷി ഏറെ ആകർഷകമായി തോന്നി. നൂറേക്കറുള്ള അവക്കാഡോ ഫാമിൽ ഞങ്ങൾ പോയി. ഏകദേശം ഒരു മീറ്റർ ഉയരവും രണ്ടു മീറ്റർ വീതിയുമുള്ള വലിയ വാരങ്ങളെടുത്താണ് അവക്കാഡോ നട്ടിരിക്കുന്നത്. എല്ലാ മരങ്ങളും 15 അടി ഉയരത്തിൽ പ്രൂൺ ചെയ്ത് ഉയരം ക്രമീകരിച്ചിട്ടുണ്ട്. അവ തമ്മിലുള്ള ഇടയകലം 6x4 മീറ്ററും . ‘ലാബിൽ നിന്നു ഫാമിലേക്ക് ’ എന്ന ആശയം ഏറ്റവും ഭംഗിയായി നടപ്പാക്കിയ രാജ്യം ഇസ്രയേലായിരിക്കും. അത്ര ഫലപ്രദമായും വേഗത്തിലുമാണ് പുതിയ സാങ്കേതികവിദ്യകൾ ഇവിടെ നടപ്പാക്കുന്നത്. നിലമൊരുക്കുമ്പോൾ മുതൽ സർക്കാർ നിയോഗിച്ച വിദഗ്ധരുടെ മേൽനോട്ടവും ഉപദേശവും കിട്ടും. വാരങ്ങളിൽ തൈ നടുന്നതിനൊപ്പം തന്നെ തുള്ളിനന സംവിധാനം ഏർപ്പെടുത്തും. വിളവെടുപ്പും കമ്പുകോതലുമൊക്കെ യന്ത്രസഹായത്താലാണ് . വരികളായി നട്ട ഫലവൃക്ഷങ്ങൾക്കിടയിലൂടെ വിളവെടുപ്പിനുള്ള വാഹനം നീങ്ങുമ്പോൾ നിശ്ചിത ഉയരത്തിൽ ക്രമീകരിച്ചിരിക്കുന്ന തട്ടിൽനിന്നുകൊണ്ട് തൊഴിലാളികൾ വിളവെടുപ്പ് നടത്തുന്നു. കമ്പുകോതുന്ന യന്ത്രമാകട്ടെ, വൃക്ഷനിരകൾക്കിടയിലൂടെ സാവധാനം ഓടിക്കുകയേ വേണ്ടൂ. അധിക വളർച്ചയുള്ള കമ്പുകളെല്ലാം യന്ത്രത്തിന്റെ ബ്ലേഡ് മുറിച്ചുകൊള്ളും.

മെഡിറ്ററേനിയൻ കാലാവസ്ഥയുള്ള ഇവിടെ ‘ഹാസ്’ എന്ന ഇനം വെണ്ണപ്പഴമാണ് (അവക്കാഡോ) കൂടുതലും കൃഷി ചെയ്യുന്നത്. ലോകമാകെ ഏറ്റവുമധികം കൃഷി ചെയ്യുന്ന മികച്ച ഇനമാണ് ഹാസ്. മൂപ്പെത്തിയശേഷം കേടുകൂടാതെ 3 മാസത്തോളം മരത്തിൽ നിൽക്കുമെന്നതാണ് ഹാസിന്റെ സവിശേഷത. തന്മൂലം വിപണിക്കനുസരിച്ച് വിളവെടുപ്പ് ക്രമീകരിക്കാനാവും. വിളവെടുത്ത ശേഷമുള്ള സൂക്ഷിപ്പുകാലവും ഈയിനത്തിനു കൂടുതലായുണ്ട്. വലുപ്പത്തിലും രുചിയിലും ആകൃതിയിലുമൊക്കെ ഏറെ മെച്ചപ്പെട്ട ഈയിനത്തിന്റെ തൈകൾക്കായി 2–3 വർഷം വരെ ഇവിടുത്തെ കൃഷിക്കാർ കാത്തിരിക്കേണ്ടിവരാറുണ്ട്.  

സൂര്യപ്രകാശം പരമാവധി ലഭിക്കത്തക്ക വിധത്തിൽ ക്രമീകരിച്ച അവക്കാഡോ തൈകൾക്ക് തുള്ളി നന യിലൂടെ വളവും നൽകുന്നു. മലിനജലം ശുദ്ധീകരിച്ചാണ് കൃഷിക്കാവശ്യമായ 90 ശതമാനം വെള്ളവും ഇസ്രയേൽ കണ്ടെത്തുന്നത്. ഉയർന്ന മർദത്തിൽ പമ്പ് ചെയ്യുന്ന വെള്ളം മണ്ണിലേക്ക് ഇറ്റു വീഴുന്നതുപോലും ആവശ്യാനുസരണം മാത്രം. മണ്ണിൽ സ്ഥാപിച്ച സെൻസറുകളുെട സഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംനിയന്ത്രിത വാൽവുകളാണ് ഇത് സാധ്യമാക്കുക.

കൃഷിയിടങ്ങളുടെ ഉടമസ്ഥർ കൃഷിക്കാരല്ല, കിബൂട്ട്സ് എന്ന കുടുംബ കൂട്ടായ്മകളാണ്. 80–100 കുടുംബങ്ങൾ ചേർന്നതാവും ഒരു കിബൂട്സ്. കിബൂട്സിലുള്ളവർ ഒരുമിച്ചു താമസിക്കുന്നു, തൊട്ടടുത്തായി അവരുടെ കൃഷിയിടവും കാണും. പൊതുഭക്ഷണശാലയിൽനിന്നാണ് ഭക്ഷണം . ഓരോ കിബൂട്‌സിനും കുറഞ്ഞത് 500 ഏക്കർ കൃഷിഭൂമി സർക്കാർ നൽകിയിട്ടുണ്ട്. അവിടെ അവർ ഒരുമിച്ച് അധ്വാനിച്ചു വിളവെടുക്കുന്നു. ഇത്തരം 30–40 കിബൂട്സുകൾക്കായി ഓരോ പായ്ക്ക്ഹൗസും. കാർഷികോൽപന്നങ്ങളുടെ പ്രാഥമിക സംസ്കരണവും പാക്കിങ്ങും വിപണനവുമൊക്കെ ഇവിടെയാണ് . എല്ലാ കിബൂട്ട്സുകളുടെയും പ്രതിനിധികൾ ചേർന്ന സമിതിയാണ് പായ്ക്ക് ഹൗസിന്റെ ഭരണം നിർവഹിക്കുക. ഞങ്ങൾ കണ്ട പല പായ്ക്ക്ഹൗസുകളും 4–5 ഏക്കർ വിസ്തൃതിയിൽ വിപുലമായ സൗകര്യമുള്ളവയാണ്. ദിവസേന 50 മുതൽ 300 ടൺ വരെ ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്ന പായ്ക്ക് ഹൗസിന് 5–10 കോടി രൂപ മുതൽമുടക്ക് വേണ്ടിവരുമെന്നു തോന്നുന്നു. ഫലവർഗങ്ങളുടെ ഉൾഭാഗത്തെ കേടുപോലും കണ്ടുപിടിക്കാൻ സഹായിക്കുന്ന തെർമൽ ഇമേജിങ് ടെക്നോളജിയും മറ്റുമാണ് തരംതിരിവിനായി പ്രയോജനപ്പെടുത്തുന്നത്. രാജ്യാന്തരവിപണിയിൽ നേരിട്ട് ഇടപാടു നടത്താൻ പ്രാപ്തമാണ് ഓരോ പായ്ക്ക്ഹൗസും. വിപണനത്തിലൂെട കിട്ടുന്ന ലാഭം കിബൂട്ട്സുകൾ പങ്കുവയ്ക്കുന്നു.  

അവക്കാഡോയ്ക്കു പുറമെ മാവ്, മാതളം, നാരകം, മുസംബി, പെർമിസൺ‌ തുടങ്ങിയവയുടെ തോട്ടങ്ങളും കാണാൻ സാധിച്ചു. ഇസ്രയേലുകാരുടെ വാഴക്കൃഷിയും വ്യത്യസ്തമാണ്. വശങ്ങളിലും മീതെയും വലകൊണ്ടു മൂടിയ നെറ്റ് ഹൗസുകളിലാണ് കൃഷി. കാറ്റടിച്ച് വാഴയില കീറുന്നതും ഉയർന്ന ചൂടിൽ ബാഷ്പീകരണംമൂലം ജലനഷ്ടം ഉണ്ടാകുന്നതും ഒഴിവാക്കാനാണ് വാഴത്തോപ്പ് ഒന്നാകെ വല കൊണ്ടു പൊതിയുന്നത്. മികച്ച നിലവാരമുള്ള വാഴക്കുലയുണ്ടാവാനും ഇതു സഹായിക്കുന്നു.

ഗവേഷണ പിന്തുണയാണ് ഇസ്രയേലിലെ കാർഷികമുന്നേറ്റത്തിന്റെ യഥാർഥ കരുത്ത്. എല്ലാ വർഷവും കൃഷി മെച്ചപ്പെടുത്തുന്നതിനു പുത്തൻ സാങ്കേതികവിദ്യകൾ വരുന്നു. ഞങ്ങൾ സന്ദർശിച്ച ഒരു മാന്തോപ്പിൽ പഴഈച്ചകളെ നശിപ്പിക്കുന്നതിനു പുതിയ തരം ഫിറമോൺകെണി കാണാനിടയായി. ഒരു ഹെക്ടറിൽ ഇത്തരം 10 കെണികളുണ്ടെങ്കിൽ 99 ശതമാനത്തിലേറെ ഈച്ചകളെയും നശിപ്പിക്കാമത്രെ. ഇസ്രയേലിന്റെ കാർഷികമുന്നേറ്റത്തിന്റെ ഏറ്റവും വലിയ രഹസ്യം നടീൽവസ്തുക്കളുടെ നിലവാരത്തിൽ അവർ കാണിക്കുന്ന ജാഗ്രതയാണെന്നു തോന്നുന്നു. അംഗീകൃത നഴ്സറികളിൽനിന്നു മാത്രമെ ഇവിടെ നടീൽവസ്തുക്കൾ വാങ്ങാൻ അനുവാദമുള്ളൂ. സർക്കാർ ഉടമസ്ഥതയിലുള്ള ഗവേഷണസ്ഥാപനങ്ങൾ നൽകുന്ന മാതൃസസ്യങ്ങൾ മാത്രമെ നഴ്സറികളിൽ ഉപയോഗിക്കാവൂ. ഈ നിബന്ധന കർശനമായ പാലിക്കുന്നതുമൂലം നിലവാരമില്ലാത്ത ഒരു തൈ പോലും ഒരു കൃഷിയിടത്തിലും എത്തുകയോ കൈമാറുകയോ ചെയ്യുന്നില്ല. വമ്പൻ ടിഷ്യു കൾചർ ലാബുകളും കൃഷിക്കു പിന്തുണ നൽകുന്നു. കൃഷിയിൽ മാത്രമല്ല, മൃഗസംരക്ഷണത്തിലും ഇസ്രയേൽ ഏറെ മുൻപന്തിയിലാണ്. ഏകദേശം 1000–1200 പശുക്കളുള്ള ഡെയറി ഫാം നടത്താൻ 12 ജോലിക്കാർ മതി.  

israel-2
മഴവെള്ളം ചെടിച്ചുവട്ടിൽ സംഭരിക്കുന്ന വിധത്തിലുള്ള പുതയിടൽ. അധികമായുള്ള ജലം പുറത്തേക്കൊഴുക്കാനും ഇതിൽ സംവിധാനമുണ്ട്. ഷാജി ജോസഫ് പേഴ്‌സിമൺ തോട്ടത്തിൽ (വലത്ത്)

ഇസ്രയേൽ ടെക്നോളജിയെക്കുറിച്ച് കേരളത്തിൽ എല്ലാവർക്കും തന്നെ അറിയാം. എന്നാൽ അത് നമുക്ക് കൂടി പ്രയോജനപ്പെടുത്താനുള്ള ശ്രമം വേണം. സാങ്കേതികവിദ്യയുടെ കാര്യത്തിൽ രാഷ്ട്രീയം കലർത്താതിരിക്കാൻ നമുക്ക് കഴിയണമെന്നു മാത്രം. കേരളത്തിൽനിന്ന് ഇസ്രയേലിലേക്കു തിരികെപ്പോയ പലരും അവിടെ വലിയ കൃഷിക്കാരാണിപ്പോൾ. സ്വന്തം നേട്ടങ്ങളും അറിവുകളും കേരളവുമായി പങ്കു വയ്ക്കാൻ അവരിൽ പലരും സന്നദ്ധരുമാണ്. ആധുനിക സാങ്കേതികവിദ്യകൾ നടപ്പാക്കിയ ഒരു മാതൃകാകൃഷിയിടം കേരളത്തിൽ തയാറാക്കാൻപോലും അവർക്ക് താൽപര്യമുണ്ടത്രെ. ഒരു വ്യവസ്ഥ മാത്രം– കുറഞ്ഞത് 25 ഏക്കർ സ്ഥലം കൊടുക്കണം. ഇത്തരം കാര്യങ്ങളിൽ മുൻകൈയെടുക്കാൻ സംസ്ഥാനസർക്കാരിനു കഴിയണം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കൃഷിയിലെ ‘മികവിന്റെ കേന്ദ്രങ്ങൾ’ ( centre of excellence) ഇസ്രയേൽ സർക്കാർ ആരംഭിച്ചിട്ടുണ്ട്. എന്നാൽ കേരളം പുറംതിരിഞ്ഞുനിൽക്കുകയാണിപ്പോഴും.

കൃഷിയിടത്തിലേക്ക് സാങ്കേതികവിദ്യ വരണമെങ്കിൽ കൂടുതൽ നിക്ഷേപം ആവശ്യമാണ്. നിർഭാഗ്യവശാൽ തുച്ഛമായ മുതൽമുടക്ക് മാത്രമാണ് നമ്മുെട നാട്ടിൽ കൃഷിയിലുണ്ടാകുന്നത്. വിപുലമായ കൃഷിക്ക് സ്ഥലം ഇവിടെ കിട്ടാനില്ല. നിലവിലുള്ള വൻകിടതോട്ടങ്ങൾ ചില വിളകൾക്കായി പരിമിതപ്പെടുത്തിയതാണ് കാരണം. കാലോചിതമല്ലാത്തതും നാടിന്റെ ആവശ്യങ്ങൾക്കു നിരക്കാത്തതുമായ ഇത്തരം നിയന്ത്രണങ്ങൾ എടുത്തുകളയേണ്ടതുണ്ട്. റംബുട്ടാൻ, പ്ലാവ്, മാവ് എന്നിവ കൃഷി ചെയ്യാൻ വൻകിട തോട്ടങ്ങൾക്ക് അനുമതി നൽകുന്നതിനെക്കുറിച്ച് അടുത്ത കാലത്ത് ചില ആലോചനകൾ ഉയർന്നത് നല്ല തുടക്കംതന്നെ. വലിയ കൃഷിക്കാർ നടപ്പാക്കുന്ന സാങ്കേതികവിദ്യകൾ ക്രമേണ ചെറുകിട കർഷകർ ഏറ്റെടുക്കും. ഭൂവിനിയോഗ നിയമങ്ങൾ പരിഷ്കരിച്ച് ഒരു ഏക്കറിൽനിന്ന് ഒരു ലക്ഷം രൂപയെങ്കിലും വരുമാനമുണ്ടാക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണം. എങ്കിലേ വരുംതലമുറ കൃഷി ചെയ്യാൻ സന്നദ്ധമാവൂ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
FROM ONMANORAMA