sections
MORE

ഉദയസൂര്യന്റെ നാട്ടിലെ കൃഷിരീതികൾ നമുക്കും പിന്തുടരാവുന്നത്

HIGHLIGHTS
  • പുതു തലമുറ കൃഷിയിലേക്ക് വരുന്നതിന്റെ തോത് ജപ്പാനിലും കുറവാണ്
  • സഹകരണമേഖലയിലൂടെയാണ് വിപണനം മുന്നോട്ടു പോകുന്നത്
japan
SHARE

മറ്റു പല രംഗങ്ങളിലെപോലെ കാർഷികരംഗത്തും അദ്ഭുതങ്ങൾ രചിക്കുന്ന രാജ്യമാണ് ജപ്പാൻ. ഒരുപാട് പ്രകൃതിക്ഷോഭങ്ങൾ വലയ്ക്കുമ്പോഴും കൃഷിയിലും കാർഷികരംഗത്തും ഒട്ടേറെ പുതുമകളും ശാസ്ത്രീയ പരീക്ഷണങ്ങളുമായി മുന്നേറുന്ന കർഷകസമൂഹത്തെ ജപ്പാനിൽ കാണാം.

നെൽകൃഷി: നെൽകൃഷിയിൽ സ്വയംപര്യാപ്തത നേടിയ രാജ്യമാണ്. മാത്രമല്ല, നെൽകൃഷി ജാപ്പനീസ് ജനതയുടെ സംസ്കാരത്തിന്റെ ഭാഗമാണ്. മേയ് മാസത്തിൽ തുടങ്ങി നവംബറിൽ അവസാനിക്കുന്ന രീതിയിലാണ് നെൽകൃഷി. മുഴുവൻ നെല്ലും സഹകരണ സ്ഥാപനങ്ങൾ സംഭരിക്കുന്നു. അരി മുതൽ ഉമി വരെ നെല്ലിൽനിന്ന് ഒട്ടേറെ ഉൽപന്നങ്ങളാണ് കർഷകർ ഉപയോഗപ്പെടുത്തുന്നത്. നെല്ലിൽനിന്ന് ഉണ്ടാക്കുന്ന സാക്കെ (sake) എന്ന മദ്യം ലോകപ്രശസ്തമാണ്. വലിയ നഗരങ്ങളിൽപോലും, ലഭ്യമായ എല്ലാ വയലുകളിലും നെൽകൃഷി ചെയ്തു വരുന്നു. പുതിയ തലമുറയെ കൃഷിയിലേക്ക് അടുപ്പിക്കുന്നതിന് നടീൽ – കൊയ്ത്ത് ഉൽസവങ്ങളും നടത്തുന്നുണ്ട് – മനോഹരമായി നിലനിർത്തുന്ന പാടശേഖരങ്ങൾ –നഗരങ്ങളുടെ ഹൃദയഭാഗത്ത് കാണാനാവും.

ജലസംരക്ഷണം

ജലസംരക്ഷണവും മണ്ണ് സംരക്ഷണവും ജപ്പാനിലെ കൃഷിപ്പണികളിലെ അനിവാര്യ ഘടകങ്ങളാണ്. കൃത്യമായ ജലസേചനം, മികച്ച ജലസംരക്ഷണരീതികൾ, ജലാശയങ്ങളുടെ ശ്രദ്ധാപൂർവമുള്ള സംരക്ഷണം തുടങ്ങി ലഭ്യമായ എല്ലാ സാധ്യതകളും സ്വീകരിക്കുന്ന ജപ്പാൻ ജലസമ്പത്തിന്റെ കാര്യത്തിൽ ലോകത്തിന് മാതൃകയാണ്.

കഠിനാധ്വാനികളായ കർഷകർ

സ്വന്തം സ്ഥലത്ത് പരമാവധി കർഷകത്തൊഴിലാളികളുടെ എണ്ണം കുറച്ച് സ്വന്തമായി പണിയെടുക്കുന്ന കർഷകരാണ് ഭൂരിഭാഗവും. ജപ്പാൻ മൊത്തമായി എടുത്താൽ ഒരു കർഷകന്റെ ആളോഹരി കൃഷിഭൂമി ലഭ്യത 2 ഹെക്ടർ ആണ്. കാർഷികമേഖലയിലെ യന്ത്രവൽക്കരണം വളരെ ഉയർന്ന നിലയിലാണ്. നെല്ലിൽ 98 ശതമാനവും പച്ചക്കറികളിൽ 85 ശതമാനവും യന്ത്രവൽകൃതകൃഷിയിലൂടെയാണ് ഉൽപാദിപ്പിക്കുന്നത്. മികച്ച നടീൽവസ്തുക്കൾ, യന്ത്രങ്ങളുടെ കൂടുതലായ ഉപയോഗം, മികച്ച കാർഷിക മുറകളുടെ അനുവർത്തനം, ഉൽപന്നങ്ങളുടെ ഗ്രേഡിങ്, സഹകരണ സ്ഥാപനങ്ങളുടെ വിപണനത്തിലെ ഇടപെടൽ എന്നിവ ജപ്പാൻ കാർഷികരംഗത്തിന്റെ പ്രത്യേകതയാണ്.

കർഷകർക്ക് ആദരം

കർഷകരെ ആദരിക്കുന്ന സമൂഹമാണ് ജപ്പാനിലേത്. കൂടാതെ, സ്വന്തം സ്ഥലത്ത് കൃഷിചെയ്തു മാന്യമായി ജീവിക്കാനുള്ള അവസ്ഥയും ജപ്പാനീസ് കർഷകർക്കുണ്ട്. എന്നാൽ, ലോകത്ത് എല്ലായിടത്തെയുംപോലെ പുതു തലമുറ കൃഷിയിലേക്ക് വരുന്നതിന്റെ തോത് ജപ്പാനിലും കുറവാണ്. കൃഷിയിലേക്ക് യുവജനങ്ങളെ ആകർഷിക്കുന്നതിനായി പല പദ്ധതികളും സർക്കാർ നടപ്പാക്കുന്നു. നേരിട്ട് കർഷകർക്ക് സബ്‌സിഡി നൽകുന്നത് കുറവാണ്. അതിനുപകരം ഉൽപന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കാൻ താങ്ങുവില ഉയർത്തി നിശ്ചയിക്കുന്നു. ആ വിലയെക്കാൾ താഴ്ന്നാൽ സഹകരണസ്ഥാപനങ്ങൾ വഴി വിലവ്യത്യാസം നൽകും.

japan-2

കേരളത്തിനു മാതൃക

ജൈവവളങ്ങളുടെ കമ്പോസ്റ്റിങ്, പച്ചക്കറിത്തൈകളുടെ ഗ്രാഫ്റ്റിങ് രീതികൾ, ഗ്രേഡ് തിരിച്ചുള്ള ഉൽപന്നങ്ങളുടെ ഉൽപാദനവും വിപണനവും എന്നിവ നമുക്കും നടപ്പാക്കാവുന്ന കാര്യങ്ങളാണ്. ചാണകപ്പൊടി, കോഴിക്കാഷ്ഠം എന്നിവ കമ്പോസ്റ്റ് ചെയ്യുന്നതിലൂടെ ഈ ജൈവവളങ്ങളിലെ മൂലകങ്ങളുടെ തോത് വർധിപ്പിക്കാനാകും. ഈ രീതി ജപ്പാനിൽ വ്യാപകമാണ്. കേരളത്തിലും എളുപ്പത്തിൽ ചെയ്യാനാകും. ഗ്രാഫ്റ്റിങ് പച്ചക്കറികളിൽ വ്യാപകമാക്കുന്നതിലൂടെ മണ്ണിൽനിന്നുണ്ടാകുന്ന രോഗങ്ങളെ നല്ലൊരളവിൽ നിയന്ത്രിക്കാനാകും. വിപണനമൂല്യം കൂടിയ ഉൽപന്നങ്ങൾ (ഉദാ: തൂക്കം, നിറം, വലുപ്പം എന്നിവയിലെ പരിഗണനകൾ) ഉണ്ടാക്കിയെടുക്കുന്നതും അനുകരിക്കാം.

വിപണനം  

സഹകരണമേഖലയിലൂടെയാണ് വിപണനം മുന്നോട്ടു പോകുന്നത്. ജപ്പാൻ അഗ്രിക്കൾച്ചറൽ കോ ഓപറേറ്റീവ്സ് (JA) എന്നറിയപ്പെടുന്ന സഹകരണ ശൃംഖല വളരെ ശക്തമാണ്. പൊതുവിപണിയിലേക്ക് ആവശ്യമായ തദ്ദേശീയ ഉൽപന്നങ്ങളിലെ 85 ശതമാനവും ഇത്തരം സ്ഥാപനങ്ങൾവഴിയാണ് വിപണനം. ജലസമൃദ്ധമാണ് ജപ്പാൻ. കൃത്യതയോടെയുള്ള ജലപരിപാലനം ജലലഭ്യത ഉറപ്പാക്കുന്നു. നദികൾ, ചെറുപുഴകൾ, തടാകങ്ങൾ എന്നിവ പ്രധാന ജലസ്രോതസ്സുകളാണ്. മഴ നന്നായി കിട്ടുന്നു. നെൽകൃഷിക്കായി കനാലുകൾ വഴി പാടശേഖരങ്ങളിൽ ജലം എത്തിക്കുന്നു.

നെല്ല്, സ്‌ട്രോബെറി എന്നീ രണ്ടു വിളകൾ ജപ്പാൻകാർക്ക് ഒഴിച്ചുകൂടാനാവാത്ത വിളകളാണ്. ഇതു രണ്ടും ലോകപ്രശസ്തവുമാണ്. പോളിഹൗസ്, ഗ്ലാസ് ഹൗസ് എന്നിവ ഉപയോഗിക്കുന്ന കർഷകർ കാർബൺ ഡൈ ഓക്സൈഡ് സമ്പുഷ്ടീകരണം വരെ ചെയ്യുന്നു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
FROM ONMANORAMA