sections
MORE

പഴവർഗങ്ങളുടെ കൃഷിയിൽ വഴികാട്ടികളായി തായ്‌ലൻഡും വിയറ്റ്നാമും

HIGHLIGHTS
  • ഭാര്യയും ഭർത്താവും മക്കളുമൊന്നിച്ചാണ് എല്ലാ കാർഷികപ്രവർത്തനങ്ങളും
  • ഒരേ വിളയുടെ ഓരോയിനത്തിനും അതിന്റേതായ മികവുമുണ്ട്
thailand
സലാക്ക് പഴങ്ങളുമായി കൃഷിയിടത്തിൽ
SHARE

തെക്കുകിഴക്കൻ രാജ്യങ്ങൾക്കും കേരളത്തിനും സമാന കാർഷിക സാഹചര്യങ്ങളാണുള്ളത്. കാലാവസ്ഥയുടെ കാര്യത്തിൽ മാത്രമല്ല വിളകളുടെ കാര്യത്തിലും കൃഷിയിടവിസ്തൃതിയിലുമൊക്കെ ഇത് പ്രകടം. ഇനി നമുക്കു മുന്നേറാൻ സാധിക്കുന്ന പല വിളകളുടെ കാര്യത്തിലും തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളായിരിക്കും മാതൃകയാക്കാനാവുക.  

ഉഷ്ണമേഖലാ പഴവർഗങ്ങളുടെ കൃഷിയും വിളയിനങ്ങളും വികസനസാധ്യതകളും പഠിക്കാൻ ഞാൻ ഏറ്റവുമധികം സഞ്ചരിച്ചിരിക്കുന്നത് തെക്കുകിഴക്കൻ ഏഷ്യയിലാണ്. അതുകൊണ്ടുതന്നെ ഇനി പറയുന്ന കാര്യങ്ങൾക്ക് കടപ്പെട്ടിരിക്കുന്നതും ഈ ഉഷ്ണമേഖലാ രാജ്യങ്ങളോടുതന്നെ. കേരളത്തിന്റെ കാർഷികമേഖലയിൽ വലിയ പ്രതീക്ഷകളുണർത്തുന്ന റംബുട്ടാൻ, പുലാസൻ, മാംഗോസ്റ്റിൻ, ദുരിയാൻ, ലോങ്ങൻ, സാന്റോൾ തുടങ്ങിയ വിളകളുെട കൃഷിയിൽ ഏറെ മുന്നേറിയ രാജ്യങ്ങളാണ് തായ്‌ലൻഡും വിയറ്റ്നാമും.

രണ്ടിടത്തും എന്നെ ഏറ്റവുമധികം സ്പർശിച്ചത് കൃഷിയോടുള്ള അവരുടെ സമീപനമണ്. കൃഷി അവർക്കു കുടുംബസംരംഭമാണ്. തായ്‌ലൻഡാണ് ഒരു പടികൂടി മുന്നിൽ. ഭാര്യയും ഭർത്താവും മക്കളുമൊന്നിച്ചാണ് എല്ലാ കാർഷികപ്രവർത്തനങ്ങളും . അവരെക്കൊണ്ടു സാധിക്കാത്ത കാര്യങ്ങൾക്കു മാത്രമാണ് തൊഴിലാളികളുടെ സഹായം തേടുന്നത്. മക്കൾ ജോലിക്കോ മറ്റോ പോകുന്നപക്ഷം ഭാര്യയും ഭർത്താവും ഒത്തു ചേർന്ന് എല്ലാ പണികളും ചെയ്യും. കൃഷിയും ദാമ്പത്യവും കുടുംബജീവിതവുമെല്ലാം ചേർന്നു പോകുന്നു. മുൻകാലങ്ങളിൽ കേരളത്തിലും ഇങ്ങനെയായിരുന്നല്ലോ. റബർകൃഷിയും നടുതലകളുടെ കൃഷിയുമൊക്കെ കുടുംബ പങ്കാളിത്തത്തോടെ നടത്തിയവരാണ്നാം. പഴച്ചെടിക്കൃഷിയിൽ ഈ സമീപനം കൊണ്ടുവരണമെങ്കിൽ കേരളം പഴമയിലേക്കു തിരിച്ചു പോയാൽ മാത്രം മതി.  

thailand-1
ജോസ് ജേക്കബ് വിപണനശാലയിൽ. പഴക്കൂടകളുമായി വിപണിയിലെത്തുന്ന കർഷകർ (ഇൻസെറ്റിൽ).

കൃഷിയിടവിസ്തൃതിയിൽകേരളത്തിനു സമമാണ് ഈ രാജ്യങ്ങളും. ശരാശരി ഒരേക്കർ വിസ്തൃതി വരുന്ന ചെറിയ കൃഷിയിടങ്ങളും അതിൽ കൃഷി ചെയ്തു ജീവിക്കുന്ന ചെറുകിട കർഷകരും. ആയിരം വൻ തോട്ടങ്ങളുടെ ഉടമകളെയും കാണാം. ഇരുകൂട്ടരുടെയും വിപണനരീതി വ്യത്യസ്തം. എല്ലാവർക്കും വിപണി കണ്ടെത്താനും മെച്ചമെടുക്കാനും സാധിക്കുന്നുണ്ട്. വ്യത്യസ്ത വിപണിസാധ്യതകൾ തിരിച്ചറിയുന്നതു കൊണ്ടാണിത് . സഹായവുമായി സർക്കാരും സഹകരണസ്ഥാപനങ്ങളും വൻകിട കോർപറേഷനുകളുമുണ്ട്.

ഓരോ കാർഷികമേഖലയിലും എണ്ണിയാൽ തീരാത്തത്ര ഗ്രേഡിങ് സ്റ്റേഷനുകളാണ് പ്രവർത്തിക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞാലുടൻ ഉൽപന്നങ്ങളുമായി കൃഷിക്കാർ തൊട്ടടുത്തുള്ള ഗ്രേഡിങ് സ്റ്റേഷനുകളിൽ എത്തിയാൽ മതി. ഉൽപന്നം തരം തിരിച്ച് ഓരോ ഗ്രേഡിന് അനുസരിച്ചു വില നേടാം. വിപണിയും അതിനൊത്ത വിലയും തോട്ടത്തിൽനിന്ന് ഏറെ ദൂരത്തിലല്ലെന്നു സാരം.  

മറ്റൊരു സവിശേഷത ഓരോ തോട്ടത്തിനും ഒരു പിക്കപ്പ് വാഹനമെങ്കിലുമുണ്ടെന്നതാണ്. ഒന്നുമില്ലെങ്കിൽ ബൈക്കിന്റെ പിന്നിൽ വലിയ ചതുരക്കുട്ടകളുറപ്പിച്ചെങ്കിലും സൗകര്യമൊരുക്കാത്ത കൃഷിയിടങ്ങളില്ല. പിക്കപ്പ് ജീപ്പ് സർവസാധാരണം. വിളവെടുത്തു കഴിഞ്ഞാലുടൻ ഉൽപന്നം സ്വന്തം വാഹനത്തിൽ തന്നെ കർഷകർ ഗ്രേഡിങ്–വിപണന കേന്ദ്രത്തിലെത്തിക്കും. കുടുംബസംരംഭമായി കൃഷി നടത്തുന്നവർ വിപണിയിലെത്തുന്നതും കുടുംബവുമായിത്തന്നെ. ഗ്രേഡിങ് സ്റ്റേഷനുകൾ വിശാലം. വാഹനം പാർക്ക് ചെയ്യുന്നതിനും ഉൽപന്നം ഇറക്കുന്നതിനും തൂക്കമെടുക്കുന്നതിനും വിശ്രമിക്കുന്നതിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. ഹൈവേകളിൽ മാത്രമല്ല, ഗ്രാമപാതകളുടെ അരികിൽപോലും വിപണനകേന്ദ്രങ്ങൾ കാണാൻ കഴിഞ്ഞു.

രണ്ടു രാജ്യങ്ങളുടെയും കാർഷിക മുന്നേറ്റത്തിന്റെ അടിസ്ഥാനം പ്രദേശത്തിന്റെ പ്രത്യേകത മനസ്സിലാക്കിയുള്ള കൃഷിയും വിപണന സംവിധാനവുമാണെന്നാണ് മനസ്സിലായത്. ഒരേ വിളയുടെ ഓരോയിനത്തിനും അതിന്റേതായ മികവുമുണ്ട്. ചില പ്രദേശങ്ങളിൽ ചിലയിനങ്ങൾ താരതമ്യേന മികച്ച ഫലം നൽകുന്നു. തങ്ങളുടെ പ്രദേശത്തിന് ഏതിനമാണ് ഏറ്റവും യോജ്യമെന്നകാര്യത്തിൽ‍‍‍‍ കർഷകർക്കു നല്ല ധാരണയുണ്ട്. അവർ കൃഷി ചെയ്യുന്നത് അതു മാത്രമായിരിക്കും. നേരിട്ടു കഴിക്കുന്നതിനു യോജിച്ച ഇനമാണ് ഒരു പ്രദേശത്തിനു യോജിക്കുന്നതെങ്കിൽ അവിടെ കൃഷി അതു മാത്രമായിരിക്കും. മറ്റൊരിടത്ത് സംസ്കരണത്തിനു പറ്റിയ ഇനമായിരിക്കും. ഓരോ സ്ഥലത്തെയും ഉൽപന്നങ്ങൾ ആ പ്രദേശത്തിന്റെ പേരുകൂടി ചേർത്താണ് അറിയപ്പെടുന്നത്, മറയൂർ ശർക്കരയൊക്കെപ്പോലെ. ഉൽപാദനത്തിലും വിപണനത്തിലും സർക്കാരിന്റെയും സഹകരണസംഘങ്ങളുടെയും ഇടപെടൽ എടുത്തു പറയണം. ഒരിക്കലും കർഷകർ തനിച്ചാകുന്നില്ല. അവർക്കായി വിപണന, സംസ്കരണ സൗകര്യങ്ങൾ ഏർപ്പെടുത്താനും വിദേശത്തു വിപണി കണ്ടെത്താനും നിയമങ്ങൾ മാറ്റിയെഴുതാനുമൊക്കെ സർക്കാർ സദാ സന്നദ്ധം. ഈ ബോധ്യം കൃഷിക്കാർക്ക് നൽകുന്ന ആത്മവിശ്വാസം വലിയൊരു ഘടകമാണ്. സഹകരണസംഘങ്ങളും ശ്രദ്ധേയമായ സംഭാവനയാണ് ചെയ്യുന്നത്.  

സാങ്കേതികമേഖലയിലും വളരെ സജീവമായി സർക്കാർ ഇടപെടലുണ്ട്. ചെറുകിട കർഷകർക്കും ചെറുകിട സംരംഭകർക്കുമാണ് സർക്കാർ ഏജൻസികളുടെ സഹായം ഏറ്റവും ഉപകാരപ്രദമാകുന്നത്. വൻകിട കർഷകരും തോട്ടമുടമകളും മറ്റും പൊതുവേ കരാർകൃഷിയുടെ ഭാഗമായതിനാൽ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഗവേഷണവിഭാഗം സഹായമെത്തിക്കും. സർക്കാർ സ്ഥാപനങ്ങൾ ഇവർക്കുവേണ്ടി പ്രത്യേക വിഷയങ്ങളിൽ ഗവേഷണം നടത്തുന്നതോടൊപ്പം ചെറുകിട കർഷകരുടെ ആവശ്യങ്ങൾ മുൻനിർത്തിയും പ്രവർത്തിക്കുന്നു. ചുരുക്കത്തിൽ, സാങ്കേതിക സഹായത്തിന്റെ അഭാവം ഇവിടെ കാര്യമായില്ല. തായ്‍ലൻഡിൽ ഹോർട്ടിക്കൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പൊതുമേഖലാ സ്ഥാപനമാണ് എല്ലാ ഗവേഷണപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത്. എന്നാൽ ഭൂമേഖലകൾ തമ്മിൽ ഏറെ വൈജാത്യമുള്ള വിയറ്റ്നാമിൽ നാലു ഗവേഷണകേന്ദ്രങ്ങളാണ് ഈ ഉത്തരവാദിത്തം നിറവേറ്റുക. വിയറ്റ്നാമിൽ പ്രധാന പഴവർഗ ഉൽപാദനമേഖല മെക്കോങ് നദീതടത്തോടു ചേർന്നാണ്. അതിനു പിന്നിൽ വടക്കു പടിഞ്ഞാറൻ മേഖലയും റെഡ് റിവർ മേഖലയും. ലിച്ചി ഒഴികെയുള്ള പഴവർഗങ്ങളുടെയെല്ലാം പ്രധാന ഉൽപാദന മേഖല മെക്കോങ് നദീതടമാണ്.  

സർക്കാർ നടത്തുന്ന ഫ്രൂട്ട് ഫെസ്റ്റുകൾ വലിയ വിപണനമേളകളെന്നതിലുപരി പുതിയ വിളകളെയും സാങ്കേതികവിദ്യകളെയും അടുത്തു പരിചയപ്പെടുന്നതിനു കർഷകർക്ക് അവസരമൊരുക്കുന്നു. വിദേശത്ത് പ്രചാരത്തിലുള്ള വിളകളെയും അവയുടെ വ്യത്യസ്ത ഇനങ്ങളെയും കർഷകർ പരിചയപ്പെടുന്നതും അവയുടെ കൃഷിരീതികൾ വിദഗ്ധരിൽനിന്നു പഠിക്കുന്നതും മേളകളിലൂടെയാണ്. ഇത്തരം ഫ്രൂട്ട് ഫെസ്റ്റുകൾ മുഖേന വിവിധ കാർഷികമേഖലകളിലെത്തുന്ന വിനോദസഞ്ചാരികളും ഏറെ. വിളവെടുപ്പ് സീസണുകളിൽ തായ്‌ലൻഡിലെ ടൂറിസം വളരുന്നത് ഇത്തരം മേളകളുടെസ്വാധീനം മൂലമാണ്. ചെറുകിട കർഷകർക്ക് വലിയ തോതിൽ ആദായമേകുന്ന ഉപസംരംഭമായി വിനോദസഞ്ചാരം വളരുകയാണിവിടെ.

കൃഷിക്കാരുടെ ജീവിതനിലവാരം തായ്‌ലൻഡിൽ പൊതുവെ ഉയർന്നതാണ്. ഇതിനു പ്രധാന കാരണം അവർക്ക് കൃഷിയോടുള്ള സമീപനം തന്നെ. കൃഷിയിടത്തെ കീഴടക്കാനുള്ള യുദ്ധക്കളമായി അവർ കാണുന്നില്ല. അവർക്കതൊരു പ്രിയപ്പെട്ട ഇടപെടൽ മേഖലയാണ്. ആവേശത്തോടെ സകുടുംബം കാര്യങ്ങൾ ചെയ്തു പോകുന്നതിനിടയിൽ ഉപജീവനം തെറ്റില്ലാത്ത രീതിയിൽ നടക്കുന്നു. വിള തിരഞ്ഞെടുക്കുന്നതു മുതൽ അതിന്റെ വിളവെടുപ്പും വിപണനവുംവരെ അവർ ആഘോഷമാക്കി മാറ്റുന്നു.

കേരളത്തിന് അനുകരിക്കാവുന്ന ഏറ്റവും വലിയ കാര്യം സഹകരണസംഘങ്ങളുടെ പ്രവർത്തനമാണ്. ഇവിടെ ഏതു തുക്കടാ സഹകരണസംഘവും രാഷ്ട്രീയക്കാരുടെ മേച്ചിൽപുറങ്ങളാണെങ്കിൽ തായ്‌ലൻഡിൽ അവ കർഷകർക്കായി കർഷകർ തന്നെ നടത്തിപ്പോരുന്ന കൂട്ടുസംരംഭങ്ങളാണ്. കാർഷിക ഗവേഷണവും ടൂറിസവും മുതൽ ഉൽപന്ന വിപണനവും കൃഷി വികസനവും വരെയുള്ള എല്ലാ മേഖലകളിലും സഹകരണ സ്ഥാപനങ്ങളെ കാണാം. കർഷകർക്കു വായ്പാസൗകര്യവും താങ്ങാവുന്ന പലിശനിരക്കിൽ ലഭിക്കുന്നു. 6500 കോടി ഡോളറിനു തുല്യമായ കാർഷികവിപണനമാണ് സഹകരണ സ്ഥാപനങ്ങൾ മുഖേന നടക്കുന്നത്. നമ്മുടെ പഞ്ചവത്സര പദ്ധതി പോലെ തായ്‌ലൻഡിലുള്ളത് നാഷനൽ സോഷ്യൽ ആൻഡ് ഇക്കണോമിക് ഡവലപ്മെന്റ് പ്ലാൻ എന്ന പരിപാടിയാണ്. 2017ൽ ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ നിലവിലുള്ളത്. 2021 വരെയാണ് ഇതിന്റെ കാലാവധി. ഓരോ പദ്ധതിയും ലക്ഷ്യമിടുന്നതുതന്നെ സഹകരണസംഘങ്ങളിൽ കർഷകരെ അംഗങ്ങളാക്കി അവരെ ശാക്തീകരിക്കുന്നതിനാണ്. കേന്ദ്ര കാർഷിക മന്ത്രാലയത്തിന് തായ്‌ലൻഡ് നൽകിയിരിക്കുന്ന പേരു തന്നെ കാർഷിക സഹകരണ മന്ത്രാലയമെന്നാണ്.

ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഖാവോ കിച്ചക്കൂട് സഹകരണസംഘത്തെ അടുത്തറിയാൻ ഒരിക്കൽ സാധിച്ചു. 1400 കർഷകരാണ് ഈ സംഘത്തിൽ അംഗങ്ങൾ. പ്രവർത്തനം ആരംഭിക്കുന്നത് 1994–ൽ. കയറ്റുമതിക്കുവേണ്ടി മാത്രമുള്ള പഴങ്ങളുടെ ഉൽപാദനവും വിപണനവുമാണ് പ്രധാന പ്രവർത്തനം. പ്രവർത്തനമേഖലയിലെ കർഷകർ അധികമായി ഉൽപാദിപ്പിക്കുന്ന പഴങ്ങൾക്ക് വിപണി കണ്ടെത്തുകയായിരുന്നു തുടക്കത്തിൽ ലക്ഷ്യം. പിന്നീട് കാർഷികോൽപാദനത്തിലേക്കുകൂടി ശ്രദ്ധ തിരിച്ചു. കഴിഞ്ഞ വർഷത്തെ വിറ്റുവരവ് 70 ലക്ഷം ഡോളറിന്റേത്. ഞങ്ങളുടെ നാട്ടിലെ കാഞ്ഞിരപ്പള്ളി സർവീസ് സഹകരണബാങ്കിനെക്കാൾ അംഗസംഖ്യയിൽ താഴെ നിൽക്കുന്നൊരു സഹകരണ സംഘത്തിന്റെ പ്രവർത്തനമാണിതെന്ന് ഓർമിക്കുക.

thailand-2
കാർഷികവിദഗ്‌ധനോടൊപ്പം ഡ്രാഗൺഫ്രൂട്ട് തോട്ടത്തിൽ

വിപണനരംഗത്തും കേരളത്തിന് തായ്‌ലൻഡിൽനിന്നു ഏറെ പഠിക്കാനുണ്ട്. ടൂറിസത്തിലൂടെ കാർഷിക അനുബന്ധ വരുമാനം സൃഷ്ടിക്കുന്നതിന്റെ മാതൃകയാണ്പ്രധാനം. ചെറുകിട കർഷകരാണ് ഫാം ടൂറിസത്തിൽ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന് എത്ര വലിയ സാധ്യതയാണ് ഈ മേഖലയിലുള്ളതെന്ന് ഇതിലൂടെ വ്യക്തമാകും. ടൂറിസം വികസനത്തിന് തായ്‌ലൻഡ് സ്വന്തമായി നൽകിയ സംഭാവനകളിലൊന്നാണ് ‘ഫ്രൂട്ട് ബുഫെ’ എന്ന സങ്കൽപം – തോട്ടത്തിൽ സന്ദർശകരായെത്തി ആകാവുന്നത്ര പഴങ്ങൾ കാണുന്നതിനും കഴിക്കുന്നതിനുമുള്ള അവസരം. കർഷകകുടുംബം ഒന്നടങ്കമാണ് ആതിഥേയരാകുന്നത്. റംബുട്ടാനെയും ദുരിയാനെയുമൊക്കെ കുറിച്ച് കേട്ടറിവു മാത്രമുള്ളവർക്ക് ഇത്തരം പഴങ്ങൾ വേണ്ടുവോളം കഴിക്കുന്നതിനായി എത്തുന്നു. ഒരു പഴംപോലും പുറംവിപണിയിൽ വിൽക്കാതെ ടൂറിസത്തിലൂടെ മാത്രം വിപണി കണ്ടെത്തുന്ന കുടുംബങ്ങൾ ഒട്ടേറെ.

തോട്ടം രൂപകൽപന ചെയ്യുന്നതുപോലും സഞ്ചാരികളെ കൂടി മുന്നിൽ കണ്ടാണ്. നടപ്പാതകളും വാഹനമോടിച്ചു പോകാവുന്ന ചെറുപാതകളും എല്ലാ തോട്ടത്തിലും തന്നെയുണ്ട്. വിളവെടുപ്പ് കഴിഞ്ഞാൽ ഉൽപന്നങ്ങൾ പുറത്തേക്കു കൊണ്ടുപോകുന്നതിനു മാത്രമല്ല, സഞ്ചാരികളുമായി തോട്ടത്തിലെല്ലായിടത്തുമെത്തുന്നതിനും ഇത്തരം പാതകൾ സഹായിക്കുന്നു. അതിഥികളെ സ്വീകരിക്കുക എന്നത് കാർഷികപ്രവർത്തനത്തിന്റെഭാഗമാണിവിടെ. കൃഷിപ്പണികളെല്ലാം ഇതിനിടയിൽ ചെയ്തുപോകുന്നു, വേണമെങ്കിൽ അതിലൊക്കെ സഞ്ചാരികൾക്കു കൂടി ഇടപെടുകയുമാവാം. കേരളത്തിലെ കാർഷികമേഖലയ്ക്ക് ഇനി ഏറെ വളരുന്നതിനും വികസിപ്പിക്കുന്നതിനും സാധ്യതയുള്ള മേഖലയിലൊന്നാണ് പഴങ്ങളെ അടിസ്ഥാനമാക്കിയുള്ളഫാം ടൂറിസമെന്ന് നിസ്സംശയം പറയാം.

ശ്രദ്ധ വയ്ക്കേണ്ട മേഖലയാണ് മൂല്യവർധിത ഫലവർഗ വിഭവങ്ങളുടേത്. കേരളത്തിനു സ്വന്തമായ തനതു സംസ്കരണവിദ്യകളേറെയാണ്. ഇവയ്ക്കു പിന്തുണനൽകുന്ന രീതിയിലേക്ക് കാർഷിക സാങ്കേതികവിദ്യയെയും വിളയിനങ്ങളെയും പരിവർത്തനപ്പെടുത്തണം. ഉദാഹരണത്തിന്, ചക്ക ചിപ്സ് ആർക്കും ഇഷ്ടപ്പെടുന്ന മൂല്യവർധിത ഉൽപന്നമാണ്. എന്തുകൊണ്ട് ചിപ്സിനുവേണ്ടി മാത്രമുള്ള പ്ലാവിനങ്ങൾ നമുക്കു കൃഷി ചെയ്തുകൂടാ? നമ്മൾ എണ്ണയിൽ ചക്കച്ചുള വറുക്കുമ്പോൾ എണ്ണയുടെ അംശം പരമാവധി ഒഴിവാക്കിയുള്ള വാക്വം ഫ്രയിങ് സാങ്കേതികവിദ്യയിലാണ് വിയറ്റ്നാം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നല്ല വരിക്കച്ചക്ക വാക്വം ഫ്രൈ ചെയ്താൽ കറുമുറാ കഴിക്കാവുന്ന രൂപത്തിലാണെത്തുന്നത്. നമ്മുടെ നാടൻ അറിവുകളും ആധുനിക സങ്കേതികവിദ്യയുമൊക്കെ ഉൽപന്ന നിർമാണത്തിലാണിനി പ്രയോജനപ്പെടുത്തേണ്ടത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
FROM ONMANORAMA