ADVERTISEMENT

കാട്ടുപന്നികൾക്കു ചെത്തിക്കൊടുവേലി കൊണ്ടു ഫലപ്രദമായ പ്രതിരോധം തീർത്ത് കണ്ണൂർ ജില്ലയിലെ മയ്യിലിലെ യുവകർഷകൻ മജു. വാഴക്കൃഷിക്കായി ഒരുക്കിയ 25 സെന്റ് സ്ഥലത്തിന്റെ അതിരിലും ഇടവിളയായും ചെത്തിക്കൊടുവേലി വളർത്തിയതോടെ കാട്ടുപന്നി ശല്യം ഉണ്ടായിട്ടേയില്ലെന്നു മജു പറയുന്നു. കൃഷി ഉദ്യോഗസ്ഥരെത്തി ഇതു സ്ഥിരീകരിച്ചതോടെ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് കൃഷിവകുപ്പ്. 

മയ്യിൽ കൃഷി ഓഫിസർ ഡോ. വി.പി. രാജൻ, മണ്ണു പരിശോധനാ ലാബിലെ കൃഷി ഓഫിസർ സി.വി. ജിദേഷ് തുടങ്ങിയവർ നാളുകളായി ഈ ജൈവപ്രതിരോധരീതി നിരീക്ഷിക്കുന്നുണ്ടായിരുന്നു. കാട്ടുപന്നികളുടെ മടയായ മയ്യിൽ പഴശ്ശി ബകൻകുന്നിന്റെ താഴ്‌വാരത്താണു മജുവിന്റെ കൃഷിയിടം. എന്തുനട്ടാലും ചുവടോടെ പന്നികൾ കിളച്ചിടുന്ന പ്രദേശം. മൂന്നു വർഷം മുൻപ് അൻപതിലേറെ അപൂർവ ഇനം വാഴക്കന്നുകൾ വാങ്ങി മജു ഇവിടെ നട്ടിരുന്നു. 

മണ്ണുമാന്തി കൊണ്ടുവന്ന് കാനയെടുത്തു നട്ടിട്ടുപോലും മുളപൊട്ടിത്തുടങ്ങിയപ്പോൾ പന്നികൾ നശിപ്പിച്ചു. പിന്മാറാൻ മജു തയാറായിരുന്നില്ല. ഔഷധസസ്യക്കൃഷി സംബന്ധിച്ച് ഇടൂഴി നമ്പൂതിരീസ് ആയുർവേദ നഴ്സിങ് ഹോമിൽ നടന്ന ക്ലാസിൽ പങ്കെടുത്തപ്പോൾ ചെത്തിക്കൊടുവേലിയെക്കുറിച്ചു കേട്ടിരുന്നു. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽനിന്നാണു കുറച്ചു തണ്ടുകൾ സംഘടിപ്പിച്ചത്.  കാട്ടുപന്നികൾ വാഴക്കന്നുകൾ നശിപ്പിച്ച ഭാഗത്തു തന്നെയായിരുന്നു പരീക്ഷണം. 

wild-2
കാട്ടുപന്നികളെ പ്രതിരോധിക്കാൻ കൃഷിയിടത്തിന്റെ അതിരിൽ മജു നട്ടുവളർത്തിയ ചെത്തിക്കൊടുവേലി.

അതിരിൽ അടുത്തടുത്തായി നട്ടു. വേരുപിടിച്ചു തുടങ്ങിയതോടെ പന്നികൾ ഇവിടേക്കു വരാതായി. പന്നികളുടെ ഇഷ്ട വിളകളായ കപ്പയും മധുരക്കിഴങ്ങും വാഴയുമെല്ലാം നട്ട് വെല്ലുവിളിച്ചിട്ടുപോലും ശല്യമുണ്ടായില്ല. മജുവിന്റെ പറമ്പിനു ചുറ്റും പതിവായി പന്നികളെത്തുന്നുണ്ട്. തൊട്ടടുത്ത പറമ്പിലെ 30 തെങ്ങിൻ തൈകൾ കഴിഞ്ഞ ദിവസം നശിപ്പിച്ചു. 25 സെന്റിലെ പരീക്ഷണം വിജയിച്ചതോടെ രണ്ടേക്കറോളമുള്ള പറമ്പിൽ വ്യാപകമായി ചെത്തിക്കൊടുവേലി നട്ടിട്ടുണ്ട് മജു.

കൂടുതൽ വിവരങ്ങൾക്ക്: മജു 9447371734

"ചെത്തിക്കൊടുവേലിയുടെ വേരിൽ പൊള്ളലുണ്ടാക്കുന്ന നീരുണ്ട്. കാട്ടുപന്നികൾ മണ്ണുകിളയ്ക്കുമ്പോൾ വേരുപൊട്ടി നീരൊഴുകും. പന്നികളുടെ മൂക്ക് ഭാഗം വളരെ നേർത്തതാണ്. ഇവിടെ നീരുപുരളുമ്പോൾ പൊള്ളലേൽക്കുന്നതിനാലാണു പന്നികൾ വരാത്തത്." - സി.വി. ജിദേഷ് (കൃഷി ഓഫിസർ, മണ്ണുപരിശോധനാ ലാബ്, കണ്ണൂർ)

വാനരപ്പടയെ തുരത്താൻ പ്രത്യേക ദുർഗന്ധ ലായനി

ജൈവ പ്രതിരോധ ലായനി ഉണ്ടാക്കി കൃഷികൾ നശിപ്പിക്കുന്ന വാനരപ്പടയെ തുരത്തിയ കഥയാണ് കണ്ണൂർ ജോസ്‌ഗിരി മരുതംതട്ടിലെ കർഷകൻ തെരുവംകുന്നേൽ കുര്യാച്ചനു പറയാനുള്ളത്. കുരങ്ങുകൾ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടും കൃഷിവകുപ്പും വനംവകുപ്പും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കുര്യാച്ചൻ ജൈവ മിശ്രിതം ഉപയോഗിച്ചു പ്രതിരോധ ലായനി തയാറാക്കിയത്. പച്ചമീനും ഗോമൂത്രവും അടക്കം ഏഴോളം ചേരുവകൾ ഉപയോഗിച്ചാണ് കുര്യാച്ചൻ മിശ്രിതം തയാറാക്കുന്നത്. രൂക്ഷ ഗന്ധമുള്ള ഈ ലായനി വിളകളിൽ തളിക്കും. ഇതിന്റെ ഗന്ധം ആഴ്ചകളോളം നിലനിൽക്കുന്നതിനാൽ കുരങ്ങുകൾ കൃഷിയിടത്തിലേക്കിറങ്ങില്ല. 

wild-1
കുരങ്ങുകളെ തുരത്താൻ ജൈവ പ്രതിരോധ ലായനി തയാറാക്കിയ തെരുവംകുന്നേൽ കുര്യാച്ചൻ സുഹൃത്തായ മുതുപ്ലാക്കൽ ജോയിക്കൊപ്പം കൃഷിയിടത്തിൽ.

കുര്യാച്ചന്റെ സുഹൃത്ത് മുതുപ്ലാക്കൽ ജോയിയുടെ വാഴക്കൃഷി നശിപ്പിക്കാനെത്തിയ കുരങ്ങുകളെ തുരത്താനാണ് കുര്യാച്ചൻ ജൈവപ്രതിരോധ ലായനി വികസിപ്പിച്ചത്.

കൃഷിയിടത്തിൽ പ്രവേശിക്കുന്ന കുരങ്ങുകൾ വാഴകൾ നശിപ്പിച്ച് കാമ്പ് തിന്നുകയാണ് ചെയ്യുന്നത്. മിശ്രിതം തളിച്ചശേഷം കൃഷിയിടത്തിലെത്തിയ കുരങ്ങുകൾ പിൻവാങ്ങിയതായി കുര്യാച്ചൻ പറഞ്ഞു. വാഴയിൽ തൊടുമ്പോൾ മിശ്രിതം കൈകളിൽ പറ്റുകയും ഇതു മണത്തുനോക്കുന്നതോടെയാണ് കുരങ്ങുകൾ പിൻവാങ്ങുന്നത്. 

മിശ്രിതം തയാറാക്കാൻ 300 രൂപ മാത്രം മതിയെന്നും മൂന്നു മാസത്തിലൊരിക്കൽ തളിച്ചാൽ മതിയാകുമെന്നും കുര്യാച്ചൻ പറയുന്നു. കാട്ടാനകളും കാട്ടുപന്നികളും  കൃഷി നശിപ്പിക്കുന്നത് തടയാനുള്ള ജൈവപ്രതിരോധ ലായനി തയാറാക്കുന്നതിനുള്ള ശ്രമത്തിലാണ് അദ്ദേഹം.

കൂടുതൽ വിവരങ്ങൾക്ക്: കുര്യാച്ചൻ 9188439118

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com