ADVERTISEMENT

കേരളത്തിലും വിദേശത്തുമായി പ്രവർത്തിക്കുന്ന കൺസ്ട്രക്‌ഷൻ ഗ്രൂപ്പിനുവേണ്ടി പഴം, പച്ചക്കറിക്കൃഷി വ്യാവസായികാടിസ്ഥാനത്തിൽ ചെയ്യുന്നതിനുള്ള സാധ്യത വിലയിരുത്തുന്നതിനാണ് ഉസ്ബെക്കിസ്ഥാനിൽ പോയത്. 15 വർഷം മുമ്പ് റഷ്യയിൽനിന്നു വേർപിരിഞ്ഞ ഉസ്ബെക്കിസ്ഥാൻ ഇപ്പോഴത്തെ പ്രസിഡന്റ് ഷാവോക്ട് മിർസിയാവേയുടെ നേതൃത്വത്തിൽ ഏറെ മുന്നേറുന്നുണ്ട്. തലസ്ഥാനമായ താഷ്കെന്റ് നമുക്ക് പരിചിതമാണ്– പാക്കിസ്ഥാനുമായി കരാർ ഒപ്പിടാൻ ഇവിടെയെത്തിയ നമ്മുടെ മുൻപ്രധാനമന്ത്രി ലാൽ ബഹാദൂർശാസ്ത്രിയുടെ അപ്രതീക്ഷിത മരണം പഴയ തലമുറക്കാർക്ക് ഓർമയുണ്ടാവും. പാതയോരങ്ങളിലെല്ലാം ഫലവൃക്ഷങ്ങളും പുൽത്തകിടികളും നിറഞ്ഞ നഗരത്തിന്റെ രൂപകൽപന ആരെയും ആകർഷിക്കും.  

ഉസ്ബെക്കിസ്ഥാൻ പ്രധാനമായും 13 മേഖലകളായി തിരിച്ചിട്ടുണ്ട്– ഇവയിൽ ഫർഗാനാവാലി വ്യത്യസ്ത വിളകളാൽ സമ്പന്നമാണ്. പല തരം പഴം– പച്ചക്കറികൾ, മത്സ്യം, നെല്ല്, ഗോതമ്പ് എന്നിവയൊക്കെ ഇവിടെ സുലഭം. ഓരോ മേഖലയും ഗവർണർമാരുടെ ഭരണത്തിലാണ്. കാർഷികമേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും ആഴത്തിൽ പഠിച്ച് പദ്ധതികൾ തയാറാക്കുന്നതിനായി മേഖലതോറും പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നു.

വിജനമായി കിടക്കുന്ന ഒട്ടേറെ സ്ഥലങ്ങൾ ഈ രാജ്യത്ത് കൃഷിക്കു യോജിച്ചതായുണ്ട്. അവിടെ കാർഷികസംരംഭങ്ങൾ ആരംഭിക്കുന്ന വിദേശികൾക്കു സർക്കാർ പ്രോത്സാഹനം നൽകും. ഒപ്പം വൈദ്യുതി, വെള്ളം, റോഡ് തുടങ്ങിയ സൗകര്യങ്ങളും ഉറപ്പാക്കും. എന്നാൽ ഇവിടുത്തെ പൗരന്മാർ കൃഷി ചെയ്തുകൊണ്ടിരിക്കുന്നതോ അവർക്കു കൃഷി ചെയ്യാൻ താൽപര്യമുള്ളതോ ആയ സ്ഥലങ്ങൾ വിദേശ നിക്ഷേപത്തിനു ലഭിക്കില്ല. പരമാവധി സ്ഥലങ്ങൾ കൃഷിയിലേക്കു കൊണ്ടുവരികയാണ് ലക്ഷ്യം. ഇതനുസരിച്ച് നാവോയ്, സമർഘണ്ട്, കരക്കൽപാക്കിസ്ഥാൻ എന്നീ മേഖലകളാണ് ഞങ്ങൾ വിശദപഠനത്തിനായി തിരഞ്ഞെടുത്തത്. മൂന്നിടങ്ങളിലെയും കാലാവസ്ഥ, ഭൂപ്രകൃതി, സർക്കാർ മുൻഗണനകൾ, സബ്സിഡി പദ്ധതികൾഎന്നിവയൊക്കെ മുൻകൂട്ടി അറിഞ്ഞ ശേഷമായിരുന്നു യാത്ര. ഇതിനായി ഉസ്ബെക്കിസ്ഥാനിലെ കൃഷിവകുപ്പ് അധികൃതരുമായി ആലോചനായോഗം ചേർന്നിരുന്നു. നമ്മുടെ കാർഷികസംസ്കാരത്തിന്റെ ഭാഗമായുള്ള പഞ്ചഗവ്യ, സസ്യസത്തുകൾ എന്നിവ പ്രയോജനപ്പെടുത്തിയുള്ള കൃഷിയെക്കുറിച്ചാണ് ഞാൻ യോഗത്തിൽ പറഞ്ഞത്. ഇത്തരം കാര്യങ്ങളിൽ അവിടുത്തെ കൃഷി ഡയറക്ടർ താൽപര്യം പ്രകടിപ്പിച്ചു.

ഇസ്രയേൽ, തുർക്കി, ചൈന എന്നീ രാജ്യങ്ങളാണ് ഉസ്ബെക്കിസ്ഥാനിൽ വൻകിട കൃഷിപദ്ധതികൾ നടപ്പാക്കുന്നത്. സമർഘണ്ടിലെ 500 ഏക്കറിൽ ഇസ്രയേലുകാർ നടത്തുന്ന മുന്തിരിക്കൃഷി ഞങ്ങൾ സന്ദർശിച്ചു. മണ്ണിളക്കി, കളനശീകരണം നടത്തി പ്ലാസ്റ്റിക് പുതയിട്ട വാരങ്ങളിൽ കൃത്യമായ അകലത്തിൽ തൈകൾ നടുന്നതാണ് ആധുനികകൃഷിയെന്ന സങ്കൽപം ഈ സന്ദർശനത്തോടെ എനിക്കില്ലാതായി. കള നശിപ്പിക്കാതെയും മണ്ണിളക്കാതെയും ഒരടി ആഴത്തിൽ മുന്തിരി നട്ടിരിക്കുകയാണിവിടെ. ചെടിയിൽനിന്നു രണ്ടടി അകലെ വരെ മാത്രമേ കളകൾ നീക്കം ചെയ്തിട്ടുള്ളൂ. മുന്തിരി പടർത്താനായി പന്തലുകളുമില്ല, ചുറ്റുമുള്ള കളസസ്യങ്ങളിലേക്കാണ് ഇവ പടർത്തിയിരിക്കുന്നത്. മുന്തിരി വലുതാവുന്നതനുസരിച്ച് കളകൾ തളരും. കായ് പിടിക്കുന്ന അവസരത്തിൽ മുന്തിരിക്കുലകൾ പ്രത്യേക കൂടയ്ക്കുള്ളിലാക്കും. ജിയോ ടെക്സ്റ്റൈൽ ഉപയോഗിച്ചു നിർമിച്ച ഈ കൂടകൾ വായുസഞ്ചാരം തടയുന്നില്ലെന്ന മെച്ചമുണ്ട്. ഇതുവഴി കൃഷിച്ചെലവ് 60 ശതമാനം കുറയ്ക്കാനാവുന്നുണ്ടത്രെ.

usbekistan-1
പഴയ കൃഷിരീതികൾ നിലനിർത്തുന്ന കുക്കുംബർ ഫാം. വിളവെടുത്ത കുക്കുംബർ വിപണിയിലേക്ക് (ഇൻസെറ്റിൽ)

ഇവിടുത്തെ തുള്ളിനന സംവിധാനവും വ്യത്യസ്തമാണ്. നമ്മുടെ നാട്ടിൽ പൊതുവ മണിക്കൂറിൽ രണ്ടു ലീറ്റർ വെള്ളം പുറത്തുവിടുന്ന ഇൻലൈൻ ലാറ്ററൽ പൈപ്പുകൾ ഉപയോഗിക്കുമ്പോൾ ഇവിടെ മണിക്കൂറിൽ അര ലീറ്റർ വെള്ളം മാത്രമാണ് മണ്ണിലെത്തുക. ഇത് കുമിൾ രോഗങ്ങളെ തടയുന്നതിനും അധികവിളവിനും പര്യാപ്തമാണെന്നു ഫാം മാനേജർ പറഞ്ഞു. അഞ്ഞൂറേക്കറിലെ കേന്ദ്രീകൃത ഫെർട്ടിഗേഷൻ സംവിധാനം ശ്രദ്ധേയമായി. വിവിധ ഭാഗങ്ങളായി തിരിച്ചുള്ള ഈ നന പൂർത്തിയാവാൻ രണ്ടു ദിവസം വേണ്ടിവരും. നാലു ദിവസത്തിലൊരിക്കലേ നന നൽകൂ. ബാഷ്പീകരണത്തോത് താരതമ്യേന കുറവായതിനാൽ മണ്ണിലെ ജലാംശം നിലനിൽക്കും.

പിന്നീട് ഞങ്ങൾ സന്ദർശിച്ചത് 20 ഏക്കർ വിസ്തൃതിയുള്ള ഒരു പോളിഹൗസ്. തുർക്കിയിൽ നിന്നുള്ളവരാണ് ഇവിടെ നിക്ഷേപം നടത്തുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അന്തരീക്ഷതാപനില –4 ഡിഗ്രി സെൽഷ്യസ് വരെയായി താഴുന്ന പ്രദേശമാണിത്. ഈ കാലഘട്ടത്തിൽ ഇരുമ്പുപൈപ്പുകളിലൂടെ നീരാവി കടത്തിവിട്ടാണ് പോളിഹൗസിൽ താപനില ക്രമീകരിക്കുന്നത്. ഇത്തരം പോളിഹൗസുകളുടെ മേൽക്കൂരയ്ക്ക് രണ്ടു പാളികളുണ്ടായിരിക്കും. രണ്ടു പാളികൾക്കുമിടയിലെ ഒരടിയോളം വിടവിലേക്ക് ചൂടുനീരാവിയെത്തുന്നതോടെ ഉള്ളിലെ താപനിലയും ഉയരും. പോളിഹൗസിലെ ഇരുപതേക്കറിലും തക്കാളിതന്നെ കൃഷി. ഒരു വർഷം നീണ്ടുനിൽക്കുന്ന കൃഷിയിൽനിന്നു വിളവെടുക്കുന്ന തക്കാളി അവിടെത്തന്നെ കെച്ചപ്പായി മൂല്യവർധന നടത്താനും സംവിധാനമുണ്ട്. ഈ പ്രക്രിയയ്ക്കിടയിൽ വേർതിരിച്ചെടുക്കുന്ന തക്കാളിവിത്തും വിത്തുപചാരം നടത്തി പായ്ക്ക് ചെയ്ത് പ്രത്യേക ബ്രാൻഡിൽ വിൽക്കുന്നു

ഇരുപതു വർഷം മുമ്പ് നിർമിച്ച മറ്റൊരു ഗ്രീൻഹൗസും സന്ദർശിച്ചു. അഞ്ചേക്കർ വിസ്തൃതിയുള്ള ഷെഡിന്റെ മേൽക്കൂരയിൽ ഷീറ്റിനു പകരം ഗ്ലാസ്സാണ് ഉപയോഗിച്ചിരിക്കുന്നത്. യൂറോപ്യൻ കുക്കുംബറാണ് ഇവിടെ വിള. ഇരുപതു വർഷം മുമ്പുള്ള രീതികൾ മാറ്റമില്ലാതെ പിന്തുടരുന്ന ഈ ഫാമിൽ പഴയ കൃഷിരീതികൾ കാണാനായി വിദ്യാർഥികളും വിനോദസഞ്ചാരികളുമെത്താറുണ്ട്. എല്ലാ ദിവസവും വിളവെടുപ്പുമുണ്ട്. വിളവെടുത്ത കുക്കുംബർ തരംതിരിച്ചു പായ്ക്ക് ചെയ്ത് വാഹനത്തിലേക്കു കയറ്റുന്നു.

90 സെ.മി. വീതിയുള്ള വാരത്തിന്റെ ഇരുവശത്തുമായി 60 സെ.മീ. അകലത്തിലാണ് കുക്കുംബർ നട്ടിരിക്കുന്നത്. വാരത്തിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതയ്ക്കും 90 സെ.മീ. വീതിയാണ്. പോളിഹൗസിനു പുറത്ത് വലിയ കുട്ടകത്തിൽ വെള്ളം നിറച്ച് ചുടുകട്ടകൊണ്ടു നിർമിച്ച ചാലുകളിലൂടെ ഉള്ളിലേക്ക് ഒഴുക്കുന്നു. ഈ ചാലുകൾ വാരങ്ങൾക്കിടയിലെ നടപ്പാതയിലേക്കാണ് തുറക്കുന്നത്. നടപ്പാതയിൽ നിറയുന്ന വെള്ളം മറ്റൊരു ചാലിലൂടെ പുറത്തേക്കൊഴുകുന്നു. ഫെറോ ഇറിഗേഷൻ എന്നാണ് ഈ സംവിധാനമറിയപ്പെടുക. വെള്ളം വലിഞ്ഞശേഷം നടപ്പാതയിൽ രാസവളം ചെറിയ തോതിൽ തൂവിക്കൊടുക്കുന്ന പതിവുമുണ്ട്. വളങ്ങൾ അലിഞ്ഞ് മണ്ണിലേക്കു പടരുന്നു. വളപ്രയോഗം ആഴ്ചയിലൊരിക്കൽ. നന രണ്ടു തവണയും. ഗ്ലാസ് ഹൗസിനുള്ളിലെ ചൂടു കൂടുമ്പോൾ ഇലകളിൽനിന്നു ജലനഷ്ടം ഒഴിവാക്കാൻ ചാരം തൂവിക്കൊടുക്കാറുണ്ട്. ഒരു ചെടിയിൽ 10 കിലോയാണ് ശരാശരി ഉൽപാദനം. കൃഷിച്ചെലവ് കുറവുള്ള ഈ രീതി നമുക്കും പരീക്ഷിക്കാവുന്നതാണ്. അമിത പരിചരണമാണ് നമ്മുടെ പോളിഹൗസുകളിലെ പ്രശ്നമെന്ന് ഇവിടം സന്ദർശിച്ചപ്പോൾ എനിക്കു തോന്നി. ഇവിടുത്തെ പല പോളിഹൗസുകളിലും വേരഴുകൽ, മുരടിപ്പ് എന്നിവയൊക്കെ കാണാനിടയായി. എന്നാൽ അതൊക്കെ സ്വാഭാവികമാണെന്നും ശേഷിയുള്ളതു ശേഷിക്കുമെന്ന നിലപാടിലായിരുന്നു ഫാം മാനേജർ.

ഉസ്ബെക്കിസ്ഥാനിലെ ഓരോ മേഖലയിലും കാലാവസ്ഥയ്ക്കനുസൃതമായി എന്തൊക്കെ കൃഷി ചെയ്യാമെന്നു കൃഷിവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അതനുസരിച്ചാണ് കൃഷി. സമർഘണ്ടിൽ പരുത്തി, ഗോതമ്പ്, പഴവർഗങ്ങൾ എന്നിവയ്ക്കാണ് മുൻഗണന. അവയ്ക്ക് സബ്സിഡിയും കിട്ടും. ഒരു ഹെക്ടർ പരുത്തിക്കൃഷിക്ക് 1800 ഡോളറാണ് ഇവിടെ ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇതിൽ 800 ഡോളർ സബ്സിഡിയാണ്. രണ്ട് ഹെക്ടറിന് ഒരു കുഴൽക്കിണർ അനുവദിക്കും. ഇതിനു വേണ്ടിവരുന്ന 800 ഡോളറിൽ നാനൂറും സബ്സിഡിയായി ലഭിക്കും.

കൃഷിവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുന്ന കൃഷിയിടത്തിൽ നഷ്ടമുണ്ടായാൽ വകുപ്പിനും ഉത്തരവാദിത്തമുണ്ടെന്നത് കേരളത്തിലും നടപ്പാക്കാവുന്ന നയമാണ്. പ്രതീക്ഷിച്ച വിളവുണ്ടായില്ലെങ്കിൽ എന്തുകൊണ്ടു വിളവ് കുറഞ്ഞു എന്ന് വിശദീകരിക്കാൻ ഇവിടെ കൃഷിഉദ്യോഗസ്ഥർക്കു ബാധ്യതയുണ്ട്. ഉസ്ബെക്കിസ്ഥാനിലെ കാർഷിക സർവകലാശാലാവിദഗ്ധരും പതിവായി കൃഷിയിടങ്ങളിൽ എത്തുന്നു. വിവരസാങ്കേതികവിദ്യകളിൽ കൃഷിക്കാരെ പരിശീലിപ്പിക്കുന്നതു സർവകലാശാലയാണ്. ഫാം സന്ദർശിക്കുന്നവർ മുൻകൂട്ടി അനുവാദം വാങ്ങിയാലേ കൃഷിക്കാരനുമായി സംസാരിക്കാനാവൂ. ഉൽപാദനമേറുമ്പോൾ ഇവിടെയും വില കുറയാറുണ്ട്. എന്നാൽ ഇത്തരം വിലയിടിവുകൾക്ക് സർക്കാർവക നഷ്ടപരിഹാരമുണ്ട്. കാർഷികോൽപന്നങ്ങൾക്ക് വിപണി കണ്ടെത്തേണ്ടത് സർക്കാർ ഏജൻസികളുടെ ശൃംഖലയാണ്.

മത്സ്യക്കൃഷിക്കും ഹാച്ചറികൾക്കും തീറ്റനിർമാണത്തിനുമൊക്കെപ്രോത്സാഹനം ലഭിക്കും. പ്രകൃതിദത്ത കുളങ്ങളിൽ മുതൽ ബയോഫ്ലോക് ടാങ്കുകളിൽ വരെ മത്സ്യക്കൃഷി നടക്കുന്നുണ്ട്. തിലാപ്പിയയും കാർപ്പും ആഫ്രിക്കൻ മുഷിയുമൊക്കെ തന്നെയാണ് ഇവരും വളർത്തുന്നത്.

ഞങ്ങൾ വിശദപഠനത്തിനു തിരഞ്ഞെടുത്ത നാവോയിയിൽ പഴവർഗക്കൃഷിയാണ് പ്രധാനം. ആപ്പിൾ, ആപ്രിക്കോട്ട്, പിർച്ച്, പ്ലം, ഷമാം, തണ്ണിമത്തൻ എന്നിവയാണ് മുഖ്യവിളകൾ. 200 ഏക്കറിൽ പീച്ചും ആപ്രിക്കോട്ടും കൃഷി ചെയ്യുന്ന ഫാം ഞങ്ങൾ സന്ദർശിച്ചു. വിളവെടുപ്പ് അവസാനിക്കാറായിരുന്നു. മൂന്നു വർഷം പ്രായമെത്തുമ്പോൾ ആപ്രിക്കോട്ട് ഫലം നൽകിത്തുടങ്ങുമെന്ന് ഫാം മാനേജർ പറഞ്ഞു. തുടക്കത്തിൽ 15–20 കിലോ കിട്ടുന്ന ആപ്രിക്കോട്ടിൽനിന്ന് അഞ്ചാംവർഷം 30–35 കിലോ ഉൽപാദനം പ്രതീക്ഷിക്കാം. ഒരു ഹെക്ടറിൽ 1000 ചെടി നടാനാവും. ഞങ്ങൾ സന്ദർശിച്ച ഫാമിനു ജൈവസാക്ഷ്യപത്രമുള്ളതിനാൽ കയറ്റുമതി ചെയ്യുകയാണ് പതിവ്. ഒന്നാംതരം പഴങ്ങൾ യൂറോപ്യൻ വിപണിയിലേക്കു പോകുമ്പോൾ രണ്ടാം തരം ഉണക്കപ്പഴമായി സംസ്കരിക്കുന്നു. ഈ തോട്ടത്തിൽ കേന്ദ്രീകൃത നന സംവിധാനമാണുള്ളത്. പ്രാദേശികവിപണിയിലേക്ക് ഉൽപന്നങ്ങളെത്തിക്കുന്ന മറ്റൊരു ഫാമിൽ ഒരു കിലോ ആപ്പിളിന് അര ഡോളറായിരുന്നു വില. ഫ്രഷ് ജ്യൂസ്, വിനാഗിരി എന്നിവയും സ്വന്തം ബ്രാൻഡിൽ വിപണിയിലെത്തിക്കുന്നു. ആകെ 250 ഏക്കർ. ആപ്രിക്കോട്ടിന്റെ കൃഷിരീതി ആപ്പിളിന്റേതുപോലെ തന്നെ.

ഖസാക്കിസ്ഥാനുമായി അതിരു പങ്കിടുന്ന ഉസ്ബെക്ക് മേഖലയാണ് കരക്കൽ പാക്കിസ്താൻ. ഉപ്പുരസം കൂടിയ മണ്ണാണ് ഇവിടുത്തെ പ്രത്യേകത. ചിലയിടങ്ങളിൽ പച്ചക്കറി കൃഷി ചെയ്യുന്നു. നെല്ലും മത്സ്യക്കൃഷിയും കൂടുതലുണ്ട്. ഉപ്പുരസമുള്ള ഇവിടുത്തെ മണ്ണിൽ പഴവർഗക്കൃഷിനടത്തുന്നത് കാണേണ്ട കാഴ്ച തന്നെ. പ്ലമ്മും ആപ്പിളും പെർച്ചുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ജപ്പാന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിപ്രകാരം 10 വ്യത്യസ്ത രുചികളിലുള്ള ആപ്പിളാണ് ഇവിടെ വിളയുന്നത്. തൈകൾ നടുന്നതിനു മുമ്പ് മണ്ണ് കഴുകുന്ന ഇവർ തട്ടുകളായി തിരിച്ച കുളത്തിൽ ജലം കയറ്റിയിറക്കി ശുദ്ധീകരിക്കുന്നു. കൃഷിയിടത്തിലേക്ക് ഉപ്പുരസം കടക്കാതെ തടയാനും ക്രമീകരണമുണ്ട്. എല്ലാ പഴവർഗങ്ങളും കരുത്തോടെ വളരുന്നു. ചരിത്രപ്രാധാന്യമേറയിതും ജനസാന്ദ്രത തീരെ കുറഞ്ഞതുമായ സ്ഥലമാണിത്.  

ഞങ്ങൾ സന്ദർശിച്ച എല്ലാ സ്ഥാപനങ്ങളും പ്രവർത്തനം വിശദമായി പറഞ്ഞുതരാനും ഉൽപാദനകേന്ദ്രത്തിൽ കൊണ്ടുപോകാനും ഉത്സാഹിച്ചു. ഒരു ഹാച്ചറി കാണുന്നതിന് ഒരു ദിവസം വേണ്ടിവന്നു. നമ്മുടെ നാട്ടിലാവട്ടെ, വിവരങ്ങൾ തേടിയെത്തുന്നവരെ ഓഫിസിലിരുത്തി നാമമാത്ര വിശദീകരണം നൽകി പറഞ്ഞുവിടുന്നതല്ലേ പതിവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com