sections
MORE

ഇല്യാസിന്റെ പത്തേക്കർ കൃഷിയിടത്തിൽ ചെന്നാൽ ജൈവകൃഷി പഠിക്കാം

HIGHLIGHTS
  • മികച്ച കർഷകൻ മാത്രമല്ല, മികച്ച കൃഷി അധ്യാപകൻ കൂടിയാണ്
  • തെങ്ങും കമുങ്ങുമാണ് ഇല്ല്യാസിന്റെ പ്രധാന വരുമാനം
jeevani-ilyas
SHARE

ജീവനി 3

വീട്ടുമുറ്റത്തെ കൃഷിയിടമല്ലാതെ 10 ഏക്കർ സ്ഥലത്തൊക്കെ ജൈവകൃഷി ചെയ്യാൻ പറ്റുമോ? മലപ്പുറം പുളിക്കൽ പഞ്ചായത്തിലെ അരൂർ പൈക്കാടത്ത് ഇല്ല്യാസിന്റെ തോട്ടത്തിലെത്തിയാൽ എല്ലാ സംശയവും തീരും. ജൈവകൃഷി എങ്ങനെ ലാഭകരമായ കൃഷിയായി ചെയ്യാമെന്ന് ഇല്ല്യാസ് സംശയമൊന്നുമില്ലാതെ നമ്മെ പഠിപ്പിച്ചു തരും. മികച്ച കർഷകൻ മാത്രമല്ല, മികച്ച കൃഷി അധ്യാപകൻ കൂടിയാണ് ഇദ്ദേഹം. 

അൻപതിൽപരം പഴങ്ങൾ, പച്ചക്കറി, കന്നുകാലി ഫാം, ആട് ഫാം, മീൻ വളർത്തൽ, തെങ്ങ്, കമുങ്ങ്, കുരുമുളക് എന്നുവേണ്ട ഇവിടെ ഇല്ലാത്തതായി ഒന്നുമില്ല എന്നുതന്നെ പറയാം.

കൃഷിയൊരു സന്ദേശമാണെന്ന് എല്ലാവരും പറയാറുണ്ട്. ആ പറച്ചിൽ എത്രമാത്രം സത്യസന്ധമാണെന്നറിയാം ഇല്ല്യാസിന്റെ വീട്ടിലെത്തിയാൽ. പത്ത് ഏക്കർ ജൈവകൃഷിയിടംകൊണ്ട് ഇല്ല്യാസ് പകരുന്ന സന്ദേശം കൃഷിയുടേതു മാത്രമല്ല, ജലസംരക്ഷണത്തിന്റേതുമാണ്.

നിറഞ്ഞുനിൽക്കുന്ന കുളങ്ങൾ

ഏതുകാലത്തും കൃഷി ചെയ്യാൻ ആവശ്യമായ വെള്ളലഭ്യത ഉറപ്പുവരുത്തുകയാണ് ആദ്യം വേണ്ടത്. അത് ഇല്ല്യാസ് ആദ്യമേതന്നെ ചെയ്തു വച്ചിട്ടുണ്ട്. 

jeevani-ilyas-1
ഇല്യാസ് കുളത്തിനിരികെ

നാലു കുളങ്ങളാണ് കൃഷിയിടത്തിലുള്ളത്. രണ്ടെണ്ണം കുളിക്കാനും രണ്ടെണ്ണം കൃഷിയാവശ്യത്തിനും. ഏതു വേനലിലും കൃഷിക്കുവേണ്ട വെള്ളം ഇതിൽനിന്നു ലഭിക്കും. എല്ലാവരും പറമ്പിലെ കുളങ്ങൾ മണ്ണിട്ടുനികത്തുമ്പോൾ ഇല്ല്യാസ് പുതിയ കുളങ്ങൾ ഉണ്ടാക്കുകയായിരുന്നു.

വീടിനു പിറകിലെ രണ്ടേക്കറിൽ കാടുവളർത്തിയിരിക്കുകയാണ്. ഒന്നരപതിറ്റാണ്ടുകൊണ്ട് ഉണ്ടാക്കിയ കാടാണ്. മൊട്ടക്കുന്നിൽ മരങ്ങൾ വച്ചുപിടിപ്പിക്കുകയായിരുന്നു. നിലമ്പൂരിൽനിന്നാണു മരത്തൈകൾ കൊണ്ടുവന്നത്. മഴക്കാലത്ത് കാട്ടിലൂടെ ഒലിച്ചെത്തുന്ന ഉറവകൾ താഴെയുള്ള കുളത്തിൽ വന്നുനിറയും. ഡിസംബർ ഒടുവിൽ വരെ കാട്ടിൽനിന്നുള്ള ഉറവയുണ്ടാകും. ഏപ്രിൽ അവസാനം വരെ കുളം നിറഞ്ഞുനിൽക്കും. ഒരു മാസം മാത്രമേ മോട്ടർ വച്ച് നനയ്ക്കേണ്ട അവസ്ഥയുണ്ടാകൂ.

കാടും കുളവുമാണ് തന്റെ പറമ്പിനെ ഇങ്ങനെ ജലസമ്പുഷ്ടമാക്കുന്നതെന്ന് ഇല്ല്യാസ് പറയും. കാടിന്റെയും കാവിന്റെയും പ്രാധാന്യത്തെക്കുറിച്ചു ചെറുപ്രായത്തിൽ തന്നെ മനസിലാക്കിയിരുന്നു. വലുതായപ്പോൾ അതു പ്രാവർത്തികമാക്കി.

ഒരു കാട് പ്രകൃതിക്കു നൽകുന്ന സംഭാവനകളെക്കുറിച്ച് വീടിനോടു ചേർന്നുള്ള ഔട്ട്ഹൗസിലെ ചുമരിൽ എഴുതിവച്ചിട്ടുണ്ട്. ഓരോ ചെയിടും പുറത്തുവിടുന്ന ഓക്സിജൻ, ചെടി മണ്ണിലേക്കു നൽകുന്ന വെള്ളത്തിന്റെ അളവ് എന്നിവയെല്ലാം ലളിതമായിട്ടാണ് എഴുതിവച്ചിരിക്കുന്നത്. ഫാം സന്ദർശിക്കാൻ വരുന്ന കുട്ടികളെ ലക്ഷ്യമാക്കിയാണ് അങ്ങനെ ചെയ്തതെന്ന് ഇല്ല്യാസ് പറഞ്ഞു.

കൃഷിയിടത്തിലേക്ക്

തെങ്ങും കമുങ്ങുമാണ് ഇല്ല്യാസിന്റെ പ്രധാന വരുമാനം. പിന്നെ വാഴയും. എല്ലാം ജൈവവളം ഉപയോഗിച്ചുള്ളത്. ഇതുവരെ തന്റെ പറമ്പിൽ രാസവളമോ കീടനാശിനിയോ ഉപയോഗിച്ചില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

വീടിനു ചുറ്റുമുള്ള നാല് ഏക്കർ പറമ്പിൽ അൻപതിലധികം പഴങ്ങളാണുള്ളത്. അധികവും വിദേശത്തുനിന്നുള്ളത്. നാലുതരം റംബുട്ടാൻ, മാംഗോസ്റ്റിൻ, പീനട്ട് ബട്ടർ, ലിച്ചി, മാതളം, പലതരം പേരയ്ക്ക, ചക്ക, മാങ്ങ, പപ്പായ, സപ്പോട്ട, നോനി തുടങ്ങി നാടനും വിദേശിയുമായി പഴങ്ങൾ ഏറെയുണ്ട്. പല സംസ്ഥാനങ്ങളിലും യാത്ര ചെയ്താണ് ഇതിൽ അധികവും കണ്ടെത്തിയത്. ഇക്കുറി റംബുട്ടാൻ വല്ല വിളവുലഭിച്ചു. 

പച്ചക്കറികൃഷി രണ്ടേക്കറിലാണ്. ഓണം, വിഷു എന്നിങ്ങനെയുള്ള വിപണി ലക്ഷ്യമാക്കിയാണു കൃഷി ചെയ്യുന്നത്. ജൈവകൃഷിയായതിനാൽ വിൽപ്പനയ്ക്കൊരു പ്രയാസവുമില്ല. ആവശ്യക്കാർ മുൻകൂട്ടി ഓർഡർ ചെയ്യും. കൃഷിയിടത്തിൽനിന്ന് ആവശ്യക്കാർക്കു വിളവെടുക്കാനും പറ്റും. സമീപത്തെ സ്കൂളുകളിലെ അധ്യാപകരാണ് ഏറ്റവുമധികം ആവശ്യക്കാർ. ശീതകാല പച്ചക്കറികളായ കാരറ്റ്, കോളിഫ്ലവർ, കാബേജ് എന്നിവയും കൃഷി ചെയ്യാറുണ്ട്. 

30 പശുക്കളുള്ള വലിയ ഫാം ഉണ്ടായിരുന്നു. തനിമ എന്ന പേരിൽ പാൽ പായ്ക്കറ്റ് ചെയ്തു നാട്ടിൽ തന്നെ വിൽക്കും. ഭാര്യ മൈമൂനയ്ക്കാണു ഇതിന്റെ ചുമതല. നാലുമാസം മുൻപ് പശുക്കുളുടെ എണ്ണം കുറച്ചു. പുതിയൊരു ആട് ഫാമും തുടങ്ങി. പലതരം കോഴികളും താറാവുകളും അരയന്നങ്ങളുമുണ്ട്. ഇവയുടെ മുട്ടയ്ക്കെല്ലാം ആവശ്യക്കാർ ഏറെയാണ്. നാലു കുളത്തിലും മീൻ വളർത്തുന്നുണ്ട്. 

പരീക്ഷിക്കാത്തതും വിജയിക്കാത്തതുമായ വിളകൾ ഇവിടെ ഇല്ലെന്നു തന്നെ പറയാം. മികച്ച യുവകർഷകനുള്ള സംസ്ഥാന കൃഷി വകുപ്പിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 

മണ്ണിരകമ്പോസ്റ്റും പഞ്ചഗവ്യവും മീൻ എമൽഷ്യവും ആണ്  പ്രധാന വളം. തെങ്ങു മുതൽ പച്ചക്കറി വരെ എല്ലാറ്റിനും ഇതാണ് ഉപയോഗിക്കുന്നത്. നേന്ത്രവാഴയ്ക്ക് ജൈവവളമാണ് ഉപയോഗിക്കുന്നതെന്നു പറയുമ്പോൾ പലർക്കും വിശ്വസിക്കാൻ പ്രയാസമാണ്. കാരണം രാസവളമിട്ട നേന്ത്രൻ മാത്രമാണല്ലോ നാം വിപണിയിൽനിന്നു വാങ്ങുന്നത്. ജൈവവളം ഉപയോഗിക്കുന്നതുകൊണ്ട് നേന്ത്രൻ ഉൽപാദനക്കുറവൊന്നുമില്ല. കുല പാകമാകാൻ രണ്ടുമാസം ഏറെ വേണ്ടിവരും. തള്ളവാഴയുടെ ഏറ്റവും ചെറിയ കന്നാണ് നടാൻ ഉപയോഗിക്കുക. ഇക്കുറി നേന്ത്രനു നല്ല വിലയും ലഭിച്ചു.

പറമ്പിൽ ഒരിക്കലും കിളയ്ക്കാറില്ല. വലിയ മരങ്ങൾ മുതൽ ചെറുചെടികൾ വരെ ഭൂമിക്ക് ആവശ്യമുള്ളതാണെന്നാണ് ഇല്ല്യാസ് പറയുന്നത്. ഓരോ ചെടിക്കും ഓരോ ധർമമുണ്ട്. പറമ്പിൽ യന്ത്രം ഉപയോഗിക്കുകയോ കിളയ്ക്കുകയോ ചെയ്താൽ പല ചെറുചെടികളും നശിച്ചുപോകും. ഔഷധഗുണമുള്ള പല ചെടികളും തേടി ദൂരെദിക്കിൽ നിന്നു വരെ ഇവിടെ വരാറുണ്ട്. 

സമീപത്തെ സ്കൂളുകളിലെ കുട്ടികൾക്കു നീന്തൽ പഠിക്കാൻ കുളത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. തന്റെ കൃഷിയിടം കൊണ്ട് സ്വന്തം കുടുംബത്തിനു മാത്രമല്ല നാട്ടുകാർക്കു കൂടി പ്രയോജനം ലഭിക്കണമെന്നാണ് ഇല്ല്യാസ് പറയുന്നത്. നാട്ടുകാർക്കു മാലിന്യം കൊണ്ടിടാൻ പറമ്പിൽ വലിയൊരു കുഴികുത്തി സൗകര്യമൊരുക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സമീപ സ്ഥലങ്ങളിലൊന്നും ആരും മാലിന്യം വഴിയരികിൽ കൊണ്ടിടാറില്ല. 

മക്കളായ ആയിഷ മന്ന, മസ്ന, അബ്ദുറഹിമാൻ എന്നിവരും കൃഷിയിടത്തിൽ പിതാവിനു കൂട്ടാണ്. 

ഫോൺ–9495454070

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
FROM ONMANORAMA