sections
MORE

വിജയകരമായി ഫാം നടത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

HIGHLIGHTS
  • വരുമാനം നേടാൻ ഇഷ്ടങ്ങൾക്കൊപ്പം ബിസിനസ് മനോഭാവവും ഉണ്ടായിരിക്കണം
  • ചെറിയ രീതിയിൽ തുടങ്ങി വികസിപ്പിക്കുന്നതാണ് അഭികാമ്യം
farm
SHARE

കൃഷിയും കാർഷിക ജീവിതവും ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. അതുകൊണ്ടുതന്നെ കൃഷിയിലേക്ക് തിരിയാൻ ആഗ്രഹിക്കുന്ന ഒരുപാടുപേർ നമുക്കിടയിലുണ്ട്. യുവാക്കളും ഈ മേഖലയിലേക്ക് കടന്നുവരുന്നത് സ്വാഗതാർഹമാണ്. വിദേശത്തെ ജോലി മതിയാക്കി നാട്ടിലെത്തുന്നവരും ശിഷ്ടകാലം കാർഷികവൃത്തിയിലേക്കു തിരിയുന്നു. കേവലം പച്ചക്കറിയിൽ ഒതുങ്ങിനിൽക്കുന്നതല്ല കാർഷികമേഖല. അതുകൊണ്ടുതന്നെ കന്നുകാലികളും ആടും കോഴിയും പന്നിയും മുയലും മത്സ്യവുമൊക്കെയുള്ള ഫാം സ്വപ്നം കാണുന്നവരും ഒട്ടേറെയുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഒരു ഫാം ആരംഭിക്കുന്നതിനു മുമ്പ് കുറച്ചു ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. കാരണം, അദ്ധ്വാനമേറെ ആവശ്യമുള്ളതും ശത്രുക്കളെ നേടിത്തരുന്നതുമായ മേഖലയായി കൃഷി ഇന്ന് മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഫാം തുടങ്ങാൻ ആഗ്രഹമുള്ളവർ ചില കാര്യങ്ങൾ ഓർമയിൽ വയ്ക്കണം.

എടുത്തുചാട്ടം പാടില്ല

പെട്ടെന്നൊരു ഫാം തുടങ്ങാം എന്നുകരുതി വലിയൊരു നിക്ഷേപം നടത്താതിരിക്കുന്നതാണ് അഭികാമ്യം. വലിയ മുതൽമുടക്കി ആരംഭിച്ച പല ഫാമുകളും ഇന്ന് പൂട്ടേണ്ട സ്ഥിതി വന്നു. അതുകൊണ്ടുതന്നെ ചെറിയ രീതിയിൽ ആരംഭിച്ച് പടിപടിയായി വികസിപ്പിക്കാം.

താൽപര്യം മാത്രമല്ല ഇഷ്ടവും വേണം

മൃഗപരിപാലനം വൈറ്റ് കോളർ ജോലി പോലെ സുഖകരമല്ല. പശുക്കളെയും പന്നികളെയുമൊക്കെ വളർത്തുമ്പോൾ കൂട് വൃത്തിയാക്കാനും അവയെ കുളിപ്പിക്കാനുമൊക്കെ അറപ്പില്ലാതെ കഴിയണം. ജോലിക്കാരെ നിർത്തി ചെറുകിട ഫാമുകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. കൃഷി ലാഭകരമാണ് എന്നുകരുതി എടുത്തുചാടിയാൽ ലാഭമുണ്ടാക്കാൻ കഴിഞ്ഞെന്നുവരില്ല. ലാഭം മാത്രം മുന്നിൽക്കാണാതെ മൃഗങ്ങളെ ഇഷ്ടപ്പെട്ട് മുന്നിട്ടിറങ്ങിയാൽ ‌ഒരു നിശ്ചിത വരുമാനമുണ്ടാക്കാൻ കഴിയും. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്.

ബിസിനസ് ആണ് ഹോബിയല്ല

ഉപജീവനത്തിനു ഫാം നടത്തുന്നവരും ഹോബിയായി ഫാം നടത്തുന്നവരും രണ്ടും രണ്ടാണ്. ഹോബിയിൽ വരുമാനം പ്രധാനലക്ഷ്യമില്ല. ഇഷ്ടങ്ങൾക്കാണ് പ്രാധാന്യം. എന്നാൽ, വരുമാനം നേടാൻ ഫാം നടത്തുമ്പോൾ ഇഷ്ടങ്ങൾക്കൊപ്പം ബിസിനസ് മനോഭാവവും ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ വിജയകരമായി ഒരു ഫാം മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ. ‌‌

തുടങ്ങുന്നതിനു മുമ്പ് വിപണി പഠിക്കണം

എന്തു കൃഷിയാണെങ്കിലും അത് പച്ചക്കറിയാണെങ്കിലും മൃഗസംരക്ഷണമാണെങ്കിലും വിപണി കണ്ടെത്തിയിട്ടു മാത്രം തുടങ്ങുക. വിപണിയിൽ പ്രിയമുള്ളത് കൃഷി ചെയ്യുകയോ വളർത്തുകയോ ചെയ്താൽ വിൽപനയ്ക്കു ബുദ്ധിമുട്ടേണ്ടിവരില്ല. 

pig

ആരെയും കണ്ടു മോഹിക്കരുത്

മറ്റു കർഷകരുടെ വിജയകഥകൾ കാണ്ടും കേട്ടും എടുത്തുചാടരുത്. അവരെ മാതൃകയാക്കാം. എന്നാൽ, അവരെപ്പോലെയാകാൻ ശ്രമിക്കരുത്. കൃഷിമേഖലയിൽ വിജയിച്ചവരെല്ലാംതന്നെ ദീർഘകാലം ഈ മേഖലയിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചവരാണ്. അതുകൊണ്ടുതന്നെ ഇന്നലെ ഫാം തുടങ്ങിയ ഒരാൾ എല്ലാം തികഞ്ഞവനായി എന്ന വിചാരം വേണ്ട. വിജയകരമായി പ്രവർത്തിക്കുന്ന ഫാമുകൾ സന്ദർശിച്ച് അറിവുകൾ നേടാം.

സ്വന്തം സ്ഥലത്ത് ഫാം തുടങ്ങുക

കേരളത്തിലെ പല പുതു സംരംഭകർക്കും പാളിച്ച സംഭവിക്കുന്നത് ഈയൊരു കാര്യത്തിലാണ്. പുതുതായി സ്ഥലം വാങ്ങി ഫാം തുടങ്ങുന്ന പലർക്കും വൈകാതെതന്നെ അത് അവസാനിപ്പിക്കേണ്ടിവരുന്നു. പുതിയൊരു സ്ഥലത്ത് സ്ഥലം വാങ്ങിവരുന്നവരെ ആ നാട്ടിലെ നാട്ടുകാർ ഉൾക്കൊള്ളാൻ മടികാണിക്കുന്നു എന്നതാണ് പല ഫാമുകളുടെയും നടത്തിപ്പിന് തടസം നേരിടാൻ കാരണം. ''അങ്ങനെയിപ്പോൾ പുറത്തുനിന്നൊരാൾ ഞങ്ങളുടെ നാട്ടിൽവന്ന് പണമുണ്ടാക്കണ്ട'' എന്നാണ് പലരുടെയും മനസിലിരിപ്പ്. അതുകൊണ്ടുതന്നെ ദീർഘകാലം താമസിച്ചുപോരുന്ന സ്ഥലത്ത് ഫാം തുടങ്ങാൻ ശ്രമിക്കുക.

മാലിന്യനിർമാർജനം അത്യാവശ്യം

കേരളത്തിൽ പന്നിഫാമുകൾക്കാണ് ഏറ്റവും കൂടുതൽ ജനരോഷം നേരിടേണ്ടിവന്നിട്ടുള്ളത്. ഹോട്ടലുകളിലെയും അറവുശാലകളിലെയും മാലിന്യം ഭക്ഷണമായി ഉപയോഗിക്കുന്നതിനാൽ ദുർഗന്ധത്തിനു കാരണമാകും. അതുകൊണ്ടുതന്നെ കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ പ്രത്യേക ശ്രദ്ധ വേണം. മലിനജലം ഒഴുക്കിവിടാതെ സംഭരിക്കാൻ പ്രത്യേക ടാങ്കും ബയോഗ്യാസ് പ്ലാന്റും ഫാമിൽ ഉണ്ടായിരിക്കണം. കോഴിയുടെയും മറ്റും അറവുമാലിന്യം വേവിച്ചു നൽകിയാൽ ദുർഗന്ധം നല്ലൊരളവിൽ കുറയ്ക്കാനാകും. പന്നികൾ നന്നായി കഴിക്കുകയും ചെയ്യും.

ലൈസൻസ് പ്രധാനം

നിശ്ചിത എണ്ണം മൃഗങ്ങളെ വളർത്തുന്നതിന് ലൈസൻസ് ആവശ്യമില്ലെങ്കിലും കരുതിവയ്ക്കുന്നത് അത്യാവശ്യമാണ്. വലിയ തോതിൽ തുടങ്ങുമ്പോൾ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി വാങ്ങി പഞ്ചായത്തിൽനിന്ന് ലൈസൻസ് എടുത്തിരിക്കണം.

വായ്പകൾ പരമാവധി ഒഴിവാക്കണം

വായ്പയെടുത്ത് വലിയ ഫാം തുടങ്ങുന്നതിനു പകരം ചെറിയ രീതിയിൽ തുടങ്ങി വികസിപ്പിക്കുന്നതാണ് അഭികാമ്യം. അല്ലാത്തപക്ഷം, എന്തെങ്കിലും വിധത്തിൽ തിരിച്ചടി നേരിട്ടാൽ വലിയ പ്രതിസന്ധിയിലേക്കെത്തും. വിജയവും തോൽവിയും ഒരുപോലെ മനസിൽ കാണണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
FROM ONMANORAMA